ക്യരാഷ്ട്രസഭയിലെ (യു.എൻ.) അമേരിക്കയുടെ അംബാസഡർ നിക്കി ഹാലി തന്റെ നോട്ടുബുക്കിൽ 128 രാജ്യങ്ങളുടെ പേര് എഴുതിക്കഴിഞ്ഞിട്ടുണ്ടാവും. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചതിന് പൊതുസഭയിൽ അമേരിക്കയെ ‘നാണംകെടുത്തിയവ’യാണ് ആ രാജ്യങ്ങൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഹാലിയുടെയും ഭീഷണി അവ വകവെച്ചില്ല. അമേരിക്കയുടെ പേരെടുത്തു പറഞ്ഞല്ലെങ്കിലും ആ രാജ്യത്തെ മാത്രം ഉദ്ദേശിച്ച് കൊണ്ടുവന്ന പ്രമേയത്തെ അവയെല്ലാം അനുകൂലിച്ചു. ട്രംപിന്റെ തീരുമാനം മാറ്റണമെന്നു ശഠിക്കാനോ അതിന്റെപേരിൽ നടപടിയെടുക്കാനോ ആവില്ലെങ്കിലും ഇക്കാര്യത്തിൽ മൂന്നിൽരണ്ട് രാജ്യങ്ങളും എവിടെനിൽക്കുന്നു എന്ന് വ്യക്തമാക്കി പ്രമേയം. അമേരിക്കയുടെ പ്രവൃത്തി ആഗോളരാഷ്ട്രീയത്തെ എത്രമാത്രം അസ്വസ്ഥമാക്കിയെന്നു തെളിയിച്ചു അത്. 

ആരെയും കൂസാതെ
സുഹൃദ്‌രാഷ്ട്രങ്ങളുടെ അഭ്യർഥനപോലും മാനിക്കാതെ ഡിസംബർ ആറിനാണ് ട്രംപ് ജറുസലേമിനെ ഇസ്രയേലിന്റേതായി അംഗീകരിച്ചത്. ടെൽ അവീവിലെ യു.എസ്. സ്ഥാനപതികാര്യാലയം ജറുസലേമിലേക്ക് മാറ്റുമെന്നും പ്രഖ്യാപിച്ചു. 1967-ൽ കിഴക്കൻ ജറുസലേമിനെ ഇസ്രയേൽ അധീനതയിലാക്കിയതിനുശേഷം ഒരു രാജ്യവും ചെയ്യാത്ത പ്രവൃത്തിയാണിത്. അന്താരാഷ്ട്രനിയമപ്രകാരം കിഴക്കൻ ജറുസലേം ഇപ്പോഴും പലസ്തീൻരാഷ്ട്രത്തിന്റെ ഭാവി തലസ്ഥാനമാണ്. അത് അങ്ങനെത്തന്നെയെന്ന് ഒരിക്കൽകൂടി ഊന്നിപ്പറയാനാണ് അറബ്-മുസ്‌ലിം രാജ്യങ്ങളുടെ അഭ്യർഥന സ്വീകരിച്ച് യു.എൻ. പൊതുസഭ വ്യാഴാഴ്ച അടിയന്തരമായി ചേർന്നത്. അറബ്-മുസ്‌ലിം രാജ്യങ്ങളുടെ അന്താരാഷ്ട്രസംഘടനകൾക്കുവേണ്ടി തുർക്കിയും യെമെനും പ്രമേയം കൊണ്ടുവന്നു. ജറുസലേമിന്റെ ഇപ്പോഴത്തെ പദവിക്ക് വരുത്തുന്ന മാറ്റമെന്തായാലും അതിന് നിയമസാധുതയില്ലെന്ന് പ്രമേയം പറഞ്ഞു. വിശുദ്ധനഗരമായ ജറുസലേമിൽ നയതന്ത്രകാര്യാലയങ്ങൾ സ്ഥാപിക്കുന്നതിൽനിന്ന് മാറിനിൽക്കണമെന്ന് എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തു. 

ദിവസങ്ങൾക്കുമുമ്പ് യു.എൻ. രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയത്തിന് സമാനമായിരുന്നു ഇതും. 14 അംഗങ്ങളും അനുകൂലിച്ച പ്രമേയം അമേരിക്കയുടെ വീറ്റോയിലൂടെ അസാധുവായി. അംഗരാജ്യങ്ങൾക്ക് വീറ്റോ അധികാരമില്ലാത്ത പൊതുസഭയിൽ അമേരിക്കയടക്കം ഒമ്പതംഗങ്ങൾ പ്രമേയത്തെ എതിർത്തു. 35 അംഗങ്ങൾ വോട്ടു ചെയ്തില്ല. 21 രാജ്യങ്ങളുടെ പ്രതിനിധികൾ സഭയിലേ എത്തിയില്ല. അമേരിക്കയ്ക്കൊപ്പം നിന്നത് ചെറുരാജ്യങ്ങളാണ്. പ്രധാന സഖ്യരാജ്യങ്ങളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ജപ്പാൻ എന്നിവ എതിർത്തു വോട്ടു ചെയ്തു. അനുകൂലിക്കാനും എതിർക്കാനും വയ്യ എന്നതിനാലാവും കാനഡയും ഓസ്‌ട്രേലിയയും പോലുള്ള സുഹൃത്തുകൾ വോട്ടുചെയ്തില്ല.  

ഫലമെന്തായാലും ജറുസലേമിലേക്ക് സ്ഥാനപതികാര്യാലയം മാറ്റുകതന്നെ ചെയ്യുമെന്നാണ് അമേരിക്കയുടെ നിലപാട്. പൊതുസഭയിൽ ഒറ്റപ്പെടുത്തി ആക്രമിച്ച ആ ദിനം ഓർത്തുവെക്കുമെന്ന് ഹാലി പ്രഖ്യാപിച്ചിട്ടുണ്ട്. അഹന്തയ്ക്കേറ്റ തിരിച്ചടിയെ പ്രതികാരംകൊണ്ട് നേരിടുമെന്ന് പറയുകയാണ് അമേരിക്ക. പൊതുസഭയിലെ ഫലം എതിരായാൽ അമേരിക്കയ്ക്ക് ധനലാഭമേറെയുണ്ടാവുമെന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. അമേരിക്ക സഹായധനം നൽകുന്ന രാജ്യങ്ങളെ ഒപ്പം നിർത്താനായിരുന്നു ഈ ഭീഷണി. അമേരിക്കയിൽനിന്ന് ഏറെ പണം പറ്റുന്ന രാജ്യങ്ങളായ അഫ്ഗാനിസ്താനും പാകിസ്താനും ഇറാഖും ഈജിപ്തും ജോർദാനും എന്നിട്ടും ഒപ്പം നിന്നില്ല. സഹായംവാങ്ങുന്ന ഹെയ്തിയും മെക്സിക്കോയും ദക്ഷിണസുഡാനും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. അമേരിക്കയോടും ഇസ്രയേലിനോടും പതിവിലുമേറെ അടുപ്പംകാട്ടുന്ന ഇന്ത്യ പരമ്പരാഗത നിലപാടിൽ നിന്ന് വ്യതിചലിച്ചുമില്ല. 

ചരിത്രത്തിലാദ്യം
അംഗരാജ്യം മറ്റംഗങ്ങളെ ഇത്ര പരസ്യമായി ഭീഷണിപ്പെടുത്തിയ സംഭവം യു.എന്നിന്റെ ചരിത്രത്തിലാദ്യമാണ്. എന്നിട്ടുംനേരിട്ട തിരിച്ചടിക്ക് രാജ്യങ്ങൾക്ക് ഒറ്റതിരിഞ്ഞു മറുപടി നൽകൽ അത്രയെളുപ്പമല്ല. ജോർദാനും ഈജിപ്തും പോലുള്ള രാജ്യങ്ങൾ പശ്ചിമേഷ്യയിൽ അമേരിക്കയുടെ തന്ത്രപ്രധാനപങ്കാളികളാണ്. അമേരിക്കയെയും ഇസ്രയേലിനെയും ഇന്ത്യക്കാവശ്യമുള്ളതിനെക്കാൾ ആ രാജ്യങ്ങൾക്ക് ഇന്ത്യയെ ആവശ്യമുണ്ട്. ഇക്കാര്യങ്ങളൊക്കെവെച്ചു നോക്കുമ്പോൾ യു.എന്നുമായി ട്രംപ് നടത്തുന്ന ശീതയുദ്ധത്തിന് ആക്കംകൂടുകയാവും ഫലം. 2016-ലെ കണക്കനുസരിച്ച് യു.എന്നിന് ഏറ്റവുമധികം സഹായധനം നൽകുന്ന രാജ്യം അമേരിക്കയാണ്. യു.എൻ. ബജറ്റിന്റെ അഞ്ചിലൊന്ന് അമേരിക്കയിൽ നിന്നാണ് വന്നത്. അതായത് 1000 കോടിയിലേറെ ഡോളർ. യു.എൻ. സമാധാനസേനയുടെ പ്രവർത്തനങ്ങൾക്ക് മറ്റൊരു 240 കോടി ഡോളറും നൽകിയിട്ടുണ്ട്. ഈ തുക നൽകുന്നത് ട്രംപ് നിർത്തലാക്കിയാൽ കഷ്ടത്തിലാവുന്നത് സ്വതവേ സാമ്പത്തികഞെരുക്കമുള്ള യു.എന്നാണ്.

ഇസ്രയേൽ വിരുദ്ധത ആരോപിച്ച് യുനെസ്കോയിൽ നിന്ന് യു.എസ്. വിട്ടുപോയിക്കഴിഞ്ഞു. സ്വന്തം താത്പര്യങ്ങൾക്ക് നിരക്കുന്നതല്ലെന്നു പറഞ്ഞ് കുടിയേറ്റ-അഭയാർഥി ഉടമ്പടിയിൽനിന്ന്‌ പിന്മാറി. 
ട്രംപിനെച്ചൊല്ലി യു.എന്നിനുള്ളിലും അസ്വാരസ്യങ്ങളുയരുന്നുണ്ട്. യു. എസ്. അടക്കമുള്ള ലോകശക്തികൾക്കുമുന്നിൽ മുട്ടുമടക്കാനാവാത്തതിനാൽ ഒരിക്കൽക്കൂടി പദവിയിൽ തുടരാനില്ലെന്ന് മനുഷ്യാവകാശകാര്യങ്ങളുടെ ചുമതലവഹിക്കുന്ന ഹൈക്കമ്മിഷണർ സൈദ് റാദ് അൽ ഹുസൈൻ പറഞ്ഞത് കഴിഞ്ഞദിവസമാണ്. ജറുസലേം വിഷയത്തിൽ ട്രംപിനെ നിശിതമായി വിമർശിക്കരുതെന്ന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് പറഞ്ഞതാണ് സൈദിനെ ചൊടിപ്പിച്ചത്. 

അമേരിക്കയുടെ സഹായധനം പറ്റുന്ന രാജ്യങ്ങൾ പലതുണ്ട്. സഹായധനം നൽകാനായി യു.എസ്. എയ്ഡ് എന്ന പേരിൽ സർക്കാറിന് ഏജൻസിയുണ്ട്. സഹാറ മരുഭൂമിക്ക്‌ തെക്കുള്ള അഫ്രിക്കൻ രാജ്യങ്ങൾക്ക് 1300 കോടി ഡോളറും കിഴക്കനേഷ്യയിലെയും ഓഷ്യാനയിലെയും രാജ്യങ്ങൾക്ക് 160 കോടി ഡോളറും 2016-ൽ യു.എസ്.എയ്ഡ് നൽകിയിട്ടുണ്ട്. ഇതേവർഷം പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലുമായി 1300 കോടി ഡോളറിന്റെ സഹായവും നൽകി. മധ്യേഷ്യയിലെയും യൂറോപ്പിലെയും രാജ്യങ്ങളും യു. എസ്.എയ്ഡിന്റെ സഹായം സ്വീകരിച്ചിട്ടുണ്ട്. കോടിക്കണക്കിന് ഡോളർ അമേരിക്കയിൽനിന്ന് കൈനീട്ടി വാങ്ങുന്ന രാജ്യങ്ങളാണ് എതിർത്ത് വോട്ടുചെയ്യാൻ നിൽക്കുന്നത് എന്ന ട്രംപിന്റെ വാക്കുകളുടെ അടിസ്ഥാനം ഇതാണ്. 

നഷ്ടമാകുന്ന പിന്തുണ
ലോകരാജ്യങ്ങളെ ശത്രുക്കളുടെയും മിത്രങ്ങളുടെയും കൂട്ടമായി വർഗീകരിക്കുക എന്നത് ട്രംപിന്റെ വിദേശനയത്തിന്റെ ഭാഗമാണ്. വോട്ടെടുപ്പിനെത്താതിരുന്നതും വോട്ടുചെയ്യാതിരുന്നതും അനുകൂലിച്ച് വോട്ടുചെയ്തതുമായ രാജ്യങ്ങളെ യു.എന്നിൽവെച്ചുതന്നെ പ്രശംസിക്കാൻ നിക്കി ഹാലി മറന്നില്ല. ജനുവരി മൂന്നിന് ഈ രാജ്യങ്ങൾക്കായി യു.എസ്. നന്ദിപ്രകടനപരിപാടി നടത്തുന്നുണ്ടെന്നാണ് ട്രംപിന്റെ ‘സ്വന്തം’ വാർത്താ ചാനലായ ഫോക്സ് ന്യൂസിന്റെ റിപ്പോർട്ട്. ജറുസലേമിന്റെ പേരിലുള്ള  ഇത്തരം പരസ്യമായ ധാർഷ്ട്യപ്രകടനം സമാധാനപ്രക്രിയയെയാകും അവതാളത്തിലാക്കുക. പശ്ചിമേഷ്യയിലെ സഖ്യരാഷ്ട്രങ്ങളുടെയും 40 വർഷമായി ദ്വിരാഷ്ട്രപരിഹാരമെന്ന് ഉപദേശിച്ചുകൊണ്ടിരിക്കുന്ന യൂറോപ്യൻ സുഹൃത്തുക്കളുടെയും അനിഷ്ടത്തിനാവും വഴിവെക്കുക. പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന് പിന്തുണയറിച്ച ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ ഇതിനു തുടക്കമിട്ടുകഴിഞ്ഞു. അമേരിക്കയിലെ ജൂതരിൽ 44 ശതമാനമാകട്ടെ സ്ഥാനപതികാര്യാലയം അടിയന്തരമായി ജറുസലേമിലേക്ക് മാറ്റുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് ‘വാഷിങ്ടൺ പോസ്റ്റ്’ പറയുന്നു. ആദ്യമെത്തിക്കാനായി അമേരിക്കയെ ഒറ്റപ്പെടുത്തുന്ന ട്രംപ് കൂടുതൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് പൊതുസഭയിലെ വോട്ടെടുപ്പ് വ്യക്തമാക്കുന്നത്.