കുട്ടിക്കാലത്തെ ഓർമകളിൽ ഇന്ദിരാഗാന്ധിയുണ്ട്. ലോകത്തെക്കുറിച്ചുള്ള അഭിപ്രായം രൂപപ്പെട്ടുവന്ന കാലത്ത്‌ ചിന്തകളിലെ നിത്യസ്വാധീനവും സാന്നിധ്യവുമായിരുന്നു. അന്ന് കണ്ടത് തീർത്തും അസാധാരണമായ ഒരു ജീവിതത്തെ, വ്യക്തിത്വത്തെ. ഇന്ന് ചിന്തിക്കുമ്പോൾ ഇന്ദിരാഗാന്ധി എന്ന വ്യക്തി, സ്ത്രീ മനസ്സിലേറ്റുന്ന ആദ്യ ചിന്ത അപാരമായ കരുത്തിന്റേതാണ്, അതിജീവനത്തിന്റേതാണ്. ഒരു ഒറ്റയാൾ ജീവിതമാണ് വായിച്ചും കേട്ടും മനസ്സിലാക്കിയതിൽനിന്ന് സങ്കല്പിക്കാനാകുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിലെ ഒറ്റപ്പെട്ട  ബാല്യവും വെല്ലുവിളികൾ നിറഞ്ഞ വ്യക്തിജീവിതവും രാഷ്ട്രീയജീവിതവും. തീർത്തും തളർന്നുപോയേക്കാവുന്ന വ്യക്തിപരവും രാഷ്ട്രീയവുമായ സന്ദർഭങ്ങളെ നേരിടുമ്പോൾ പ്രകടിപ്പിച്ചിട്ടുള്ള അസാധാരണ മനക്കരുത്ത്. സാഹിത്യത്തോടും പ്രകൃതിയോടുമൊക്കെയുള്ള ഇഷ്ടവും സാധാരണ ജനങ്ങളോടുള്ള സ്നേഹവും വ്യക്തി എന്ന നിലയിലുള്ള വൈകാരികമായ സങ്കീർണതകളും രാഷ്ട്രീയവ്യക്തിത്വം എന്ന നിലയിൽ കർക്കശമായി എടുത്ത ചില തീരുമാനങ്ങളോടും നിശ്ചയദാർഢ്യത്തോടും ചേർന്നുനിന്നിരുന്നു എന്നു തന്നെ കരുതാം. 

ചോദ്യംചെയ്യാനുള്ള, വ്യവസ്ഥയ്ക്കെതിരേ നിൽക്കാനുള്ള പ്രവണത ആ വ്യക്തിത്വത്തിൽ ഉൾച്ചേർന്നിരുന്നു. നെഹ്രു എന്ന അച്ഛന്റെ ഇഷ്ടാനിഷ്ടങ്ങൾക്കതീതമായി തിരഞ്ഞെടുത്ത പ്രണയത്തിൽ അത് പ്രകടമായിരുന്നു എന്നും തോന്നുന്നു. സുഹൃത്തുക്കൾക്കെഴുതിയ പല കത്തുകളിൽ, ഫിറോസ് ഗാന്ധിയുടെ മരണശേഷം എഴുതിയതായി വായിച്ച കുറിപ്പുകളിൽ ഒക്കെ ഇന്ദിര എന്ന വ്യക്തിയുടെ ചിന്തകളുടെയും ആത്മസംഘർഷങ്ങളുടെയും പല തലങ്ങൾ കാണാം. രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചില സന്ദർഭങ്ങളും ചില അഭിമുഖങ്ങളും കണ്ടപ്പോൾ സൗമ്യമായ ആ ശബ്ദത്തിൽ എത്രമാത്രം ആഴവും കൃത്യതയും നിശ്ചയദാർഢ്യവും കരുത്തും അന്തർലീനമായിരുന്നു എന്ന് മനസ്സിലാകുന്നു. ബംഗ്ലാദേശ് യുദ്ധകാലത്തെ അനിതരസാധാരണ നേതൃപാടവവും  വിദേശശക്തികൾക്കു മുൻപിൽ തലയുയർത്തിനിന്ന , അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട നേതൃത്വവും ജനാധിപത്യവിരുദ്ധമെന്നു വിമർശിക്കപ്പെട്ട അടിയന്തരാവസ്ഥ പ്രഖ്യാപനവും    പാർട്ടിക്കുള്ളിൽ അധികാരകേന്ദ്രീകരണം നടത്തി എന്ന വിമർശനവും എല്ലാം ചേരുമ്പോൾ ഇന്ദിരാ ഗാന്ധി എന്ന വ്യക്തിയെയും ഭരണാധികാരിയെയും മനസ്സിലാക്കുന്നതിലെ സങ്കീർണത വ്യക്തമാക്കും.

പക്ഷേ, ഒരു ഇന്ദിരാഗാന്ധി ഉണ്ടായിരുന്നു എന്നതിന്റെ പേരിൽ, ഈ രാജ്യത്തു സ്ത്രീകളുടെ തുല്യവ്യക്തിത്വവും കഴിവുകളും മനുഷ്യാവകാശങ്ങളും അംഗീകരിക്കപ്പെടുന്നു എന്ന് വാദത്തോട്‌ യോജിക്കുന്നില്ല. ഇന്ദിരാഗാന്ധി എന്ന വ്യക്തിയുടെ ചുറ്റുപാടുകളിൽ നിന്നല്ലാത്ത സ്ത്രീകളും അതേ ഇടങ്ങളിൽ എത്തപ്പെടുന്ന സാഹചര്യം ഇവിടെയുണ്ടാകണം. ഇന്ദിരാഗാന്ധി എന്ന വനിതാ പ്രധാനമന്ത്രിയെ ഓർക്കുന്ന ഓരോ സന്ദർഭവും  ലിംഗസമത്വത്തിലേക്കും ലിംഗനീതിയിലേക്കുമുള്ള, ആണധികാര ഇടങ്ങളായി രാഷ്ട്രീയ, പൊതുപ്രവർത്തനമേഖലകൾ നിലനിൽക്കുന്ന അനാരോഗ്യകരമായ അവസ്ഥയുടെ ചോദ്യംചെയ്യലായി മാറുന്നിടത്താണ് ആ ഓർമകളുടെ പ്രസക്തി എന്ന് പൂർണമായി വിശ്വസിക്കുന്നു.

(സിവിൽ സർവീസ് പരിശീലകയാണ് ലേഖിക)