ഒരിക്കൽ ഒരു അമേരിക്കൻ സർവകലാശാലയുടെ ഫെസ്റ്റിവലിൽ വലിയ ബോർഡ് വെച്ചു. ‘ലൈംഗികത’ എന്നായിരുന്നു വലിയ അക്ഷരത്തിൽ ആ ബോർഡിലെഴുതിയിരുന്നത്. ബോർഡ് കണ്ട് എല്ലാവരും അടുത്തെത്തിയപ്പോൾ താഴെ ചെറിയ അക്ഷരത്തിൽ മറ്റൊരു വാചകംകൂടി കണ്ടു. ‘എല്ലാവരും ഒന്ന് ശ്രദ്ധിക്കൂ, ഒരു നാരങ്ങാവെള്ളം കുടിച്ചാലോ’ എന്ന്. ഇതേ തത്ത്വംതന്നെയാണ് പരസ്യക്കാരുടേതും. ലൈംഗികത എന്ന വാക്ക് എല്ലാവരെയും ആകർഷിച്ചേക്കാം. പക്ഷേ, നാരങ്ങാവെള്ളത്തിന്റെ കാര്യമങ്ങനെയല്ലല്ലോ. ഒരു വസ്തുവിന്റെ മൂല്യമല്ല, അതിന്റെ വശ്യതയാണ് നിക്ഷേപത്തിന്റെ അടിസ്ഥാനം. വശ്യത കൂടുന്നതിനനുസരിച്ച് താരങ്ങൾക്കുള്ള വിലയും കൂടും.

കാർഷികബില്ലും പ്രതികരണങ്ങളും

തങ്ങൾക്ക് ഒരു ധാരണയുമില്ലാത്ത ഉത്പന്നത്തെ പ്രോത്സാഹിപ്പിക്കാനായി താരങ്ങൾ സ്വയം വിൽക്കുകയാണെന്ന്‌ തെളിഞ്ഞുകഴിഞ്ഞാൽ രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരിക കാര്യങ്ങളിൽ അവർ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളെ അതേരീതിയിൽത്തന്നെ വിലകുറച്ചുകാണണം; പ്രത്യേകിച്ചും, ആ വിഷയങ്ങളിൽ അവർക്ക് വൈദഗ്ധ്യമോ പരിചയമോ ഇല്ലെങ്കിൽ. പരിസ്ഥിതിവിഷയത്തിൽ ഭാവനാത്മകരീതിയിൽ ആഗോളശ്രദ്ധ നേടിയെടുത്തയാളാണ് ഗ്രെറ്റ ത്യുൻബേ. ഇന്ന് അവർക്ക് സ്വയം പ്രശസ്തയാവാൻ ഒന്നിലേറെ കാരണങ്ങളും അത്തരം പ്രചാരണങ്ങൾക്കായി സ്വന്തം സംവിധാനങ്ങളുമുണ്ടാകാം. ഇന്ത്യൻ കാർഷികനിയമങ്ങളെക്കുറിച്ചോ ചർച്ചകൾ വഴിമുട്ടിപ്പോകുന്നതിന്റെ കാരണങ്ങളെക്കുറിച്ചോ ഗ്രെറ്റയ്ക്ക് എന്തെങ്കിലും ധാരണയുണ്ടെന്നുതോന്നുന്നില്ല. കാർഷികബില്ല് അവർ കണ്ടിട്ടുകൂടിയുണ്ടാവില്ല. മറ്റൊരു മേഖലയിൽനേടിയ താരപദവി അവർ പണത്തിനോ പ്രശസ്തിക്കോവേണ്ടി ഉപയോഗിക്കുകയാണ്.

ഗ്രെറ്റയ്ക്കുപിണഞ്ഞ ഒരബദ്ധം അവരുടെ പ്രതിഷേധത്തിനുപിന്നിലെ കളി വ്യക്തമാക്കുന്നു. ആരോ കൊടുത്ത ഒരു പഴയ ഖലിസ്താൻ ‘ടൂൾക്കിറ്റ്’ അവർ അറിയാതെ പ്രസിദ്ധപ്പെടുത്തി. അബദ്ധം മനസ്സിലായപ്പോൾ  തന്റെ മുതിർന്ന സംഘത്തിലെ മറ്റാരോ കൊടുത്ത പുതിയ ടൂൾക്കിറ്റ് ഉപയോഗിച്ച് തടിതപ്പി. വെട്ടിയൊട്ടിക്കപ്പെട്ട ആ വിവരം ഇതിനുപിന്നിലുള്ളവരുടെ രഹസ്യ അജൻഡ വ്യക്തമാക്കുന്നുണ്ട്. മിയാ ഖലീഫയ്ക്കും റിയാന്നയ്ക്കും മീനാഹാരിസിനുമെല്ലാം കർഷകരോട് താത്പര്യംതോന്നിയതും യാദൃച്ഛികമല്ല. മഹാത്മാക്കൾ ഒരുപോലെ ചിന്തിച്ചേക്കാം. എന്നാൽ, അവർ ഒരേപോലെയുള്ള ശൈലികളും ഒരേ മാധ്യമവുമാണ്‌ ഉപയോഗിക്കുന്നതെങ്കിൽ അതിലെന്തോ ചീഞ്ഞുനാറുന്നുണ്ട്.  ‘യോഗയും ചായയും പ്രതിച്ഛായ’യുമെന്ന് അവർ വിളിക്കുന്ന ഇന്ത്യയുടെ സത്‌പേരിനെ അവർ ഒന്നിച്ചാക്രമിക്കാനെത്തുന്നെങ്കിൽ അതിൽ കൂലിപ്പട്ടാളത്തിന്റെ മണമുണ്ട്്.

പ്രതിപക്ഷവിമർശവും പൊതു നയതന്ത്രവും

പാശ്ചാത്യരാജ്യങ്ങളിലെ എൻ.ജി.ഒ. സംഘടനകൾ, തങ്ങൾചെയ്യുന്ന ചൂഷണങ്ങളുടെ പ്രായശ്ചിത്തമെന്നോണം വികസ്വരരാജ്യങ്ങളിലെ വിഷയങ്ങളിലിടപെട്ടുകൊണ്ടുള്ള കരടുനിവേദനങ്ങൾ തയ്യാറാക്കി, സ്വാഭാവികമായും ധനികരായ തങ്ങളുടെ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യുന്ന പതിവുണ്ടെന്ന് ആ രാജ്യങ്ങളിൽ താമസിച്ചിട്ടുള്ളവർക്കറിയാം. ട്വിറ്ററിന്റെ വരവിനുമുന്പ് ഇത്തരത്തിലുള്ള ടൺകണക്കിന് നിവേദനങ്ങളും രേഖകളും എംബസികൾക്കും മറ്റുബന്ധപ്പെട്ട അധികൃതർക്കും ലഭിക്കാറുണ്ടായിരുന്നു. ഇന്നുപക്ഷേ, കോടിക്കണക്കിനുപേർ പിന്തുടരുന്ന ഒരു താരത്തിന്റെ ഒരൊറ്റ ട്വീറ്റ് മതിയാകും ഒരു രാജ്യത്തിന്റെയോ അല്ലെങ്കിൽ വിഷയത്തിന്റെയോ സത്പേര് നശിപ്പിക്കാൻ. നമ്മുടെ രാജ്യത്തെക്കുറിച്ച് മോശം പറയാൻ അത്തരം സെലിബ്രിറ്റികളെ അനുവദിക്കുകയും പിന്നീട് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കുണ്ടായ കോട്ടത്തെച്ചൊല്ലി മുതലക്കണ്ണീർ പൊഴിച്ച്, പ്രശ്നപരിഹാരമുണ്ടാക്കുന്നില്ലെന്ന് സർക്കാരിനെ പഴിക്കുകയുമാണ് ബന്ധപ്പെട്ട രാജ്യങ്ങളിലെ പ്രതിപക്ഷത്തിന്റെ രീതി.

പ്രതിപക്ഷത്തിരുന്നവർ പലതവണ പരീക്ഷിച്ചുപഴകിയ തന്ത്രമാണിത്. എതിരാളി നൽകുന്ന പി.ആർ. പണത്തിന്റെ വ്യാപ്തിയും മറുഭാഗത്തുള്ളവന്റെ കഴിവും അനുസരിച്ചിരിക്കും ഈ തന്ത്രം വിജയിക്കുന്നുണ്ടോ ഇല്ലയോ എന്നത്. സർക്കാർ തങ്ങളുടെ താരങ്ങളെ അണിനിരത്തി പ്രതിരോധിച്ചാൽപ്പിന്നെ സർക്കാരിന്റെ പവിത്രത ചോദ്യംചെയ്യപ്പെടും. അതുമാത്രമല്ല, ഔദ്യോഗികസംവിധാനങ്ങളെ പ്രതിരോധത്തിനായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്ന പരിഹാസവും കേൾക്കും. മറ്റുള്ളവരാൽ  വളച്ചൊടിക്കപ്പെട്ട വിഷയങ്ങളെയും സാഹചര്യങ്ങളെയുംകുറിച്ച് വ്യക്തതയും വിശദീകരണവും നൽകാൻ ചുമതലപ്പെട്ട പബ്ലിസിറ്റിവിഭാഗം സർക്കാരിനുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള ജനങ്ങളെ, അവർ ശത്രുവായാലും മിത്രമായാലും കാര്യങ്ങൾ ബോധ്യപ്പെടുത്തുകയെന്നത് പൊതു നയതന്ത്രത്തിന്റെ ഭാഗമാണ്.

മനുഷ്യാവകാശവും ഉഭയകക്ഷി ബന്ധങ്ങളും

പ്രതിപക്ഷം (അത്‌ ഏതുപാർട്ടിയായാലും) പറഞ്ഞുപരത്തുന്ന മറ്റൊരു കഥയാണ്, ഇന്ത്യയിലെ സംഭവവികാസങ്ങളിൽ അന്താരാഷ്ട്രസമൂഹം അസന്തുഷ്ടരാണെന്നും ചില പ്രധാന രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഇതുകാരണം മോശമാകുമെന്നും. എന്നാൽ, ചിലയിടങ്ങളിലുണ്ടായ മനുഷ്യാവകാശധ്വംസനങ്ങൾ കാരണം ഒരു രാജ്യംപോലും ഇന്ത്യയുമായുള്ള വ്യാപാരബന്ധം റദ്ദാക്കുകയോ ഉഭയകക്ഷി കരാറുകളിൽനിന്ന് പിന്തിരിയുകയോ ചെയ്തില്ല. ജോർജ്  ഫ്ളോയ്ഡ് പോലീസുകാരനാൽ  കൊല്ലപ്പെട്ട സംഭവത്തിന്റെ പേരിൽ ഏതെങ്കിലും രാജ്യം യു.എസുമായുള്ള ബന്ധത്തെ തള്ളിപ്പറഞ്ഞോ, മനുഷ്യാവകാശവിഷയങ്ങൾ ഒരു ഭാഗത്തുകൂടി കൈകാര്യംചെയ്യപ്പെടും. അത് മറുഭാഗത്തെ ഉഭയകക്ഷിബന്ധങ്ങളെ ബാധിക്കാറില്ല.

ലോകത്തെ മനുഷ്യാവകാശധ്വംസനങ്ങൾ  നിരീക്ഷിക്കാനും അത് ഉന്നതതലങ്ങളിൽ ചർച്ചചെയ്യാനും ഉത്തരവാദപ്പെട്ട ചില രാജ്യങ്ങളുണ്ട്. ആ രാജ്യങ്ങളിലെ തലവന്മാർ  തങ്ങളുടെ മറ്റെല്ലാ ജോലികളും തീർത്തശേഷം ആർക്കും ഉപദ്രവംവരാത്തരീതിയിൽ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ആശങ്ക രേഖപ്പെടുത്തി ഒരു പ്രസ്താവനയിറക്കും. പോലീസ് രീതിയിലല്ല, പരസ്പരക്ഷേമത്തിന്റെ അടിസ്ഥാനത്തിലാണ് ഉഭയകക്ഷി ബന്ധങ്ങൾ മുന്നോട്ടുപോകുന്നത്.

താരങ്ങൾ എന്തറിയുന്നു

സത്യസന്ധമല്ലാത്ത എന്തെങ്കിലും ചെയ്തുകഴിഞ്ഞാൽ അതുചെയ്തയാൾ, ടൂൾക്കിറ്റിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ എന്തെങ്കിലുമൊരു പഴുത് ബാക്കിവെച്ചിട്ടുണ്ടാകും. അതോടെ പൂച്ച് പുറത്താകുകയും ചെയ്യും. ഏതെങ്കിലുമൊരു പ്രവൃത്തിയിലൂടെ ഒരാൾ പെട്ടെന്ന് പ്രശസ്തിയിലേക്കുയർന്നാൽ പി.ആർ. ഏജന്റുമാരും ഉപജാപകസംഘവും ചേർന്ന് ആസൂത്രിതമായ പരസ്യങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും അവരെ നയിക്കുന്നു.
വ്യക്തമായി പറഞ്ഞാൽ, കർഷകബില്ലും അതിനെ എതിർക്കുന്നവരുടെ സ്ഥാപിതതാത്പര്യങ്ങളും സെലിബ്രിറ്റികൾക്ക് പിടികിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. വിളമ്പിനൽകപ്പെട്ട ഒരു ലളിതമായ കാപ്‌സ്യൂളിന്റെ ബലത്തിലാണ് അവരുടെ പ്രവൃത്തികൾ. ഉദാഹരണത്തിന്, രാജ്യത്തെ മുഴുവൻ പ്രതിഷേധം ബാധിച്ചിട്ടില്ലെന്നും പാവപ്പെട്ട കർഷകരല്ല,  പുതിയനിയമത്താൽ തങ്ങളുടെ സ്ഥാനംനഷ്ടപ്പെടാൻ പോകുന്ന ഇടനിലക്കാരാണ് പ്രതിഷേധത്തിന്റെ പിന്നിലെന്നും ഇത്തരം സെലിബ്രിറ്റികൾക്കറിയില്ല. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുള്ള വലിയൊരു വിഭാഗം കർഷകർ പുതിയനിയമത്തെ എതിർക്കുന്നില്ലെന്ന സത്യവും അവർക്കറിയില്ല. പണവും പ്രശസ്തിയുമുണ്ടാക്കാനുള്ള ഓട്ടത്തിനിടയിൽ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ അവർക്ക് താത്പര്യമുണ്ടായിരിക്കില്ല. പൊതുജനങ്ങൾക്ക് ഓർമ തീരേ കുറവാണെന്നും പുതിയ വിഷയങ്ങൾക്കുവേണ്ടി തങ്ങൾ വീണ്ടും വിലയ്ക്കെടുക്കപ്പെടുമെന്നും ഈ സെലിബ്രിറ്റികൾക്കറിയാം.

വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്നു ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം