നാഗാലാൻഡിലെ അറുപതംഗസഭയിൽ കഴിഞ്ഞ തവണ ഭരണമുന്നണിക്ക് 52 സീറ്റാണുണ്ടായിരുന്നത്. പ്രതിപക്ഷ കോൺഗ്രസിന് എട്ട് എം.എൽ.എമാർ. കുറച്ചുകാലം പ്രതിപക്ഷത്തിരുന്ന് മടുത്തപ്പോൾ എട്ടു കോൺഗ്രസുകാരും ഭരണപക്ഷത്തെ ബി.ജെ.പി.യിൽ ചേർന്നു. തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രം കിട്ടിയ ബി.ജെ.പിക്ക് അങ്ങനെ വിയർപ്പൊഴുക്കാതെ ഒമ്പത് എം.എൽ.എമാരെ കിട്ടി. പിന്നെയുള്ള മൂന്നു വർഷം നിയമസഭയിൽ പ്രതിപക്ഷമില്ലായിരുന്നു. 

കഴിഞ്ഞ തവണ മത്സരിച്ചു ജയിച്ചവരിൽ മിക്കവരും ഇക്കുറിയും സ്ഥാനാർഥികളാണ്. പാർട്ടിയും ചിഹ്നവും മാറിയിട്ടുണ്ടാവുമെന്നുമാത്രം. ''കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.പി.എഫിനാണ് ഞാൻ വോട്ടു ചെയ്തത്. ഇക്കുറി ബി.ജെ.പിക്കാണ് വോട്ട്. രാഷ്ട്രീയം നോക്കിയല്ല. കഴിഞ്ഞ തവണ എൻ.പി.എഫ്. ടിക്കറ്റിൽ ജയിച്ചയാൾ ഇക്കുറി ബി.ജെ.പി. സ്ഥാനാർഥിയാണ്. എനിക്ക് അദ്ദേഹത്തെ മാത്രമേ പരിചയമുള്ളൂ' സുനബൊത്തോയിൽനിന്നുള്ള ടോക്ക എസ്.സ്യൂ പറഞ്ഞു. 


അധികാരച്ചാട്ടങ്ങൾ
നെയ്ഫ്യൂ റിയോ നേതൃത്വം നൽകിയ നാഗാ പീപ്പിൾസ് ഫ്രന്റാണ് (എൻ.പി.എഫ്.) പതിനഞ്ചു വർഷമായി നാഗാലാൻഡ് ഭരിക്കുന്നത്. മൂന്നുവട്ടം മുഖ്യമന്ത്രിയായ റിയോ ഇക്കുറി മത്സരിക്കുന്നത് പക്ഷേ, എൻ.പി.എഫ്. ടിക്കറ്റിലല്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്‌ തട്ടിക്കൂട്ടിയ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻ.ഡി.പി.പി.)യുടെ നേതാവാണ് ഇപ്പോഴദ്ദേഹം. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായിരുന്ന എൻ.പി.എഫിനെ തഴഞ്ഞ് ഇവരുമായാണ് ബി.ജെ.പി. ഈ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയത്. ഇരുപതിടത്ത് ബി.ജെ.പിയും 40 സീറ്റിൽ റിയോയുടെ പാർട്ടിയും മത്സരിക്കുന്നു. 

കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ ഈ അംഗാമി നേതാവ് എസ്.സി. ജാമിർ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരിക്കേയാണ് കളം മാറ്റിച്ചവിട്ടിയത്. നാഗാ സമാധാന ശ്രമങ്ങൾക്ക് ജാമിർ തുരങ്കം വയ്ക്കുകയാണെന്ന ആരോപണമുയർത്തി കോൺഗ്രസ് വിട്ട റിയോ എൻ.പി.എഫിൽ ചേർന്നു. നാഗാ സംഘടനകളുടെ പിന്തുണ നേടിയെടുത്തു. അതിനു പിന്നാലെ നടന്ന 2003-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 21 സീറ്റോടെ കോൺഗ്രസായിരുന്നു വലിയകക്ഷി. റിയോയുടെ നേതൃത്വത്തിലുള്ള എൻ.പി.എഫിന് 19 സീറ്റ്. ഏഴു സീറ്റുണ്ടായിരുന്ന ബി.ജെ.പിയെയും മൂന്നു സീറ്റുള്ള ജനതാദൾ യുവിനെയും അഞ്ചു സീറ്റുള്ള എൻ.ഡി.എമ്മിനെയും ഒരു സീറ്റുള്ള സമതാ പാർട്ടിയെയും കൂട്ടി പുതിയൊരു മുന്നണിയുണ്ടാക്കി എൻ.പി.എഫ്. അധികാരത്തിലേറി. 2008-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 25 സീറ്റും എൻ.പി.എഫിന് 26 സീറ്റും കിട്ടി. തിരഞ്ഞെടുപ്പിനുശേഷം പഴയ മുന്നണി പുനഃസംഘടിപ്പിച്ച് റിയോ വീണ്ടും മുഖ്യമന്ത്രിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 37 സീറ്റോടെ എൻ.പി.എഫിന് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടിയെങ്കിലും ഭാഗ്യപരീക്ഷണത്തിനു മുതിരാതെ പഴയ മുന്നണിയിലെ അംഗങ്ങളെക്കൂടി ചേർത്ത് അംഗബലം 52 ആയി വർധിപ്പിച്ചാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. തിരഞ്ഞെടുപ്പു കഴിഞ്ഞാണ് എല്ലായ്‌പ്പോഴും മുന്നണി രൂപവത്‌കരണം.

മുഖ്യമന്ത്രിക്കസേരയിൽ നാലു കൊല്ലം ബാക്കിയിരിക്കേ, നാട്ടുകാരെ മുഴുവൻ ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റിയോ മത്സരിച്ചത്. ദേശീയ രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാനായിരുന്നു, പദ്ധതി. അതിനായി ഏഴു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പത്തു പ്രാദേശിക പാർട്ടികളെ ചേർത്ത് നോർത്ത് ഈസ്റ്റ് റീജണൽ പൊളിറ്റിക്കൽ ഫ്രന്റ് (എൻ.ഇ.ആർ.പി.എഫ്.) എന്ന പേരിൽ പുതിയൊരു മുന്നണിയുണ്ടാക്കി. കേന്ദ്രത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ കൂട്ടുകക്ഷി മന്ത്രിസഭ വരികയാണെങ്കിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രതിനിധിയായി കേന്ദ്ര മന്ത്രിസഭയിലെത്താം എന്നായിരുന്നു പ്രതീക്ഷ. തനിച്ചു ഭൂരിപക്ഷം കിട്ടിയതുകൊണ്ട് ബി.ജെ.പിക്ക്‌ റിയോയുടെ സഹായം വേണ്ടിവന്നില്ല.

പെരെനിലെ സെലിയാങ് ഗോത്രത്തിൽ നിന്നുള്ള ടി.ആർ. സെലിയാങ്ങിനെ മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തിയാണ് റിയോ ഡൽഹിക്കു പോയത്. മുഖ്യമന്ത്രിയായതോടെ സെലിയാങ്ങിന് റിയോയുമായി ഇടയേണ്ടിവന്നു. നാഗാലാൻഡിൽ തിരഞ്ഞെടുപ്പു ബഹിഷ്കരണത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് റിയോ എൻ.പി.എഫ്. വിട്ടതും പുതിയ പാർട്ടിയുണ്ടാക്കിയതും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതും. 

ശക്തി ചോർന്ന്‌ കോൺഗ്രസ്‌
സെലിയാങ്ങും പ്രസിഡന്റ് ഷുറുസിലേ ലെയ്‌സിറ്റ്‌സുവും നേതൃത്വം നൽകുന്ന എൻ.പി.എഫിന് ഈ തിരഞ്ഞെടുപ്പിൽ നേരിടാനുള്ളത് പരമ്പരാഗത എതിരാളികളായ കോൺഗ്രസ്സിെനയല്ല. രണ്ടു മാസം മുൻപുവരെ സ്വന്തം പാർട്ടിയുടെ നേതാവായിരുന്ന റിയോയെയാണ്. അധികാരം നഷ്ടമായിട്ട് കുറെയായെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോലും കോൺഗ്രസിന്  36.3 ശതമാനം വോട്ടു കിട്ടിയിരുന്നു. എന്നാൽ ഇക്കുറി കോൺഗ്രസ് തീർത്തും ദുർബലമാണ്. 20 സീറ്റിൽ മാത്രമാണ് അവർ സ്ഥാനാർഥികളെ നിർത്തിയിട്ടുള്ളത്. ബി.ജെ.പിയും എൻ.പി.എഫും റിയോയുടെ പാർട്ടിയും ചെയ്യുന്നതുപോലെ പണമിറക്കാൻ തങ്ങൾക്കു കഴിയില്ലെന്നും അതുകൊണ്ടുതന്നെ തങ്ങൾ പിന്നിലാണെന്നും കോൺഗ്രസ് നേതാവ് കെ. തെയ്‌റി സമ്മതിക്കുകയും ചെയ്തു. തനിച്ചു മത്സരിക്കുന്ന എൻ.പി.എഫ്. മാത്രമാണ് മുഴുവൻ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുള്ളത്.

അധികാരത്തിന്റെയും സമ്പത്തിന്റെയും കാര്യത്തിൽ മുന്നിലാണെങ്കിലും റിയോയുടെ ബി.ജെ.പി. സഖ്യം അത്രയ്ക്ക് സുരക്ഷിതമല്ലെന്നാണ് കരുതുന്നത്. നാഗാലാൻഡിലെ പ്രബല ബാപ്റ്റിസ്റ്റ് സഭ പലയിടത്തും ബി.ജെ.പിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ റിയോയുടെ പാർട്ടിക്കെതിരേയും ജനരോഷമുയരുന്നുണ്ട്. നാഗാലാൻഡിലെ മുതിർന്ന പൗരൻമാർക്ക് സൗജന്യ ജറുസലേം യാത്ര വാഗ്ദാനം ചെയ്താണ് ബി.ജെ.പി. ക്രിസ്ത്യൻവോട്ട് പിടിക്കാൻ ശ്രമിക്കുന്നത്. സബ്‌സിഡി നിരക്കിൽ ജറുസലേം യാത്രയ്ക്കുള്ള അവസരമൊരുക്കുമെന്ന് കോൺഗ്രസും വാഗ്ദാനം ചെയ്തിട്ടുണ്ട്.  
പാർട്ടി പിളർത്തിയ റിയോയെ ഒറ്റപ്പെടുത്തണമെന്ന് എൻ.പി.എഫ്. നേതാക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും സ്വന്തം സീറ്റിൽ റിയോയെ എതിർക്കാൻ ആരുമില്ലായിരുന്നു. എൻ.പി.എഫിന്റെ സ്ഥാനാർഥി പത്രിക പിൻവലിച്ചതോടെ കൊഹിമ ജില്ലയിലെ നോർത്ത് അംഗാമി രണ്ടാം മണ്ഡലത്തിൽനിന്ന് റിയോ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി സെലിയാങ് മത്സരിക്കുന്ന പെരെൻ ഉൾപ്പെടെ ബാക്കിയുള്ള 59 മണ്ഡലങ്ങളിൽ 27-ന് വോട്ടെടുപ്പ് നടക്കും.