തൃശ്ശൂർ, തൃശ്ശൂർ

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമാണ് തൃശ്ശൂർ. സാഹിത്യ അക്കാദമി തുടങ്ങിയുള്ള പ്രധാന സാംസ്കാരിക സ്ഥാപനങ്ങളുടെ ആസ്ഥാനം. പൂരവും പെരുന്നാളുകളും വേലിയേറ്റം തീർക്കുന്ന പെരുമയുടെ പാരമ്പര്യം പേറുന്ന തിരഞ്ഞെടുപ്പു രാഷ്ട്രീയചരിത്രമല്ല തൃശ്ശൂർ മണ്ഡലത്തിന്റേത്. ഇവിടെ മിക്കപ്പോഴും ഫലം നിർണയിക്കുന്നത് വേറെ ചില ഘടകങ്ങളാണ്.

സുപുഷ്പമോ പത്മമോ

പ്രബല വിഭാഗങ്ങൾക്കുമാത്രം പ്രാപ്യമെന്ന് എല്ലാവരും കരുതിയിരുന്ന സ്ഥലത്ത് കഴിഞ്ഞ തവണയാണത് സംഭവിച്ചത്. അന്തിക്കാട്ടുനിന്നെത്തിയ വി. എസ്. സുനിൽകുമാറെന്ന യുവനേതാവ് തൃശ്ശൂരുകാരുടെ സ്വന്തം ലീഡറുടെ പ്രിയപുത്രിയായ പത്മജാ വേണുഗോപാലിനെ പരാജയപ്പെടുത്തി. വിജയത്തിനുള്ള സമ്മാനമെന്നോണം സുനിലിന് മന്ത്രിസ്ഥാനവും കിട്ടി. അതും തൃശ്ശൂരിന്റെ സ്വന്തം വകുപ്പുകളിലൊന്നായ കൃഷി. വിശ്രമിക്കാനായിരുന്നില്ല, അദ്ദേഹത്തിന്റെ തീരുമാനം. മണ്ഡലവുമായി ബന്ധപ്പെട്ട് എല്ലാവിഷയങ്ങളിലും സ്വന്തം സാന്നിധ്യവും പരിഹാരവും അദ്ദേഹം ഉറപ്പാക്കി. പൂരത്തിനെയും പെരുന്നാളിനെയും ഒന്നും മാറ്റിനിർത്തിയില്ല. തോളിൽക്കൈയിട്ട് തൃശ്ശൂരുകാർക്കൊപ്പം എവിടെയും ഈ മന്ത്രിയുണ്ടായിരുന്നു. അങ്ങനെ അദ്ദേഹം പ്രവർത്തനത്തിലൂടെ ഉറപ്പിക്കുന്നു, തൃശ്ശൂരിനെ കൂടെക്കൂട്ടാൻ തന്നെക്കാൾ നല്ലൊരു സഖാവിനെ കണ്ടെത്തുക ദുഷ്കരമെന്ന്.

പത്മജയും വെറുതേയിരുന്നതേയില്ല. കേരളത്തിന്റെതന്നെ രാഷ്ട്രീയചലനങ്ങൾക്ക് ഏറെ സാക്ഷിയായ പൂങ്കുന്നത്തെ മുരളീമന്ദിരമെന്ന കെ. കരുണാകരന്റെ വസതിയിൽ സ്ഥിരതാമസം. തൃശ്ശൂരിലെ പൊതു പരിപാടികളിലും പാർട്ടിവേദികളിലും നിത്യസാന്നിധ്യം. മിക്ക തൃശ്ശൂരുകാർക്കും അവർ സ്നേഹമുള്ള ചേച്ചിയായി. ജനകീയരായി വീണ്ടും വളരുന്ന രണ്ടുനേതാക്കൾ തമ്മിലുള്ളതാകും മത്സരമെന്ന പ്രതീക്ഷനൽകുന്നത് പൊരിഞ്ഞ പോരാട്ടമെന്ന പ്രതീതിതന്നെ.

സുരേഷ് ഗോപിയെ മുൻനിർത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മേൽക്കൈ വലിയ ചോർച്ചയില്ലാതെ സംരക്ഷിക്കാൻ കഴിഞ്ഞ ആവേശത്തിൽ ബി.ജെ.പി. കൂട്ടുന്ന കണക്കുകൾ മറ്റിരുവരുടെയും സംഖ്യകളെ വഴിതെറ്റിക്കാൻ പോന്നവയാണ്. അവസാനമായി ഇ. ശ്രീധരന്റെ പേരും ഇവിടേക്കു കേൾക്കുന്നു. ഇതുതന്നെയാണ് തൃശ്ശൂരിലെ ഇത്തവണത്തെ നിയമസഭാ പോരിനെ ശ്രദ്ധേയമണ്ഡലമാക്കുന്നതും.

ചരിത്രത്തിന്റെ കരുത്ത്

ഇതുവരെയുള്ള കണക്കുകളെടുത്താൽ മണ്ഡലത്തിന്റെ മനസ്സ് കൂടുതൽ തവണയും കീഴടക്കിയത് യു.ഡി.എഫ്. മുന്നണിയാണ്. പ്രഗല്‌ഭരായ എ.ആർ. മേനോൻ, ജോസഫ് മുണ്ടശ്ശേരി എന്നിവരെ ജയിപ്പിച്ച ഖ്യാതിയും തശ്ശൂരിനുണ്ട്. 1957-ൽ മേനോൻ തോൽപ്പിച്ചത് കെ. കരുണാകരനെ. സ്പീക്കറും മന്ത്രിയുമൊക്കെയായ തേറമ്പിൽ രാമകൃഷ്ണൻ ആറുതവണയാണ് ജയിച്ചത്. ചില വിഭാഗക്കാരെയേ വിജയിപ്പിക്കൂയെന്ന പതിവ് കഴിഞ്ഞ തവണത്തേതുപോലെ തൃശ്ശൂർ മാറ്റുമോയെന്നതാണ് എവരും ഉന്നയിക്കുന്ന ചോദ്യം. അതുപോലെത്തന്നെ മന്ത്രി സുനിൽ കുമാർ മത്സരിക്കുമോയെന്ന വസ്തുതയും. ഇങ്ങനെ വന്നാൽ ഏറക്കുറെ തുല്യശക്തികളുടെ പോരാട്ടമെന്നതുറപ്പ്. ശ്രീധരൻ കൂടിയെത്തിയാൽ കേവലം കക്ഷിരാഷ്ട്രീയത്തിന്റെ അതിരുകൾ മറികടന്ന മത്സരമാകുമെന്നതിനും തർക്കമില്ല. അതുകൊണ്ടുതന്നെ പ്രവചനാതീതമായ ഫലവുമാകും.

പകരമാര്

മന്ത്രി സുനിൽ മത്സരിക്കുന്നില്ലെങ്കിൽ പിന്നെ ആരെന്നതിന് വ്യക്തമായ ഉത്തരമായിട്ടില്ല. ക്രിസ്തീയ സഭാംഗവും കൗൺസിലറുമായ സാറാമ്മ റോബ്‌സൺ, മുൻപ് സ്ഥാനാർഥിയായിട്ടുള്ള പി. ബാലചന്ദ്രൻ, മുൻ ജില്ലാപഞ്ചായത്ത് ഭാരവാഹി ഷീലാ വിജയകുമാർ തുടങ്ങിയ പേരുകളാണ് ഉയരുന്നത്. വിദ്യാർഥി, യുവജന വിഭാഗങ്ങളിൽ നിന്നുള്ളവരെയും പരിഗണിക്കുന്നുണ്ട്. അവസാന റൗണ്ടിൽ അഖിലേന്ത്യാ മഹിളാനേതാവ് ആനിരാജയുടെ പേരും കേൾക്കുന്നുണ്ട്. തൃശ്ശൂരിൽ ജനിച്ചുവളർന്ന ചിരപരിചിത മുഖമായ ഒരു കലാകാരനെ മത്സരിപ്പിക്കണമെന്നും ആലോചന വന്നിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ സമ്മതം നേടാൻ സാധിച്ചിട്ടില്ല.

മിക്ക സീറ്റുകളിലെയും യു.ഡി.എഫ്. സ്ഥാനാർഥി സംബന്ധിച്ച ഊഹാപോഹങ്ങൾ തകൃതിയാകുമ്പോഴും പത്മജാ വേണുഗോപാലിന്റെ പേരു മാത്രമാണ് തൃശ്ശൂരിൽ കേൾക്കുന്നത്. സാമുദായിക സമവാക്യത്തിന്റെ ഭാഗമായി ചില മാറ്റങ്ങളുണ്ടാകുമെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും ഇപ്പോൾ അടഞ്ഞ മട്ടാണ്.

കരുണാകരപുത്രി ഇത്തവണ വിജയം കൊണ്ടുവരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോൺഗ്രസ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പതിനായിരങ്ങളുടെ കുതിപ്പ് നിലനിർത്തുന്നതിനുപുറമേ അത്രത്തോളം വോട്ടുകൾകൂടി നേടാൻ കഴിയുന്ന സ്ഥാനാർഥിയെ കിട്ടിയാൽ വിജയതീരമണയാമെന്ന ആലോചനയാണ് ബി.ജെ.പി.യിൽ കനംവെക്കുന്നത്. അതേ, തൃശ്ശൂർ ഉറ്റുനോക്കുകയാണ് പോരാട്ടം തീ പാറുമോ... ?