alappuzhaഅരൂർ (ആലപ്പുഴ)

അരൂർ കവലയിൽ വൈകുന്നേരം നിന്നാൽ നൂറുകണക്കിന് ബൈക്കുകൾ പാലം കടന്നുവരുന്നതു കാണാം. കൊച്ചി നഗരത്തിൽ വിവിധ ജോലികൾക്കുപോയി മടങ്ങുന്നവരാണ്. അരൂർ പാലത്തിനപ്പുറം കൊച്ചിയാണ്. മെട്രോ നഗരത്തെ ആശ്രയിച്ചുകഴിയുന്ന നൂറുകണക്കിനാളുകളാണ് അരൂർ മേഖലയിലുള്ളത്.

വേമ്പനാട്ടുകായലിന്റെ കിഴക്കും പടിഞ്ഞാറുമായി മണ്ഡലത്തിലാകെ പത്തു പഞ്ചായത്തുകൾ. ഇതിൽ പെരുമ്പളം പഞ്ചായത്ത് പൂർണമായും ദ്വീപാണ്. കൈതപ്പുഴക്കായൽ, അരൂക്കുറ്റി കായൽ, പെരുമ്പളം കായൽ എന്നിങ്ങനെ ഓരോസ്ഥലത്തും ഓരോ പേരാണ് വേമ്പനാടിന്. കർഷകരും കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളുമാണ് ഭൂരിപക്ഷവും. കരിമീനും കൊഞ്ചും കണമ്പും ഞണ്ടും പിടിച്ചുകൊണ്ടുവരുന്നവരെ കാണാം കായലോരത്ത്.  നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളും കായലും അതിരിടുന്ന ഗ്രാമങ്ങൾ തിരഞ്ഞെടുപ്പു ചൂടിലേക്കുണർന്നിട്ടില്ല.

കോട്ടയായി കരുതിയിരുന്ന അരൂരിലെ ഉപതിരഞ്ഞെടുപ്പുഫലം സി.പി.എമ്മിന്‌ ഞെട്ടലായി.  പൊതുതിരഞ്ഞെടുപ്പിൽ 38,519 വോട്ടിന് എ.എം. ആരിഫ് ജയിച്ച മണ്ഡലമാണ് ഉപതിരഞ്ഞെടുപ്പിൽ 2,079 വോട്ടിന് അവർക്കുനഷ്ടപ്പെട്ടത്. കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.

 ആരൊക്ക രംഗത്ത്
യു.ഡി.എഫിനുവേണ്ടി ഷാനിമോൾ വീണ്ടും മത്സരിക്കുമെന്നു മാത്രമേ ഇതുവരെ ഉറപ്പായിട്ടുള്ളൂ. അനൗദ്യോഗികമായി അവർ പ്രചാരണരംഗത്തുണ്ട്. സി.പി.എമ്മിൽ സംസ്ഥാനസമിതിയംഗം സി.ബി. ചന്ദ്രബാബു, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.പി. ചിത്തരഞ്ജൻ, മനു സി. പുളിക്കൽ എന്നിവരുടെ പേരാണ് കേൾക്കുന്നത്. മനുവായിരുന്നു ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി.
പൊതുതിരഞ്ഞെടുപ്പിൽ എൻ.ഡി.എ.യ്ക്കുവേണ്ടി ബി.ഡി.ജെ.എസും ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുമാണ് മത്സരിച്ചത്. ഇത്തവണത്തെ സൂചനകളായിട്ടില്ല. കഴിഞ്ഞതവണ കോൺഗ്രസിന് കായംകുളം, അരൂർ മണ്ഡലങ്ങളിലാണ് ഈഴവ സമുദായത്തിൽനിന്ന് സ്ഥാനാർഥികളുണ്ടായിരുന്നത്. അരൂരിൽ ഇത്തവണ ഷാനിമോൾ ഉസ്മാൻ മത്സരിക്കുന്നതിനാൽ മറ്റൊരു മണ്ഡലം ഈഴവ സമുദായത്തിന് നൽകിയേക്കും.

 തദ്ദേശത്തിലും  എൽ.ഡി.എഫ്.
കുത്തിയതോട്, എഴുപുന്ന, അരൂർ, പെരുമ്പളം, പാണാവള്ളി, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം പഞ്ചായത്തുകളിൽ എൽ.ഡി.എഫ്. ഭരണമാണ്. തുറവൂരിലും അരൂക്കുറ്റിയിലും യു.ഡി.എഫ്. കോടംതുരുത്തിൽ ബി.ജെ.പി. ഭരണം.
തദ്ദേശതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 163 വാർഡുകളിൽ എൽ.ഡി.എഫ്. 80, യു.ഡി.എഫ്. 57, എൻ.ഡി.എ. 23 എന്നിങ്ങനെയായിരുന്നു കക്ഷിനില. കോടംതുരുത്തിൽ അഞ്ചുവാർഡുകളിൽ എൽ.ഡി.എഫ്. തോറ്റത് വിരലിലെണ്ണാവുന്ന വോട്ടുകൾക്കാണ്. സംഘടനാദൗർബല്യങ്ങളുണ്ടായെന്നാണ്  പാർട്ടിയുടെ വിലയിരുത്തൽ. സി.പി.എമ്മിൽ ഉൾപ്പാർട്ടി പ്രശ്നങ്ങളുള്ള സ്ഥലമാണ് അരൂർ.
കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ വിഭാഗീയതയും പരിഹരിക്കണമെന്ന കർശനനിർദേശം നൽകിയാണ് മടങ്ങിയത്.

 മണ്ഡലചരിത്രം

കേരളം രൂപവത്‌കൃതമായതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പുമുതൽ അരൂർ മണ്ഡലമുണ്ട്. കെ.ആർ. ഗൗരിയമ്മയുടെ പര്യായമായാണ് അരൂരിനെ രാഷ്ട്രീയ കേരളത്തിനു പരിചയം. ഒമ്പതു തവണയാണ്(സഭ ചേരാത്ത 1965 ഉൾപ്പെടെ) ഗൗരിയമ്മ ഇവിടെനിന്ന് ജയിച്ചത്. ഏഴുതവണയും സി.പി.എം. സ്ഥാനാർഥിയായി.

അവസാന രണ്ടുപാവശ്യം ജെ.എസ്.എസ്. സ്ഥാനാർഥിയായിരുന്നു. 2006-ലാണ് ഈ തേരോട്ടം അവസാനിച്ചത്. എ.എം. ആരിഫിലൂടെ സി.പി.എം. മണ്ഡലം തിരിച്ചുപിടിച്ചു. പിന്നെ ഓരോ തവണയും ഭൂരിപക്ഷം കൂടിയതേയുള്ളൂ. അതാണ് ഉപതിരഞ്ഞെടുപ്പിൽ അട്ടിമറിക്കപ്പെട്ടത്.  

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ഡി.ജെ.എസ്. സ്ഥാനാർഥിക്ക് 27,753 വോട്ടു ലഭിച്ചപ്പോൾ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.സ്ഥാനാർഥിയുടെ വോട്ട് 16,289 ആയി കുറഞ്ഞത് ചർച്ചയായിരുന്നു.