അമ്മയില്ലാത്ത മൂന്നുപെൺമക്കളെ താലോലിച്ച്‌ വളർത്തിവലുതാക്കിയ ഒരു മുത്തച്ഛന്റെ വാത്സല്യത്തണലിലായിരുന്നു എന്റെ ബാല്യം പൂത്തുലഞ്ഞിരുന്നത്. അതിനാൽത്തന്നെ ഞാൻ ജനിച്ചുവളർന്ന വീടിന്റെ ഉമ്മറത്ത് വിശാലമായ ഒരു ഹാളിന്റെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ചില്ലിട്ട ഫ്രെയിംചെയ്ത ഒരു ചിത്രം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. കസേരയിലിരിക്കുന്ന അച്ഛനമ്മമാരുടെ നടുവിൽ നിൽക്കുന്ന വെളുത്തുകൊലുന്നനെയുള്ള ഒരു സുന്ദരിപ്പെൺകുട്ടിയുടെ ചിത്രം. ഇന്ദിര പ്രിയദർശിനിയുടെ.

1917 നവംബർ 19-ന് ജനിച്ച ഇന്ദിര, ആനന്ദഭവനിലെ സുഖലോലുപമായ അന്തരീക്ഷത്തിനുമപ്പുറം മുത്തച്ഛനും അച്ഛനും അമ്മയും ഒക്കെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പലതവണകളിലായി ജയിലിലടയ്ക്കപ്പെട്ടിട്ടുള്ളത് എന്തിനെന്നറിഞ്ഞ്, കഷ്ടപ്പാടുകൾ ഏറ്റെടുക്കാൻ തയ്യാറായി വളർന്ന ബാലികയാണ്. ആറുവയസ്സിൽത്തന്നെ മഹാത്മജിയോടൊപ്പം സാബർമതിയിലും പന്ത്രണ്ടുവയസ്സാകുന്നതിനുമുമ്പേ ടാഗോറുമൊരുമിച്ച് ശാന്തിനികേതനത്തിലും താമസിച്ചിട്ടുള്ള ഇന്ദിര, ‘വാനരസേന’ എന്ന് അമ്മ പേരിട്ട കുട്ടികളുടെ സ്വാതന്ത്ര്യസമരസേന സംഘടിപ്പിച്ച കുമാരിയാണ്. നെഹ്രു  ജയിലിലായിരിക്കേ, രോഗിണിയായ അമ്മയെ ശുശ്രൂഷിക്കാൻ പഠിത്തമുപേക്ഷിച്ച് വിദേശത്തുനിന്നെത്തി അമ്മയുടെ മരണംവരെ അവരെ ശുശ്രൂഷിച്ച യുവതിയാണ്. അച്ഛൻ  ജയിലിൽനിന്നയച്ച കത്തുകൾ വായിച്ചും പഠിച്ചും ജീവിതത്തെ അക്ഷരാർഥത്തിൽ ഉൾക്കൊണ്ട ധീരവനിതയാണ്. ഫിറോസുമായുള്ള ദാമ്പത്യജീവിതം പാളിപ്പോയതിന്  ഇന്ദിരാഗാന്ധിയല്ല കുറ്റക്കാരി. ഇരുപത്തേഴാമത്തെയും ഇരുപത്തൊമ്പതാമത്തെയും വയസ്സുകളിൽ അമ്മയായവൾ. 42-ാം വയസ്സിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ. 

പ്രധാനമന്ത്രിയായിരുന്ന അച്ഛനോടൊപ്പം വിദേശരാജ്യങ്ങൾ സന്ദർശിച്ച് വിവരങ്ങൾ മനസ്സിലാക്കിയിട്ടുള്ള ഇന്ദിരാഗാന്ധി,  ശാസ്ത്രിമന്ത്രിസഭയിൽ 47-ാം വയസ്സിൽ പ്രക്ഷേപണവകുപ്പ് മന്ത്രിയും തുടർന്ന്‌, നാലുപ്രാവശ്യം ഇന്ത്യൻ പ്രധാനമന്ത്രിയും ആയപ്പോഴും നല്ലൊരു ഭരണാധികാരിയെന്ന് അനിഷേധ്യമായി തെളിയിച്ചു. 1965-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ, ശ്രീനഗറിൽ താമസം തുടർന്ന ഒരേയൊരു ഇന്ത്യൻമന്ത്രി അവരായിരുന്നു. 

ഒരു സ്ത്രീയുടെ കൈയിൽ ഭരണചക്രം ലഭിച്ചപ്പോൾ ഇന്ത്യയിലെ ദാരിദ്ര്യവും ഭക്ഷ്യക്ഷാമവും കുറഞ്ഞു. ഭക്ഷ്യധാന്യം ആവശ്യംപോലെ ലഭിക്കാൻ അമേരിക്കയുമായുണ്ടാക്കിയ കരാർ, രൂപയുടെ മൂല്യശോഷണം തടയാനുള്ള ഏർപ്പാടുകൾ, പല വ്യാവസായികമേഖലകളുടെയും ദേശസാത്‌കരണം, സിംല കരാർ, പൊക്രാനിലെ അണുബോംബ് പരീക്ഷണം, ഹരിതവിപ്ലവം, ധവളവിപ്ലവം, ഭാഷാനയം തുടങ്ങി അവരുടെ ഭരണനേട്ടങ്ങളുടെ പട്ടിക നീളുന്നു. 

(മുതിർന്ന കോൺഗ്രസ്‌ നേതാവാണ്‌ ലേഖിക)