ന്യൂഡൽഹി: സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യകണ്ട ഏറ്റവും വലിയ സമരമുഹൂർത്തമായിരുന്നു ഒരു വർഷമായി തുടരുന്ന കർഷകപ്രക്ഷോഭം. പ്രക്ഷോഭകരും അതിനെ പിന്തുണച്ചവരും ഒരേസ്വരത്തിൽ ‘ഐതിഹാസികം’ എന്ന്‌ വിശേഷിപ്പിച്ച സമരം. ഇരുപക്ഷവും വിട്ടുവീഴ്ചചെയ്യാതെ കൊമ്പുകോർത്ത ദിനരാത്രങ്ങൾക്കൊടുവിലാണ് സമരക്കാരുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ കാർഷികനിയമങ്ങളുടെ അനിവാര്യമായ അന്ത്യം. 

2020 ജൂൺ അഞ്ചിന് കാർഷിക ഓർഡിനൻസുകൾ കേന്ദ്രം കൊണ്ടുവരുമ്പോൾ കോവിഡിന്റെ കെടുതിയിലായിരുന്നു രാജ്യം. പഞ്ചാബടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉടൻതന്നെ പ്രതിഷേധം തുടങ്ങി. ജൂൺ ആറിന് കിസാൻസഭ ഓർഡിനൻസ് കോപ്പികൾ കത്തിച്ച് പ്രതിഷേധിച്ചു. സെപ്‌റ്റംബറിൽ ബില്ലുകൾ പാർലമെന്റ് പരിഗണിച്ചപ്പോൾ കിസാൻസഭ ഉൾപ്പെടെ 250 കർഷകസംഘടനകളുടെ കൂട്ടായ്മയായ ഓൾ ഇന്ത്യ കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധപരമ്പരകളുമായി രംഗത്തിറങ്ങി. രാജ്യസഭയിൽ ബലപ്രയോഗത്തിലേക്കുനീങ്ങിയ രംഗങ്ങൾക്കൊടുവിൽ കാർഷികനിയമങ്ങൾ യാഥാർഥ്യമായപ്പോൾ കർഷകരോഷം തിളച്ചു. തുടർന്ന്, സമരരംഗത്തുള്ള എല്ലാ കർഷകസംഘടനകളും ഭിന്നതമറന്ന് ഒക്ടോബർ 27-ന് ഡൽഹിയിലെ റക്കബ്ഗഞ്ജ് ഗുരുദ്വാരയിൽ കർഷകസമ്മേളനം വിളിച്ചുചേർത്തു. അന്നായിരുന്നു അഞ്ഞൂറ്‌ കർഷകസംഘടനകളുമായി സംയുക്ത കിസാൻ മോർച്ച എന്ന സമരമുന്നണിയുടെ പിറവി. ഒരുമാസത്തെ തയ്യാറെടുപ്പിനുശേഷം നവംബർ 26-ന് ഡൽഹി ചലോ മാർച്ച് നടത്താൻ കിസാൻ മോർച്ച ആഹ്വാനംചെയ്തു. 

ഡൽഹിയിലേക്കുള്ള വഴികളിലെ ബാരിക്കേഡുകളും ജലപീരങ്കിയുമൊക്കെ തകർത്തെറിഞ്ഞും പോലീസ് അതിക്രമങ്ങൾ അതിജീവിച്ചും കർഷകർ സിംഘുവിലും തിക്രിയിലുമായി തമ്പടിച്ചു. നഗരത്തിനുള്ളിൽ ബുറാഡി മൈതാനത്തുവന്ന് സമരം നടത്താമെന്ന് ഡൽഹി പോലീസ് വാഗ്ദാനംചെയ്തെങ്കിലും അതൊരു തുറന്ന ജയിലാവാനുള്ള സാധ്യത കണക്കിലെടുത്ത് കർഷകർ അതിർത്തികളിൽത്തന്നെ നിലയുറപ്പിച്ചു. പിന്നീട്, കേന്ദ്രസർക്കാരുമായി 11 വട്ടംനടന്ന ചർച്ചകൾ പരാജയപ്പെട്ടപ്പോഴും റിപ്പബ്ലിക് ദിനത്തിലെ കിസാൻ പരേഡ് സംഘർഷത്തിലേക്ക്‌ വഴിമാറിയതിന്റെ പഴി മുഴുവൻ കേട്ടിട്ടും സമരക്കാർ അതിർത്തികളിൽ തുടർന്നു. ഡിസംബർ ആദ്യവാരത്തിൽ ഗാസിപ്പുർ അതിർത്തിയിലും പിന്നീട്, പൽവൽ അതിർത്തിയിലും രാജസ്ഥാൻ അതിർത്തിയായ ഷാജഹാൻപുരിലുമൊക്കെ സമരക്കാർ ഉപരോധമാരംഭിച്ചു. എന്നാൽ, കിസാൻ പരേഡിലെ സംഘർഷത്തിനുപിന്നാലെ, ഷാജഹാൻപുരിലെയും പൽവലിലെയും സമരകേന്ദ്രം ഒഴിവാക്കപ്പെട്ടു. 

റോഡിൽ ഇരുമ്പാണി നിരത്തിവെച്ചും കോൺക്രീറ്റ് കട്ടകൾ നിരത്തിയും മാധ്യമങ്ങൾക്കടക്കം പ്രവേശനം നിഷേധിച്ച് പോലീസ് സുരക്ഷയുടെ ഉരുക്കുകോട്ട കെട്ടിയിട്ടും സമരക്കാർ സംയമനത്തോടെ നിലയുറപ്പിച്ചു. കർണാലിൽ പോലീസ് ലാത്തിച്ചാർജിൽ കർഷകൻ മരിച്ച സംഭവത്തിൽ മിനി സെക്രട്ടേറിയറ്റ് വളയലുണ്ടായി. ഇതിനുപിന്നാലെയായിരുന്നു യു.പി.യിൽ ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ അക്രമം. ജനുവരി 22-ന് നടത്തിയ അവസാനവട്ട ചർച്ചയ്ക്കുശേഷം കേന്ദ്രം കർഷകരെ പൂർണമായും തഴഞ്ഞതും പ്രതിഷേധങ്ങളുയർത്തി. 

പ്രതിപക്ഷം മുഴുവൻ പിന്തുണച്ചുവരുമ്പോഴും അവരെ വേദികളിൽനിന്നകറ്റി സമരത്തിന്‌ രാഷ്ട്രീയനിറം നൽകാതിരിക്കാനും കർഷകർ ജാഗ്രതപുലർത്തി. എന്നാൽ, പശ്ചിമബംഗാൾ അടക്കമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലും യു.പി.യിലുംമറ്റും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി.ക്കെതിരായ രാഷ്ട്രീയനിലപാട് പരസ്യമാക്കാനും അവർ മറന്നില്ല.
നൃത്തം ചെയ്തും മധുരം നൽകിയും ആഘോഷം സിംഘു സമരകേന്ദ്രത്തിൽ, ട്രാക്ടറുകളിലും ട്രോളികളിലും ഘടിപ്പിച്ച സംഗീതോപകരണങ്ങൾ ആഘോഷപ്പകിട്ടേകി. മധുരം കഴിച്ചും നൃത്തം ചെയ്തും കർഷകർ വിജയോത്സവം കൊണ്ടാടി. പാർലമെന്റിൽ നിയമങ്ങൾ റദ്ദാക്കിയാലുടൻ വീടുകളിലേക്കു മടങ്ങുമെന്ന് കീർത്തി കിസാൻ യൂണിയൻ നേതാവ് ഹർമേഷ് സിങ് ദേശി വ്യക്തമാക്കി. പ്രത്യേകം പൂജ നടത്തിയായിരുന്നു ഡൽഹി-യു.പി. അതിർത്തിയിലെ ഗാസിപ്പുരിലെ ആഘോഷം.

സന്തോഷത്തികവിൽ സമരഗ്രാമങ്ങൾ 

ഒരു വർഷത്തോളമായി ഡൽഹി-ഹരിയാണ അതിർത്തിയിലെ തിക്രിയിലെ സമരകേന്ദ്രത്തിൽതന്നെയാണ് പ്രീതം സിങ്. ഈ ദിവസങ്ങളിലൊക്കെയും കണ്ണിൽ പ്രതിഷേധത്തിന്റെ കനലായിരുന്നു. വെള്ളിയാഴ്ച പതിവുപോലെ സമരവേദിക്കു സമീപം ഇരിക്കുമ്പോൾ ആ കണ്ണുകളിൽ വിജയത്തിന്റെ നക്ഷത്രത്തിളക്കം.

‘‘ഒടുവിൽ കാർഷികനിയമങ്ങൾ റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത് നല്ല കാര്യം. എന്നാൽ, പ്രധാനമന്ത്രിയുടെ വാക്കുമാത്രം പോരാ, പാർലമെന്റിൽ അതു ചെയ്യട്ടെ. എന്നിട്ടു മാത്രമേ ഞങ്ങൾ ഇവിടെ നിന്നു മടങ്ങൂ.’’ - പഞ്ചാബിലെ നന്ദ്പുർ സ്വദേശിയായ ഈ അറുപത്തഞ്ചുകാരൻ പ്രതികരിച്ചത് ഇങ്ങനെ. ഒരു വർഷമായി ഉപരോധം തുടരുന്ന തിക്രിയടക്കമുള്ള മൂന്നു സമരകേന്ദ്രങ്ങളിലും വെള്ളിയാഴ്ച ഉത്സവപ്രതീതിയായിരുന്നു. അതിശൈത്യവും കൊടുംവേനലും കാലവർഷവുമൊക്കെ അതിജീവിച്ച്,  തളരാതെ നിന്ന സമരവീര്യം സാർഥകമായതിന്റെ ആഘോഷങ്ങൾ. 

ഡൽഹി അതിർത്തിയിൽ നിന്ന് ഹരിയാണയിലേക്കുള്ള റോഡിൽ പതിനാറ്‌് കിലോമീറ്റർ നീളുന്നതാണ് തിക്രി സമരകേന്ദ്രം. ഇതിനകം നടുറോഡിൽ ഉയർന്നത് ഒരെണ്ണത്തിൽ നാലു പേർക്കുവീതം താമസിക്കാവുന്ന പതിനായിരത്തിലേറെ ടെന്റുകൾ. കുഴൽക്കിണറുകൾ കുഴിച്ചും കുടിലുകൾ നിർമിച്ചും കർഷകസമരക്കാർ ഒരു ‘സമര ഗ്രാമം’തന്നെ സൃഷ്ടിച്ചു.

വൈദ്യചികിത്സയുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി. ഓരോ മൂന്നാം ദിവസവും പഞ്ചാബിൽനിന്ന്‌ പാൽവണ്ടികളെത്തി. 
പ്രക്ഷോഭം അവർ ദിനചര്യയാക്കി. പഞ്ചാബ്-ഹരിയാണ  ശത്രുതപോലും ഇല്ലാതാക്കി പ്രക്ഷോഭം എല്ലാവരേയും ഒന്നിപ്പിച്ചതായി പ്രീതം സിങ് പറഞ്ഞു. സ്ത്രീകളും വിദ്യാർഥികളും യുവാക്കളും മുതിർന്നവരുമൊക്കെ ഒരുപോലെ അണിനിരന്നു. ‘‘ഇതു കർഷകരുടെ വിജയമാണ്’’ -  ജസീന്തർ സിങ് ലോംഗർവാൾ ഉറക്കെ വിളിച്ചുപറഞ്ഞു. തിക്രിയിലെത്തിയവർക്കെല്ലാം ലഡു സമ്മാനിച്ച് സമരക്കാർ സന്തോഷം പങ്കിട്ടു.