കാൽനൂറ്റാണ്ടുകാലം ഇന്ത്യൻ പാർലമെന്റിനകത്തുണ്ടായിരുന്ന ഇ. അഹമ്മദ്  പാർലമെന്റിന്റെ ഇരുസഭകളും രാഷ്ട്രപതിയുടെ പ്രസംഗം ശ്രവിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു. ഏതൊരാൾക്കും മരണമുണ്ടെങ്കിലും അദ്ദേഹത്തിന്റെ മരണവും മരണത്തിനുശേഷം അദ്ദേഹത്തോട് സർക്കാരും രാം മനോഹർ ലോഹ്യ ആശുപത്രി അധികൃതരും കാണിച്ച ക്രൂരതയും  ഉത്തരംകിട്ടാത്ത ചോദ്യങ്ങളായി കാലങ്ങളോളം ബാക്കിനിൽക്കും.

അദ്ദേഹത്തെ ഉച്ചയ്ക്ക് 11.40-ന് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ജീവൻരക്ഷിക്കാൻ  ഡോക്ടർമാർ അങ്ങേയറ്റം  പരിശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. മരണം നടന്ന ഉടനെത്തന്നെ പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി സഹമന്ത്രി ജിതേന്ദ്ര സിങ്‌ ആസ്പത്രിയിലെത്തി. ഐ.സി.യു.വിൽ ഉണ്ടായിരുന്ന ഞങ്ങളെയെല്ലാവരെയും മാറ്റി ഡോക്ടർമാരോട് കുറച്ചുനേരം രഹസ്യമായി സംസാരിച്ച് പെട്ടെന്ന് അവിടെ നിന്ന് മടങ്ങി. പിന്നീടങ്ങോട്ട് സംഭവിച്ചതത്രയും വിചിത്രവും നാടകീയവവുമായിരുന്നു. 

അദ്ദേഹത്തെ തൊട്ടടുത്ത കെട്ടിടത്തിലെ ട്രോമ ഐ.സി.യു.വിലേക്ക് മാറ്റുകയാണെന്ന് ഡോക്ടർമാർ ഞങ്ങളോട് പറഞ്ഞു. നിലച്ച ശ്വാേസാച്ഛാസം പുനർജീവിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സി.പി.ആറിന്  അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നുമാണ് ഡോക്ടർമാർ പറഞ്ഞത്.  ട്രോമാകെയർ യൂണിറ്റിലെത്തിയശേഷം സംഗതികളാകെ മാറി. ഡോക്ടർമാരോ സ്റ്റാഫോ ആരും പിന്നെ ഒന്നും സംസാരിച്ചില്ല. ആരെയും അകത്തു കയറ്റിയില്ല. 

ഞാനും, പി.വി. അബ്ദുൽ വഹാബ് എം.പി.യും, എം.കെ. രാഘവൻ എം.പി.യും താഴെപ്പോയി മെഡിക്കൽ സൂപ്രണ്ടിനെ കണ്ട് സംസാരിച്ചു. അഹമ്മദിന്റെ മകൾ ഫൗസിയയെയും (പത്തോളജി ഡോക്ടറും മെഡിക്കൽ അധ്യാപികയും) അവരുടെ ഭർത്താവ് ബാബു ഷർഷാദിനെയും (പ്രസിദ്ധനായ നെഫ്രോളജിസ്റ്റ്)  മറ്റു രണ്ടാൺമക്കളെയും കാണാനനുവദിക്കണമെന്ന് ഞങ്ങൾ അഭ്യർഥിച്ചു. തീർച്ചയായും അതുചെയ്യാമെന്ന് സൂപ്രണ്ട്  പറഞ്ഞു. എന്നാൽ, മക്കൾ വന്നപ്പോഴും കാണാൻ സമ്മതിച്ചില്ല.  തുടർന്ന് പുറത്തുനിൽക്കുന്ന ഞങ്ങളെല്ലാം കുറെ കർക്കശമായി സംസാരിച്ചപ്പോൾ മകളെയും ഭർത്താവിനെയും സെക്യൂരിറ്റിക്കാർ അകത്തേക്കു കൊണ്ടുപോയി ഒരു മിനിറ്റിനുള്ളിൽ അവർ തിരിച്ചുവന്നു. നിങ്ങൾ കണ്ടോയെന്ന്‌ അവരോട് ഞാൻ ചോദിച്ചു. ദൂരെ നിന്നേ കാണാൻ സമ്മതിച്ചുള്ളൂവെന്നും അതാവട്ടെ ചില്ലു ജനാലിനകത്തുകൂടെയായിരുന്നെന്നും അവർ കരഞ്ഞു കൊണ്ട് പറഞ്ഞു. 

പിന്നെയും ഒരനക്കവുമില്ലാതെ സമയം നീങ്ങി. ഏതാണ്ട് രാത്രി പന്ത്രണ്ടരയോടടുത്തപ്പോൾ ബ്രൈൻ സ്റ്റംബ് ടെസ്റ്റ് നടത്താൻ ഒരു വിദഗ്‌ധൻ വരുന്നുണ്ടെന്ന് ഒരു സ്റ്റാഫ് വന്ന് പറഞ്ഞു. എന്നാൽ, ഒന്ന്-ഒന്നര മണിയായപ്പോഴും ഒരാളും വന്നില്ല. ക്ഷമയുടെ എല്ലാ അതിരുകളും നഷ്ടപ്പെട്ട ഞങ്ങൾ സെക്യൂരിറ്റി ഗാർഡിനോട് ഡോക്ടർ ഉടനെ ഞങ്ങളുടെ അടുത്തുവന്ന് വിവരം പറയണമെന്നും ഇല്ലെങ്കിൽ അത് വലിയ അനന്തരഫലമുണ്ടാക്കുമെന്നും താക്കീതുനൽകി. ഏതാണ്ട് ഒന്നരമണിയായപ്പോൾ ഡോക്ടർ മക്കളെ അകത്തുകടക്കാൻ സമ്മതിച്ചു. അവരോട് ഡോക്ടർ ആ സമയത്ത് മരണവിവരം അറിയിക്കുകയും ചെയ്തു.
അഹമ്മദിന്റെ മരണത്തെത്തുടർന്ന് നടന്ന കാര്യങ്ങളിൽ കേന്ദ്രസർക്കാരും ആർ.എം.എൽ. ആസ്പത്രി അധികൃതരും രാജ്യത്തോട് മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ട്. മരണ വിവരം പുറത്തറിയിക്കാതെ മൂടിവെച്ചതിന് നിങ്ങൾക്കുള്ള ന്യായീകരണമെന്താണ്. 

സർക്കാറിന്റെ കുടിലരാഷ്ട്രീയത്തിനു കൂട്ടുനിന്നവരായിരുന്നു ആർ.എം.എൽ. ഡോക്ടർമാർ. എത്രയോവർഷം നീണ്ടുനിന്ന മഹത്തായ പാരമ്പര്യമുള്ള ആർ.എം.എല്ലിലെ ഡോക്ടർമാരെ,  ദിവ്യമായ മെഡിക്കൽ പ്രൊഫഷന് നിങ്ങളുണ്ടാക്കിയ നാണക്കേട് തിരുത്താൻ കഴിയുന്നതാണോ... ഹൃദയസ്തംഭനമുണ്ടാകുന്ന ഒരു രോഗിയുടെ ശരീരത്തിൽ 20 മിനിറ്റ്‌ മുതൽ പരമാവധി അരമണിക്കൂർ വരെ മാത്രം ചെയ്യാൻ പാടുള്ള സി.പി.ആർ.പ്രക്രിയ നീണ്ട 15 മണിക്കൂർ അഹമ്മദ് സാഹിബിന്റെ ചേതനയറ്റ ശരീരത്തിൽ പ്രയോഗിച്ചതും അതുവഴി അദ്ദേഹത്തിന്റെ മൃതശരീരം തന്നെ വികൃതമാക്കുകയും ചെയ്ത നടപടി ഡോക്ടർമാർ നടത്തിയ ക്രിമിനൽ കുറ്റമല്ലേ..?
രോഗിയുടെ സ്ഥിതി അതിശയോക്തികലർത്തി പറയാനോ കുറച്ചുകാണിക്കാനോ ഡോക്ടർമാർക്ക് പാടില്ലെന്നും രോഗിയുടെ സ്ഥിതിയെന്താണെന്ന് ഓരോഘട്ടത്തിലും രോഗിയുടെ ബന്ധുക്കളെ അറിയിച്ചിരിക്കണമെന്നുമുള്ള വൈദ്യസദാചാരം പരസ്യമായി ലംഘിച്ച് ഡോക്ടർമാർ ചെയ്ത ഈ മഹാപാപത്തിന് പരിഹാരക്രിയയുണ്ടോ..

പാർലമെന്റിൽ എം.പി.മാർ പ്രശ്നം ഉന്നയിക്കാൻ ശ്രമിച്ചപ്പോൾപോലും ഭൂരിപക്ഷത്തിന്റെ മുഷ്ക് കാണിച്ച് ഭരണകൂടം അതിന് വിലക്കേർപ്പെടുത്തി. ശക്തികൊണ്ട് തടഞ്ഞു. അടിയന്തരപ്രമേയങ്ങളും ശൂന്യവേളയിൽ ഉന്നയിച്ച് സബ്മിഷനുകളെയും എല്ലാം വെട്ടിനുറുക്കി.  സങ്കടപ്പെടുത്തുന്ന സത്യങ്ങളും ഉത്തരംകിട്ടാത്ത ചോദ്യങ്ങളും ഇവിടെ ബാക്കി കിടക്കുന്നു. കാലമതിന് മറുപടി പറയിക്കും... തീർച്ച