രാഷ്ട്രീയ, സാമൂഹിക മാറ്റങ്ങൾക്ക് കാരണമായ ഒട്ടേറെ നിയമങ്ങൾ പാർലമെന്റ് പാസാക്കിയിട്ടുണ്ടെങ്കിലും പ്രതിഷേധവും സമ്മർദവുംകാരണം മൂന്നെണ്ണം റദ്ദാക്കാൻ പോകുന്നത് ആദ്യമായാണ്. 

കോളിളക്കമുണ്ടാക്കിയ മൂന്നു കാർഷിക നിയമങ്ങൾ റദ്ദാക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നടപ്പാവാൻ ഇനി പാർലമെന്റിന്റെ ഇരുസഭകളിലും ‘റദ്ദാക്കൽ ബിൽ’(റിപ്പീലിങ് ബിൽ) അവതരിപ്പിച്ച് പാസാക്കണം. നവംബർ 29-ന് ചേരുന്ന ശൈത്യകാല സമ്മേളനത്തിന്റെ തുടക്കത്തിൽതന്നെ ബിൽ കൊണ്ടുവരും.  ബിൽ അവതരിപ്പിക്കുന്നതിനു മുൻപ് വേണമെങ്കിൽ ഉടൻതന്നെ  ഓർഡിനൻസ് ആയും അതു പ്രാബല്യത്തിൽ വരുത്താം. എന്നാൽ, അതിനു പകരമുള്ള ബില്ലും ഇരുസഭകളിലും പാസാക്കിയേ പറ്റൂ. പാർലമെന്റിന്റെ പരിഗണനയിലുള്ള ബില്ലാണെങ്കിൽ സർക്കാരിന്  എളുപ്പം പിൻവലിക്കാനാവും. സഭയുടെ അനുമതി വേണമെന്ന് മാത്രം. പാർലമെന്റ് പാസാക്കുന്ന ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെയാണ് അവ നിയമമാകുന്നത്. അങ്ങനെയുള്ള നിയമങ്ങൾ റദ്ദാക്കാനേ സാധിക്കൂ; പിൻവലിക്കാനാവില്ല. ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ദിവസം മുതലാണ് നിയമം പ്രാബല്യത്തിലാവുകയെന്ന് സാധാരണ  എല്ലാ ബില്ലുകളിലും വ്യവസ്ഥ ചെയ്യും. കാർഷിക നിയമങ്ങളുടെ കാര്യത്തിൽ ഗസറ്റ്‌ വിജ്ഞാപനത്തിലൂടെ ഓർഡിനൻസായി ആദ്യംതന്നെ അത് പ്രാബല്യത്തിൽ കൊണ്ടുവരികയാണ് ചെയ്തത്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പാക്കേജ് പ്രഖ്യാപിക്കുമ്പോഴാണ് കാർഷിക നിയമങ്ങൾ കൊണ്ടുവരുമെന്ന് സർക്കാർ ആദ്യം പ്രഖ്യാപിച്ചത്. ഉടൻവിജ്ഞാപനം ഇറക്കുകയും  പിന്നീട് പാർലമെന്റ് പാസാക്കുകയും ചെയ്തു.

റദ്ദാക്കലും നിയമസംരക്ഷണവും

നിയമം നടപ്പാക്കാൻ പ്രത്യേകമായി പുറപ്പെടുവിക്കുന്ന ചട്ടങ്ങളും സാധാരണഗതിയിൽ നിയമം റദ്ദാക്കപ്പെടുന്നതോടെ അസാധുവാകും. ഏതെങ്കിലും ചട്ടം അസാധുവാകാതിരിക്കണമെങ്കിൽ ‘റദ്ദാക്കൽ നിയമ’ത്തിൽ അക്കാര്യം പ്രത്യേകം ഉൾപ്പെടുത്തണം. റദ്ദാക്കാനുള്ള ബിൽ പുറത്തുവരുമ്പോഴേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ. റദ്ദാക്കപ്പെടുന്ന നിയമപ്രകാരം നേരത്തേ എടുത്ത തീരുമാനങ്ങളും കൈക്കൊണ്ട നടപടികളും അതുപോലെ നിലനിൽക്കും. റദ്ദാക്കപ്പെടുന്ന സമയം മുതലേ നിയമം അപ്രസക്തമാവൂ. അതേസമയം, സുപ്രീംകോടതി ഏതെങ്കിലും ഒരു നിയമം അസാധുവാക്കിയാൽ അതുപ്രകാരം എടുത്ത എല്ലാ നടപടികളും ഇല്ലാതാവുമെന്ന് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി ചൂണ്ടിക്കാട്ടി. പാർലമെന്റുവഴി നിയമം റദ്ദാക്കപ്പെടുമ്പോൾ, ആ നിയമവുമായി ബന്ധപ്പെട്ട മുൻ നടപടികളോ നിയമംവഴി ലഭിച്ച അവകാശങ്ങൾ, അതിനെത്തുടർന്നുള്ള ബാധ്യതകൾ എന്നിവയോ മാറ്റമില്ലാതെ തുടരും. നിയമവുമായി ബന്ധപ്പെട്ട് പിഴ, ശിക്ഷ, കണ്ടുകെട്ടൽ തുടങ്ങിയവ നടന്നിട്ടുണ്ടെങ്കിൽ അവയും നിയമനടപടികളും നിലനിൽക്കും.