ലോക്‌സഭാ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തമിഴകത്ത് പ്രമുഖ രാഷ്ട്രീയകക്ഷികൾക്കിടയിൽ സഖ്യധാരണ ഏതാണ്ട് പൂർത്തിയായി. ജയലളിതയില്ലാതെ എ.ഐ.എ.ഡി.എം.കെ.യും കരുണാനിധിയില്ലാതെ ഡി.എം.കെ.യും തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. അതുകൊണ്ടുതന്നെ ജയപരാജയങ്ങൾ ഇരുകക്ഷികളുടെയും ശക്തി അളന്നുതൂക്കാനുള്ള വേദികൂടിയാകും. രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയതിനൊപ്പം സഖ്യസമവാക്യങ്ങളും മാറിമറിഞ്ഞതോടെ ഇത്തവണത്തെ പോരാട്ടം വ്യത്യസ്തമായിരിക്കും. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ. സഖ്യമില്ലാതെയാണ് കളത്തിലിറങ്ങിയത്. ഡി.എം.കെ.യും വൻ സഖ്യത്തിനൊരുങ്ങിയില്ല. എന്നാൽ, ഇത്തവണ സാഹചര്യം ആകെ മാറി. സഖ്യമുറപ്പിക്കുന്നതിൽ ഇരുകക്ഷികളും പ്രത്യേക താത്പര്യം കാട്ടുകയും വിട്ടുവീഴ്ചകൾക്ക് തയ്യാറായിരിക്കുകയുമാണ്. ഡി.എം.കെ.-കോൺഗ്രസ് സഖ്യം പോലെ എ.ഐ.എ.ഡി.എം.കെ.-ബി.ജെ.പി സഖ്യവും ഇത്തവണ പ്രതീക്ഷിച്ചിരുന്നതാണ്. ജയലളിതയുടെ മരണവും പാർട്ടിയിലെ പിളർപ്പും ദുർബലമാക്കിയ എ.ഐ.എ.ഡി.എം.കെ. സർക്കാരിനെ വീഴാതെ പിടിച്ചുനിർത്തിയത് കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബി.ജെ.പി.യാണെന്നത്‌ പരസ്യമായ രഹസ്യമാണ്. ബി.ജെ.പി.യ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും  എതിരേ ശക്തമായ നിലപാടെടുത്ത സ്റ്റാലിൻ സ്വാഭാവികമായും കോൺഗ്രസുമായി അടുക്കുമെന്ന്‌ ആദ്യമേ വ്യക്തമായിരുന്നു. 

കരുത്തുകാട്ടാൻ എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി. സഖ്യം
രണ്ടുമാസത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് എ.ഐ.എ.ഡി.എം.കെ.യും ബി.ജെ.പി.യും സഖ്യം പ്രഖ്യാപിച്ചത്. വണ്ണിയാർ സമുദായത്തിന്റെ വോട്ടുബാങ്കുള്ള ഡോ. എസ്. രാമദാസിന്റെ നേതൃത്വത്തിലുള്ള പി.എം.കെ.യും സഖ്യത്തിലുണ്ട്. വിജയകാന്തിന്റെ പാർട്ടിയായ ഡി.എം.ഡി.കെ.യെ ഒപ്പംകൂട്ടാനുള്ള ചർച്ചകൾ നടക്കുന്നു. തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും പുതുച്ചേരിയിലെ ഒരു സീറ്റിലും സഖ്യം ഒറ്റക്കെട്ടായി മത്സരിക്കും. ഏഴ് ലോക്‌സഭാ സീറ്റുകളാണ് പി.എം.കെ.യ്ക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. കൂടാതെ ഈ വർഷം ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിൽ ഒന്ന് നൽകാനും ധാരണയായി. അഞ്ചു സീറ്റിലായിരിക്കും ബി.ജെ.പി. മത്സരിക്കുക. പുതിയ നീതി കക്ഷി, ഇന്ത്യൻ ജനനായക കക്ഷി തുടങ്ങിയ ചെറിയ പാർട്ടികളും എ.ഐ.എ.ഡി.എം.കെ. സഖ്യത്തിലുണ്ടാകും. ഘടകകക്ഷികളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും എ.ഐ.എ.ഡി.എം.കെ. എത്ര സീറ്റിൽ മത്സരിക്കുമെന്ന ചിത്രം തെളിയുക. പുതുച്ചേരിയിൽ എൻ.ആർ. കോൺഗ്രസിനായിരിക്കും സീറ്റ് നൽകുക. ‌

തമിഴ്‌നാട്ടിൽ പി.എം.കെ. ആവശ്യപ്പെടുന്നതുപോലെ ഏഴു സീറ്റുകൾ തങ്ങൾക്കും ലഭിക്കണമെന്ന്‌ വിജയകാന്ത് വാശിപിടിക്കുന്നുണ്ട്. ഇതിനുമുമ്പ് 2004-ലാണ് എ.ഐ.എ.ഡി.എം.കെ.യും ബി.ജെ.പി.യും ഒന്നിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് ഒരു സീറ്റിൽപ്പോലും വിജയിച്ചില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേതൃത്വത്തിലുള്ള സഖ്യത്തിൽ മത്സരിച്ച പി.എം.കെ. ഒരു സീറ്റിൽ വിജയിച്ചിരുന്നു.
 

തിരിച്ചുപിടിക്കാൻ ഡി.എം.കെ.-കോൺഗ്രസ് സഖ്യം

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.പി.എ. സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന കോൺഗ്രസും ഡി.എം.കെ.യും തമ്മിലുള്ള സഖ്യവും ഉറപ്പിച്ചു. സ്റ്റാലിനുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്‌നിക് എന്നിവർ ബുധനാഴ്ച രാത്രി നടത്തിയ ചർച്ചയ്ക്കുശേഷമായിരുന്നു പ്രഖ്യാപനം. 
2004-ലും 2009-ലും നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരേസഖ്യത്തിൽ മത്സരിച്ച കോൺഗ്രസും ഡി.എം.കെ.യും 2014-ൽ വഴിപിരിഞ്ഞിരുന്നു. പിന്നീട്‌, 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ്‌ വീണ്ടും കോൺഗ്രസും ഡി.എം.കെ.യും സഖ്യം പുതുക്കിയത്. സി.പി.എം., സി.പി.ഐ., വൈകോയുടെ എം.ഡി.എം.കെ., തിരുമാവളവന്റെ വി.സി.കെ., മുസ്‌ലിം ലീഗ്, മനിതനേയ മക്കൾ കക്ഷി എന്നീ പാർട്ടികളാണ് ഡി.എം.കെ. സഖ്യത്തിലെ മറ്റ് കക്ഷികൾ. തമിഴ്‌നാട്ടിലെ 39 സീറ്റുകളും പുതുച്ചേരിയിലെ ഒരു സീറ്റും അടക്കമുള്ള 40 സീറ്റുകളിൽ 25 സീറ്റുകളിൽ ഡി.എം.കെ. മത്സരിക്കാനാണ് ധാരണ. കോൺഗ്രസ് പത്ത് സീറ്റുകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും എട്ട് സീറ്റുകൾ ഉറപ്പായും നൽകും. പുതുച്ചേരിയായിരിക്കും ഇതിലൊന്ന്. ഡി.എം.കെ.-കോൺഗ്രസ് സഖ്യത്തിൽ സി.പി.എമ്മിന് രണ്ടു സീറ്റും സി.പി.ഐ. അടക്കം മറ്റ് അഞ്ചു കക്ഷികൾക്ക് ഒരോ സീറ്റും ലഭിക്കുമെന്നാണ് സൂചന. കേരളത്തിൽ വിരുദ്ധചേരികളിലുള്ള കോൺഗ്രസും സി.പി.എമ്മും തമിഴ്‌നാട്ടിൽ ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നു എന്ന പ്രത്യേകതകൂടിയുണ്ട്.  
 

പുളിങ്കൊമ്പില്ലാതെ ദിനകരനും കമൽഹാസനും
പിടിവള്ളിയില്ലാത്ത അവസ്ഥയിലാണിപ്പോൾ അമ്മ മക്കൾ മുന്നേറ്റകഴകം നേതാവ് ദിനകരനും മക്കൾ നീതി മയ്യം നേതാവ് കമൽഹാസനും. എ.ഐ.എ.ഡി.എം.കെ.യുടെ ഭാഗത്തും ഡി.എം.കെ.യുടെ ഭാഗത്തും സഖ്യം ശക്തമാണ്. അതിനെതിരേ നീന്തിക്കയറുക എന്നതാണ് ദിനകരന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ദിനകരന് ആകെ ചെയ്യാൻപറ്റുന്ന കാര്യം എ.ഐ.എ.ഡി.എം.കെ.യുടെ വോട്ടുകൾ ഭിന്നിപ്പിക്കുകയെന്നത് മാത്രമാണ്. 
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും പുതുച്ചേരിയിൽ ഒരു സീറ്റിലും മത്സരിക്കുമെന്നാണ് കമൽഹാസൻ പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്ന കമൽഹാസന് പക്ഷേ, ജനഹൃദയങ്ങളിൽ കയറിക്കൂടാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തനിച്ചുനേരിടുമെന്ന് ഉറപ്പിച്ചുപറയുമ്പോഴും തനിക്കുപിന്നിൽ വോട്ടുബാങ്കില്ലെന്നും വെറും ആരാധകർ മാത്രമേ ഉള്ളൂവെന്നും കമൽഹാസൻ തിരിച്ചറിയുന്നില്ല എന്നതാണ് യാഥാർഥ്യം.