ണ്ടായിരത്തിന്റെ തുടക്കത്തിൽ വിഭാഗീയതയുടെ പാരമ്യത്തിൽ  ചക്രശ്വാസം വലിക്കുന്ന അവസ്ഥയിലായിരുന്നു രണ്ട് മുന്നണിയും. ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം. പുതിയ സഹസ്രാബ്ദത്തെ  മാനവീയം സംഗീതവും മെഴുകുതിരി കത്തിക്കലുമൊക്കെയായി വരവേറ്റെങ്കിലും ഫലം മറിച്ചായി. ഐക്യജനാധിപത്യമുന്നണിയാണെങ്കിൽ സീറ്റിന്റെ എണ്ണം നൂറും കടന്നതോടെ ‘എണ്ണം കുറയ്ക്കുന്നതിനുള്ള’ ഉൾപ്പാർട്ടി പരിപാടികൾക്ക് തുടക്കംകുറിച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ എ.കെ.ആന്റണിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനാകാത്തവിധം രൂക്ഷമായിരുന്നു തമ്മിലടി. 

കരുണാകരൻ ഇടയുന്നു

കോൺഗ്രസിൽ 63 എം.എൽ.എ.മാരുണ്ടായിരുന്നതിൽ പാതിവീതം രണ്ട് പാർട്ടികൾപോലെ പ്രവർത്തിക്കുകയായിരുന്നു. കരുണാകരൻ നയിക്കുന്ന ഐ ഗ്രൂപ്പിനെ സമാശ്വസിപ്പിക്കാൻ ആദ്യം കണ്ടെത്തിയ മാർഗം കെ. മുരളീധരനെ കെ.പി.സി.സി. പ്രസിഡന്റാക്കലാണ്.  
2003 ഏപ്രിലിൽ രാജ്യസഭയിൽ മൂന്ന് ഒഴിവുവന്നപ്പോൾ ആരെ മത്സരിപ്പിക്കുമെന്നതായിരുന്നു അക്കാലത്ത് പ്രതിസന്ധി രൂക്ഷമാക്കിയ മറ്റൊരു സംഗതി. കോൺഗ്രസിന് രണ്ടുപേരെ ജയിപ്പിക്കാം. ഒന്ന് വയലാർ രവി. രണ്ടാമത്തേത് കോടോത്ത് ഗോവിന്ദൻനായരാവണമെന്ന് കെ. കരുണാകരൻ ഉറപ്പിച്ചാവശ്യപ്പെട്ടു. പക്ഷേ, ഹൈക്കമാൻഡ് നിർദേശിച്ച പേര് തെന്നല ബാലകൃഷ്ണപിള്ളയുടേതും.  ഇതിൽ പ്രതിഷേധിച്ച് കോടോത്ത്, കരുണാകരൻ ഗ്രൂപ്പിന്റെ സ്ഥാനാർഥിയായി മത്സരിക്കുകയും 26 വോട്ടുനേടുകയും ചെയ്തു. തെന്നലയും വയലാറും സി.പി.എമ്മിലെ കെ. ചന്ദ്രൻപിള്ളയും ജയിച്ചു. 

‘ഹൈക്കമാൻഡിന്റെ’ കത്ത്‌ നാടകം

ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കെ  കോൺഗ്രസ് ഹൈക്കമാൻഡ് പുതിയൊരു നിർദേശം മുന്നോട്ടുവെച്ചു. ആന്റണിയുടെ മന്ത്രിസഭയിൽ മുരളീധരൻ ചേരുക. 2004 ഫെബ്രുവരിയിൽ മുരളീധരൻ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം രാജിവെച്ച് വൈദ്യുതിമന്ത്രിയായി ചേർന്നു.  2004 മേയിൽനടന്ന തിരഞ്ഞെടുപ്പിൽ മുരളിക്ക് മത്സരിക്കാനായി ഏറ്റവും ഉറച്ച  വടക്കാഞ്ചേരി സീറ്റ് കണ്ടെത്തി. ഇതിനായി വടക്കാഞ്ചേരി എം.എൽ.എ. വി. ബാലറാം രാജിവെച്ചു. പക്ഷേ, സി.പി.എമ്മിലെ എ.സി.മൊയ്തീനോട് വൻ പരാജയം ഏറ്റുവാങ്ങാനായിരുന്നു മുരളീധരന്റെ വിധി. 

കാലുവാരലായിരുന്നു നടന്നതെന്നും മുരളീധരനെ രാഷ്ട്രീയമായി ഇല്ലാതാക്കലാണ് ലക്ഷ്യമിട്ടതെന്നുമുള്ള തോന്നലിലായി കരുണാകരൻ. എന്തായാലും വടക്കാഞ്ചേരി മണ്ഡലം സി.പി.എമ്മിന് തുടർവിജയം സമ്മാനിക്കുന്നതാണ് പിന്നീട് കണ്ടത്. ചേട്ടനുമാത്രമല്ല സീറ്റ് തനിക്കും വേണമെന്ന പദ്മജാ വേണുഗോപാലിന്റെ വാശിയും അന്ന് ഹൈക്കമാൻഡ് സമ്മതിച്ചുകൊടുത്തു. പദ്മജയെ മുകുന്ദപുരത്ത് ലോക്‌സഭാ സ്ഥാനാർഥിയാക്കി. എന്നാൽ, ലോനപ്പൻ നന്പാടനോട് പദ്മജ തോറ്റു. 

പ്രശ്നങ്ങൾ പരിഹരിക്കാനായി കരുണാകരൻ ഡൽഹിയിലെത്തി കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെ സന്ദർശിക്കാൻ സമയം ചോദിച്ചെങ്കിലും നിഷേധിക്കപ്പെട്ടു. ‘പണ്ടച്ഛൻ ആനപ്പുറത്തേറിയെന്നാലുണ്ടാകുമോ അത്തഴമ്പ് തൽ പുത്രർക്ക്’ എന്നാണ് കരുണാകരൻ  അന്ന് പ്രതികരിച്ചത്. പിന്നീട് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമമുണ്ടായി. കരുണാകരൻ ഗ്രൂപ്പും എൽ.ഡി.എഫും തമ്മിലടുത്തു. നിയമസഭയിൽ ധനവിനിയോഗബിൽ പാസാക്കുന്നതിനുള്ള ചർച്ചയ്ക്കൊടുവിൽ നടക്കുന്ന വോട്ടെടുപ്പിൽ പ്രതിപക്ഷത്തിനൊപ്പം ചേർന്ന്  വോട്ടുചെയ്തേക്കുമെന്ന് ആശങ്കയുണ്ടായി. ഐ ഗ്രൂപ്പിലെ ഏതാനും അംഗങ്ങളെ കൂറുമാറ്റനിരോധനപ്രകാരം അയോഗ്യരാക്കുമെന്ന ഭീഷണിയോടെ ഹൈക്കമാൻഡിൽനിന്നാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഒരു ഫാക്സ് സന്ദേശം സ്പീക്കർ വക്കം പുരുഷോത്തമന് ലഭിച്ചെന്ന വാർത്ത പരത്തിയാണ് എതിർഗ്രൂപ്പുകാർ അതിനെ നേരിട്ടത്. സ്പീക്കറും കൂടിച്ചേർന്ന് നടത്തിയ ആ നാടകം വിജയിച്ചില്ലായിരുന്നെങ്കിൽ മന്ത്രിസഭ വീഴുമായിരുന്നെന്നാണ് പിന്നീട് വിലയിരുത്തപ്പെട്ടത്.

ഡി.ഐ.സി.യുടെ പിറവിയും തകർച്ചയും

ഏതായാലും അധികം താമസിയാതെ ഡെമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസ്(കെ) എന്ന പേരിൽ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള പുതിയ പാർട്ടി 2005 മേയ് ഒന്നിന് നിലവിൽവന്നു. കോൺഗ്രസിലെ ഗ്രൂപ്പിനുപുറമേ ടി.എം. ജേക്കബിന്റെ കേരളാ കോൺഗ്രസും ചേർന്നതായിരുന്നു പാർട്ടി. ആദ്യം എം.പി. ഗംഗാധരനായിരുന്നു ഡി.ഐ.സി.യുടെ പ്രധാന നേതാവ്. അറച്ചറച്ച് കോൺഗ്രസ്‌വിട്ട് മുരളീധരൻ പിന്നീട് ഡി.ഐ.സി.യുടെയും എൻ.സി.പി.യുടെയും പ്രസിഡന്റായി.2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.ഐ.സി.യുമായി സഖ്യമുണ്ടാക്കാമെന്നായിരുന്നു സി.പി.എം. സംസ്ഥാനകമ്മിറ്റിയിലെ ഭൂരിപക്ഷതീരുമാനം. എന്നാൽ, മറുവിഭാഗം കേന്ദ്രനേതൃത്വത്തെ സമീപിച്ച് എൽ.ഡി.എഫ്. എൽ.ഡി.എഫായിത്തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ടതോടെ കരുണാകരൻവിഭാഗത്തെ കൂട്ടേണ്ടതില്ലെന്ന് കേന്ദ്രകമ്മിറ്റി നിർദേശിച്ചു. അങ്ങനെ ആ അടവുനയവും പൊളിഞ്ഞു. ഡി.ഐ.സി. പിന്നീട് എൻ.സി.പി.യായി മാറുകയും മുരളീധരൻ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ 2009-ൽ ആ പാർട്ടിയുടെ ബാനറിൽ മത്സരിച്ച് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. ഒടുവിൽ 2011-ൽ കോൺഗ്രസിൽ തിരിച്ചെത്തി. കരുണാകരനെ നേരത്തേ പാർട്ടിയിൽ തിരിച്ചെടുത്തിരുന്നു.

പി.സി. തോമസിന് അയോഗ്യത

2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഐക്യജനാധിപത്യമുന്നണി നിലംപരിശായി. കേന്ദ്രത്തിൽ ബി.ജെ.പി. വീണ്ടും അധികാരത്തിൽവരുന്നത് തടയാൻ കോൺഗ്രസിന് കഴിയുമെന്ന് ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ടവർ കരുതിയില്ലെന്നത് എൽ.ഡി.എഫിന് നേട്ടമായി. ഭരണപരാജയവും അഴിമതിയാരോപണവും ഗ്രൂപ്പിസവുമാണ് യു.ഡി.എഫിന് വിനയായത്. എക്കാലവും ജയിച്ചുവരുന്ന മഞ്ചേരിയിൽ ലീഗിന് അടിതെറ്റി.  കെ.പി.എ.മജീദിനെ സി.പി.എമ്മിലെ ടി.കെ.ഹംസ തോൽപ്പിച്ചു. പൊന്നാനിയിൽമാത്രമാണ് ഇ.അഹമ്മദിലൂടെ യു.ഡി.എഫ്. ജയിച്ചത്. 20-ൽ 18 സീറ്റ് എൽ.ഡി.എഫിന് കിട്ടി. മൂവാറ്റുപുഴയിൽ പി.സി.തോമസ് എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിച്ച് 511 വോട്ടിന് സി.പി.എമ്മിലെ ഇസ്മയിലിനെ തോൽപ്പിച്ചു. യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ച കേരള കോൺഗ്രസ് (മാണി) പാർട്ടിയിലെ ജോസ് കെ. മാണി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു.  

എന്നാൽ, മാർപാപ്പയുടെയും മദർ തെരേസയുടെയുമെല്ലാം ചിത്രത്തോടൊപ്പം തന്റെ ഫോട്ടോയും വെച്ച് മതധ്രുവീകരണത്തിന് ശ്രമിച്ചാണ് പി.സി. തോമസ് ജയിച്ചതെന്ന വാദം സ്വീകരിച്ച് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും അസാധുവാക്കി. മൂന്ന് വർഷത്തേക്ക് മത്സരവിലക്കും ഏർപ്പെടുത്തി.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയാകുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട്ട് പി. കരുണാകരൻ ആദ്യജയം നേടി. കണ്ണൂരിൽ എ.പി. അബ്ദുള്ളക്കുട്ടി, പാലക്കാട്ട് കൃഷ്ണദാസ്, ഒറ്റപ്പാലത്ത് അജയകുമാർ, എറണാകുളത്ത് സെബാസ്റ്റ്യൻ പോൾ, കോട്ടയത്ത് സുരേഷ്‌കുറുപ്പ്, ചിറയിൻകീഴിൽ വർക്കല രാധാകൃഷ്ണൻ, കൊല്ലത്ത് പി.രാജേന്ദ്രൻ എന്നിവർ സി.പി.എം. ടിക്കറ്റിൽ വിജയിച്ചു. മാവേലിക്കരയിൽ ചെന്നിത്തലയെ തോൽപ്പിച്ച് സി.എസ്. സുജാതയും ആലപ്പുഴയിൽ വി.എം.സുധീരനെ തോൽപ്പിച്ച് ഡോ. കെ.എസ്.മനോജും ജയിച്ചു. കോഴിക്കോട്ട് ഒരിടവേളയ്ക്കുശേഷം എം.പി.വീരേന്ദ്രകുമാർ,  ഇടുക്കിയിൽ ജോസഫ് കേരളയിലെ ഫ്രാൻസിസ് ജോർജ് എന്നിവർ വിജയിച്ചു. സി.പി.ഐ.യിലെ പി.കെ.വാസുദേവൻ നായർ തിരുവനന്തപുരത്തും ചെങ്ങറ സുരേന്ദ്രൻ അടൂരിലും സി.കെ.ചന്ദ്രപ്പൻ തൃശ്ശൂരിലും വിജയിച്ചു. പി.കെ.വി. അന്തരിച്ചതിനെത്തുടർന്ന് 2005-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രൻ വിജയിച്ചു.  

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ വമ്പിച്ച തിരിച്ചടി ഭരണവിരുദ്ധവികാരത്താലാണെന്ന നിഗമനത്തിലാണ് ഹൈക്കമാൻഡെത്തിയത്. അന്ന് യു.ഡി.എഫ്. കൺവീനറായിരുന്ന ഉമ്മൻചാണ്ടി മുഖ്യമന്ത്രിയെ വേണ്ടവിധം സഹായിച്ചില്ലെന്ന വികാരം ആൻറണി ഗ്രൂപ്പിൽത്തന്നെ ഒരു വിഭാഗത്തിനുണ്ടായി. മാറാട് സംഭവവുമായി ബന്ധപ്പെട്ട് ആന്റണി നടത്തിയ ഒരു പ്രസ്താവന ലീഗിൽ വലിയ എതിർപ്പുണ്ടാക്കിയിരുന്നു. അവരും ഹൈക്കമാൻഡിന് നൽകിയത് ആന്റണിക്കെതിരായ സന്ദേശമാണ്. 2004 ഓഗസ്റ്റിൽ ആന്റണിയെ രാജിവെപ്പിച്ച്  ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയാക്കുന്നതിലാണ് ഇതെത്തിച്ചേർന്നത്. ഒരു പതിറ്റാണ്ടുമുമ്പ് കരുണാകരനെ രാജിവെപ്പിച്ച് ആന്റണി മുഖ്യമന്ത്രിയായതിന്റെ തനിയാവർത്തനം.

മൻമോഹൻ സർക്കാരിന്റെ തുടക്കവും ഒടുക്കവും 

2004 ലോക്‌സഭാ തിരഞ്ഞെടുപ്പ് ബി.ജെ.പി.ക്ക് മോഹഭംഗമാണുണ്ടാക്കിയത്. കോൺഗ്രസ് 145 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബി.ജെ.പി.ക്ക് കിട്ടിയത് 138 സീറ്റാണ്. 61 ഇടതുപക്ഷാംഗങ്ങളുടേതുൾപ്പെടെ 336 പേരുടെ പിന്തുണ എൻ.ഡി.എ. വിരുദ്ധഭാഗത്ത്. സി.പി.എം. നടത്തിയത് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ്. 43 സീറ്റ്. കോൺഗ്രസ്, ഡി.എം.കെ., ആർ.ജെ.ഡി., എൻ.സി.പി. തുടങ്ങി യു.പി.എ.ക്ക് 275, ഇടതുപക്ഷത്തിന്റെ 61-ഉം. സി.പി.എം. ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്താണ് യു.പി.എ. മന്ത്രിസഭയുണ്ടാക്കുന്നതിനുള്ള ചർച്ചകൾക്ക്  മധ്യസ്ഥനായത്. താൻ പ്രധാനമന്ത്രിയായാൽ തന്റെ വിദേശപൗരത്വമുന്നയിച്ച് കോലാഹലമുണ്ടാക്കുമെന്നും സങ്കുചിത വികാരമിളക്കിവിടുമെന്നും മനസ്സിലാക്കി സോണിയാഗാന്ധി സ്വയം മാറിനിൽക്കുകയും മൻമോഹൻസിങ്ങിന്‍റെ നേതൃത്വത്തിൽ മന്ത്രിസഭയുണ്ടാക്കാൻ തീരുമാനിക്കുകയുമായിരുന്നു. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ പത്തുവർഷം ഭരിക്കാൻ കഴിഞ്ഞു. തൊഴിലുറപ്പുപദ്ധതി, വിവരാവകാശ നിയമം, വിദ്യാഭ്യാസാവകാശം തുടങ്ങിയ ജനോപകാരപ്രദമായ നടപടികളിലൂടെ മുന്നേറിയ സർക്കാറിനെതിരേ അഭൂതപൂർവമായ അഴിമതി ആരോപണങ്ങളുയർന്നത് അതിന്റെ തകർച്ചയ്ക്ക് വഴിതെളിച്ചു.  

വി.എസ്. വീണ്ടും ജനപ്രിയനാകുന്നു

അതേസമയം, സി.പി.എമ്മിൽ നാലാംലോകവാദം കത്താൻ തുടങ്ങുകയായിരുന്നു. ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തിലുള്ള ചിലർ ഉയർത്തിയ നാലാംലോകവാദത്തെ സി.പി.എം. നേതൃത്വത്തിലെ ചിലർ പിന്താങ്ങുന്നതിനെതിരേ എം.എൻ. വിജയന്റെ നേതൃത്വത്തിൽ പുരോഗമന കലാസാഹിത്യസംഘത്തിലെ ഒരുവിഭാഗം പ്രചാരണം നടത്തി. ഇത് പിന്നീട് വി.എസ്. അച്യുതാനന്ദൻവിഭാഗം ഏറ്റുപിടിച്ചതോടെ സി.പി.എമ്മിൽ ഗ്രൂപ്പിസം രൂക്ഷമായി. ഇതിനകം വി.എസ്. അച്യുതാനന്ദൻ വികസനവിരോധിയാണെന്ന പ്രചാരണം ശക്തിപ്പെട്ടു. ഈസമയത്ത് പരിസ്ഥിതിവിഷയങ്ങളുയർത്തിയും മൂന്നാറിലെ കൈയേറ്റത്തിനെതിരേയും വയൽനികത്തിലിനെതിരേയും ശക്തമായ നിലപാടുമായി മുന്നോട്ടുപോവുകയായിരുന്നു വി.എസ്. ഇത്‌ അദ്ദേഹത്തിന് മുമ്പൊരിക്കലുമില്ലാത്തവിധം ജനപ്രീതിയുണ്ടാക്കി.

2005 ഫെബ്രുവരിയിൽ മലപ്പുറത്ത്‌ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയൻ വീണ്ടും സംസ്ഥാന സെക്രട്ടറിയായി വന്നതോടെ വി.എസ്. പക്ഷത്തെ പലരും നടപടിക്കിരയായി. 
2006-ൽ സി.പി.എമ്മിൽ വി.എസിനെ സ്ഥാനാർഥിയാക്കരുതെന്ന് കേരളത്തിലെ നേതൃത്വം ആവശ്യപ്പെട്ടത് കേന്ദ്രനേതൃത്വത്തെ പ്രതിസന്ധിയിലാക്കി. തർക്കം രൂക്ഷമായതോടെ വി.എസും പിണറായിയും  മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചു. എന്നാൽ, വി.എസ്. മത്സരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. പ്രവർത്തകർ പലേടത്തും പ്രകടനം നടത്തി. ഇതോടെ വീണ്ടും സി.പി.എം. പി.ബി. വിളിച്ച് വി.എസിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചു. അതിന്റെകൂടി ആവേശത്താലാണ് ആ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ശക്തമായി തിരിച്ചെത്തിയതെന്ന് പിന്നീട് സി.പി.എം. കേന്ദ്രകമ്മിറ്റി വിലയിരുത്തി.  കാസർകോട്, വയനാട്, കൊല്ലം, പാലക്കാട്, ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെല്ലാം വൻ ഇടതുപക്ഷതരംഗം. വയനാട് ജില്ലയിൽ മൂന്നുസീറ്റും എൽ.ഡി.എഫ്‌ ജയിച്ചു. സുൽത്താൻ ബത്തേരിയിൽ സി.പി.എമ്മിലെ പി. കൃഷ്ണപ്രസാദ് ജയിച്ചു. കല്പറ്റ വലിയൊരിടവേളയ്ക്കുശേഷം എൽ.ഡി.എഫ്. തിരിച്ചുപിടിച്ചു. ജനതാദളിലെ എം.വി. ശ്രേയാംസ്‌കുമാറാണ് ജയിച്ചത്. നോർത്ത്‌ വയനാട്ടിൽ സി.പി.എമ്മിലെ കെ.സി. കുഞ്ഞിരാമൻ ജയിച്ചു. 

മലപ്പുറം ജില്ലയിൽ ലീഗിന് കനത്ത തിരിച്ചടിയുണ്ടായി. പി.കെ. കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് മുൻ ലീഗ് നേതാവ് കെ.ടി.ജലീൽ ഒമ്പതിനായിരത്തോളം വോട്ടിന് തോൽപ്പിച്ചത് അവിശ്വസനീയമായിരുന്നു. പെരിന്തൽമണ്ണ, മങ്കട, തിരൂർ, പൊന്നാനി സീറ്റുകളും എൽ.ഡി.എഫ്. ജയിച്ചു. ആയിടെ ഐ.എ.എസിൽനിന്ന് വിരമിച്ച അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിൽ സി.പി.എം. സ്വതന്ത്രനായി ജയിച്ചു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയുമായി എൽ.ഡി.എഫ്. മന്ത്രിസഭ 2006 മേയ് 18-ന് ചുമതലയേറ്റു.      
ഒന്നാം യു.പി.എ. സർക്കാരിന്റെ ആദ്യവർഷങ്ങളിൽ ലോക്‌സഭയിൽ കോൺഗ്രസിന് കേരളത്തിൽനിന്ന് അംഗങ്ങളില്ലായിരുന്നെങ്കിലും രാജ്യസഭാംഗങ്ങളായ എ.കെ.ആന്റണി പ്രതിരോധമന്ത്രിയും വയലാർ രവി പ്രവാസിവകുപ്പ് മന്ത്രിയുമായി കാബിനറ്റിലുണ്ടായിരുന്നു. മുസ്‌ലിംലീഗ് നേതാവ് ഇ.അഹമ്മദിനെ റെയിൽവേ സഹമന്ത്രിയാക്കുകയും ചെയ്തു.  

( അവസാനിച്ചു)