• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Features
More
Hero Hero
  • Politics
  • Web Exclusive
  • Sports
  • Open Forum
  • Literature
  • Weekend
  • Women and Children
  • Movies
  • Technology
  • Auto
  • Agriculture

ഗാന്ധിജിയും ജോസഫ് കുമരപ്പയുടെ ജീവിതവും

Jan 29, 2017, 11:26 PM IST
A A A

കുമരപ്പയുടെ സാമ്പത്തികശാസ്ത്രലേഖനങ്ങൾ അവയുടെ ലാളിത്യം കൊണ്ടും വിശകലനവൈഭവംകൊണ്ടും ധന്യമാണ്. മനുഷ്യൻ ഭൗതിക പ്രപഞ്ചത്തിന്റെ ഭാഗവും അതോടൊപ്പം അവയെ മാറ്റിത്തീർക്കുന്നൊരു സാംസ്കാരികനൈരന്തര്യത്തിന്റെ താളവുമാ ണെന്നാണ് ആ കൃതികൾ ഓർമപ്പെടുത്തുന്നത്

# സുനിൽകുമാർ കരിന്ത

ആരായിരുന്നു ജോസഫ് കുമരപ്പ? ഗാന്ധിജി മരിച്ചദിവസം താത്കാലികമായി കാഴ്ചശക്തിനഷ്ടപ്പെടുകയും മറ്റൊരു ഗാന്ധിസ്മൃതിദിനത്തിൽ ഹൃദയാഘാതംമൂലം മരിക്കുകയും ചെയ്തൊരു പാവംഗാന്ധിയൻ. അമേരിക്കയിലെ രണ്ടു ബിരുദങ്ങളും ഇംഗ്ലണ്ടിലെ ഏഴുവർഷത്തെ പഠന/പ്രവർത്തനപരിചയവും മുംബൈയിലെ മികച്ചജോലിയും പരിഗണിക്കാതെ ഗ്രാമോദ്ധാരണത്തിനിറങ്ങിയ ഒരു ഗാന്ധിയൻരക്തസാക്ഷി. തമിഴ്നാട്ടിൽ ജനിച്ചുവളർന്നിട്ടും ജീവിതാവസാനംവരെ ഒരിന്ത്യൻ ഭാഷയും കാര്യമായി പഠിക്കാതിരുന്ന ആംഗ്ലിക്കൻ യാഥാസ്ഥിതികൻ. ഒരുപക്ഷേ, ഇതിന്റെയെല്ലാം സമ്മിശ്രമായിരിക്കുമ്പോഴും അസാധാരണ മനുഷ്യസ്നേഹത്താൽ പ്രചോദിതനായ, ഔന്നത്യമുള്ളൊരു മാതൃകയായി വർത്തിക്കുന്നു, നാളെയുടെ ചിന്തകനായ ജോസഫ് കുമരപ്പ.

ജോസഫ് കർണോലിയോസ് കുമരപ്പ ബ്രിട്ടീഷ് ഗവൺമെന്റിന്റെ പൊതുമരാമത്തുവകുപ്പിൽ ഉദ്യോഗസ്ഥനായ സോളമൻ ദൊരൈസ്വാമി കൊർണോലിയോസിന്റെയും എസ്തർ രാജനായകത്തിന്റെയും അതിപ്രഗല്‌ഭരായ ഒമ്പതുമക്കളിൽ എട്ടാമനായി തഞ്ചാവൂരിൽ 1892-ൽ ജനിച്ചു. അമ്മ എസ്തർ ക്രിസ്തുദേവന്റെ ത്യാഗശീലത്തെ സ്വജീവിതത്തിൽ പകർത്തിയ ഒരസാധാരണ സ്ത്രീയായിരുന്നു. ‘പത്തിലൊന്ന് പാവങ്ങൾക്ക്’ എന്ന ബൈബിൾദർശനത്തെ മുറുകെപ്പിടിച്ച അവർ ദീനാനുകമ്പയെ സ്വാഭാവികമായും മക്കളിലേക്കും പകർത്തി.  ജോസഫ് മഹാത്മാഗാന്ധിജിയെ പരിചയപ്പെടുന്നത് വിഖ്യാത സാമ്പത്തികശാസ്ത്രജ്ഞനായ സാലിഗ്‌മാനുമായി ചേർന്ന് കൊളംബിയ സർവകലാശാലയിൽ താനെഴുതിയ ‘ഇന്ത്യയുടെ ദാരിദ്ര്യവും പൊതുധനകാര്യവും’ എന്ന പ്രബന്ധത്തെക്കുറിച്ച് സംസാരിക്കാൻ വേണ്ടിയാണ്. എന്നാൽ, ഗാന്ധിജി പ്രബന്ധം ‘യങ് ഇന്ത്യ’യിൽ തുടർച്ചയായി പ്രസിദ്ധീകരിക്കുകയും കുമരപ്പയെ താൻ വൈസ് ചാൻസലറായിരിക്കുന്ന ഗുജറാത്ത് വിദ്യാപീഠത്തിൽ ലക്ചററായി നിയമിക്കുകയുംചെയ്തു.

പോരാത്തതിന് ഗ്രാമീണഇന്ത്യയെ മനസ്സിലാക്കാനുതകുംവിധം ഗുജറാത്തിലെ മാത്തർ താലൂക്കിന്റെ ഒരു സമഗ്രസാമ്പത്തികവിവരാന്വേഷണത്തിന് അദ്ദേഹത്തെ ചുമതലപ്പെടുത്തി. മൂന്നുമാസംകൊണ്ടാണ് അമ്പത്തിയേഴ് ഗ്രാമങ്ങളിലായി നടത്തിയ ഈ സർവേ കുമരപ്പയും സഹപ്രവർത്തകരും പൂർത്തിയാക്കിയത്. ഇന്നും ഇന്ത്യൻ ഗ്രാമീണസമ്പദ്‌വ്യസ്ഥയെ പഠിക്കുന്ന വിദ്യാർഥിക്ക് ഒഴിച്ചുകൂടാൻവയ്യാത്ത രേഖയാണ് കുമരപ്പയുടെ ഈ പഠനം. കുമരപ്പയുടെ സാമ്പത്തികശാസ്ത്രലേഖനങ്ങൾ അവയുടെ ലാളിത്യംകൊണ്ടും വിശകലനവൈഭവംകൊണ്ടും ധന്യമാണ്. മനുഷ്യൻ ഭൗതികപ്രപഞ്ചത്തിന്റെ ഭാഗവും അതോടൊപ്പം അവയെ മാറ്റിത്തീർക്കുന്നൊരു സാംസ്കാരികനൈരന്തര്യത്തിന്റെ താളവുമാണെന്നാണ് ആ കൃതികൾ ഓർമപ്പെടുത്തുന്നത്. വികസനം താത്കാലിക ജീവസന്ധാരണത്തിനുള്ള വെട്ടിപ്പിടിത്തമല്ല, മറിച്ച് ജീവവംശത്തെ ആകമാനം നന്മയിലേക്ക് നയിക്കേണ്ടൊരു സാംസ്കാരിക ഉത്തരവാദിത്വമാണ് എന്ന് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ‘സ്ഥിരതയുടെ സമ്പദ്‌വ്യവസ്ഥ’ എന്നപുസ്തകം സ്ഥാപിക്കുന്നു. പാരിസ്ഥിതിക സാമ്പത്തികശാസ്ത്രത്തിന്റെ അടിത്തറപണിയുന്നൊരു ഗ്രന്ഥമായി ഇതിനെ പലരും വിലയിരുത്തുന്നു.


  വാസ്തവത്തിൽ പാരിസ്ഥിതികസാമ്പത്തികശാസ്ത്രത്തെ മാറ്റിമറിച്ച റൊമാനിയൻ ഗണിതശാസ്ത്രജ്ഞൻ നിേക്ടാളാസ് ഗോർജസ്ക്യൂ റോജന്റെ കാഴ്ചപ്പാടുകളുമായി കുമരപ്പയുടെ ദർശനങ്ങൾക്കുള്ള അടുപ്പം അദ്‌ഭുതാവഹമാണ്. അതിനുമുമ്പേതന്നെ ‘ചെറുതാണ് സുന്ദരം’ എന്ന ഗ്രന്ഥത്തിന്റെ കർത്താവും ജർമൻ സ്റ്റാറ്റിസ്റ്റിഷ്യനുമായ ഇ.എഫ്. ഷുമാക്കറും കുമരപ്പയുടെ ആശയങ്ങളെ ഉയർത്തിക്കാട്ടിയിട്ടുണ്ട്. കൊളംബിയ സർവകലാശാലയിലെ ഹെർബർട്ട് ഡാവൻപോട്ട് തന്റെ ചില ക്ലാസുകളിൽ മനുഷ്യൻ അടിസ്ഥാനപരമായി സ്വാർഥമതിയാണെന്ന ‘വ്യക്തിമൗലികവാദം’ ഉയർത്തിപ്പിടിച്ചപ്പോൾ, അതിനെ ശക്തമായെതിർത്ത കുമരപ്പ പിന്നീട് അദ്ദേഹത്തിന്റെ അടുത്തസുഹൃത്തായി. എങ്കിലും വ്യവസ്ഥാപിത സാമ്പത്തികശാസ്ത്രത്തിന്റെ ഇത്തരം അലക്ഷ്യവാദങ്ങളെ തകർത്തുകളയണമെന്ന ബോധം അദ്ദേഹത്തിൽ വളർത്തുന്നതിൽ ഈ വാദകോലാഹലങ്ങൾ വിജയിച്ചു എന്നുപറയാം.
 ക്യാപ്പിറ്റലിസത്തെ വിമർശനവിധേയമാക്കുന്ന കുമരപ്പയുടെ ‘പൊതുധനകാര്യവും ഇന്ത്യയുടെ ദാരിദ്ര്യവും’ (1930), ‘എന്തുകൊണ്ട് ഗ്രാമീണസമ്പദ്‌വ്യവസ്ഥ’ (1936), ‘സ്ഥിരതയുടെ സമ്പദ്‌വ്യവസ്ഥ’ (1945) എന്നീപുസ്തകങ്ങൾ പുറത്തുമ്പോൾ തന്നെ സാമ്പത്തികശാസ്ത്രത്തിന്റെ രൂപഭാവങ്ങൾ മാറ്റിമറിച്ച ജോൺ മെയ്നാഡ് കെയിൻസിന്റെ ‘ജനറൽ തിയറി’ (1936), പോൾ സാമുവൽസന്റെ ‘ദ ഫൗണ്ടേഷൻസ് ഓഫ് ഇക്കണോമിക് അനാലിസിസ്’ (1947) എന്നീ പുസ്തകങ്ങളും പുറത്തുവന്നു. മുതലാളിത്തവ്യവസ്ഥയുടെ സ്വാഭാവികവീഴ്ചകൾ ചൂണ്ടിക്കാണിച്ച കെയിൻസിനെ യാഥാസ്ഥിതിക സാമ്പത്തികശാസ്ത്രചിന്തയുടെ വിമർശകനായി കാണാൻ വിഷമമാണ്.

താത്കാലികപ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാം എന്നതിലായിരുന്നു അദ്ദേഹത്തിന്റെശ്രദ്ധ. എന്നാൽ, സാമുവൽസൻ ആകട്ടെ സാമ്പത്തികശാസ്ത്രത്തെ ഗണിതത്തിലേതുപോലെ അനുമാനങ്ങളിൽനിന്ന് നിർധാരണം ചെയ്തെടുക്കാൻ സാധിക്കുന്ന നിയമങ്ങളുടെ ശാസ്ത്രമാക്കി മാറ്റുന്നതിൽ വിജയിച്ചു. ഭൗതികശാസ്ത്രസങ്കേതങ്ങൾ ഉപയോഗിച്ച് സാമ്പത്തികശാസ്ത്രചിന്തകളെ സമീപിക്കുന്ന പഴയൊരുപാരമ്പര്യത്തിന്റെ ഏറ്റവുമുയർന്ന ശ്രേണിയിലായിരുന്നു സാമുവൽസന്റെ നില. എന്നാലിന്ന് ആ പഴയ ‘ശാസ്ത്രീയനിയമ’ങ്ങളുടെ അപ്രതിഹതമായ നില സാമ്പത്തികശാസ്ത്രത്തിൽ അല്പം പരുങ്ങലിലാണ്. കെന്നത്ത് ആരോവിന്റെ വിഖ്യാതമായ ‘പൊതുതിരഞ്ഞെടുപ്പും വ്യക്തിതാത്പര്യങ്ങളും’ എന്ന കൃതിയും അതിനുശേഷമുണ്ടായ പഠനങ്ങളും സാമ്പത്തികശാസ്ത്രത്തിലേക്ക് ‘മൂല്യവിചാരങ്ങളെ’ തിരിച്ചുകൊണ്ടുവന്നു. സത്യത്തിൽ, മറ്റൊരു രീതിശാസ്ത്രം ഉപയോഗിച്ചാണെങ്കിലും ഈവിധമൊരു പഠനത്തിന്റെ ശക്തമായ അസ്തിവാരം പണിയുന്നതിലായിരുന്നു ജോസഫ് കുമരപ്പയുടെ ത്യാഗോജ്ജ്വല ജീവിതം ഒട്ടുമുക്കാലും വിനിയോഗിക്കപ്പെട്ടത്.

കുമരപ്പയുടെ പഠനപരിശ്രമങ്ങളിൽ ഹാർവാഡിലും കൊളംബിയയിലും പഠിച്ച അദ്ദേഹത്തിന്റെ മൂത്തസഹോദരൻ ജഗദീഷ് മോഹൻദാസ് കുമരപ്പയും ഇംഗ്ലണ്ടിൽനിന്ന് രണ്ട് ഗവേഷണബിരുദങ്ങൾ നേടിയ ഇളയസഹോദരൻ ഭരതൻ കുമരപ്പയും ഭാഗഭാക്കായി. ഭരതൻ കുമരപ്പ പിന്നീട് ഗാന്ധിജിയുടെ നൂറുവോള്യം സമ്പൂർണകൃതികളുടെ സ്ഥാപക എഡിറ്റർ എന്നചുമതല ഏറ്റെടുത്തു. പ്രവൃത്തിമാർഗത്തിലും അനന്യനായിരുന്നു കുമരപ്പ. മുപ്പതുകളുടെ ആദ്യപാദത്തിൽത്തന്നെ ഗാന്ധിജിയുടെ അഭാവത്തിൽ പലതവണ ‘യങ് ഇന്ത്യ’യുടെ എഡിറ്ററായിരിക്കുകയും ലേഖനങ്ങളിലെ നിശിതവിമർശം കാരണം തുടർച്ചയായി അറസ്റ്റുചെയ്യപ്പെടുകയും ചെയ്തു. ഇതിനിടയിൽ കോൺഗ്രസിന്റെ കറാച്ചി കമ്മിറ്റിയുടെ (1931) ആവശ്യാർഥം ബ്രിട്ടീഷുകാരുടെ കടബാധ്യതകളെപ്പറ്റി കുമരപ്പ എഴുതിയ ഒരുറിപ്പോർട്ട് ലണ്ടൻ ഓഹരിവിപണിയിൽപ്പോലും ചലനങ്ങളുണ്ടാക്കി. ലേഖനങ്ങളിലെ വിമർശനവീര്യം കാരണം 1942-ൽ ബ്രിട്ടീഷ് സർക്കാർ വീണ്ടും വർഷത്തേക്ക് കുമരപ്പയെ നാസിക് ജയിലിലടച്ചു. ജയിൽമോചിതനായ കുമരപ്പ നേരേപോയത് ഭൂകമ്പം തകർത്ത വടക്കൻ ബിഹാറിലേക്കായിരുന്നു. ഒരുവർഷം മുഴുവൻ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ കണക്കുകൾ ക്രമപ്പെടുത്തിയതിനുശേഷം പുതുതായി ആരംഭിച്ച ഓൾ ഇന്ത്യാ വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ (ഐവിയ) ജനറൽ സെക്രട്ടറി എന്നനിലയിൽ, പ്രസിഡന്റായിരുന്ന ഗാന്ധിജിയെ രാപകൽ സഹായിച്ചുപോന്നു. ഒരർഥത്തിൽ കുമരപ്പയായിരുന്നു ഐവിയയുടെ ജീവൻ. ഗാന്ധിജി ഇക്കാലത്ത് രാഷ്ട്രത്തിനകത്തും പുറത്തും വർധിച്ച പൊതുപ്രവർത്തനങ്ങളിൽ മുഴുകി.

1935 മുതൽ 1939 വരെയുള്ള കാലഘട്ടങ്ങളിൽ മഹാരാഷ്ട്രയിലെ മഗൻവാടിയിൽ  ഐവിയയുടെ വകയായി വിപുലമായ ഗ്രാമവികസനപദ്ധതികൾ, പരിശീലനപരിപാടികൾ എന്നിവ സംഘടിപ്പിച്ചുപോന്നു. ഗാന്ധിജിയുടെ നിർബന്ധപ്രകാരം, നെഹ്രു ചെയർമാനായി രൂപംകൊണ്ട ദേശീയ ആസൂത്രണക്കമ്മിറ്റിയിൽ അംഗമായെങ്കിലും (1938), ഉരുക്കുനിർമാണശാലകളും ഫാക്ടറികളും സ്ഥാപിക്കുന്ന കേന്ദ്രീകൃത ആസൂത്രണത്തോട് മമതയില്ലാത്തതിനാൽ, മൂന്നുമാസത്തിനകം രാജിവെച്ച് ഗ്രാമോദ്ധാരണപ്രവർത്തനങ്ങളിൽ സജീവമായി. 1942-ൽ വീണ്ടും രണ്ടരവർഷത്തേക്ക് അറസ്റ്റിലായ കുമരപ്പ ജബൽപുർ െസൻട്രൽ ജയിലിൽ 1945 വരെ കഴിച്ചുകൂട്ടി. ഈ സമയത്താണ് ‘സ്ഥിരതയുടെ സമ്പദ്‌വ്യവസ്ഥ’, ‘ക്രിസ്തുദേവന്റെ കർമവും ദർശനവും’ തുടങ്ങിയ കൃതികൾ എഴുതിയത്. ഇതിനിടയിൽ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കുകയും പലതവണ ആസ്പത്രിയിലാവുകയും ചെയ്തു.

സ്വാതന്ത്ര്യലബ്ധിയോടെ ഗ്രാമോദ്ധാരണത്തിലേക്ക് പൂർണമായും തിരിഞ്ഞ കുമരപ്പ 1947-ൽ പ്രധാനമന്ത്രി നെഹ്രുവിന് ഇന്ത്യയിലെ ഗ്രാമവികസനത്തിന്റെ ഒരു സമഗ്രരൂപരേഖ നൽകിയെങ്കിലും അദ്ദേഹം അത് കാര്യമായെടുത്തില്ല. നെഹ്രുവിന്റെ പലനയങ്ങളിലും ആദ്യമേ താത്പര്യമില്ലാതിരുന്ന കുമരപ്പ അവയെ നിശിതവിമർശനത്തിന് വിധേയമാക്കി. ഒരുകാലത്ത് കുമരപ്പയെ സ്വതന്ത്ര ഇന്ത്യൻസർക്കാരും അറസ്റ്റുെചയ്യുമെന്ന അവസ്ഥയുണ്ടായി.
 1952 മുതൽ മൂന്നുവർഷക്കാലം ദളിതരുടെയിടയിൽ താമസിച്ചു പ്രവർത്തിച്ച കുമരപ്പ ആരോഗ്യപരമായ കാരണങ്ങളാൽ പലതവണ നിർബന്ധവിശ്രമത്തിന് വിധേയനായി. എങ്കിലും തമിഴ്‌നാട്ടിലെ കല്ലുപട്ടിയിൽ ഗാന്ധിനികേതൻ എന്നപേരിൽ ഒരു ആശ്രമം സ്ഥാപിക്കുകയും (1955) ആരോഗ്യം വകവെക്കാതെ ഗ്രാമോദ്ധാരണപ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും ചെയ്തു. ഒടുവിൽ, 1960-ൽ, മദിരാശിയിലെ സർക്കാർ ജനറൽ ആസ്പത്രിയിൽ ഗാന്ധിജിയുടെ അപ്രതിരോധ്യനായ ആ ശിഷ്യൻ തന്റെ ഗുരുവിനെത്തേടി യാത്രയായി, അതും മറ്റൊരു ജനുവരി 30-ന് തന്നെ. 

 (ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ സാമ്പത്തികശാസ്ത്ര ഗവേഷകനാണ്  ലേഖകൻ)

PRINT
EMAIL
COMMENT
Next Story

നിയമസഭാപ്രമേയം ഭരണഘടനാവിരുദ്ധമല്ല

കൺട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ സമർപ്പിച്ച റിപ്പോർട്ടിനെതിരേ കേരളനിയമസഭ പ്രമേയം .. 

Read More
 

Related Articles

ഗാന്ധി ഘാതകരെ മഹത്വവത്കരിക്കുന്ന ഗ്വാളിയോറിലെ 'ഗോഡ്സെ ലൈബ്രറി' അടച്ചുപൂട്ടി
News |
Features |
ആത്മത്യാഗത്തിന്റെ ചരിത്രം
News |
ഗാന്ധിജി ഉപയോഗിച്ചിരുന്ന കണ്ണട ബ്രിട്ടണില്‍ വിറ്റുപോയത് 3.4 ലക്ഷം ഡോളറിന്
Books |
ഗാന്ധിജി മടങ്ങിവന്നില്ലായിരുന്നെങ്കിലും സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു, പക്ഷെ..
 
More from this section
assembly
നിയമസഭാപ്രമേയം ഭരണഘടനാവിരുദ്ധമല്ല
അവസാനവാക്ക് സഭതന്നെയെന്ന് സുപ്രീംകോടതി
biden
അമേരിക്കയിൽ ഇനി ബൈഡൻ
trump modi
കാപ്പിറ്റോൾ ആക്രമണം ഇന്ത്യയോട് പറയുന്നത്
T P Peethambaran master
ഇനി വഴങ്ങിയാൽ പാർട്ടി ഉണ്ടാവില്ല-ടി.പി. പീതാംബരൻമാസ്റ്റർ
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.