സ്ത്രീ-പുരുഷ സമത്വത്തിന് വാതോരാതെ വാദിക്കുമ്പോഴും രാഷ്ട്രീയപ്പാർട്ടികൾ ചർച്ചചെയ്യുന്ന സ്ഥാനാർഥികളുടെ സാധ്യതാപട്ടികയിൽ വനിതകളുടെ സാന്നിധ്യം കുറവ്. പട്ടികയ്ക്ക് അന്തിമരൂപമായാലും സ്ഥാനാർഥികളായി സ്ത്രീകളുടെ ‘നില’ ഉയരാൻ സാധ്യതയില്ല. മുസ്‌ലിംലീഗ്, കേരള കോൺഗ്രസ്, ആർ.എസ്.പി., എൻ.സി.പി. തുടങ്ങിയ പാർട്ടികളിൽനിന്ന് സ്ത്രീപ്രാതിനിധ്യം ഇത്തവണയും പ്രതീക്ഷിക്കരുത്.

സി.പി.എം. സാധ്യതാപട്ടിക പുറത്തിറങ്ങിയതോടെ മത്സരിക്കുന്ന വനിതകൾ ആരൊക്കെയെന്നു വ്യക്തമായിട്ടുണ്ട്. സി.പി.ഐ., കോൺഗ്രസ്, ബി.ജെ.പി. സ്ഥാനാർഥികൾ ആരെന്നതിൽ സൂചനകൾ മാത്രമേയുള്ളൂ. കൊയിലാണ്ടി മണ്ഡലത്തിൽ രണ്ടുപേരെയാണ് സി.പി.എം. ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരാളുടെ പേര് വെട്ടും. നിലവിൽ മന്ത്രിമാരായ കെ.കെ. ശൈലജയും ജെ. മേഴ്‌സിക്കുട്ടിയമ്മയും മത്സരിക്കും. സിറ്റിങ് എം.എൽ.എ.മാരായ വീണാ ജോർജ്, യു. പ്രതിഭ എന്നിവരും ഒ.എസ്. അംബിക, ദലീമ ജോജോ, മിഥുന, ഡോ. പി.കെ. ജമീല, ആർ. ബിന്ദു,  കാനത്തിൽ ജമീല, പി. സതീദേവി എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.

കോൺഗ്രസിലാകട്ടെ മുൻമന്ത്രി പി.കെ. ജയലക്ഷ്മി, സിറ്റിങ് എം.എൽ.എ. ഷാനിമോൾ ഉസ്മാൻ, പത്മജാ വേണുഗോപാൽ, ബിന്ദുകൃഷ്ണ, ലതികാ സുഭാഷ്, ജ്യോതി വിജയകുമാർ, ആർ. രശ്മി, രമണി പി. നായർ, ആൻ സജിത റസൽ, ഹരിതാ ബാബു, പി.ആർ. സോന, കെ.എ. തുളസി തുടങ്ങിയവരൊക്കെ സാധ്യതാപട്ടികയിൽ ഇടംപിടിക്കാൻ ചർച്ചയിലായ പേരുകാരാണ്. സി.പി. ഐ.യിൽ സിറ്റിങ് എം.എൽ.എ. സി.കെ. ആശ, എസ്. ശോഭ, ജെ. ചിഞ്ചുറാണി, ഷീലാ വിജയകുമാർ, സാറാമ്മ റോപ്‌സൺ തുടങ്ങിയവർ സാധ്യതാപട്ടികയിലുണ്ടാകും. 

എന്നാൽ, സി.പി.എമ്മും കോൺഗ്രസും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിന് ആനുപാതികമായുള്ള സ്ത്രീപ്രാതിനിധ്യം അന്തിമപട്ടിക പുറത്തുവരുമ്പോഴും ഉണ്ടാകില്ല. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകൾ 90 മുതൽ 95 വരെയായിരിക്കും. സി.പി.എം.-84, സി.പി.ഐ.-24 സീറ്റുകളിലാകും മത്സരിക്കാൻ സാധ്യത. ജനതാദളിൽനിന്ന് ജമീലാപ്രകാശം ജനവിധിതേടും.

ബി.ജെ.പി.യിൽ നിവേദിതാ സുബ്രഹ്മണ്യം, പ്രൊഫ. വി.ടി. രമ, രാജി പ്രസാദ് തുടങ്ങിയവരൊക്കെ പട്ടികയിലുണ്ടാവുമെങ്കിലും പെൺസാന്നിധ്യത്തിലൊരു വ്യക്തതയില്ല. വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ മത്സരിക്കില്ലെന്നു നേരത്തേ പറഞ്ഞിട്ടുണ്ടെങ്കിലും അന്തിമപട്ടികയിൽ ഇടംനേടാനിടയുണ്ട്. നൂറിലേറെ സീറ്റിൽ ബി.ജെ.പി. മത്സരിക്കും.