രൂപംകൊണ്ട നാൾമുതൽ ഇത്രയും കുറഞ്ഞ കാലത്തിനിടയിൽ  എല്ലാ കോണുകളിൽനിന്നും ഇതുപോലെ വളഞ്ഞാക്രമിക്കപ്പെട്ട പാർട്ടി വേറെയുണ്ടാവില്ല. അഞ്ചുകൊല്ലം എന്നത് ഏതു രാഷ്ട്രീയപ്പാർട്ടിയെ സംബന്ധിച്ച്‌ ചെറിയൊരു സമയമാണ്. എങ്കിലും അഴിമതിവിരുദ്ധ പ്രക്ഷോഭത്തിനു തുടർച്ചയായി തലസ്ഥാനത്തെ തെരുവിൽ ജന്മംകൊണ്ട ‘സാധാരണക്കാരുടെ പാർട്ടി’യെന്ന് വിശേഷിപ്പിക്കപ്പെട്ട ആം ആദ്മി പാർട്ടിക്ക് (ആപ്പ്)കഴിഞ്ഞ അഞ്ചുകൊല്ലവും പ്രതിസന്ധി നിറഞ്ഞതായിരുന്നു. 

70-ൽ 67 സീറ്റ്‌ ഭൂരിപക്ഷം കിട്ടിയിട്ടും കെജ്‌രിവാൾ സർക്കാരിനെ ഭരിക്കാൻ അനുവദിക്കാത്തവിധം എല്ലാ വശങ്ങളിൽനിന്നും ഞെരിക്കുകയാണ് ചെയ്യുന്നത്. കേന്ദ്രവുമായും ലഫ്.ഗവർണറുമായുമുള്ള ഏറ്റുമുട്ടലിനിടയിൽ ഭരണവും പ്രതിച്ഛായയും മോശമായി. ലഫ്.ഗവർണർക്ക് മേൽക്കോയ്മ അനുവദിച്ചുള്ള കോടതി ഉത്തരവോടെ ആ തർക്കം തത്കാലം കെട്ടടങ്ങിയിരുന്നു. അതിനിടയിൽ ഒരുവിധം പിടിച്ചുനിന്ന് മുന്നോട്ടുപോകുമ്പോഴാണ് 20 എം.എൽ.എ.മാരെ അയോഗ്യരാക്കിയ ഉത്തരവ് വരുന്നത്. തിരഞ്ഞെടുപ്പുകമ്മിഷന്റെ തീരുമാനത്തിനു തുടർച്ചയായുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ആപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രതിസന്ധിയാണ്. ഒരു മിനി ഉപതിരഞ്ഞെടുപ്പും തിരിച്ചുവരവും സ്വപ്നം കാണുന്ന ബി.ജെ.പി.ക്കും കോൺഗ്രസിനും ആപിന്റെ പ്രതിസന്ധി ആഹ്ളാദം പകരുന്നു. എന്നാൽ, രാഷ്ട്രീയത്തിൽ രണ്ടുംരണ്ടും ചേർന്നാൽ എപ്പോഴും നാലാവില്ലെന്ന യാഥാർഥ്യം ഓർമിച്ചുവേണം ഇപ്പോഴത്തെ സംഭവവികാസങ്ങളെ വിലയിരുത്തേണ്ടത്. 

ഈ വിഷയത്തിൽ കോടതി എന്തുപറയാൻ പോകുന്നുവെന്നതാണ് പ്രധാനം. തിരഞ്ഞെടുപ്പു കമ്മിഷന്റെയും രാഷ്ട്രപതിയുടെയും ഉത്തരവുകൾ ചോദ്യംചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. രാഷ്ട്രപതിയുടെ ഉത്തരവ് സ്റ്റേ ചെയ്യപ്പെട്ടാൽ അത് ആപ്പിന്റെ ആദ്യവിജയമായി കണക്കാക്കാം. എന്തായാലും വിഷയം കോടതി കേൾക്കാൻ തീരുമാനിച്ചത് പാർട്ടിക്ക് അവരുടെ വാദങ്ങളും നിലപാടുകളും രാജ്യത്തിനുമുന്നിൽ വെക്കാൻ ലഭിച്ച അവസരമായി കണക്കാക്കണം. തിരഞ്ഞെടുപ്പുകമ്മിഷന്റെ നടപടി അല്പം കടന്നുപോയെന്ന ചില വിലയിരുത്തലുകൾക്കിടയിൽ ആപ്പിന്റെ ഹർജിക്ക് പ്രസക്തി ഏറെയുണ്ട്. അതേസമയം, ഹർജി അനുവദിച്ചാലും തള്ളിയാലും മിനി തിരഞ്ഞെടുപ്പ് നേരിടാനുള്ള അണിയറനീക്കങ്ങളും ആപ്പ് തുടങ്ങിക്കഴിഞ്ഞു. എന്തായാലും വിഷയം സുപ്രീംകോടതിവരെ നീളുകയും ചെയ്യും. 

പാർലമെന്ററി സെക്രട്ടറിയും അയോഗ്യതയും
എം.എൽ.എ.മാർ ഇരട്ടപ്പദവി വഹിച്ചുവെന്ന കുറ്റത്തിലാണ് അവരെ അയോഗ്യരാക്കിയത്. മന്ത്രിമാരല്ലാത്ത ജനപ്രതിനിധികൾ സർക്കാരിൽ ഇരട്ടപ്പദവി വഹിക്കരുതെന്നാണ് നിയമം. എം.എൽ.എ.മാർക്ക് ഒരാനുകൂല്യവും നൽകിയിട്ടില്ലെന്നും വികസനപ്രവർത്തനങ്ങളിൽ അവർ മന്ത്രിമാരെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് ആപ്പിന്റെ വാദം. 2015-ലെ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ ആപ്പ് തിരിച്ചുവന്നയുടൻ പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് തുടങ്ങിയവരെ വിഭാഗീയത ആരോപിച്ച് കെജ്‌രിവാൾ പാർട്ടിയിൽനിന്ന് പുറത്താക്കി. പാർട്ടി ചെറുതായി പിളർന്നു. വലിയൊരു പിളർപ്പ് അതിജീവിക്കാനും എം.എൽ.എ.മാരെ കൂടെനിർത്താനും കെജ്‌രിവാളും കൂട്ടരും എടുത്ത തന്ത്രമായിരുന്നു അത്. 

യുവ അഭിഭാഷകനായ പ്രശാന്ത് പട്ടേൽ ഉംറാവു ഇതുസംബന്ധിച്ച് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് നൽകിയ പരാതിയാണ് കേസിന്റെ തുടക്കം. പ്രസിഡന്റ് പരാതി തിരഞ്ഞെടുപ്പ്‌ കമ്മിഷന് കൈമാറി. അതിൻമേൽ കമ്മിഷൻ നടപടി തുടങ്ങിയപ്പോൾ ഡൽഹി നിയമസഭ, പാർലമെന്ററിസെക്രട്ടറിസ്ഥാനം ഇരട്ടപ്പദവി നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് മുൻകാല പ്രാബല്യത്തോടെ നിയമഭേദഗതി പാസാക്കി. എന്നാൽ, ആ ബില്ലിന് ലഫ്.ഗവർണർ അനുമതിനൽകിയില്ല. 

തിരഞ്ഞെടുപ്പ്‌ കമ്മിഷൻ നടപടികളുമായി മുന്നോട്ടുപോകവേ,  എം. എൽ.എ.മാരെ പാർലമെന്ററി സെക്രട്ടറിമാരാക്കിയ നടപടി 2016-ൽ ഡൽഹി ഹൈക്കോടതി അസാധുവാക്കി. എം. എൽ.എ.മാർ അതോടെ പാർലമെന്ററി സെക്രട്ടറിമാരല്ലെന്നും കമ്മിഷനുമുന്നിലുള്ള നടപടികൾ അവസാനിപ്പിക്കണമെന്നും അവർ വാദിച്ചു. എന്നാൽ, കമ്മിഷൻ നടപടികളുമായി മുന്നോട്ടുപോയി. എം.എൽ.എ.മാർ നേരത്തേ ഇരട്ടപ്പദവി വഹിച്ചിരുന്നതിനാൽ കേസുമായി മുന്നോട്ടുപോകുമെന്ന് 2017 ജൂൺ 23-ന്റെ ഉത്തരവിൽ കമ്മിഷൻ വ്യക്തമാക്കി. അടുത്തവാദം കേൾക്കാനുള്ള തീയതി അറിയിക്കുമെന്നും അതിൽ പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് വാദമൊന്നും നടന്നില്ല. ഈ രണ്ടു സംഗതികളായിരിക്കും ഇനി കോടതിയിൽ പ്രധാനമായി ഉയർന്നുവരിക. എം. എൽ.എ.മാരെ തിരഞ്ഞെടുക്കുന്നത് അഞ്ചുകൊല്ലത്തേക്കാണ്. അവരുടെ കാലാവധി കഴിയാൻ ഇനിയും രണ്ടുകൊല്ലമുണ്ട്. അതിനിടയിൽ, അവർ നേരത്തേ വഹിച്ച ഇരട്ടപ്പദവിയുടെ പേരിൽ അയോഗ്യത കല്പിക്കാനാവുമോ എന്നതാണ് അടിസ്ഥാനചോദ്യം. 

മുഖ്യതിരഞ്ഞെടുപ്പു കമ്മിഷൻ സ്ഥാനത്തുനിന്ന് എ.കെ. ജ്യോതി വിരമിക്കുന്നതിനു തൊട്ടുമുൻപുള്ള ദിവസമാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. രാഷ്ട്രപതി ഒറ്റദിവസംകൊണ്ടുതന്നെ അതിൽ തീരുമാനമെടുക്കുകയും ചെയ്തു. ഇതുരണ്ടും ഉയർത്തിക്കാട്ടി അയോഗ്യത കല്പിക്കലിനു പിന്നിൽ രാഷ്ട്രീയഗൂഢാലോചന ഉണ്ടെന്നാണ് ആപ്പിന്റെ ആരോപണം. തിരഞ്ഞെടുപ്പ് കമ്മിഷൻ തങ്ങളുടെ വാദം കേൾക്കാഞ്ഞത് എന്തുകൊണ്ടാണെന്നാണ് ചോദ്യം. അതേസമയം, വാദം കേൾക്കാനുള്ള അവസരങ്ങൾ അവർതന്നെ പാഴാക്കിയെന്നാണ് കമ്മിഷൻ പറയുന്നത്. ഇരട്ടപ്പദവി വിഷയത്തിൽ അംഗത്വം നഷ്ടപ്പെടൽ കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ദേശീയ ഉപദേശക സമിതിയുടെ അധ്യക്ഷയായതിന്റെ പേരിൽ  സോണിയാഗാന്ധിക്ക് 2006-ൽ ലോക്‌സഭാംഗത്വം നഷ്ടമായി. പിന്നീട് അവർ ഉപതിരഞ്ഞെടുപ്പിൽ  ജയിച്ചുവന്നു. ദേശീയ ഉപദേശകസമിതിയുടെ അധ്യക്ഷനെ ഇരട്ടപ്പദവിയിൽനിന്ന് ഒഴിവാക്കിക്കൊണ്ട് കേന്ദ്രസർക്കാർ നിയമം ഭേദഗതിചെയ്യുകയും ചെയ്തു. യു.പി.യിൽ സിനിമാവികസന കോർപ്പറേഷൻ അധ്യക്ഷയായതിനാൽ ജയാബച്ചന് രാജ്യസഭയിൽനിന്ന് രാജിവെക്കേണ്ടിവന്നിരുന്നു. അതേസമയം, ചില സംസ്ഥാനങ്ങളിൽ മന്ത്രിമാരുടെ ഓഫീസുമായി ബന്ധപ്പെട്ട് എം.എൽ.എ.മാർ ആനുകൂല്യം പറ്റാത്ത പാർലമെന്ററി സെക്രട്ടറിമാരായി തുടരുന്നുണ്ട്. 

ആപ്പ് ഈ പ്രതിസന്ധി മറികടക്കുമോ
20 എം.എൽ.എ.മാർ അയോഗ്യരായതുകൊണ്ടുമാത്രം ആപ്പ് സർക്കാരിന് ഭീഷണിയില്ല. പക്ഷേ, കെജ്‌രിവാളിന് വലിയൊരു ധാർമിക തിരിച്ചടിയായി അത് മാറിയേക്കും. സ്വേച്ഛാധിപതിയെപ്പോലെ അദ്ദേഹം പെരുമാറുന്നുവെന്ന് പാർട്ടിക്കുള്ളിലും പുറത്തും ആളുകൾ പറയുന്നതിനിടെ, ഈ പ്രതിസന്ധി മറികടക്കുക എളുപ്പമല്ല. മിനി ഉപതിരഞ്ഞെടുപ്പ് അനിവാര്യമായാൽ എത്രമാത്രം സീറ്റുകൾ ആപ്പിന് നിലനിർത്താനാവുമെന്ന് കണ്ടറിയണം. കഴിഞ്ഞകൊല്ലം നടന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മൂന്നിടത്തും ബി.ജെ.പി.യാണ് ജയിച്ചത്. ആ പശ്ചാത്തലത്തിൽ അണികളെ കൂടെനിർത്തുകയും പിരിഞ്ഞുപോയവരെ തിരികെ കൊണ്ടുവരികയും ചെയ്യുകയെന്ന വലിയ ഉത്തരവാദിത്വമാണ് കെജ്‌രിവാളിനുള്ളത്. കെജ്‌രിവാളിന്റെ അഹംഭാവത്തിന് കിട്ടിയ അടിയാണ് ഇതെന്നാണ് യോഗേന്ദ്ര യാദവ് അഭിപ്രായപ്പെട്ടത്. അഹംഭാവവും ഭിന്നതകളും മാറ്റിവെച്ച് കെജ്‌രിവാൾ പഴയ പടനായകനായാൽ  നഷ്ടപ്പെട്ട പ്രതിച്ഛായയും ജനപിന്തുണയും ഒരുപക്ഷേ അദ്ദേഹത്തിന് തിരിച്ചുപിടിക്കാനായേക്കും. ഒരുകാര്യം ഉറപ്പാണ്. 

ഡൽഹിയിൽ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിക്കഴിഞ്ഞു. മിനി തിരഞ്ഞെടുപ്പുനടന്നാൽ അതിന് തുടർച്ചയായി അടുത്തകൊല്ലം ആദ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളായി. തൊട്ടടുത്തകൊല്ലം ആദ്യം വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ്. ചുരുക്കത്തിൽ ഇനിയുള്ള രണ്ടുകൊല്ലം കാര്യമായ വികസനപ്രവർത്തനങ്ങളൊന്നും നടക്കില്ല. എല്ലാത്തിനും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാകും. രണ്ടുകൊല്ലത്തെ പ്രവർത്തനങ്ങൾക്ക് പെരുമാറ്റച്ചട്ടം തടസ്സമാകുമെന്നും ജനങ്ങൾ അത് തിരിച്ചറിയണമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുന്നറിയിപ്പ് നൽകിയത് ശ്രദ്ധേയമാണ്.