മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്നു. കർഷക പ്രക്ഷോഭത്തിന്റെ മുഖ്യമായ ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. അത് കർഷകരുടെ മാത്രമല്ല ജനാധിപത്യത്തിന്റെയും വിജയമാണ്. നവ ഉദാരീകരണ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന കോർപ്പറേറ്റ് ശക്തികൾക്കുള്ള കനത്ത തിരിച്ചടി.

കാർഷിക നിയമങ്ങൾക്കെതിരായ പോരാട്ടത്തിൽ കർഷകർക്കൊപ്പം തോളോടുതോൾ ചേർന്ന് തൊഴിലാളികളും സമരംചെയ്തു. രാജ്യത്തിന്റെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി തൊഴിലാളി-കർഷക ഐക്യം യാഥാർഥ്യമായി. 2022 ഫെബ്രുവരിയിൽ രണ്ടു ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് സമരം തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്നു. അതിന് കർഷകസംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു. മൂന്നു കാർഷിക നിയമങ്ങളും നാലു ലേബർ കോഡുകളും പിൻവലിക്കണം. എല്ലാ വിളകൾക്കും മൊത്തം കൃഷിച്ചെലവിന്റെ ഒന്നരമടങ്ങ്  (C2+50 ശതമാനം) താങ്ങുവില നൽകി സംഭരിക്കാൻ നിയമ നിർമാണം നടത്തണം. ഇലക്‌ട്രിസിറ്റി ബിൽ സ്വകാര്യ വത്‌കരണം പിൻവലിക്കണം. സ്വകാര്യവത്‌കരണം നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ പദ്ധതി പിൻവലിക്കണം. വിലക്കയറ്റവും തൊഴിലില്ലായ്മയും നിയന്ത്രിക്കണം. ഇവയാണ് ആവശ്യങ്ങൾ. അതിൽ മൂന്നു കാർഷികനിയമങ്ങൾ റദ്ദാക്കൽ ഒഴികെയുള്ള ആവശ്യങ്ങളിൽ സമരം തുടരും .

കേരളത്തിൽ 2850 രൂപയാണ് ഒരു ക്വിന്റൽ നെല്ലിന് വില നൽകുന്നത്. C2+ 50 ശതമാനം പ്രകാരം 2590 രൂപയാണ് നൽകണ്ടത്. കേരളം 260 രൂപ അധികം നൽകുന്നു. പഞ്ചാബിൽ മോദിസർക്കാർ നൽകുന്ന താങ്ങുവില 1960 രൂപയാണ്.  ഒരേക്കറിൽ 20 ക്വിന്റൽ ഉത്‌പാദനം എന്ന് കണക്കാക്കിയാൽ കേരളത്തെ അപേക്ഷിച്ച് 16,800 രൂപ  കുറവാണ് പഞ്ചാബിലെ കർഷകർക്ക്‌ ലഭിക്കുന്നത്.
രാജ്യത്താകെ കേവലം ആറുശതമാനം കാർഷികോത്‌പന്നങ്ങൾ മാത്രമാണ് താങ്ങുവില പ്രകാരം സംഭരിക്കുന്നത്. ഉത്തർപ്രദേശിൽ  സ്വകാര്യ മാർക്കറ്റിൽ കർഷകർക്ക് ലഭിക്കുന്ന വില 1100 രൂപയാണ്. ക്വിന്റലിന് 860 രൂപ കുറവ്.  സീസണിൽ ഒരേക്കറിൽ 17,200 രൂപ നഷ്ടം. കേരളത്തെ താരതമ്യം ചെയ്താൽ 34,000 രൂപ നഷ്ടം. ഇതാണ് രാജ്യത്താകെ കർഷകർ നേരിടുന്ന നഷ്ടത്തിന്റെ തോത്. എല്ലാ വിളകളിലും C2+50 ശതമാനം താങ്ങുവില നിയമം എന്ന കർഷകരുടെ ആവശ്യത്തിന്റെ പ്രാധാന്യമിതാണ്.

കർഷകരുടെ വിളകൾക്ക് വിലയും കാർഷിക തൊഴിലാളികൾക്ക് തൊഴിലും വേതനവും നേടാനുള്ള സമരങ്ങളാണ് ഇനി വേണ്ടത്. സമരം ശക്തമായി തുടരുകയാണ് വേണ്ടത്. എന്നാൽ, നിലവിലുള്ള സമരരൂപത്തിൽ മാറ്റം വരുത്തേണ്ടതുണ്ടോ? പുതിയ സമരരൂപങ്ങൾ ആവിഷ്കരിക്കണ്ടതെങ്ങനെ? ഈ വിഷയങ്ങളിൽ സംയുക്ത കിസാൻ മോർച്ചയുടെ യോഗം തീരുമാനമെടുക്കും.

വൻ കർഷക പങ്കാളിത്തം, സമധാനപരമായ സമരരൂപം എന്നതാണ് കർഷകനേതൃത്വം ഉറപ്പുവരുത്തിയത്. ‘‘സമരം സമാധാനപരമായാൽ  കർഷകർക്ക് വിജയം, അക്രമം നടന്നാൽ മോദിക്ക് വിജയം.’’ ഇതായിരുന്നു കർഷകരുടെ മുദ്രാവാക്യം.   പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി വിശേഷിപ്പിച്ച് ജയിലിലടയ്ക്കുന്ന പ്രവണത ജനാധിപത്യത്തിൽ അംഗീകരിക്കാനാവില്ല. ആത്യന്തികമായി ജനാധിപത്യത്തിൽ ജനങ്ങളാണ് തീരുമാനമെടുക്കുക. എത്ര ശക്തനായ ഭരണാധികാരിക്കും ആ തത്ത്വം അംഗീകരിക്കാതെ ഭരണത്തിൽ തുടരാനാവില്ല.