ടത്തനാടൻ അങ്കങ്ങളും പാണന്റെ പാട്ടും ഇനി പഴങ്കഥ. വടകരയിൽ പുതിയ പോരാട്ടമാണ്. പി. ജയരാജനും കെ. മുരളീധരനും പുതിയ ചരിത്രം കുറിക്കാൻ പോർക്കളത്തിലിറങ്ങിക്കഴിഞ്ഞു. ഒരു താപമാപിനിക്കും അളക്കാനാവില്ല, ഇവിടത്തെ പോർവീര്യം. മീനസൂര്യൻ പോലും സുല്ലിട്ടിരിക്കുന്നു.

യു.ഡി.എഫിൽ പ്രമുഖർക്കൊന്നും വേണ്ടാത്ത ഒരിടംപോലെയായിരുന്നു ദിവസങ്ങൾ മുമ്പുവരെ വടകര. പ​േക്ഷ, ഒരൊറ്റ രാത്രികൊണ്ട് എല്ലാം മാറി. സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ അതുവരെ ഒറ്റയ്ക്ക് കുതിക്കുകയായിരുന്നു. രണ്ടാംവട്ടം പ്രചാരണം കൊയിലാണ്ടിയിൽ തുടങ്ങുന്ന വേളയിലാണ് എതിരാളിയായി മുരളീധരന്റെ പേര് പ്രഖ്യാപിക്കുന്നത്. അതോടെ ചിത്രം മാറി. ആ ഉത്സാഹത്തിമർപ്പ് മാറുന്നതിനിടെയാണ് രാഹുൽ ഗാന്ധി തൊട്ടടുത്തുള്ള വയനാട്ടിൽ മത്സരിച്ചേക്കുമെന്ന വാർത്ത വന്നത്.

കേന്ദ്രമന്ത്രിമാരായി കെ.പി. ഉണ്ണിക്കൃഷ്ണനും മുല്ലപ്പള്ളി രാമചന്ദ്രനും വടകരയിൽ വന്നപ്പോഴുള്ളതിനെക്കാൾ വലിയ സ്വീകരണമാണ് സ്ഥാനാർഥിയായി കടത്തനാടൻ മണ്ണിൽ കാലുകുത്തവേ കെ. മുരളീധരന് റെയിൽവേ സ്റ്റേഷനിൽ ലഭിച്ചത്. ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വീട്ടിലെത്തി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രചാരണവും തുടങ്ങി.

സി.പി.എമ്മിൽ വലതുപക്ഷ വ്യതിയാനം ആരോപിച്ച് ടി.പി. ചന്ദ്രശേഖരൻ ആർ.എം.പി. രൂപവത്കരിച്ചശേഷം 2009-ലും 2014-ലും അവർ വടകരയിൽ മത്സരിച്ചിരുന്നു. ഇത്തവണയാകട്ടെ, പി. ജയരാജൻ അക്രമരാഷ്ട്രീയത്തിന്റെ പ്രയോക്താവാണെന്ന് പറഞ്ഞ് യു.ഡി.എഫിന് ആർ.എം.പി. പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്.
അക്രമരാഷ്ട്രീയത്തിന്റെ ഇരകൂടിയാണ് പി. ജയരാജൻ. 1999-ലെ തിരുവോണനാളിൽ ആർ.എസ്.എസ്. പ്രവർത്തകരാൽ ആക്രമിക്കപ്പെട്ട് വലതു കൈയ്ക്ക് സ്വാധീനവും ഒരു വിരലും നഷ്ടപ്പെട്ട വ്യക്തി. കൊലയാളിയെന്ന് പത്രസമ്മേളനത്തിൽ ആരോപിച്ചതിന് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയ്ക്കെതിരേ വക്കീൽ നോട്ടീസ് അയച്ചു നിൽക്കുന്നു.

പി. ജയരാജൻ വടകര മണ്ഡലത്തിലെ വോട്ടറാണ്. കൂത്തുപറമ്പിനെ മൂന്നുവട്ടം നിയമസഭയിൽ പ്രതിനിധാനംചെയ്തു. സഹോദരി പി. സതീദേവിയെ വടകരയിലെ എക്കാലത്തെയും മികച്ച ഭൂരിപക്ഷമായ 1.3 ലക്ഷം വോട്ടിന് തിരഞ്ഞെടുത്തയച്ച പ്രചാരണത്തിന് ചുക്കാൻപിടിച്ച വ്യക്തി. മണ്ഡലത്തിനെ മുച്ചൂടും അറിയുന്നയാൾ. ആർ.എം.പി.യുടെ യു.ഡി.എഫ്. പിന്തുണയൊന്നും ഒരു പ്രശ്നമായി ഇടതുപക്ഷം കാണുന്നില്ല. ലോക് താന്ത്രിക് ജനതാദൾ മുന്നണിയിൽ തിരിച്ചെത്തിയത് വർധിത ശക്തിയായും വിലയിരുത്തുന്നു.

കോഴിക്കോടിനെ മൂന്നുതവണ ലോക്‌സഭയിൽ പ്രതിനിധാനംചെയ്ത കെ. മുരളീധരനും വടകരയിൽ ശക്തമായ ബന്ധമുണ്ട്. മുസ്‌ലിംലീഗ് പ്രവർത്തകരുടെ ആത്മാർഥമായ പിന്തുണയും നേടാനായി. 

ബി.ജെ.പി. സ്ഥാനാർഥി വി.കെ. സജീവൻ യഥാർഥ വടകരക്കാരൻ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച് 76,313 വോട്ട് നേടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരിയിൽനിന്ന്‌ മത്സരിച്ചു.

ലോക്‌സഭയിൽ കഴിഞ്ഞതവണ മുല്ലപ്പള്ളി രാമചന്ദ്രന് 3306 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2016 നിയമസഭയിലാകട്ടെ അത് ഇടതുപക്ഷത്തിനുള്ള വൻ ഭൂരിപക്ഷമായി മാറി. തലശ്ശേരി, കൂത്തുപറമ്പ്, വടകര, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളിൽനിന്ന്‌ 78,148 വോട്ടിന്റെ ഭൂരിപക്ഷം ഇടതുസ്ഥാനാർഥികൾ നേടിയപ്പോൾ കുറ്റ്യാടിയിലെ 1157 വോട്ട് ഭൂരിപക്ഷം മാത്രമായിരുന്നു യു.ഡി.എഫ്. നേട്ടം.

കണക്കിന്റെ കളികൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനവിധി പ്രവചിക്കാനാവില്ല. ഇനിയുള്ള ദിവസങ്ങളിലെ പോരാട്ടവും പ്രചാരണവുമെല്ലാംതന്നെ വളരെ നിർണായകമാകും.

ടേണിങ് പോയന്റ്

അക്രമരാഷ്ട്രീയംതന്നെയാണ് വടകരയിലെ വിധിതീർപ്പിൽ നിർണായകവിഷയമാകുന്നത്. കേരളത്തിൽ ഇത്രത്തോളം രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന മറ്റൊരു ലോക്‌സഭാ മണ്ഡലമില്ല. കല്യോട്ടെ ഇരട്ടക്കൊലപാതകത്തെക്കാൾ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകംതന്നെയാണ് ഇനിയും ചർച്ചാവിഷയമാകുക എന്ന വ്യത്യാസവുമുണ്ട്. അക്രമരാഷ്ട്രീയത്തിന്മേലുള്ള പോരാട്ടം പലവിധ അടിയൊഴുക്കുകൾക്ക് പോലും നിമിത്തവുമായേക്കും. 

ശക്തി
- യു.ഡി.എഫ്.: അനിശ്ചിതത്വത്തിനുശേഷം ശക്തനായൊരു സ്ഥാനാർഥിയെ കിട്ടിയപ്പോൾ അണികൾക്കിടയിലുള്ള ഉണർവ്; ഉത്സാഹം. രാഷ്ട്രീയത്തിനതീതമായ തരംഗ സാഹചര്യം. 
-എൽ.ഡി.എഫ്.: ആസൂത്രിതവും ശക്തവുമായ പാർട്ടി സംവിധാനം പൂർണമായും ഉപയോഗപ്പെടുത്താൻ കെൽപ്പുള്ള സ്ഥാനാർഥി. പാരമ്പര്യമായി ഇടതുകോട്ടയെന്ന രാഷ്ട്രീയ സാഹചര്യം. 
-എൻ.ഡി.എ.: നാട്ടുകാരനെന്ന നിലയിൽ ഇതിനകം ജനസമ്മതി നേടിയ സ്ഥാനാർഥി. ശബരിമലപോലുള്ള വിഷയങ്ങളിൽ ജനങ്ങൾക്കുള്ള ആശങ്ക.

ദൗർബല്യം
-യു.ഡി.എഫ്.: കെട്ടുറപ്പുള്ള പാർട്ടി സംവിധാനത്തിന്റെ അഭാവം.
-എൽ.ഡി.എഫ്.: അക്രമരാഷ്ട്രീയം കേന്ദ്രീകരിച്ചുള്ള എതിരാളികളുടെ പ്രചാരണം. 
-എൻ.ഡി.എ.: പ്രാദേശിക രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്ന രാഷ്ട്രീയാവസ്ഥ ഉണ്ടാക്കാൻ കഴിയുന്നില്ല.