തൊടുപുഴ, ഇടുക്കി

ഇടുക്കി ജില്ലയിലാണ് തൊടുപുഴയെന്ന് അറിയാത്തവർ ഏറെയുണ്ട് കേരളത്തിൽ. ഹൈറേഞ്ച് പ്രദേശങ്ങളുടെ ഭൂമിശാസ്ത്രവും  ജീവിത താളവുമൊന്നും ലോറേഞ്ചിൽ ഉൾപ്പെട്ട തൊടുപുഴ മണ്ഡലത്തിലേക്ക് പടർന്നിട്ടില്ല. എറണാകുളം ജില്ലയിൽപ്പെട്ട മൂവാറ്റുപുഴ, വാഴക്കുളം മേഖലയുമായാണ് സാമ്യം. അടുപ്പവും ഗതാഗതസൗകര്യവും അങ്ങോട്ടുതന്നെ.      
രാഷ്ട്രീയചരിത്രവും വോട്ടു കണക്കുകളുമൊക്കെ നോക്കിയാൽ മിക്കപ്പോഴും യു.ഡി.എഫിനോട് ചേർന്നുനിൽക്കുന്ന നിയമസഭാ മണ്ഡലമാണ് തൊടുപുഴ. കോൺഗ്രസും കേരളാ കോൺഗ്രസുമാണ് പൊതുവേ വിജയം നേടുന്നത്.
ഇത്തവണ കേരള കോൺഗ്രസ് (എം) പിളർന്ന് പി.ജെ. ജോസഫും ജോസ് കെ. മാണിയും രണ്ടുപക്ഷത്തായി. ജോസഫിനെതിരേ ജോസ് വിഭാഗക്കാരൻ മത്സരിക്കുന്ന സ്ഥിതി. ശത്രുക്കളോടെന്നപോലെ മിത്രങ്ങളോട് പോരാടേണ്ട അവസ്ഥ. എങ്കിലും ഈ കുരുക്ഷേത്ര യുദ്ധത്തിൽ കാലിടറാതെ മുന്നേറാൻ ആയുധങ്ങൾ മൂർച്ച കൂട്ടുകയാണ് ജോസഫും കൂട്ടരും.  

കുത്തക ഉറപ്പിക്കാൻ

ഇടുക്കി ജില്ലയിലെ തൊടുപുഴ മണ്ഡലം  യു.ഡി.എഫിന്റെ സ്വന്തം മണ്ഡലമായാണ് അറിയപ്പെടുന്നത്. ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ കേരളാ കോൺഗ്രസിന്റെ സ്വന്തം. പിന്നെ പി.ജെ. ജോസഫിന്റെ തട്ടകം.
സ്ഥാനാർഥിയായി വീണ്ടും പി.ജെ. മത്സരിക്കുന്നൂവെന്നത് ഒരു വാർത്തയേ അല്ല. മത്സരിച്ചില്ലെങ്കിൽ മാത്രമേ പുതുമയുള്ളൂ. തൊടുപുഴയും ജോസഫും അങ്ങനെയാണ്. കിലുക്കത്തിൽ രേവതി പറഞ്ഞതുപോലെ  (അങ്കമാലിയിലെ പ്രധാനമന്ത്രി ) ‘തൊടുപുഴയിലെ പ്രധാനമന്ത്രി’.

ഇത് പതിനൊന്നാം തവണയാണ് പി.ജെ. ഇവിടെനിന്ന് മത്സരിക്കുന്നത്. ഇടയ്ക്ക് ഒരു പ്രാവശ്യം (2001-ൽ)  പി.ടി. തോമസിനോട് തോറ്റെങ്കിലും അടുത്തതവണ (2006-ൽ) പി.ടി.യെത്തന്നെ തോൽപ്പിച്ച് പി.ജെ. പകരം വീട്ടി. 1970 മുതൽ 2016 വരെ ഒൻപതു തവണയാണ് പി.ജെ. തൊടുപുഴയുടെ എം.എൽ.എ. ആയത്.
കഴിഞ്ഞതവണ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം ജോസഫിനായിരുന്നു. 45,587 വോട്ടുകളുടെ ഭൂരിപക്ഷം. തോറ്റത്‌ ഇടതു സ്വതന്ത്രൻ റോയി വാരികാട്ട്‌.

വെല്ലുവിളികൾ ഏറെ

എങ്കിലും ഇത്തവണ ജോസഫിനും പാർട്ടിക്കും വെല്ലുവിളികൾ ഏറെയുണ്ട്. കേരളാ കോൺഗ്രസ് (എം) പിളർന്നപ്പോൾ ജോസ് വിഭാഗം എൽ.ഡി.എഫിലേക്ക് പോയി. രണ്ടില ചിഹ്നം  അവർ കൊണ്ടുപോയി. ഇടുക്കി മണ്ഡലത്തിലെ എം.എൽ.എ. റോഷി അഗസ്റ്റിനെയും കൊണ്ടുപോയി. പി.ജെ.യ്ക്കെതിരേ മത്സരിക്കുന്നത് ജോസ് വിഭാഗത്തിലെ പ്രൊഫ. കെ.എ. ആന്റണിയാകുമെന്നാണ് സൂചന. അല്ലെങ്കിൽ അതേ വിഭാഗത്തിലെ റെജി കുന്നംകോട്ടിൽ.ചുരുക്കത്തിൽ സ്വന്തക്കാരായിരുന്നവർക്കെതിരെ പൊരുതേണ്ട അവസ്ഥയിലാണ് ജോസഫ്. തൊടുപുഴയിൽ എൻ.ഡി.എ. വേരുറപ്പിക്കാൻ  ശക്തമായ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ടെങ്കിലും സ്ഥാനാർഥിനിർണയം ഇതുവരെ പൂർത്തിയായിട്ടില്ല.

തദ്ദേശത്തിൽ യു.ഡി.എഫിന് നേട്ടം
തൊടുപുഴ നഗരസഭയും ചുറ്റുമുള്ള പന്ത്രണ്ട് പഞ്ചായത്തുകളും ചേർന്നതാണ് ഈ മണ്ഡലം. ആലക്കോട്, ഇടവെട്ടി, കരിമണ്ണൂർ, കരിങ്കുന്നം, കോടികുളം, കുമാരമംഗലം, മണക്കാട്, മുട്ടം, പുറപ്പുഴ, ഉടുമ്പന്നൂർ, വണ്ണപ്പുറം, വെള്ളിയാമറ്റം.
ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭയിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും പന്ത്രണ്ടിൽ ഒൻപതു പഞ്ചായത്തുകളും യു.ഡി.എഫ്. പിടിച്ചു. കഴിഞ്ഞ തവണത്തെക്കാൾ ഒരെണ്ണം കൂടുതൽ. പഞ്ചായത്തുകളിലും ബ്ലോക്കിലും ജോസഫ് വിഭാഗം സ്ഥാനാർഥികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജോസ് പക്ഷത്തിന് വേണ്ടത്ര തിളങ്ങാനായതുമില്ല.

ഉറച്ച കോട്ട
കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും തൊടുപുഴ ഏറിയും കുറഞ്ഞും യു.ഡി.എഫിനൊപ്പമായിരുന്നു. 2014-ൽ ഇടതുസ്ഥാനാർഥിയായ ജോയ്‌സ് ജോർജ് ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ അട്ടിമറി വിജയം നേടിയപ്പോഴും തൊടുപുഴയിൽ രണ്ടായിരത്തോളം വോട്ടിന് പിന്നിലായിരുന്നു.