പാലക്കാട്, പാലക്കാട്

‘‘എന്റെ പരാജയം പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ മുൻകൂട്ടി തീരുമാനിച്ചിരുന്നു’’ 2016 നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാലെ, രണ്ടാംസ്ഥാനത്തെത്തിയ പാലക്കാട്ടെ ബി.ജെ.പി. സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ ഈ ആരോപണമായിരുന്നു അന്നത്തെ പ്രധാന ഹൈലൈറ്റ്‌സുകളിലൊന്ന്.  തന്നെ പിന്നിൽനിന്ന് ചവിട്ടി വീഴ്ത്തിയവരുടെ പേരുകൾ പറയാതെ പറഞ്ഞ് അങ്കംകുറിച്ച ശോഭ ഇക്കുറി മത്സരിക്കാനില്ലെന്ന് മുൻകൂട്ടി പ്രഖ്യാപിച്ച് ഇപ്പോഴും വാർത്തകളിൽ നിറയുകയാണ്. 2015-ൽ പാലക്കാട് നഗരസഭാ ഭരണം പിടിച്ച് ചരിത്രം കുറിച്ച ബി.ജെ.പി.ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമായിരുന്നു പാലക്കാട്. സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കാനുള്ള ബി.ജെ.പി. പ്രാദേശികനേതൃത്വത്തിന്റെയും തിരഞ്ഞെടുപ്പ് സമിതിയുടെയും  നീക്കത്തെ മറികടന്നായിരുന്നു ശോഭയുടെ ടിക്കറ്റ് നേട്ടം. തൊട്ടുമുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇവിടെ മത്സരിച്ചതിന്റെ ബലത്തിലായിരുന്നു സ്ഥാനാർഥിത്വം. പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അന്ന് പങ്കെടുത്ത ആദ്യ പൊതുയോഗം പാലക്കാട്ടായിട്ടും ബി.ജെ.പി.ക്ക് വിജയം കൈയെത്തിപ്പിടിക്കാനായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ  ലഭിച്ച വോട്ടുപോലും പാർട്ടി സ്ഥാനാർഥിക്ക് ലഭിച്ചില്ലെന്നും ആരോപണങ്ങളുയർന്നു.

ഇടതിനെ ഞെട്ടിച്ച 2016

തീപാറുന്ന പോരാട്ടത്തിനാണ് 2016-ൽ പാലക്കാട് വേദിയായത്. സീറ്റ് നിലനിർത്താൻ എത്തിയ കോൺഗ്രസിന്റെ യുവനേതാവ് ഷാഫി പറമ്പിലിനെ നേരിടാൻ സി.പി.എം. നിയോഗിച്ചത് നാലുവട്ടം പാലക്കാടിനെ ലോക്‌സഭയിൽ പ്രതിനിധീകരിച്ച എൻ.എൻ. കൃഷ്ണദാസിനെ. ലോക്‌സഭാ പോരാട്ടം നയിച്ച ശോഭാ സുരേന്ദ്രനെത്തന്നെ ബി.ജെ.പി. പടനയിക്കാൻ  ഇറക്കി. മണ്ഡലത്തിന് ചിരപരിചിതരായ സ്ഥാനാർഥികളുടെ ഇഞ്ചോടിഞ്ച് പോരാട്ടം ഒടുവിൽ ഓരോ വോട്ടിനുമായി വീടുകളുടെ അടുക്കളകൾ വരെ നീണ്ടു. ഒടുവിൽ ശോഭാ സുരേന്ദ്രനെ 17,483 വോട്ടുകൾക്ക് കീഴടക്കി ഷാഫിക്ക്‌ ജയം. എൽ.ഡി.എഫ്. കാറ്റ് വീശിയ തിരഞ്ഞെടുപ്പിൽ വോട്ട് ബാങ്കായ കണ്ണാടിയിൽ പോലും വോട്ട് കുറഞ്ഞതോടെ എൻ.എൻ. കൃഷ്ണദാസ് മൂന്നാംസ്ഥാനത്തായത്  സി.പി.എമ്മിനെയും ഞെട്ടിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ തെളിവെടുപ്പ്  നടന്നെങ്കിലും നടപടികൾ പാർട്ടി വേദിയിലൊതുങ്ങി.

കച്ചമുറുക്കി മുന്നണികൾ

സീറ്റ് നിലനിർത്താനുള്ള   പോരാട്ടത്തിന് കോൺഗ്രസ് ഇക്കുറിയും ഷാഫി പറമ്പിലിനെ കളത്തിലിറക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്. ഇക്കുറി ആര് പോരിനിറങ്ങുമെന്ന കാര്യത്തിൽ സി.പി.എം. നയം വ്യക്തമാക്കിയിട്ടില്ല. പാർട്ടി വേദിയിൽ തീരുമാനിക്കുമെന്നാണ് ജില്ലാസെക്രട്ടറി അടക്കമുള്ള മുതിർന്ന നേതാക്കളുടെ നിലപാട്. ഷാഫിക്കെതിരേ യുവനേതാക്കളെയും പരിഗണിക്കുന്നുണ്ട്.  ആഞ്ഞുപിടിച്ചാൽ  ചായുമെന്ന് ഉറപ്പുള്ള പാലക്കാട്ട്‌ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിന് ഇക്കുറി ടിക്കറ്റ് നൽകാനാണ് സാധ്യതയേറെ. കഴിഞ്ഞതവണ മലമ്പുഴയിൽ കൃഷ്ണകുമാർ രണ്ടാംസ്ഥാനത്തെത്തിയിരുന്നു.  

പാലക്കാട് നഗരസഭയും കണ്ണാടി, പിരായിരി, മാത്തൂർ ഗ്രാമപ്പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് പാലക്കാട് നിയമസഭാ മണ്ഡലം. ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ ബി.ജെ.പി. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. കണ്ണാടിയിൽ സി.പി.എമ്മും പിരായിരിയിലും മാത്തൂരിലും കോൺഗ്രസുമാണ് ഭരണം കരസ്ഥമാക്കിയത്.

മണ്ഡലചരിത്രം
മുമ്പ് മദ്രാസ് പ്രവിശ്യയായിരുന്ന പാലക്കാട് അസംബ്ലി മണ്ഡലം  1957-ൽ ആണ് രൂപവത്കരിച്ചത്. ’57-ലും ’60-ലും കോൺഗ്രസിലെ ആർ. രാഘവമേനോൻ ജയിച്ചപ്പോൾ ’67-ലും ’70-തിലും സി.പി.എമ്മിലെ ആർ. കൃഷ്ണനാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തത്‌.. ’77, ’80, ’82, ’87 തിരഞ്ഞെടുപ്പുകളിൽ സ്വതന്ത്രനായും ’91-ൽ കോൺഗ്രസ് സ്ഥാനാർഥിയായും സി.എം. സുന്ദരം തിരഞ്ഞെടുക്കപ്പെട്ടു.
 ’96-ൽ ടി.കെ. നൗഷാദിലൂടെ സി.പി.എം. നേടിയ സീറ്റ് 2001-ൽ കെ. ശങ്കരനാരായണനിലൂടെ കോൺഗ്രസ് തിരിച്ചുപിടിച്ചു. 2006-ൽ സി.പി.എമ്മിലെ കെ.കെ. ദിവാകരനായിരുന്നു ജയം. 2011-ൽ മണ്ഡലം തിരിച്ചുപിടിച്ച ഷാഫി പറമ്പിൽ 2016-ൽ സീറ്റ് നിലനിർത്തി.