1971-ൽ ഇന്ദിരാ ഗാന്ധിക്കെതിരേ രൂപമെടുത്ത സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യ മുദ്രാവാക്യമായിരുന്നു ‘ഇന്ദിര ഹഠാവോ’ (ഇന്ദിരയെ നീക്കംചെയ്യുക). വ്യക്തിപരമായി അധിക്ഷേപം ചൊരിയുന്ന പ്രതിപക്ഷനേതാക്കൾക്കെതിരേ പ്രതികാരത്തിന്റെ വാൾ ഓങ്ങുകയല്ല അന്ന് ഇന്ദിരാജി ചെയ്തത്. മറിച്ച്, അവരുടെ മുദ്രാവാക്യത്തിലെ വാക്കുകൾ കടമെടുത്തുകൊണ്ട് ഗരീബി ഹഠാവോ (ദാരിദ്ര്യം തുടച്ചുനീക്കുക) എന്ന ചരിത്രപ്രസിദ്ധമായ പദ്ധതിക്ക് രൂപംകൊടുത്തു. ദാരിദ്ര്യവും അസമത്വവും തുടച്ചുനീക്കാൻ അക്ഷീണം പരിശ്രമിച്ച യഥാർഥ സോഷ്യലിസ്റ്റായിരുന്നു ഇന്ദിരാജി.  ലോകത്തെ പാരിസ്ഥിതികപ്രശ്നങ്ങൾ ചർച്ചചെയ്യാൻ 1972-ൽ സ്റ്റോക്‌ഹോമിൽ വിളിച്ചുചേർത്ത ചരിത്രപ്രസിദ്ധമായ  കോൺഫറൻസിൽ ‘ദാരിദ്ര്യമാണ് ലോകത്തിലെ ഏറ്റവും വലിയ മലിനീകരണം’ എന്ന ഇന്ദിരാജിയുടെ വാക്കുകളാണ് ദാരിദ്ര്യം എന്ന സുപ്രധാന വിഷയത്തെ അന്താരാഷ്ട്രസമൂഹത്തിന്റെ മുന്നിലെത്തിച്ചത്.  

ഇന്ദിരാഗാന്ധി പ്രസംഗിക്കുമ്പോൾ വേദിയിലിരുന്ന കോൺഫറൻസിന്റെ സെക്രട്ടറി ജനറൽ മൗറീസ് സ്‌ട്രോങ്‌ തന്റെ ഓർമക്കുറിപ്പുകളിൽ ഇങ്ങനെ എഴുതി: ‘ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രി ഗാന്ധി നടത്തിയ പ്രസംഗം മുഴുവൻ സമ്മേളനത്തെയും ഏറ്റവും സ്വാധീനിച്ച പ്രസംഗങ്ങളിലൊന്നായിരുന്നു.’ 

ദാരിദ്ര്യനിർമാർജനത്തിനായി ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ പ്രഖ്യാപനമാണ് ഇന്ദിരാജി 1969 ജൂലായ്‌ 19-ന് നടത്തിയത്. ആ കാലഘട്ടത്തിൽ വാണിജ്യ ബാങ്കുകൾ വൻകിട വ്യവസായങ്ങൾക്കു മാത്രമായിരുന്നു വായ്പകൾ നൽകിക്കൊണ്ടിരുന്നത്. ബാങ്ക് വായ്പകൾ പാവപ്പെട്ടവനു ലഭ്യമാക്കാനും ബാങ്കിങ്‌ സൗകര്യങ്ങളുടെ തുല്യവിതരണം ഉറപ്പാക്കുന്നതിനുമാണ്‌ ഇന്ദിരാജിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന 14 വാണിജ്യ ബാങ്കുകളെ  ദേശസാത്‌കരിക്കുന്ന നടപടി സ്വീകരിച്ചത്. തുടർന്ന് 1980-ൽ ആറു ബാങ്കുകൾ ദേശസാത്‌കരിക്കപ്പെട്ടു. ഇത് മൊത്തം എണ്ണം 20 ആയി ഉയർത്തി. പിന്നാക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും ശാഖകൾ തുറക്കാനും ചെറുകിട വ്യവസായങ്ങൾ, റോഡ് ട്രാൻസ്പോർട്ടർമാർ, സ്വയംതൊഴിൽ ചെയ്യുന്നവർക്കും കർഷകർക്കും വായ്പ ലഭ്യമാക്കാനും ദേശസാത്‌കൃത ബാങ്കുകളെ പ്രേരിപ്പിച്ചു.

രാജ്യത്തിന്റെ സമ്പത്ത് രാജകുടുംബങ്ങൾക്കല്ല, മറിച്ച് ഒരു നേരത്തെ അന്നത്തിനു വകയില്ലാത്ത പാവങ്ങൾക്ക് അവകാശപ്പെട്ടതാണ്‌ എന്ന ചരിത്രപരമായ പ്രഖ്യാപനമാണ് നാട്ടുരാജ്യങ്ങളിലെ ഭരണകുടുംബങ്ങൾക്ക് സർക്കാർ നൽകിക്കൊണ്ടിരുന്ന പ്രിവിപഴ്‌സ് നിർത്തലാക്കിയ തീരുമാനത്തിലൂടെ ഇന്ദിരാജി നടത്തിയത്. 1971-ലെ 26-ാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് പ്രിവിപഴ്‌സ് നിർത്തലാക്കിയത്. 

1960-കളുടെ മധ്യത്തിൽ ഇന്ത്യ സാമ്പത്തികമായും രാഷ്ട്രീയമായും ഏറ്റവും ദുർബലമായ ഘട്ടത്തിൽ ആയിരുന്നപ്പോഴാണ് അവർ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 1962-ലെയും 1965-ലെയും യുദ്ധങ്ങൾ, 1965-ലും 1966-ലും തുടർച്ചയായ രണ്ട് മഴക്കെടുതികൾ, കാർഷിക ഉത്‌പാദനത്തിൽ 20 ശതമാനം ഇടിവ്, ഉയർന്ന പണപ്പെരുപ്പനിരക്ക് എന്നിവ കാരണം രാജ്യം കടുത്ത പ്രതിസന്ധിയിലായിരുന്നു.  കുറഞ്ഞ ഭക്ഷ്യസ്റ്റോക്കും വളരെ കുറഞ്ഞ വിദേശനാണ്യ കരുതൽശേഖരവും  ഇന്ത്യയെ ഏറ്റവും രൂക്ഷമായ അവസ്ഥയിലെത്തിച്ച കാലം.  ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ദുർബലമാവുകയും ഭക്ഷണത്തിന് അടക്കം വികസിതരാജ്യങ്ങളെ ആശ്രയിച്ചാൽ ഇന്ത്യക്ക്‌ പരമാധികാര സ്വതന്ത്രമായ നിലപാട് നിലനിർത്താൻ കഴിയില്ലെന്ന് ഇന്ദിരാഗാന്ധി പെട്ടെന്ന് മനസ്സിലാക്കി. അതിനാൽ യുദ്ധകാലാടിസ്ഥാനത്തിൽ ഈ പ്രശ്നം പരിഹരിക്കാൻ അവർ തീരുമാനിച്ചു. ‘ഹരിത വിപ്ലവം’ എന്ന പദ്ധതിയുമായി ശക്തമായി മുന്നോട്ടുപോകാൻ അവർ തീരുമാനിച്ചു.

ഇന്ത്യയെന്ന, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ  മതേതര അടിത്തറ കാത്തുസൂക്ഷിക്കാനും  രാജ്യത്തെ ഒരുമിച്ചുനിർത്താനുമുള്ള ശ്രമത്തിൽ ഇന്ദിരാജി സ്വയം സമർപ്പിക്കുകയാണ് ചെയ്തത്. ഒരു കൊലയാളിയുടെ വെടിയുണ്ടകൾ അവരുടെ ദുർബലമായ ശരീരത്തെ കീറിമുറിച്ചിട്ടുണ്ടാകാം. പക്ഷേ, അവർ കൊല്ലപ്പെടുന്നതിന് ഒരുദിവസംമുമ്പ് ഒഡിഷയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞതുപോലെ, ‘എന്റെ ഓരോ തുള്ളി രക്തവും ഇന്ത്യക്ക് ജീവൻ നൽകുകയും അതിനെ ശക്തിപ്പെടുത്തുകയും ചെയ്യും.’  ഇന്ദിരാജിയുടെ ജ്വലിക്കുന്ന ഓർമകൾ ഞാൻ അടക്കമുള്ള ആയിരങ്ങൾക്ക് ഇന്നും ശക്തിസ്രോതസ്സാണ്. 

(യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിയാണ്‌ ലേഖിക)