അതിസങ്കീർണമായ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ-നയതന്ത്ര പ്രതിസന്ധികളിലൂടെ ഇന്ത്യയും ലോകവും ഒരുപോലെ കടന്നുപോയിരുന്ന ഒരു കാലഘട്ടത്തിലാണ് ശാസ്ത്രിയുടെ അകാലമരണത്തെത്തുടർന്ന് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയാകുന്നത്. അക്കാലത്ത് ‘ഇന്ദിരാപ്രിയദർശിനി’ എന്ന സ്ത്രീ   കോൺഗ്രസിലെ മുതിർന്ന തലമുറയ്ക്ക് ‘ഗൂംഗി ഗുഡിയ’ മാത്രമായിരുന്നു. ദുർബലയായ, നെഹ്രുവിന്റെ തണലിൽമാത്രം തളിർത്ത  ആ ‘മണ്ടിയായ പാവക്കുട്ടി’. അധികം വൈകാതെ ‘ഗൂംഗി ഗുഡിയ’ തന്നെ ചുറ്റിവരിഞ്ഞിരിക്കുന്ന രക്ഷാകർത്തൃ രാഷ്ട്രീയത്തിന്റെ ചങ്ങലക്കണ്ണികൾ പൊട്ടിച്ചെറിയുകയും എല്ലാ പരിഹാസങ്ങളെയും മറികടന്നുകൊണ്ട് സ്വന്തമായ ഒരു രാഷ്ട്രീയവ്യക്തിത്വവും സ്വതന്ത്രമായ  ഒരു നയസമീപനവും ഉണ്ടാക്കിയെടുക്കുകയും ചെയ്തു.  
ഒരു സ്ത്രീ എന്നനിലയിലും ഒരു രാഷ്ട്രീയനേതാവ് എന്നനിലയിലും ഇന്ദിരാഗാന്ധിയുടെ  അനന്യത ഇവിടെയാണ്. സ്വന്തം പിതാവിന്റെ വരേണ്യപൈതൃകത്തിന്റെ തണൽപോലും അവർ രാഷ്ട്രീയവ്യവഹാരത്തിൽ ഉപയോഗിച്ചില്ല. പകരം, അവർ അവരുടേതായ ഒരു പാത സ്വയം പണിതു.  അതിൽ ശരികളും തെറ്റുകളുമുണ്ടാകാം. എങ്കിലും അപഭ്രംശങ്ങളുടെയും വിജയങ്ങളുടെയും ഉത്തരവാദിത്വം അവർ ഒരുപോലെ ഏറ്റെടുത്തു. 

‘ദുർബലയായ ഒരു സ്ത്രീ’ ഇന്ത്യയെന്ന സങ്കീർണമായ ജനാധിപത്യരാഷ്ട്രത്തിന്റെ തലപ്പത്തിരിക്കുന്നത് രാജ്യത്തെ പതുക്കെ  ശിഥിലീകരണത്തിലേക്ക് നയിക്കുമെന്ന് പടിഞ്ഞാറൻ മാധ്യമങ്ങൾ എഴുതിയിരുന്നു. വിയറ്റ്‌നാം യുദ്ധത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കാത്തതുകൊണ്ട് അമേരിക്ക  പ­ി.എൽ. 480 വഴിയുള്ള ഭക്ഷ്യസഹായം വളരെ പതുക്കെയാക്കി. അക്കാലത്ത്  ഇന്ദിരാഗാന്ധി അമേരിക്ക സന്ദർശിച്ചപ്പോൾ, ‘പിച്ചച്ചട്ടിയുമായി തെണ്ടാനിറങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രിയെ’ അമേരിക്കൻപത്രങ്ങൾ പരിഹസിച്ചു. ആഗോളരാഷ്ട്രീയത്തിൽ ഇന്ത്യയുടെ ആത്മാഭിമാനവും സ്വതന്ത്രവ്യക്തിത്വവും നെഹ്രുവിയൻ ‘കൺസെൻസസും’ തുലാസിലായിരുന്ന ആ നാളുകളിൽ ഹരിതവിപ്ളവവും ബാങ്ക്‌ ദേശസാത്‌കരണവും പോലുള്ള സുധീരമായ നയങ്ങളാണ് പിൽക്കാല ഇന്ത്യയുടെ ചരിത്രത്തെത്തന്നെ നിർവചിച്ചത്. ആ നയങ്ങൾകൊണ്ടുതന്നെയാണ് ഉരുക്കുവനിതയായി അവരെ ലോകചരിത്രം രേഖപ്പെടുത്തുന്നതും. ‘ഗൂംഗി ഗുഡിയ’യിൽനിന്ന്‌ ഇന്ദിരാഗാന്ധിയെ ‘ദുർഗ’യിലേക്ക് പരിവർത്തനപ്പെടുത്തിയ മറ്റൊരു ഘടകം ബംഗ്ലാദേശ് യുദ്ധമായിരുന്നു. 1971-ലെ ഹെൻറി കിസ്സിംഗറുടെ രഹസ്യമായ ചൈനാസന്ദർശനവും തുടർന്ന് പാകിസ്താനെ അനുകൂലിച്ചുകൊണ്ടുള്ള രാഷ്ട്രീയ-സൈനിക നീക്കവും ഏതു പരിണതപ്രജ്ഞനായ നേതാവിനെയും സമ്മർദത്തിലാക്കുന്ന സാഹചര്യത്തിലാണ് ഇന്ദിരാഗാന്ധി നിർഭയം സോവിയറ്റ് യൂണിയനുമായി കരാറിൽ ഏർപ്പെട്ടുകൊണ്ട് ഒരേസമയം ചൈനയോടും അമേരിക്കയോടും പാകിസ്താനോടും ‘ചെക്ക്’ പറഞ്ഞത്. അത്, ചേരിചേരാനയത്തിൽനിന്നുള്ള വ്യതിയാനമാണെന്ന് വിമർശിച്ചവരോട് ഇന്ദിര പറഞ്ഞത്, ചേരിചേരാനയം ഇന്ത്യയുടെ ദേശീയസുരക്ഷ കാത്തുരക്ഷിക്കുന്നതിനുള്ള ഒരു മാർഗരേഖയായിട്ടാണ് കാണേണ്ടതെന്നും അല്ലാതെ ദിവസവും അർഥമറിയാതെ ഉരുവിടാനുള്ള ഒരു മന്ത്രമല്ല എന്നുമാണ്. ഒടുവിൽ, ലോകത്തെ ഞെട്ടിച്ചുകൊണ്ട്, ബംഗ്ലാദേശ് പിറവിയെടുക്കുകയും ഇന്ത്യ പാകിസ്താനെ യുദ്ധത്തിൽ പരാജയപ്പെടുത്തുകയും ചെയ്തപ്പോൾ ‘പൊളിറ്റിക്കൽ റിയലിസം’ സ്ത്രീകൾക്ക് വഴങ്ങില്ലെന്നു കരുതിയവർ ഞെട്ടി. മതത്തെ അടിസ്ഥാനമാക്കിയുള്ള ദേശരാഷ്ട്ര സങ്കല്പത്തിന്റെ പരാജയമായിരുന്നു ബംഗ്ലാദേശിന്റെ ഉദയം. ആ അർഥത്തിൽ ഇന്ദിരാഗാന്ധി സാർഥകമാക്കിയത് ഇന്ത്യൻ ദേശീയപ്രസ്ഥാനം എക്കാലത്തും ഉയർത്തിപ്പിടിച്ച ബഹുസ്വരതയുടെ രാഷ്ട്രീയംകൂടിയായിരുന്നു.

ഇന്ദിരാഗാന്ധിക്ക് തനതായ രീതികളുണ്ടായിരുന്നെങ്കിലും നെഹ്രുവിയൻ ആശയങ്ങളെ അവർ ഒരു പരിധിവരെ പിന്തുടർന്നിരുന്നു. ഇന്ത്യയുടെ സങ്കലനസംസ്കാരത്തിലും മതേതരത്വത്തിലുമുള്ള വിശ്വാസം അവർ എപ്പോഴും മുറുകെപ്പിടിച്ചു. ഇന്ത്യയുടെ സുരക്ഷിതത്വവും അഖണ്ഡതയും സ്വയംപര്യാപ്തതയുമായിരുന്നു അവർക്ക് ഏറെ പ്രധാനം. കിഴക്കൻ ബംഗാളിൽനിന്നുള്ള അഭയാർഥിപ്രവാഹവും യുദ്ധവും നടക്കുന്ന പ്രക്ഷുബ്ധമായ നാളുകളിൽ, അവർ അടൽ ബിഹാരി വാജ്‌പേയിയോട്‌ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിന് ഒരിക്കലും മതപരവും സാമുദായികവുമായ മാനങ്ങൾ നൽകരുതെന്നും അത് അതിവിനാശകരമായ മറ്റൊരു വർഗീയകലാപത്തിലേക്ക് ഇന്ത്യയെ നയിക്കുമെന്നും രഹസ്യമായി അഭ്യർഥിച്ചു. വാജ്പേയി അത് അംഗീകരിക്കുകയും പ്രകോപനകരമായ പ്രസ്താവനകളിൽനിന്നും ജനസംഘം പിന്തിരിയുകയും ചെയ്തു.മതേതരത്വവും സോഷ്യലിസവും ഭരണഘടനയിൽ എഴുതിച്ചേർത്തതും ഇന്ദിരാഗാന്ധിയാണ്. ജീവിതം മുഴുവൻ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുംവേണ്ടി നിലകൊള്ളും എന്ന് ആവർത്തിച്ചുപറഞ്ഞ ഇന്ദിരാഗാന്ധി ഒടുവിൽ രക്തസാക്ഷിയായതും ദേശസുരക്ഷയോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ പേരിൽത്തന്നെയായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം നീതിപൂർവമായി തന്നെയാണ് അവർ തിരഞ്ഞെടുപ്പ് നടത്തിയത്. തകർന്നടിഞ്ഞുപോയ പാർട്ടിയെ നോക്കി പകച്ചിരിക്കാതെ അവർ വീണ്ടും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു.  സ്ത്രീയെന്ന ആനുകൂല്യം ഒരിടത്തും അവർ ഉപയോഗിച്ചില്ല. ദാർശനികയോ, ബൗദ്ധികപ്രതിഭയോ അല്ലാതിരുന്നിട്ടും    സാഹചര്യങ്ങളെ തനിക്കനുകൂലമാക്കി മാറ്റിയെടുക്കുന്നതിൽ അവർ അനിതരസാധാരണമായ മികവുകാണിച്ചിരുന്നു. അവർ അവരുടേതായ ഒരു ‘രാഷ്ട്രീയ ബ്രാൻഡ്’ സ്വയം രൂപപ്പെടുത്തിയെടുത്തത്, തന്നെ പരിഹസിക്കുകയും ഒറ്റപ്പെടുത്തുകയുംചെയ്ത എല്ലാ പുരുഷനേതാക്കളെയും വെല്ലുവിളിച്ചുകൊണ്ടായിരുന്നു.     

(അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന ലേബർ റിസർച്ച് കൺസൽട്ടന്റാണ് ലേഖിക)