രാഷ്ട്രീയത്തിനപ്പുറം വികസനംതന്നെയാണ് എറണാകുളം ജില്ലയിലെ പ്രധാന പ്രചാരണായുധം. കുതിച്ചുകൊണ്ടിരിക്കുന്ന മഹാനഗരത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചുയർന്നു പ്രവർത്തിക്കുന്ന  പ്രാദേശികഭരണകൂടങ്ങളെയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. കൊച്ചിയുടെ അടിസ്ഥാനസൗകര്യവികസനമടക്കമുള്ള കാര്യങ്ങളാണ് തദ്ദേശതിരഞ്ഞെടുപ്പിൽ ചർച്ചയാവുന്നത്.

  വ്യവസായജില്ലയെന്നനിലയിൽ സംസ്ഥാനഖജനാവ് നിറയ്ക്കുന്ന എറണാകുളത്തിന് അതിനുള്ള പരിഗണന ലഭിക്കുന്നുണ്ടോയെന്നതാണ് പ്രചാരണത്തിലുയരുന്ന പ്രധാനചോദ്യം. സംസ്ഥാനസർക്കാർ ഇത്ര ഔദാര്യത്തോടെ കണ്ടകാലമില്ലെന്ന് യു.ഡി.എഫ്. അക്കമിട്ട് നിരത്തുമ്പോൾ അവഗണനയുടെ ചിത്രം തറന്നുകാട്ടാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലയിലെ 95 ശതമാനം തദ്ദേശസ്ഥാപനങ്ങളും വൻ ഭൂരിപക്ഷത്തിൽ തൂത്തുവാരിയ യു.ഡി.എഫ്. ഇക്കുറിയും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പ്രചാരണരംഗത്തുള്ളത്. കഴിഞ്ഞ അഞ്ചുവർഷം തദ്ദേശസ്ഥാപനങ്ങളിൽ നടത്തിയ പ്രവർത്തനംതന്നെയാണ് യു.ഡി.എഫിന്റെ പ്രധാന തുറുപ്പുചീട്ട്. സംസ്ഥാനസർക്കാറിന്റെ സഹായത്തോടെ ജില്ലയിൽ നടത്തിയ വികസനമുന്നേറ്റമാണ് മുന്നണി ഉയർത്തിക്കാട്ടുന്നത്. 
   

ജില്ലാ പഞ്ചായത്തിൽ പുത്തൻ ഉണർവോടെയാണ് യു.ഡി.എഫ്. ഭരണത്തുടർച്ച ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവുംനല്ല ജില്ലാ പഞ്ചായത്തിനുള്ള കേന്ദ്രസർക്കാറിന്റെ ശാക്തീകരൺ അവാർഡ്, സംസ്ഥാനസർക്കാറിന്റെ മാതൃകാ ജില്ലാ പഞ്ചായത്ത് പുരസ്കാരം എന്നിവ എടുത്തുകാട്ടിക്കൊണ്ടുള്ള പ്രചാരണമാണ് യു.ഡി.എഫ്. പ്രധാനമായും നടത്തുന്നത്. ജില്ലാ പഞ്ചായത്തിൽ ചെയ്തകാര്യങ്ങളുടെ തുടർച്ചയ്ക്ക് വോട്ടുചെയ്യാനാണ് മുന്നണി ആവശ്യപ്പെടുന്നത്. ഒപ്പം കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തെ അതിന് തൊട്ടുമുമ്പുണ്ടായിരുന്ന ഇടതുഭരണവുമായി താരതമ്യംചെയ്യാനും അവർ ജനങ്ങളോട് അഭ്യർഥിക്കുന്നു. അഴിമതിക്കെതിരെ ജില്ലാ പഞ്ചായത്തിൽ സ്വീകരിച്ച ശക്തമായ നടപടികൾ ചൂണ്ടിക്കാട്ടി അഴിമതിവിരുദ്ധഭരണത്തിന് വോട്ടുചെയ്യാനും മുന്നണി ആവശ്യപ്പെടുന്നു.


  എസ്.സി. വിദ്യാർഥികൾക്ക് വിദേശരാജ്യങ്ങളിൽ പഠനംനടത്തുന്നതിനുള്ള സാമ്പത്തികസഹായം, വിഭിന്നശേഷിക്കാർക്ക് മുച്ചക്രസ്കൂട്ടർ, ആലുവയിൽ ഹീമോഫിലിയചികിത്സാകേന്ദ്രം തുടങ്ങി സാമൂഹികക്ഷേമപ്രവർത്തനരംഗത്ത് നടപ്പാക്കിയ നിരവധികാര്യങ്ങൾ യു.ഡി.എഫ്. ജനങ്ങൾക്കുമുന്നിൽ നിരത്തുന്നുണ്ട്. സംസ്ഥാനസർക്കാറിന്റെ അവഗണനയുടെ ചിത്രം തുറന്നുകാട്ടിയാണ് ഇടതുമുന്നണി വികസനവാദത്തെ പൊളിക്കുന്നത്. കഴിഞ്ഞ ജില്ലാ പഞ്ചായത്തിൽ പ്രാതിനിധ്യം നന്നേ കുറവായതിനാൽ ഒാരോന്നും അക്കമിട്ടുനിരത്തി മറുപടിനൽകാൻ ഇടതുമുന്നണി വിഷമിക്കുന്നുണ്ട്‌. യു.ഡി.എഫിന് രാഷ്ട്രീയമായി മറുപടി നൽകുന്നതിനൊപ്പം ഡിവിഷനുകൾ കേന്ദ്രീകരിച്ചുള്ള പ്രശ്നങ്ങളാണ് അവർ ഉയർത്തിക്കാട്ടുന്നത്. 


  കേന്ദ്രപദ്ധതിയായ സ്മാർട്ട് സിറ്റിയിൽ ഉൾപ്പെട്ടതിന്റെ നേട്ടം ഉയർത്തിക്കാട്ടി കൊച്ചിയെ സ്മാർട്ടാക്കാനുള്ള വോട്ടാണ് കോർപ്പറേഷനിൽ യു.ഡി.എഫ്. ആവശ്യപ്പെടുന്നത്. മെട്രോ റെയിലിന്റെ വരവോടെ കൊച്ചിയുടെ അടിസ്ഥാനസൗകര്യമേഖലയിൽ ഉണ്ടാവാൻപോകുന്ന മാറ്റം മുന്നിൽക്കണ്ടുകൊണ്ടുള്ള പ്രകടനപത്രികയാണ് യു.ഡി.എഫ്. മുന്നോട്ടുവെക്കുന്നത്. മിഷൻ കൊച്ചി എന്ന പേരിൽ നഗരത്തിൽ നടപ്പാക്കിയ പൊതുപദ്ധതികളാണ് വികസനമുന്നേറ്റമായി മുന്നണി അവതരിപ്പിക്കുന്നത്. മെട്രോ റെയിലിന്റെ അനുബന്ധപ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർസഹായത്താൽ നിലവാരമുയർത്തിപ്പണിത റോഡുകൾ ചൂണ്ടിക്കാട്ടി, അഞ്ചുമീറ്റർ വീതിയുള്ള എല്ലാ റോഡുകളും ഇതേനിലവാരമുള്ളതാക്കിമാറ്റാൻ ഒരവസരംകൂടിത്തരാൻ യു.ഡി.എഫുകാർ അഭ്യർഥിക്കുന്നു. ഖരമാലിന്യസംസ്കരണപ്ലാന്റ്, ആസ്ഥാനമന്ദിരം എന്നിവയുടെ നിർമാണം നടത്താൻ കഴിയാഞ്ഞതും നഗരഭരണത്തിലെ അഴിമതി, ഫോർട്ടുകൊച്ചി ബോട്ടുദുരന്തത്തിനിടയായ സാഹചര്യങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളുമാണ് ഇടതുമുന്നണി പ്രധാന പ്രചാരണായുധമാക്കിയിരിക്കുന്നത്.


-1  14 ബ്ലോക്കുകളിലും 13 നഗരസഭകളിലും ഗ്രാമപ്പഞ്ചായത്തുകളിലും വികസനത്തിന് ഊന്നൽ നൽകി പ്രചാരണം നടത്തുമ്പോഴും വരാൻപോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ടുകൊണ്ടുള്ള രാഷ്ട്രീയമായ വിഷയങ്ങളും മുന്നണികൾ പ്രചാരണപരിപാടികളിലുൾപ്പെടുത്തിയിട്ടുണ്ട്. എസ്.എൻ.ഡി.പി.-ബി.ജെ.പി. ബന്ധത്തെ ഉയർത്തിക്കാട്ടി വർഗീയതയ്ക്കെതിരെ ജാഗ്രതപുലർത്താൻ ഇരുമുന്നണികളും ആവശ്യപ്പെടുമ്പോൾ, ഭൂരിപക്ഷങ്ങളുടെ വികാരത്തെ അവഗണിച്ച് ന്യൂനപക്ഷപ്രീണനം നടത്തുന്ന മുന്നണികളെ തുറന്നുകാട്ടാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. എസ്.എൻ.ഡി.പി. സ്വാധീനമേഖലകളിൽ ശക്തമായ പ്രചാരണപരിപാടികളാണ് അവർ നടത്തുന്നത്.

-1