പെരിന്തൽമണ്ണ, മലപ്പുറം
ആദ്യതിരഞ്ഞെടുപ്പ് 1957-ൽ നടന്നതുമുതൽ തുടർച്ചയായി നാലുതവണ ഇടതുപക്ഷം ജയിച്ചുവന്ന മണ്ഡലമാണ് പെരിന്തൽമണ്ണ. 1957-ലും ‘60-ലും സി.പി.ഐ.യും ‘65-ലും ‘67-ലും സി.പി.എമ്മും ജയിച്ച പെരിന്തൽമണ്ണ പിന്നെ മുസ്‌ലിംലീഗ് കൈയിലൊതുക്കി. 70 മുതൽ 2001 വരെ മൂന്നുപതിറ്റാണ്ടിൽനടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പിലും മണ്ഡലം മുസ്‌ലിംലീഗിനൊപ്പം നിന്നു. 80 മുതൽ കാൽനൂറ്റാണ്ടായിനടന്ന എല്ലാ തിരഞ്ഞെടുപ്പിലും മുസ്‌ലിംലീഗിലെ നാലകത്ത് സൂപ്പിയാണ് പെരിന്തൽമണ്ണയെ പ്രതിനിധാനംചെയ്തത്. എന്നാൽ, 2006-ൽനടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗിന് ജില്ലയിൽ കനത്ത തിരിച്ചടിയേറ്റപ്പോൾ പെരിന്തൽമണ്ണയിലും അടിതെറ്റി. സി.പി.എമ്മിലെ ശശികുമാർ മുസ്‌ലിംലീഗിലെ ഹമീദ് മാസ്റ്ററെ 15000-ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോൽപ്പിച്ചത്. ജില്ലയിൽ നഷ്ടപ്പെട്ട രാഷ്ട്രീയസ്വാധീനം 2011-ൽ മുസ്‌ലിംലീഗ് തിരിച്ചുപിടിച്ചപ്പോൾ പെരിന്തൽമണ്ണയിൽ മഞ്ഞളാംകുഴി അലി വിജയക്കൊടി പാറിച്ചു. ഒമ്പതിനായിരത്തിലേറെ വോട്ടുകൾക്കാണ് അലി സി.പി.എമ്മിലെ ശശികുമാറിനെ തോൽപ്പിച്ചത്.
ആശങ്കയും പ്രതീക്ഷയും
പക്ഷേ, പെരിന്തൽമണ്ണ മുസ്‌ലിംലീഗിന് അത്ര ഉറച്ച സീറ്റല്ലെന്ന് 2016-ലെ തിരഞ്ഞെടുപ്പ് തെളിയിച്ചു. 600-ൽത്താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് മഞ്ഞളാംകുഴി അലി പെരിന്തൽമണ്ണയിൽ കടന്നുകയറിയത്. ശശികുമാർതന്നെയായിരുന്നു ഇടതുപക്ഷം നിർത്തിയ എതിരാളി. ഇത്തവണ ലീഗിന് മണ്ഡലത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ ഇടതുപക്ഷത്തിന് ഏറെ പ്രതീക്ഷയുമുണ്ട്. അതുകൊണ്ടുതന്നെ ജില്ലയിൽ പൊടിപാറുന്ന പോരാട്ടംനടക്കുന്ന മണ്ഡലമായിരിക്കും പെരിന്തൽമണ്ണ. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കുറെക്കൂടി സുരക്ഷിതമായ മണ്ഡലത്തിൽ മത്സരിക്കാനാണ് മഞ്ഞളാംകുഴി അലിക്ക് താത്‌പര്യം. അലി മണ്ഡലം മാറുകയാണെങ്കിൽ അത് മങ്കടയാവുമെന്ന പ്രചാരണം ശക്തമാണ്. മങ്കടയാണ് ഇത്തവണ ജില്ലയിൽ സി.പി.എം. കണ്ണുവെച്ച മറ്റൊരു മണ്ഡലം. മങ്കട നിലനിർത്താൻ ലീഗിനും ഉചിതമായ സ്ഥാനാർഥി മഞ്ഞളാംകുഴി അലിയാവും. 2001-ലും 2006-ലും ഇടതുസ്വതന്ത്രനായി അലി ജയിച്ച മണ്ഡലമാണ് മങ്കട.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിൽ കൂടുതൽ വോട്ടുനേടിയെന്ന ആത്മവിശ്വാസമുണ്ട് ഇടതുപക്ഷത്തിന്. പെരിന്തൽമണ്ണ നഗരസഭ, മേലാറ്റൂർ, താഴെക്കാട്, പുലാമന്തോൾ എന്നീ പഞ്ചായത്തുകൾ എൽ.ഡി.എഫും വെട്ടത്തൂർ, ആലിപറമ്പ്, ഏലംകുളം പഞ്ചായത്തുകൾ യു.ഡി.എഫുമാണ് ഇപ്പോൾ ഭരിക്കുന്നത്. മേലാറ്റൂരിൽ എൽ.ഡി.എഫിനും ഏലംകുളത്ത് യു.ഡി.എഫിനും നറുക്കെടുപ്പിലൂടെയാണ് ഭരണം കിട്ടിയത്. കഴിഞ്ഞ 40 വർഷമായി എൽ.ഡി.എഫ്. ഭരിച്ച പഞ്ചായത്താണ് ഇ.എം.എസിന്റെ ജന്മനാടുകൂടിയായ ഏലംകുളം.
പുതുമുഖങ്ങൾ വരുമോ
എങ്ങനെയെങ്കിലും ഇത്തവണ പെരിന്തൽമണ്ണ പിടിക്കാനുള്ള തന്ത്രങ്ങളാവിഷ്കരിക്കുകയാണ് സി.പി.എം. എന്നാൽ, എന്തുവിലകൊടുത്തും മണ്ഡലം നിലനിർത്താനുള്ള ശ്രമത്തിലാണ് മുസ്‌ലിംലീഗ്. രണ്ടുമുന്നണിയും പുതുമുഖങ്ങളെ അണിനിരത്താനുള്ള സാധ്യതയും ഏറെയാണ്. യുവാക്കളെ പരീക്ഷിക്കുന്നപക്ഷം ലീഗ് നിർത്താൻ സാധ്യതയുള്ളവരിൽ എം.എസ്.എഫ്. ദേശീയ പ്രസിഡന്റ് ടി.പി.അഷ്‌റഫലി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് തുടങ്ങിയവരുടെയും ഇടതുസ്ഥാനാർഥികളായി എസ്.എഫ്.ഐ. ദേശീയപ്രസിഡന്റ് വി.പി. സാനു, പെരിന്തൽമണ്ണ മുൻ മുനിസിപ്പൽ ചെയർമാൻ എം.മുഹമ്മദ് സലീം തുടങ്ങിയവരുടെയും പേരുകൾ കേൾക്കുന്നുണ്ട്.
മലപ്പുറത്ത് ലോക്‌സഭയിലേക്കുനടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ നേരിട്ടുവെന്ന യോഗ്യതകൂടിയുണ്ട് സാനുവിന്. ജില്ലയിൽ മുസ്‌ലിംലീഗിൽ ആഭ്യന്തരപ്രശ്നം ഏറെയുള്ള മണ്ഡലം കൂടിയാണ് പെരിന്തൽമണ്ണ. സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയല്ല പ്രശ്നം. പ്രാദേശിക ചേരിപ്പോരാണ് പാർട്ടിക്ക് തലവേദന സൃഷ്ടിക്കുന്നത്. ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ ഒരു വാർഡിൽനിന്ന് രണ്ടുസ്ഥാനാർഥികളെ മത്സരിപ്പിക്കേണ്ടിവരുന്നിടംവരെയെത്തി പാർട്ടിക്കുള്ളിലെ പ്രാദേശിക പടലപ്പിണക്കം. മുസ്‌ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ പരസ്യമായിത്തന്നെ പ്രദേശത്ത് നിലനിൽക്കുന്ന ഗ്രൂപ്പിസം സമ്മതിക്കുകയും സ്ഥാനാർഥികളായ രണ്ടുവനിതകളും പാർട്ടിയുടെ ഔദ്യോഗികസ്ഥാനാർഥികളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.