ജനാധിപത്യം ഒരു വലിയ വാഗ്ദാനമാണെന്നാണ് ഫ്രഞ്ച് ദാർശനികൻ ഴാക് ദെറിദ പറയുന്നത്. ജവാഹർലാൽ നെഹ്രു സർവകലാശാലയിലെ പ്രൊഫസർ ഗോപാൽ ഗുരു, രാഷ്ട്രത്തെ വിഭാവനംചെയ്യേണ്ടത് അതുനൽകുന്ന വാഗ്ദാനങ്ങളുടെ പേരിലാണെന്നും പറയുന്നു. ജനാധിപത്യമായാലും രാഷ്ട്രമായാലും കേന്ദ്രബിന്ദു വാഗ്ദാനങ്ങളാണ്. ഇതിന്റെ വെളിച്ചത്തിൽ ഇന്ത്യൻ ജനാധിപത്യത്തെയും രാഷ്ട്രത്തെയും എങ്ങനെയാണ് വിലയിരുത്തുക? എന്തുവാഗ്ദാനങ്ങളാണ് അവ നൽകുന്നത്?

വാഗ്ദാനങ്ങൾ
സ്വതന്ത്രഭാരതത്തിന്റെ വാഗ്ദാനങ്ങൾ നെഹ്രുവിന്റെ ഐതിഹാസികമായ 1947 ഓഗസ്റ്റ് 15-ലെ പ്രസംഗത്തിൽ തുടങ്ങി ഭരണഘടനയിൽ അവസാനിക്കുന്നു. പഴയകാലം പോയി പുതുകാലം വരുന്നതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞതെങ്കിൽ, പുതുയുഗത്തിന്റെ വാഗ്ദാനങ്ങളാണ് ഭരണഘടനയിൽ അടങ്ങിയിരിക്കുന്നത്.
‘ഞാനും’ ‘നിങ്ങളും’ ചേർന്ന് ‘നമ്മൾ’ ആകുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് വാഗ്ദാനങ്ങൾ ആരംഭിക്കുന്നത്. ഭരണഘടനയുടെ ആദ്യവാക്ക് ‘നാം’ എന്നാണല്ലോ -‘നാം ഇന്ത്യയിലെ ജനങ്ങൾ’. ‘സർവശക്തനായ ദൈവം’ ‘ജഗദീശ്വരനായ പരമശിവൻ’ ഇതിൽ ഏതെങ്കിലുമാകണം ഭരണഘടനയുടെ ആദ്യവാക്കുകൾ എന്ന്, യഥാക്രമം ഷിബൻലാൽ സക്സേനയും പണ്ഡിറ്റ് ഗോവിന്ദ് മാളവ്യയും അവതരിപ്പിച്ച ഭേദഗതികൾ തള്ളിക്കൊണ്ടാണ് ഭരണഘടനാനിർമാണസമിതി ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ജനങ്ങളാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ‘ദൈവം’ എന്നാണ് ഭരണഘടന ഇതിലൂടെ പറഞ്ഞുവെക്കുന്നത്.
ജനാധിപത്യം നീതിയുടെ ഉറവിടവും വിയോജിപ്പിന്റെ കലയുമാണെന്നും അതിൽ സമത്വത്തിന് സുപ്രധാന സ്ഥാനമുണ്ടെന്നും അത് ധ്വനിപ്പിക്കുന്നു. ഇതാണ് വാഗ്ദാനങ്ങളുടെ അടിത്തറ. ഭരണഘടന ആശിക്കുന്നത്, നീതി സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയിരിക്കുമെന്നാണ്. അത് ഒരേസമയം സാമൂഹികബന്ധങ്ങളെ നിർവചിക്കുന്നതും സാമ്പത്തികരംഗത്തെ ജനാധിപത്യവത്‌കരിക്കുന്നതും രാഷ്ട്രീയത്തെ വിമലീകരിക്കുന്നതുമാണെന്ന് അർഥം. നീതിയെക്കുറിച്ചുള്ള ഏതുസങ്കല്പവും നീതിനിഷ്ഠമായ അധികാരത്തെ സ്പർശിക്കുന്നതാണല്ലോ. 

അംബേദ്കറുടെ സംഭാവന
മേൽപ്പറഞ്ഞതൊക്കെ മറ്റുപല ജനാധിപത്യഭരണഘടനകളിലും കാണാനാകും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ‘സാഹോദര്യവും വ്യക്തിയുടെ അന്തസ്സും’ വാഗ്ദാനങ്ങളുടെ ഭാഗമായതോടെ നമ്മുടെ ഭരണഘടന അവയിൽനിന്ന് വ്യതിരിക്തമായി നിൽക്കുന്നു. ജാതിസമ്പ്രദായത്തിന്റെ പശ്ചാത്തലത്തിൽ നോക്കുമ്പോഴാണ് ഇതിന്റെ പൊരുൾ ശരിക്കും ബോധ്യമാകുന്നത്.
സൂക്ഷ്മവിശകലനത്തിൽ, ഭരണഘടനാശില്പി ഡോ. ­ബി.ആർ. അംബേദ്കറുടെ കൈയൊപ്പ്‌ ഇതിൽ തെളിഞ്ഞുകിടക്കുന്നതുകാണാം. നെഹ്രുവിന്റെ ലക്ഷ്യപ്രമേയവും (objectives resolution) ബി.എൻ. റാവുവിന്റെ കരടുഭരണഘടനയും സാഹോദര്യത്തെയും വ്യക്തിയുടെ അന്തസ്സിനെയും കുറിച്ച് മൗനം ദീക്ഷിച്ചിരുന്നു എന്നത് ചരിത്രമാണ്. എം.എൻ. റോയിയുടെ ‘സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയിലും’ സോഷ്യലിസ്റ്റു പാർട്ടിയുടെ ‘ഇന്ത്യൻ റിപ്പബ്ളിക്കിന്റെ കരട് ഭരണഘടനയിലും’ ഇതായിരുന്നു അവസ്ഥ. ഇക്കാര്യത്തിൽ വേറിട്ടുനിന്നത് നാരായൺ അഗർവാളിന്റെ ‘സ്വതന്ത്ര ഇന്ത്യയുടെ ഗാന്ധിയൻ ഭരണഘടന’ മാത്രമായിരുന്നു. അതിൽ സാഹോദര്യത്തെക്കുറിച്ച് പരാമർശമില്ലായിരുന്നെങ്കിലും വ്യക്തിയുടെ അന്തസ്സ് ഉൾപ്പെട്ടിരുന്നു.
അതേസമയം, മുകളിൽ സൂചിപ്പിച്ച രണ്ടുവാഗ്ദാനങ്ങളും ഭരണഘടനയിൽ ഉൾപ്പെടുത്തിയതിനെ ഭരണഘടനാനിർമാണസമിതിയിലെ മുഴുവൻ അംഗങ്ങളും സ്വാഗതംചെയ്തു എന്നത് വാസ്തവവുമാണ്. ഉദാഹരണമായി, സാഹോദര്യം എന്ന വാക്ക് ഉൾപ്പെടുത്തിയതിനെക്കുറിച്ച് ജെ.ബി. കൃപലാനി പറഞ്ഞത്, അത് ‘ഭരണഘടനയുടെ ധാർമിക തത്ത്വം’ എന്നാണ്. സാഹോദര്യം ഉണ്ടെങ്കിലേ സമത്വവും സ്വാതന്ത്ര്യവും പുലരൂ എന്നായിരുന്നു അംബേദ്കർ കരുതിയത്. സാഹോദര്യം എന്നതിനെക്കാൾ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത് ‘മൈത്രി’ എന്നവാക്കായിരുന്നു എന്നത് മറ്റൊരുകാര്യം. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക: ‘‘സമത്വത്തെയും സ്വാതന്ത്ര്യത്തെയും നിലനിർത്തുന്നത് സഹജീവിസ്നേഹമാണ്, ഫ്രഞ്ചുകാരുടെ ഭാഷയിൽ പറഞ്ഞാൽ സാഹോദര്യം. എന്നാൽ, ശ്രീബുദ്ധൻ ഉപയോഗിച്ച മൈത്രി എന്ന പദമായിരുന്നു ഉചിതം. കാരണം, അത് മനുഷ്യനിൽമാത്രം ഒതുങ്ങുന്നില്ല, സർവ ചരാചരങ്ങളോടുമുള്ള സ്നേഹമായിനിൽക്കുന്നു’’.

വ്യക്തിയുടെ അന്തസ്സ്‌
സാഹോദര്യത്തിനൊപ്പം അംബേദ്കർ ഊന്നൽനൽകിയ മറ്റൊന്ന് വ്യക്തിയുടെ അന്തസ്സാണ്. ഭരണഘടനാനിർമാണസമിതിയിലെ തന്റെ പ്രസംഗങ്ങളിലും എഴുത്തുകളിലുമായി 150 പ്രാവശ്യമാണ് ഈ പദം അദ്ദേഹം ഉപയോഗിച്ചത്. വർണവിവേചനത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ സമൂഹത്തിൽനിന്ന്  അനുഭവിക്കേണ്ടിവന്ന ആത്മനിന്ദയാണ് ഇത്തരമൊരു കാഴ്ചപ്പാട് രൂപപ്പെടുത്താൻ അംബേദ്കറെ പ്രേരിപ്പിച്ചത്. ആത്മകഥയിൽ-‘വിസയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പ്‌’ (Waiting for Visa) തന്റെ ഈ ആത്മനൊമ്പരം അതിതീവ്രമായി അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്.
‘വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും’ എന്ന പ്രയോഗം ചർച്ചചെയ്യവേ പട്ടാഭി സീതാരാമയ്യ കൊണ്ടുവന്ന ഭേദഗതിയും അതിൽ അംബേദ്കർ സ്വീകരിച്ച നിലപാടും ഇതിനോട് ചേർത്തുവായിക്കുമ്പോഴാണ് വ്യക്തിയുടെ അന്തസ്സിന് അദ്ദേഹം എത്രത്തോളം വിലകല്പിച്ചിരുന്നുവെന്ന് നമുക്ക് മനസ്സിലാകുന്നത്. സീതാരാമയ്യയുടെ ഭേദഗതിയിൽ, രാജ്യത്തിന്റെ ഐക്യത്തിനുശേഷമാണ് വ്യക്തിയുടെ അന്തസ്സ് ഉൾപ്പെട്ടിരുന്നത് (രാഷ്ട്രത്തിന്റെ ഐക്യവും വ്യക്തിയുടെ അന്തസ്സും). ഈ ഭേദഗതിയെ തള്ളിക്കളഞ്ഞുകൊണ്ട് അംബേദ്കർ പറഞ്ഞത്, ‘അന്തസ്സുള്ള വ്യക്തികൾക്കേ ഐക്യമുള്ള രാഷ്ട്രത്തെ സൃഷ്ടിക്കാനാവൂ, മറിച്ച് ഐക്യമുള്ള രാഷ്ട്രത്തിന് അന്തസ്സുള്ള വ്യക്തികളെ സൃഷ്ടിക്കാനാവില്ല’ എന്നാണ്. കെ.എം. മുൻഷിയും ബ­ി.എൻ. റാവുവും ഇക്കാര്യത്തിൽ അദ്ദേഹത്തെ പിന്തുണച്ചതോടെ സീതാരാമയ്യയ്ക്ക് ഭേദഗതി പിൻവലിക്കേണ്ടിവന്നു.ആത്മാഭിമാനവും സഹജീവിസ്നേഹവുമുള്ളൊരു ജനതയെയും നീതിയും സ്വാതന്ത്ര്യവും സമത്വവും സ്ഫുരിക്കുന്നൊരു രാഷ്ട്രത്തെയും സൃഷ്ടിക്കുമെന്നാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വാഗ്ദാനം. ഭരണഘടനയെ അതിന്റെ സമഗ്രതയിൽ നോക്കിയാൽ, ഒരു ലിബറൽ ജനാധിപത്യരാഷ്ട്രത്തിന് ബീജാവാപം ചെയ്യുന്നതിനപ്പുറം അതിലൊന്നും അടങ്ങിയിട്ടില്ല. എന്നാൽ, അത് കോറിയിടുന്ന കിനാവ് ക്ഷേമരാഷ്ട്രത്തിന്റേതാണ്, പ്രത്യേകിച്ച് മതനിരപേക്ഷതയും സോഷ്യലിസവും വാഗ്ദാനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചതോടെ.

സാമൂഹിക നിരീക്ഷകനാണ്‌ ലേഖകൻ