കൃഷിക്കാരിവിടെ എങ്ങനെ ജീവിക്കും - 2

2022-ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നുപറഞ്ഞ് കർഷകരെ അവഹേളിക്കുകയാണ് മോദി സർക്കാർ. നിലവിലുള്ള വരുമാനം അഞ്ചുവർഷത്തിനുശേഷം ഇരട്ടിയാക്കുമെന്ന്‌ പറയുന്നത് വൈരുധ്യമാണ്. അപ്പോൾ സർക്കാർ ഉദ്യോഗസ്ഥരുടെയും മറ്റുമേഖലയിലുള്ളവരുടെയും വരുമാനം എത്ര ഇരട്ടിയാകും എന്നുകൂടി സർക്കാർ വെളിപ്പെടുത്തണം.

1970-ൽ ഒരു ക്വിന്റൽ ഗോതമ്പിന്റെ  താങ്ങുവില 76 രൂപയായിരുന്നു. 2015-ൽ ഇത് 1450 രൂപയായി. ഏകദേശം 19 ഇരട്ടി വർധന. എന്നാൽ, ഇതേസ്ഥാനത്ത് ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ അലവൻസുൾപ്പെടെ 120-150 ഇരട്ടി വർധനയുണ്ടായിട്ടുണ്ട്.

ഗോതമ്പിന്റെമാത്രം കുറഞ്ഞ താങ്ങുവില ക്വിന്റലിന് നൂറിരട്ടിയാക്കിയാൽ ലഭിക്കുന്നത് 7600 രൂപയാണ്. ഇത് നടപ്പാക്കിയാൽ ഗോതമ്പിന്റെ ഉത്പാദനത്തിൽ വർധനയുണ്ടാകും. ഈ വർധന നിയന്ത്രിക്കാനാണ് താങ്ങുവിലയുടെ നിരക്ക്‌ കുറച്ചുകൊണ്ട് കർഷകരെ ശിക്ഷിക്കുന്നത്.

ഇതുകാരണമാണ് എൻ.ഡി.എ. സർക്കാർ, കർഷകരുടെ ഉത്പാദനവർധന ഇരട്ടിയാക്കുമെന്നതിൽനിന്ന്‌ പിന്മാറി താങ്ങുവിലയിൽ 3.2 മുതൽ 3.6 ശതമാനംവരെ നാമമാത്രമായ വർധനയ്ക്ക്‌ തയ്യാറെടുക്കുന്നത്. എന്നാൽ, കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെ മാസശമ്പളം പതിനായിരത്തിനും ലക്ഷത്തിനും അപ്പുറമാണ്. ഇതിനുപുറമേ മറ്റാനുകൂല്യങ്ങളും. എന്നാൽ, ഒരു കർഷകനോ കർഷകത്തൊഴിലാളിക്കോ മാസം എന്തെങ്കിലും വരുമാനം ലഭിക്കുന്നുണ്ടോയെന്ന് ആരും ചിന്തിക്കാറില്ല.

കർഷകരുടെമേലുള്ള നിതി ആയോഗിന്റെ അടുത്ത പ്രഹരം കാർഷികോത്പന്നങ്ങളെ അവശ്യസാധനങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതാണ്. ഇതുവഴി സ്വകാര്യകമ്പനികൾ വെയർഹൗസുകളിലും കോൾഡ്‌സ്റ്റോറേജുകളിലും കൂടുതൽ നിക്ഷേപം നടത്തുകയും കർഷകരിൽനിന്ന് ഉത്പന്നങ്ങൾ സംഭരിക്കാൻ മത്സരിക്കുകവഴി കർഷകർക്ക് കൂടുതൽ വില ലഭിക്കുമെന്നാണ് കരുതുന്നത്. എന്നാൽ, ഇതിന്റെ മറവിൽ കരാർകൃഷിയിലൂടെ കമ്പനികൾ കൂടുതൽ ഉത്പാദനം നടത്തി അവ സംഭരിച്ച് വിപണിയിൽ ഉത്പന്നങ്ങളുടെ ദൗർലഭ്യം സൃഷ്ടിച്ച് കോടികൾ നേടും. ഇത് കൂടുതൽ പ്രയോജനപ്പെടുന്നത് ഭക്ഷ്യവസ്തുക്കളുടെ സംസ്കരണമേഖലയ്ക്കാണ്.

 തകർക്കുന്ന നയങ്ങൾ
കാർഷിക ഉത്പാദനവുമായി ബന്ധപ്പെട്ട് മൂല്യവർധിത ഉത്പന്നങ്ങളുടെ ലാഭവിഹിതത്തിന്റെ ഒരു ശതമാനം കർഷകന് ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ മുൻകൈയെടുക്കുന്നതിനുപകരം കർഷകരുടെ ക്ഷേമത്തിനായുള്ള കൃഷികല്യാണ സെസ് പോലുള്ളവ നിർത്തലാക്കിയിരിക്കുന്നു. കൂടാതെ ഹോട്ടൽ ഭക്ഷണത്തിന് 18 ശതമാനം ജി.എസ്.ടി. ചുമത്തുകയും സ്വർണത്തിന്റെ ജി.എസ്.ടി. അഞ്ചുശതമാനത്തിൽനിന്ന് മൂന്നായി കുറയ്ക്കുകയുംചെയ്തു.

രാസവളം നിർമാണത്തിനുവേണ്ട അസംസ്കൃത രാസവസ്തുക്കൾക്ക്‌ 18 ശതമാനം ജി.എസ്.ടി. ചുമത്തിയിട്ട്, അതിന്റെ ഉത്പാദനത്തിനുശേഷം അഞ്ചുശതമാനംകൂടി ജി.എസ്.ടി. ചുമത്തുന്നത് ഈ വ്യവസായത്തെ ബാധിക്കും.  കന്നുകാലികൈമാറ്റത്തിൽ നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്രം, ഈ മേഖലയിലുള്ള കർഷകരെയും ബുദ്ധിമുട്ടിലാക്കി. കൃഷിയിലെ ചുരുങ്ങിവരുന്ന പൊതുനിക്ഷേപവും അതുകാരണമുണ്ടായ ജലസേചന സൗകര്യക്കുറവും മണ്ണിന്റെ നിലയിൽവരുന്ന ശോഷണവുമെല്ലാം കർഷകരുടെ പ്രശ്നങ്ങളായിത്തന്നെ നിലനിൽക്കുന്നു. വിത്തുകൾ, രാസവളങ്ങൾ, കീടനാശിനികൾ മറ്റ് കാർഷികോപകരണങ്ങൾ എന്നിവയിലുണ്ടായ വിലവർധനയും  ഇവയുടെ സബ്‌സിഡി പിൻവലിക്കലും കാരണം ഉത്പാദനച്ചെലവ് കുത്തനെകൂടി. ഇതിനായി പണം കണ്ടെത്താൻ പലരും സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കാൻ തുടങ്ങി. ഇത് അവരെ ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള കാരണമായി മാറുകയുംചെയ്തു. 

 ശരിയല്ല, സർക്കാരിന്റെ സമീപനം
സിന്തറ്റിക്ക് റബ്ബറിന്റെ ഇറക്കുമതിത്തീരുവ കുറച്ചതുവഴി കേരളത്തിലെ റബ്ബർക്കർഷകരുടെ പ്രതിസന്ധി വീണ്ടും വർധിച്ചിരിക്കയാണ്. ഇതിന്റെ ഗുണഫലം ലഭിക്കുന്നത്  കോർപ്പറേറ്റുകൾക്കാണ്. കാർഷികമേഖല സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലല്ലെന്നും ഈ മേഖലയിലുണ്ടാവുന്ന കാര്യങ്ങൾ രാജ്യത്ത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെന്നും മറിച്ച് ഐ.ടി., ബാങ്കിങ്, ഇൻഷുറൻസ് പോലുള്ള സേവനമേഖലയിലുണ്ടാകുന്ന വളർച്ചയാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്നുമാണ് കേന്ദ്രസർക്കാരിന്റെ സമീപനം.
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ ജനങ്ങൾ കഴിക്കുന്ന ആഹാരത്തിന്റെ അളവിൽ കഴിഞ്ഞ 40 വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് വെബ് പോർട്ടലായ ‘സ്ക്രോൾ’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. കുട്ടികൾ ഒരുദിവസം 300 മില്ലിലിറ്റർ പാൽ കുടിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 80 മില്ലിലിറ്റർ പാലാണ് കുടിക്കുന്നത്. ഇതുപോലെ പല പോഷകാഹാരങ്ങളിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി പോഷകാഹാരക്കുറവുമൂലമുള്ള മരണങ്ങൾ വർധിച്ചുവരികയാണ്. 

ഗ്രാമങ്ങളിലെ 35 ശതമാനം സ്ത്രീകളും പുരുഷന്മാരും പോഷകക്കുറവ്‌ നേരിടുന്നവരാണെന്നും 42 ശതമാനത്തോളം കുട്ടികൾ തൂക്കക്കുറവുള്ളവരാണെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. 2022 -ഓടെ പോഷകാഹാരക്കുറവും പട്ടിണിയും തുടച്ചുനീക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. ഇതിനായി ആദ്യം ചെയ്യേണ്ടത് 70 ശതമാനം കർഷകരും ജീവിക്കുന്ന ഗ്രാമപ്രദേശങ്ങളിൽ അവർക്ക്‌ അർഹമായ വരുമാനം ലഭ്യമാക്കുക എന്നതുമാത്രമാണ്. 

(അവസാനിച്ചു)

വൈദ്യുതി വകുപ്പ്‌ മന്ത്രിയായ ലേഖകൻ കാർഷിക വികസന നയരൂപവത്‌കരണ സമിതി  മുൻ ചെയർമാനാണ്‌