1966-ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി  അധികാരത്തിലേറുമ്പോൾ ഭാരതത്തിലെ വനങ്ങളും വനസമ്പത്തും പ്രതിസന്ധികളിലൂടെ  കടന്നുപോവുകയായിരുന്നു. വന്യജീവികൾ കണക്കില്ലാതെ വെടിയേറ്റുവീണുകൊണ്ടേയിരുന്ന അവസ്ഥ.  കാടിന്റെ ജീവിത ആവാസ വ്യവസ്ഥ താളംതെറ്റിയത് തിരിച്ചറിഞ്ഞ ഒരു പ്രധാനമന്ത്രി അവയുടെ പുനരുദ്ധാരണത്തിനായി മനസ്സുമുഴുവൻ കൊടുത്തത്‌ ചരിത്രസത്യം.

ഐ.യു.സി.എൻ. സമ്മേളനത്തിൽ, ബംഗാളിൽ കടുവകൾ നേരിടുന്ന വെല്ലുവിളികൾ ചർച്ചചെയ്യപ്പെട്ടു. അങ്ങനെ കടുവവേട്ട നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നിലവിൽവന്നു. വിദേശനാണ്യം നഷ്ടപ്പെടുമെന്ന മുറവിളികൾ ഉയർത്തിയവരോട് ഇന്ദിരാഗാന്ധി പറഞ്ഞു: ‘‘വിദേശനാണ്യം ആവശ്യമാണ്. പക്ഷേ, ഭൂമിയിലെ മനോഹരങ്ങളായ ജീവജാലങ്ങൾക്ക് ജീവിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടാവരുത് അത്.’’  1972-ലെ വൈൽഡ്‌ലൈഫ് പ്രൊട്ടക്‌ഷൻ ആക്ട് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടു. ദേശീയോദ്യാനങ്ങളുടെയും വന്യജീവിസങ്കേതങ്ങളുടെയും രൂപവത്‌കരണത്തിന് തുടക്കംനൽകി അതോടൊപ്പം വന്യജീവിവേട്ടയ്ക്കും നിരോധനം വന്നു.  കടുവകളുടെ പരിരക്ഷയ്ക്കുവേണ്ടി പ്രോജക്ട്‌ ടൈഗർ എന്ന ഏറ്റവും ബൃഹത്തായ സംരക്ഷണപദ്ധതിക്ക് 1973-ൽ തുടക്കംകുറിച്ചത്  ഇന്ദിരാഗാന്ധിയുടെ പ്രകൃതിസ്നേഹത്തിന്റെ  ദൃഷ്ടാന്തമായിരുന്നു. റോയൽ ബംഗാൾ ടൈഗർ വംശനാശത്തിൽനിന്ന്‌ രക്ഷപ്പെട്ടതിന് ഏകകാരണം ഇന്ദിരാജിയുടെ നിലപാടുകളാണ്.1980-കളിലെ ഫോറസ്റ്റ്‌ കൺസർവേഷൻ ആക്ട് പ്രകാരം വനത്തിനുള്ളിലെ വാണിജ്യ വ്യവസായപ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഇന്ദിരാഗാന്ധി ഉത്തരവിട്ടിരുന്നു. പ്രകൃതിയോടുള്ള സ്നേഹം, വന്യജീവികളോടുള്ള  അനുഭാവം ഇതെല്ലാം ബാല്യത്തിലേ  അവരുടെ മനസ്സിലുണ്ടായിരുന്നു. അച്ഛൻ സമ്മാനിച്ച സാലിം അലിയുടെ പുസ്തകങ്ങൾ തനിക്ക്‌ പുതിയ ഉൾക്കാഴ്ചകൾ നൽകിയെന്നവർ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ സൈലന്റ് വാലി പദ്ധതിക്കെതിരേ ഇന്ദിരാഗാന്ധി നിന്നത്. 1983-ൽ ആ ഹൈഡ്രോ ഇലക്‌ട്രിക് പദ്ധതിക്ക് അനുമതി ഇന്ദിരാഗാന്ധി നിഷേധിച്ചു. ബന്ദിപ്പൂരും മുതുമലയും സൈരന്ധ്രീവനവും ജലസമാധിയടയാതിരിക്കാനുള്ള ഏകകാരണം ഇന്ദിരാഗാന്ധിയത്രേ.

(വന്യജീവി ഫോട്ടോഗ്രാഫറാണ്‌ ലേഖിക)