pt john
പി.ടി. ജോൺ

ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന്റെ അലയൊലി രാജ്യമെമ്പാടും ആഞ്ഞടിക്കുകയാണ്. കേരളത്തിൽനിന്നുള്ള കർഷകരെ സമരഭൂമിയിലേക്ക് നയിക്കാനും കോർപ്പറേറ്റ് വിരുദ്ധ നീക്കങ്ങൾക്ക് ഇവിടെ നേതൃത്വം നൽകാനും സമരാങ്കണത്തിൽനിന്ന് ഏതാനും ദിവസത്തേക്ക് കേരളത്തിലെത്തിയതാണ് രാഷ്ട്രീയ കിസാൻ മഹാസംഘ് ദക്ഷിണേന്ത്യാ കോ-ഓർഡിനേറ്ററും സ്വതന്ത്ര വ്യാപാരക്കരാറുകൾക്കെതിരേയുള്ള കർഷക സംഘടനയായ ആന്റി എഫ്.ടി.എ. കമ്മിറ്റിയുടെ കേരള കൺവീനറുമായ പി.ടി. ജോൺ. മൂന്നു പതിറ്റാണ്ടായി അസംഘടിതരായ കർഷകർക്കായി ഉയരുന്ന ശബ്ദം. വയനാട് സ്വദേശിയായ അറുപത്തിയേഴുകാരൻ.  മാതൃഭൂമി പ്രതിനിധി ഡോ. എബി പി. ജോയിക്ക് അനുവദിച്ച അഭിമുഖത്തിൽനിന്ന്...

മുമ്പുണ്ടായിട്ടില്ലാത്ത വിധം ഇത്ര ശക്തമായ സമരം പൊട്ടിപ്പുറപ്പെടാൻ കാരണം ?

സർവാത്മാവും മുട്ടിയവരുടെ, സഹനം മാത്രം ശീലമാക്കിയവരുടെ സ്വാഭാവിക പ്രതികരണം. ഇതൊരു ജൈവസമരമാണ്. ഇപ്പോഴത്തെ നിയമങ്ങൾ കർഷകവിരുദ്ധം മാത്രമല്ല, ഭരണഘടനാവിരുദ്ധവുമാണ്. ഏതുവിള കൃഷിചെയ്യണമെന്നതും എപ്പോഴെന്നതും കർഷകരുടെ മൗലികാവകാശമാണ്. വിളകൾ ഒരേ ഭൂമിയിൽ മാറിമാറി കൃഷിചെയ്യുന്ന രീതി ഉത്തരേന്ത്യയിലുണ്ട്. സർപഞ്ചുകൾ കാലാവസ്ഥയും ജലലഭ്യതയുമനുസരിച്ച് വിളയേതെന്ന തീരുമാനിക്കും.

ഗോതമ്പ്, കരിമ്പ്, കടുക്, ഉരുളക്കിഴങ്ങ് എന്നിവയൊക്കെ അവർ മാറിമാറി കൃഷിചെയ്യും. മണ്ഡികളെന്ന ചന്തയിൽ വിള വിൽക്കും. ഈ വികേന്ദ്രീകരണത്തെ നശിപ്പിച്ച് കേന്ദ്രീകൃതരീതി കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇത് സാധാരണമനുഷ്യരുടെ ഉപജീവനം മുടക്കും. ജൂൺ ആറിന് ഓർഡിനൻസ് പുറപ്പെടുവിക്കുംമുമ്പുതന്നെ പഞ്ചാബിൽ പതിനൊന്നും ഹരിയാണയിൽ ആറും സംഘടനകൾ ചേർന്ന് വൻ പ്രതിഷേധമുയർത്തിയിരുന്നു.

അന്നാടുകളിലെ എം.പി.മാർ മുഖേന അവർ നിവേദനങ്ങൾ നൽകി. ആരും അത് ശ്രദ്ധിച്ചില്ല. ശിവകുമാർ കക്കാജി തന്നെ ഒൻപത് നിവേദനം നൽകിയിട്ട് ഒന്നിനുപോലും കേന്ദ്രസർക്കാർ കൈപ്പറ്റുരസീതോ മറുപടിയോ നൽകിയില്ല. രാജ്യവ്യാപക പ്രചാരണം നടത്തി. മാധ്യമങ്ങളുൾപ്പെടെ വേണ്ടത്ര ശ്രദ്ധ നൽകിയില്ല. ഇതേത്തുടർന്നാണ് ഗ്രാമസഭകളും സർപഞ്ചുകളും ഗുരുദ്വാരകളും കേന്ദ്രീകരിച്ച് കർഷകർ പ്രക്ഷോഭത്തിനായി ഒരുങ്ങിയത്.

 കർഷകരെ പുതിയ നിയമം ശാക്തീകരിക്കുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത് ?

അത് വെറുതേ. കർഷക ശാക്തീകരണം, കാർഷികവികസനം എന്നതൊക്കെ പറഞ്ഞതു കൊണ്ടായില്ല. കർഷകരെ അടിമകളാക്കാനും കങ്കാണിപ്പണി ചെയ്യിക്കാനും പരിസ്ഥിതി തകർക്കാനും മാത്രമേ മൂന്നു നിയമങ്ങളും കാരണമാവൂ, കരാർകൃഷി തന്നെ അടിമത്ത സ്വഭാവമുള്ളതാണ്. ഭൂമി പാട്ടത്തിനെടുക്കുന്നവർ ഏകവിള കൃഷി വ്യാപകമാക്കും. ഇത് മണ്ണിന്റെ സ്വാഭാവിക ഘടനയെത്തന്നെ നശിപ്പിക്കും.

ഇതിനൊക്കെ വ്യക്തമായ കരാറുകളുണ്ടാവുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. കരാർ ലംഘനമുണ്ടായാൽ പക്ഷേ, കർഷകന് കോടതിയിൽ പോകാനാവില്ല. ആർ.ഡി.ഒ.യ്‌ക്കോ കളക്ടർക്കോ പരാതി നൽകാം. സർക്കാർ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരായ ഇവർ സർക്കാരിനും സ്വാധീനശക്തിയുള്ള കോർപ്പറേറ്റുകൾക്കും എതിരേ നിൽക്കില്ല. ജി.എസ്.ടി.യും ആദായനികുതിയും നൽകുന്ന വമ്പന്മാർ മാത്രമാണ് രാഷ്ട്രത്തെ സ്നേഹിക്കുന്നതെന്ന തെറ്റിദ്ധാരണ വെച്ചുപുലർത്തുന്ന ഉദ്യോഗസ്ഥർ ഇപ്പോഴുമുണ്ട്. സാമാന്യനീതിയാണ് നാട്ടിൽ നടക്കേണ്ടത്. അതിനാണ് ഞങ്ങൾ പൊരുതുന്നത്.

നിയമം പിൻവലിക്കുമോ ഇല്ലയോ ഇതു മാത്രമാണ് കർഷകർ ചോദിക്കുന്നത്. വിട്ടുവീഴ്ചകളില്ലല്ലോ

ഞങ്ങൾക്ക് വേറെ വഴിയില്ല. വാക്കാൽ പറയുന്ന നീക്കുപോക്കുകളും കരാറുകളും ഞങ്ങളെ രക്ഷിച്ചിട്ടില്ല. ഇന്തോ-ശ്രീലങ്കൻ കരാറിനുശേഷം തേയിലയും ആസിയാൻ കരാറിനു ശേഷം റബ്ബറും കൃഷിചെയ്യാനാവാത്ത സ്ഥിതിയുണ്ടായി. ആർ.സി.ഇ.പി.ക്കെതിരായ പോരാട്ടം ഉണ്ടായില്ലെങ്കിൽ ഒരു പശുവിനെ വളർത്തി പാൽ വിറ്റ് ഉപജീവനം കഴിയുന്നവർപോലും നിത്യപട്ടിണിയിലാവുമായിരുന്നു.

കർഷകർ പറയുന്നതിൽ തെറ്റൊന്നുമില്ല. 23 ഇനം ഭക്ഷ്യവസ്തുക്കൾ അനിയന്ത്രിതമായി സംഭരിക്കുകയോ പൂഴ്ത്തിവെക്കുകയോ അമിതവിലയ്ക്ക് വിൽക്കുകയോ ചെയ്യരുതെന്ന്  രാജ്യത്ത് നിയമമുള്ളതാണ്. ഈ സമസ്ത അധികാരവും ഒറ്റയടിക്ക് എടുത്തുകളയാനാണ് സർക്കാർ ശ്രമിക്കുന്നത്. കോർപ്പറേറ്റുകൾക്ക് എവിടെയും സംഭരിക്കാം, എത്രവേണമെങ്കിലും കൂട്ടിവെക്കാം, എവിടെയും വിൽക്കാം എന്നുപറയുന്നത് അനീതിയാണ്.

നൂറുശതമാനം വിലവർധന ഉണ്ടായാൽമാത്രം സർക്കാർ ഇടപെടും എന്നുപറയുന്നത് സാധാരണ ജനങ്ങളെ സംരക്ഷിക്കാനല്ല. കമ്പനികളെ സഹായിക്കാനാണ്. അതാണ് ഈ നിയമങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചകൾക്ക് ഒരുക്കമല്ലാത്തത്. യെസ് ഓർ നോ എന്ന് ഞങ്ങൾ ശഠിക്കുന്നത്.

കാർഷിക വൈദ്യുതിബില്ലിനെയും എതിർക്കുന്നുവല്ലോ

വൈദ്യുതി ബിൽ കർഷകർക്ക് കിട്ടുന്ന വൈദ്യുതി സൗജന്യം എന്നേക്കുമായി ഇല്ലാതാക്കാനാണ്. കർഷകർക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഈ പ്രധാന ആനുകൂല്യം ഇല്ലാതാവുന്നതോടെ കർഷകർ കൂടുതൽ കടക്കെണിയിലാവും. ജപ്തിയിൽ  ഭൂമി നഷ്ടപ്പെടും. കൃഷി, വരുമാനത്തിന്റെ കാര്യത്തിലും വിളവിന്റെ കാര്യത്തിലും അസ്ഥിരസ്വഭാവമുള്ള നിരന്തരപ്രക്രിയയാണ്. കൃഷിചെയ്യുന്നയാൾക്ക് ഒരു സഹായവും കിട്ടാതാവുകയും ആ ഭൂമി കുത്തകകൾക്ക് പാട്ടക്കൃഷിക്ക് നൽകാൻ നിർബന്ധിതമാക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.

കർഷകപ്രക്ഷോഭത്തിനു പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് ആരോപണമുണ്ട്...

ഞങ്ങളുടെ സമരത്തിന് ബാഹ്യശക്തികളുടെ ഇടപെടലില്ല. ഞങ്ങളുടേത് ഒരു മുന്നേറ്റമാണ്. കൃഷിയുമായി ബന്ധപ്പെട്ട ആവശ്യം മാത്രമേ ഞങ്ങൾ ഉന്നയിക്കുന്നുള്ളൂ. എത്ര പ്രകോപനമുണ്ടാക്കിയാലും ഇത് കലാപമാവില്ല. അക്രമം ഞങ്ങളുടെ രീതിയല്ല.  മഹാത്മാഗാന്ധി ലക്ഷ്യമാക്കിയ ഗ്രാമസ്വരാജാണ് ഞങ്ങൾ പറയുന്നത്. എല്ലാത്തരത്തിലുമുള്ള വൈവിധ്യവും വികേന്ദ്രീകരണവുമാണ് കൃഷിക്കു വേണ്ടത്.

അത് കോർപ്പറേറ്റുകളിൽ കേന്ദ്രീകരിക്കുകയല്ല ചെയ്യേണ്ടത്. സ്വതന്ത്ര കർഷക സംഘടനകളുടെയും ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും മാത്രം നേതൃത്വത്തിലാണ് സമരം. വിഭാഗീയത വളർത്തി ഞങ്ങളെ തോൽപ്പിക്കാനാവില്ല. കേന്ദ്രസർക്കാർ, സേനകളെ ഉപയോഗിച്ച് ഞങ്ങളെ നേരിട്ടപ്പോൾ അന്താരാഷ്ട്രതലത്തിൽപോലും കർഷകർക്ക് പിന്തുണയേറുകയാണ് ചെയ്തത്.

കേരളത്തിൽ തുടർസമരം ഏതുവിധത്തിലായിരിക്കും

റിലയൻസ് പമ്പുകളും വ്യാപാരസ്ഥാപനങ്ങളും ജിയോയും ബഹിഷ്കരിക്കും.  75 കർഷകരടങ്ങുന്ന ആദ്യസംഘം ഡൽഹിയിലേക്ക് സമരത്തിന് തിരിക്കുകയാണ്. തീവണ്ടിതടയൽ ഞങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞു. ജനകീയസദസ്സുകൾ സംഘടിപ്പിക്കും. കേരളത്തിലെ കർഷകർ സുരക്ഷിതരാണെന്ന തെറ്റിദ്ധാരണ വേണ്ടാ. 311 കർഷകരാണ് കഴിഞ്ഞ നാലുവർഷത്തിനിടെ കേരളത്തിൽ ആത്മഹത്യചെയ്തത്.

പുല്പള്ളി പാക്കത്തെ വിശ്വനാഥൻ ഇതിൽ അവസാനത്തെയാൾ. സർഫാസി നിയമപ്രകാരം രാജ്യത്ത് കിടപ്പാടം നഷ്ടപ്പെട്ടത് 37 ലക്ഷം പേർക്കാണ്. ബാങ്ക് വായ്പ തിരിച്ചടയ്ക്കാനാവാതെ കർഷകർ കേരളത്തിലും നട്ടംതിരിയുകയാണ്. വിവിധ ട്രേഡ് യൂണിയനുകൾ കേരളത്തിലും ഞങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്.

മഹേന്ദ്രസിങ്‌ ടിക്കായത്തിന്റെ നേതൃത്വത്തിൽ മുമ്പ് വലിയ കർഷകമുന്നേറ്റം നടന്നിട്ടുണ്ട്. ഇന്ന് അദ്ദേഹത്തിന്റെ സംഘടനയായ ബി.കെ.യു. ആറായി പിളർന്ന് ഭിന്നിച്ച് നിൽക്കുന്നു. ഈ മുന്നേറ്റവും അതുപോലാവുമോ
 
ഇല്ല. ഞങ്ങളെ പരിഗണിക്കാൻ ബി.ജെ.പി. സർക്കാർ നിർബന്ധിതമാവും. കാരണം, അവരുടെ വോട്ടുബാങ്കാണ് ഇപ്പോൾ തകരുന്നത്. പൊതുമനസ്സാക്ഷി ഞങ്ങൾക്ക് അനുകൂലമായി ഉണർന്നുകഴിഞ്ഞു. ആഗോളീകരണവും ഉദാരീകരണവും ഇന്നു കാണുന്ന തകർച്ചയിൽ കർഷകരെ എത്തിച്ചു. ബി.ജെ.പി.ക്ക് പ്രത്യയശാസ്ത്രപിൻബലം നൽകുന്ന ആർ.എസ്.എസ്. ശക്തമായി ഇടപെടുമെന്നും സമരം പൂർണവിജയത്തിൽ എത്തുമെന്നുമാണ് ഞങ്ങൾ കരുതുന്നത്. രാജ്യത്തിന്റെ നിലനിൽപ്പിന് ആ വിജയം കൂടിയേ തീരൂ. ഏതാനും കോർപ്പറേറ്റുകൾ ചേർന്ന് ഒരു മഹാരാജ്യത്തെ തകർക്കാൻ അനുവദിക്കരുത്.

content highlights:farmers protest pt john interview