ഗൾഫ് കത്ത്
യുദ്ധങ്ങളും സംഘർഷങ്ങളുമായി മൂന്നു പതിറ്റാണ്ടോളം മുഖാമുഖംനിന്ന ഇസ്രയേലും ഈജിപ്തും 1978-’79 ൽ ഒരു സൗഹൃദ ഉടമ്പടിയിൽ എത്തിയപ്പോൾ അന്തംവിട്ടുനിൽക്കുകയായിരുന്നു അറബ് ലോകം. അറബ് രാജ്യങ്ങളുടെ പൊതുവേദിയായി രൂപമെടുത്ത അറബ് ലീഗിന്റെ സ്ഥാപകാംഗംകൂടിയായ ഈജിപ്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല.
സമാധാനത്തിലേക്കുള്ള വാതിൽ
എന്നാൽ, ലോകം കോവിഡ് മഹാമാരിയുടെ ഭീതിയിൽനിൽക്കെ ഇസ്രയേലുമായി പ്രമുഖ ഗൾഫ് രാജ്യമായ യു.എ. ഇ. ഉണ്ടാക്കിയ പുതിയ സൗഹൃദ ഉടമ്പടിയും സഹകരണവും അറബ് മേഖലയിൽ വലിയ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ല എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. പതിവുപോലെ ഇറാൻ എതിർപ്പുമായി രംഗത്തെത്തി. തുർക്കിയും യു.എ.ഇ.യുടെ നീക്കത്തെ വിമർശിച്ചു. എന്നാൽ, അറബ് ലീഗോ ഗൾഫ് സഹകരണ കൗൺസിലോ ഇക്കാര്യത്തിൽ എതിർശബ്ദം ഉയർത്തിയില്ല. ഏഴു പതിറ്റാണ്ടിലേറെ പരസ്പരം കലഹിച്ചിട്ട് നാം എന്തുനേടി എന്ന യു.എ.ഇ.യുടെ ചോദ്യത്തിനോട് ഒട്ടേറെ ലോകരാഷ്ട്രങ്ങൾ അനുകൂലമായി പ്രതികരിച്ചു. യു. എ.ഇ.യുടെ തീരുമാനത്തെ സ്വാഗതംചെയ്ത പാശ്ചാത്യരാജ്യങ്ങൾ ഇത് മേഖലയിലെ സമാധാനത്തിലേക്കുള്ള പുതിയ വാതിൽ തുറക്കുകയാണെന്നും പ്രതികരിച്ചു. മേഖലയിലെ ഈജിപ്ത്, ജോർദാൻ, ബഹ്‌റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ യു.എ.ഇ.യുടെ നീക്കത്തെ അനുകൂലിച്ചു. യു.എ.ഇ.യുടെ ഏറ്റവും അടുത്ത സഖ്യരാഷ്ട്രമായ സൗദി അറേബ്യയാകട്ടെ അർഥഗർഭമായ മൗനത്തിലാണ്. സൗദിയുടെ മൗനാനുവാദമില്ലാതെ യു.എ.ഇ. ഇത്തരമൊരു നീക്കം നടത്തില്ലെന്നത് മേഖലയിലെ രാഷ്ട്രീയം നിരീക്ഷിക്കുന്നവർക്കെല്ലാം തിരിച്ചറിയാം.
ഇസ്രയേലിൽ അധികം വൈകാതെതന്നെ യു.എ.ഇ.യുടെ എംബസി ടെൽ അവീവിൽ തുറക്കുമെന്നും പ്രഖ്യാപനമുണ്ടായി. കൂടുതൽ അറബ് രാജ്യങ്ങൾ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ മുന്നോട്ടുവരുമെന്ന യു.എ.ഇ.യുടെ വെളിപ്പെടുത്തലും ശ്രദ്ധേയമായിരുന്നു. ഇസ്രയേലുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ആദ്യപടിയായി യു.എ. ഇ. എംബസി അവിടെ സ്ഥാപിക്കാൻ തങ്ങൾക്ക് ബാധ്യതയുണ്ടെന്നാണ് യു. എ.ഇ.യുടെ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാഷ് പ്രഖ്യാപിച്ചത്. അതേസമയം പലസ്തീനുവേണ്ടി ഇസ്രയേലുമായി മധ്യസ്ഥചർച്ച നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം യു.എ.ഇ.യുടെ ഈ വിഷയത്തിലെ നിലപാട് തന്നെയാണ് വെളിപ്പെടുത്തിയത്. അക്കാര്യം പലസ്തീനും ഇസ്രയേലും തമ്മിൽ ചർച്ചചെയ്ത് പരിഹരിക്കേണ്ടതാണ്. അവിടെ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള കരാറിന് അന്തിമരൂപം നൽകേണ്ടത് ഇരുരാജ്യവും ചേർന്നാണ്. ഇസ്രയേൽ കൂടുതൽ അധിനിവേശത്തിന് മുതിരില്ലെന്നാണ് പ്രതീക്ഷ. ചർച്ചകൾക്ക് പലസ്തീൻ മുന്നോട്ടുവരണമെന്നാണ് ഞങ്ങളുടെയെല്ലാം ആഗ്രഹമെന്നും ഡോ. ഗർഗാഷ് വ്യക്തമാക്കി.
സൗഹൃദകരാറിന്റെ തൊട്ടുപിന്നാലെ ഇസ്രയേലിന്റെ മൊസാദ് മേധാവി യോസി കോഹൻ യു.എ.ഇ. സന്ദർശിച്ചതും ലോകം ശ്രദ്ധിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖ്യ കാർമികത്വത്തിൽനടന്ന യു. എ.ഇ.-ഇസ്രയേൽ സഹകരണ ഉടമ്പടിയോടെ ഇസ്രയേൽ അറബ് രാജ്യങ്ങൾക്ക് കുറേക്കൂടി സ്വീകാര്യമാവുന്നു എന്നതും കൂടിയാണ് വെളിപ്പെടുന്നത്.
നയതന്ത്രബന്ധം പ്രധാനം
എങ്ങനെവന്നാലും നിലവിലുള്ള നയതന്ത്രബന്ധങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും എല്ലാ ഇസ്‌ലാമിക രാജ്യങ്ങളുടെയും യു.എ.ഇ.-ഇസ്രയേൽ സഹകരണത്തോടുള്ള നിലപാട്. എല്ലാവിധത്തിലുള്ള തീവ്രവാദത്തിനോടും പ്രസ്ഥാനങ്ങളോടും പ്രത്യക്ഷമായിത്തന്നെ എതിർപ്പ് പ്രകടിപ്പിക്കുന്നതാണ് യു.എ.ഇ.യുടെ നയം. മുസ്‌ലിം ബ്രദർഹുഡ് എന്നപേരിലും മറ്റും മേഖലയിൽ ഉയർന്നുവന്ന തീവ്രവാദപ്രസ്ഥാനങ്ങളെ തുടക്കംമുതൽ എതിർക്കുന്ന യു.എ.ഇ.യോടൊപ്പമാണ് സൗദി സഖ്യത്തിലെ മിക്കരാജ്യങ്ങളും. ഇസ്‌ലാമിക പ്രബോധനത്തിന്റെപേരിൽ പലരാജ്യങ്ങളിലെയും എംബസികൾ വഴി പണം നൽകിവന്നിരുന്ന സൗദി അറേബ്യയുടെ പുതിയ അധികാരകേന്ദ്രമായി സൽമാൻ രാജകുമാരൻ വന്നതോടെ ആ നീക്കത്തിനും അവസാനമായി. ഇതെല്ലാം ഇസ്‌ലാമിക തീവ്രവാദപ്രസ്ഥാനങ്ങളെ ക്ഷീണിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളുമായി സുരക്ഷാ ഉടമ്പടികളിൽ യു.എ.ഇ. ഏർപ്പെട്ടിട്ടുണ്ട്.
അതുകൊണ്ടുതന്നെ പ്രതികൂലമായ നീക്കങ്ങളൊന്നും ഇസ്രയേലുമായുള്ള പുതിയ സൗഹൃദംകൊണ്ട് യു.എ.ഇ. നേരിടുന്നില്ലെന്ന് സാരം. അതേസമയം ഇത് ഇരുരാജ്യത്തിനും ഒട്ടേറെ നേട്ടങ്ങൾ കൊണ്ടുവരുമെന്നാണ് നിരീക്ഷകരുടെ നിഗമനം. ടൂറിസം രംഗത്തായിരിക്കും ഇത് ഏറെ പ്രകടം. അറബ് മേഖലയിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്നനിലയിൽ യു.എ.ഇ. പ്രശസ്തമാണ്. ഇസ്രയേലിന്റെ അധീനതയിലുള്ള ജറുസലേമിലെ അൽ അഖ്‌സ പള്ളി മക്കയും മദീനയും കഴിഞ്ഞാൽ ലോകമുസ്‌ലിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ ആരാധനാകേന്ദ്രമാണ്. ഇപ്പോൾ അവിടേക്കുള്ള സന്ദർശനത്തിന് ഏറെ നടപടിക്രമങ്ങളുണ്ട്. പുതിയ സഹകരണത്തോടെ യു.എ.ഇ. വഴി വിവിധ രാജ്യക്കാർക്ക് അവിടേക്ക് തീർഥാടനത്തിന് വഴിതുറക്കും.
ഇസ്രയേലിന്റെ ശാസ്ത്ര, സാങ്കേതിക പരിജ്ഞാനം ഏറെ പ്രശസ്തമാണ്. യു.എ.
ഇ.യ്ക്ക് ഇതിന്റെ നേരിട്ടുള്ള ഗുണഭോക്താക്കളാവാൻ കഴിയും. വാക്സിൻ പരീക്ഷണത്തിന് ഇസ്രയേലുമായുള്ള സഹകരണം യു.എ.ഇ. ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ജലദൗർലഭ്യമുള്ള യു.എ. ഇ.യിൽ കുറഞ്ഞ വെള്ളംകൊണ്ടുള്ള കാർഷികരീതി ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഓസ്‌ട്രേലിയയുടെ സാങ്കേതികജ്ഞാനമാണ് അതിന് യു.എ.ഇ.യുടെ പങ്കാളി. പുതിയ കരാറോടെ വെള്ളംകുറഞ്ഞ മേഖലകളിലെ കൃഷി വ്യാപകമാക്കാൻ ഇസ്രയേലിന്റെ സാങ്കേതികവിദ്യ യു.എ.ഇ.യ്ക്ക് ഉപകാരപ്പെടും. എണ്ണവിപണിയാണ് മറ്റൊരു മേഖല. ഇസ്രയേൽ ആവശ്യമായ എണ്ണ ഏറെയും ഇറക്കുമതി ചെയ്യുന്നത് ഇറാഖിൽനിന്നാണ്. തുർക്കിവഴിയാണ് അത് കൊണ്ടുവരുന്നത്. തുർക്കിയുമായുള്ള ബന്ധം അത്ര മെച്ചമല്ലാത്ത ഇന്നത്തെ സ്ഥിതിക്ക് യു.എ.ഇ. യുടെ എണ്ണയെ ആശ്രയിക്കാൻ ഇസ്രയേലിന് എളുപ്പമാണ്. എണ്ണയ്ക്ക് ആവശ്യക്കാർ കുറഞ്ഞ ഈ ഘട്ടത്തിൽ ഇസ്രയേലുമായുള്ള എണ്ണവ്യാപാരം യു.എ.ഇ.യ്ക്ക് വലിയ കരുത്തുമാവും. ഇസ്രയേലിലെ സർവകലാശാലകളിൽ ഇപ്പോൾ 15 ശതമാനത്തോളം അറബ് വിദ്യാർഥികളാണ്. യു.എ.ഇ.യുമായുള്ള ബന്ധം സുദൃഢമായതോടെ ആ ഒഴുക്കിന് ശക്തികൂടും.
ഇറാൻ ഉടക്കിയാൽ
മേഖലയിൽ എന്നെങ്കിലും ഒരു പ്രശ്നം ഉണ്ടാവുകയാണെങ്കിൽ അതിന്റെപിന്നിൽ ഇറാന്റെ കൈകൾ ഉണ്ടായിരിക്കുമെന്നാണ് സൗദിയും യു.എ.ഇ.യും കരുതുന്നത്. ഇപ്പോൾത്തന്നെ യെമെനിലെ ഹൂതി വിമതരെ ഉപയോഗിച്ച് സൗദിയിലേക്ക് മിസൈൽ തൊടുക്കുന്നത് ഇറാന്റെ പതിവാണെന്ന് പലതവണ സൗദി ആരോപിച്ചുകഴിഞ്ഞു. ഹജ്ജിന്റെപേരിലും ഇറാൻ ഇടയ്ക്കിടെ പ്രശ്നമുണ്ടാക്കുന്നത് സൗദിയെ അലോസരപ്പെടുത്താറുണ്ട്. യു.എ.ഇ.യുടെ ഭാഗമായ അബു മുസ ഉൾപ്പെടെ ഏതാനും ദ്വീപുകളുടെമേൽ ഇറാൻ ഉന്നയിക്കുന്ന അവകാശവാദങ്ങൾ സംബന്ധിച്ചുള്ള തർക്കം ഏറെക്കാലമായി നിലനിൽക്കുന്നു. എന്നെങ്കിലും യു.എ.ഇ.യ്ക്കുനേരെ ഇറാൻ ആക്രമണം അഴിച്ചുവിട്ടാൽ അതിനെ പ്രതിരോധിക്കാൻ മേഖലയിൽ ആശ്രയിക്കാവുന്ന മികച്ച ശക്തി ഇസ്രയേലാകുമെന്ന കണക്കുകൂട്ടലും യു.എ.ഇ.യ്ക്കുണ്ട്.