electionകെ. കരുണാകരന്റെ അപ്രമാദിത്വം നിലനിന്നകാലത്ത് തൃശ്ശൂർ ജില്ലയിൽ യു.ഡി.എഫിനായിരുന്നു മേൽക്കൈ. എന്നാൽ, വളരെ പതുക്കെ ഇടതുപക്ഷം സ്വാധീനം വിപുലപ്പെടുത്തിവന്നു. കഴിഞ്ഞ മൂന്ന്‌ നിയമസഭാതിരഞ്ഞെടുപ്പിലും കൂടുതൽ മണ്ഡലങ്ങളും ഇടതാണ് നേടിയത്.  
മന്ത്രി വി.എസ്. സുനിൽകുമാറിനെ ചുറ്റിപ്പറ്റി ചർച്ചകൾ നടക്കുന്ന തൃശ്ശൂർതന്നെയാണ് പ്രധാനപ്പെട്ട മണ്ഡലം. സി.പി.ഐ.യുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ സുനിലിന്റെ സാധ്യത കുറഞ്ഞുവെന്നാണ് പറച്ചിൽ. എന്നാൽ, തുടർഭരണസാധ്യതയിലേക്കുള്ള പ്രയാണത്തിൽ ഓരോ സീറ്റും പ്രധാനമാണെന്നും മുന്നണിയിൽനിന്ന് ഏറ്റവും ജയസാധ്യതയുള്ള ആളിനെ രംഗത്തിറക്കി മണ്ഡലം നിലനിർത്തണമെന്നുമുള്ള വാദവും ഉയരുന്നുണ്ട്. കോൺഗ്രസിൽനിന്നാകട്ടെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാലാകും രംഗത്തിറങ്ങുകയെന്നത് പാർട്ടിവൃത്തങ്ങൾ ഏറക്കുറെ ഉറപ്പിക്കുന്നു.
പ്രൊഫ. സി. രവീന്ദ്രനാഥ് പാർട്ടിയുടെ നിലവിലെ മാനദണ്ഡമനുസരിച്ച് രംഗത്തുണ്ടാകില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ, പൊതുവിദ്യാഭ്യാസരംഗത്തെ പുരോഗതിമുൻനിർത്തി പ്രചാരണം തുടങ്ങിയിരിക്കുന്ന മുന്നണി മാഷിന് ഒരവസരംകൂടി കൊടുത്തേക്കും. എ.സി. മൊയ്തീന്റെ കാര്യത്തിൽ ഇത്തരം മാനദണ്ഡപ്രശ്നങ്ങളില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കുന്നംകുളത്തുനിന്നുതന്നെ മത്സരം ഉറപ്പിക്കാം. രണ്ടിടത്തും കോൺഗ്രസ് പരീക്ഷിക്കാനുദ്ദേശിക്കുന്നത് പുതുമുഖങ്ങളെയാണ്. ഒല്ലൂരിൽ ചീഫ്‌വിപ്പ് കെ. രാജൻ വീണ്ടും രംഗത്തിറങ്ങുമെന്നതും ഉറപ്പിക്കാം. കോൺഗ്രസിൽനിന്ന് ഇവിടെ ആറിലധികംപേരാണ് ലിസ്റ്റിലുള്ളത്.
ഗുരുവായൂർ, ചാലക്കുടി മണ്ഡലങ്ങളിലെ സി.പി.എം. പ്രതിനിധികളുടെ മത്സരഭാവി മാനദണ്ഡങ്ങൾ അനുസരിച്ചാകും. ഇരുവർക്കും പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പാർട്ടിയിൽ നടക്കുന്നുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് പി.സി. ചാക്കോ ചാലക്കുടി ലക്ഷ്യമാക്കി നീക്കംനടത്തുന്നുണ്ട്. ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എം.പി.വിൻസെന്റും മറ്റൊരു യുവനേതാവുമാണ് ഇവിടേക്ക് പരിഗണിക്കുന്ന മറ്റുള്ളവർ. ഗുരുവായൂർ ഏറെക്കാലമായി ലീഗിന്റെ സീറ്റാണ്. ഇവിടെ മൂന്നുതവണ തോറ്റതിനാൽ പൊതുചിഹ്നത്തിൽ സ്വതന്ത്രനെ പരിഗണിക്കമെന്ന നിർദേശം ഒരു മുൻന്യായാധിപനെ മുൻനിർത്തി കോൺഗ്രസ്‌ മുന്നോട്ടുവെച്ചിട്ടുണ്ട്. പക്ഷേ, ലീഗ് മനസ്സുതുറന്നിട്ടില്ല. വടക്കാഞ്ചേരിയിൽ കോൺഗ്രസ് സ്ഥാനാർഥി അനിൽ അക്കരയാണെന്നത് ഉറപ്പ്. ലൈഫ് ഫ്ളാറ്റ് കേസിലടക്കം കണ്ണിലെ കരടായ അക്കരയെ അട്ടിമറിക്കാൻ പുതുരക്തത്തെയാണ് സി.പി.എം. തേടുന്നത്.
കൊടുങ്ങല്ലൂർ, കയ്പമംഗലം, ചേലക്കര, മണലൂർ എന്നിവടങ്ങളിൽ ഇടതുമുന്നണി സിറ്റിങ് എം.എൽ.എ.മാരെത്തന്നെ നിലനിർത്തുമെന്നാണ് കരുതുന്നത്.  ഇവിടെയൊക്കെ മുൻ എം.എൽ.എ.മാരെയും പുതുരക്തങ്ങളെയുമൊക്കെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. ജില്ലയിൽ മറ്റൊരു കൗതുകം പ്രതീക്ഷിക്കുന്നത് ഇരിങ്ങാലക്കുടയിലാണ്. ഇവിടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ തോമസ് ഉണ്ണിയാടനാകും യു.ഡി.എഫ്. സ്ഥാനാർഥിയെന്നത് ഏറക്കുറെ തീർച്ചയാണ്‌. ഇടതുമുന്നണിയിൽ സീറ്റ്  ജോസ് കെ. മാണി വിഭാഗത്തിന് കിട്ടാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഇരുപാർട്ടിയും തമ്മിലുള്ള മത്സരമാകും. ബി.ജെ.പി. പക്ഷത്തുനിന്ന് മുൻ ഡി.ജി.പി. ജേക്കബ് തോമസും ഇവിടെ സ്ഥാനാർഥിയായേക്കും. ഇടതിൽ പുതുതായെത്തിയ എൽ.ജെ.ഡി.ക്ക് ജില്ലയിൽ സീറ്റുനൽകുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇത്തരം തീരുമാനങ്ങൾ വന്നാലേ സ്ഥാനാർഥിനിർണയം ചൂടുപിടിക്കൂ.
ജില്ലയെ സംബന്ധിച്ച് അഞ്ചുമണ്ഡലത്തിലെങ്കിലും വലിയ പ്രതീക്ഷയാണ് എൻ.ഡി.എ.യ്ക്ക്. സന്ദീപ് വാര്യർ തുടങ്ങിയവരെ രംഗത്തിറക്കുമെന്നാണ് സൂചന.