കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിക്കാതെയും പരിസ്ഥിതി, സാമൂഹിക ആഘാതപഠനങ്ങൾ നടത്താതെയുമാണ് സിൽവർലൈൻ പദ്ധതി നടപ്പാക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ടുപോകുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.  64,941 കോടി രൂപ ചെലവുപ്രതീക്ഷിക്കുന്ന ഈ പദ്ധതി, കേരളത്തെ തെക്കുവടക്ക് വൻമതിലായി വെട്ടിമുറിക്കുന്നതിനൊപ്പം കിഴക്ക്, പടിഞ്ഞാറ് ദിക്കുകളെ വേർതിരിക്കുന്ന വൻകോട്ടയായി മാറും. നിതി ആയോഗിന്റെ കണക്കുപ്രകാരം ഈ  പദ്ധതിക്ക് 1.33 ലക്ഷം കോടി രൂപ ചെലവുവരും. ഇതിനായി 1383 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടിവരും.

പഠിക്കാത്ത പദ്ധതി

ഈ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം പേരിനുമാത്രമാണ് നടത്തിയിരിക്കുന്നത്. സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ് എന്ന  അംഗീകാരമില്ലാത്ത സ്ഥാപനമാണ്  ഇതിന്റെ പരിസ്ഥിതിയാഘാത പഠനം നടത്തിയിരിക്കുന്നത്. ഇത് കാര്യക്ഷമമല്ലാത്തതിനാൽ വീണ്ടും 96 ലക്ഷം രൂപ  മുടക്കി പഠനംനടത്താൻ സർക്കാർ ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്.  
ഏരിയൽ സർവേ രീതി പ്രയോജനപ്പെടുത്തിയാണ് ഡി.പി.ആർ. അടക്കം തയ്യാറാക്കിയിരിക്കുന്നത്. സിസ്ട്ര എന്ന ഫ്രഞ്ച് കമ്പനിക്കാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്. ഈ പദ്ധതിയുടെ പഠനത്തിനുമാത്രമാണ് തത്ത്വത്തിൽ കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്.  

പരിസ്ഥിതിപ്രവർത്തകരുടെ അഭിപ്രായത്തിൽ ചുരുങ്ങിയത് 20,000 കുടുംബങ്ങൾ കുടിയൊഴിക്കപ്പെടുകയും 50,000 കച്ചവട സ്ഥാപനങ്ങൾ പൊളിക്കേണ്ടിവരുകയും ചെയ്യും. 145 ഹെക്ടർ നെൽവയൽ നികത്തണം. 1000-ത്തിനു മേൽപ്പാലങ്ങളോ അടിപ്പാതകളോ നിർമിക്കണം. ഇത്രയും വലിയ പദ്ധതി നടപ്പാക്കുന്നതിനുമുമ്പ്‌ സാമൂഹികാഘാത പഠനം അനിവാര്യമാണ്. അതുപോലും നടത്താൻ സർക്കാരിന് സാധിച്ചിട്ടില്ല.

ക്ഷണിച്ചുവരുത്തുന്നത് പരിസ്ഥിതിദുരന്തം

15 മുതൽ 30 അടി ഉയരത്തിലും അതിന് ആനുപാതികമായ വീതിയിലുമാണ് സിൽവർ ലൈൻ 292 കിലോമീറ്റർ ദൂരം (മൊത്തം ദൂരത്തിന്റെ 55 ശതമാനം) വൻമതിൽപോലെയാണ് നിർമിക്കപ്പെടുന്നത്. ബാക്കിസ്ഥലത്ത് റെയിലിന് ഇരുവശത്തും മതിലും കെട്ടണം. പദ്ധതി നിലവിൽവന്നാൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും ഭൂചലനത്തിനും സാധ്യതയുണ്ടെന്നും ഇരുവശത്തുമുള്ള ഭൂമിയുടെ വിനിയോഗത്തിൽ മാറ്റംവരുമെന്നും 164 സ്ഥലങ്ങളിലെ ജലനിർഗമന മാർഗങ്ങൾ തടസ്സപ്പെടുമെന്നും സർക്കാർ നിയോഗിച്ച ഏജൻസിയുടെ റിപ്പോർട്ടിൽത്തന്നെ പറയുന്നുണ്ട്. എവിടെയൊക്കെ സ്വാഭാവിക ജലനിർഗമനമാർഗങ്ങൾ തടസ്സപ്പെട്ടിട്ടുണ്ടോ, അത് താഴ്ന്നപ്രദേശങ്ങളാണെങ്കിൽ വെള്ളപ്പൊക്കവും മലയോരമേഖലകളാണെങ്കിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാക്കുമെന്നതിന് ഇനിയൊരു പഠനത്തിന്റെയും ആവശ്യമില്ല.

പശ്ചിമഘട്ടത്തിലൂടെയല്ല പദ്ധതി കടന്നുപോകുന്നതെന്ന ന്യായവാദമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. എന്നാൽ, പദ്ധതിക്ക് ആവശ്യമായ കല്ലും മണ്ണും പശ്ചിമഘട്ടത്തിൽനിന്നല്ലാതെ എവിടെനിന്ന് കണ്ടെത്തും? കേന്ദ്രസർക്കാരിന്റെയോ റെയിൽവേ മന്ത്രാലയത്തിന്റെയോ അന്തിമാനുമതി ലഭിക്കാത്ത ഒരു പദ്ധതിക്കുവേണ്ടി സ്ഥലമേറ്റെടുക്കുന്നതിൽ സർക്കാർ ഇത്രയും ധൃതികാട്ടുന്നതിനുപിന്നിൽ ദുരൂഹതയുണ്ട്.  

ഇന്റർഗവൺമെന്റ് പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചി (ഐ.പി.സി.സി.)ന്റെ റിപ്പോർട്ടുകൂടി വന്ന സാഹചര്യത്തിൽ കേരളം അപകടമേഖലയിലാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. ഒരു മണിക്കൂർ നിർത്താതെ മഴപെയ്താൽ വെള്ളപ്പൊക്കമുണ്ടാകുന്ന ഒരു സംസ്ഥാനത്ത് ഇത്തരം പദ്ധതികൾ കൊണ്ടുവരുമ്പോൾ ഗൗരവമായ പഠനങ്ങൾ നടത്തേണ്ടതുണ്ട്. എവിടെയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച റൂം ഫോർ റിവർ പദ്ധതി? കൺട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട് വന്നപ്പോൾ കേരളത്തിന്റെ പരിതാപകരമായ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് നമുക്ക് ബോധ്യമായി. എന്നിട്ടും ഇത്രയും വലിയ ബാധ്യത ഏറ്റെടുത്ത് കേരളത്തിനെ ഇനിയും കടത്തിന്റെ കാണാക്കയങ്ങളിലേക്ക് തള്ളിയിടാനുള്ള ഈ നീക്കത്തെ എങ്ങനെ ന്യായീകരിക്കും? നിയമസഭയിൽ ഞങ്ങൾ ഉന്നയിച്ച ഗൗരവമായ ചോദ്യങ്ങൾക്ക് ഇതുവരെ സർക്കാർ മറുപടി നൽകിയിട്ടില്ല.