കർഷകസമരത്തിന്റെ വിജയം രണ്ടുതരം പ്രതികരണങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ‘മാതൃ­ഭൂമി’ യടക്കമുള്ള മാധ്യമങ്ങൾ കർഷക വിജയത്തെ അഭിവാദ്യം ചെയ്തപ്പോൾ കോർപ്പറേറ്റ് ബിസിനസ് മാധ്യമങ്ങൾ ഖിന്നരാണ്. പരിഷ്കാര വേലിയേറ്റത്തിനു വലിയൊരു തിരിച്ചടിയായിട്ടാണ് അവർ ഇതിനെ വിലയിരുത്തുന്നത്. എന്തായിരുന്നു സമരത്തിന്റെ സാഹചര്യം? എന്താണ് ഇനി വേണ്ടത്?

കൃഷിയും അനുബന്ധ മേഖലകളും ഇന്നും 58 ശതമാനം ജനങ്ങളുടെ ഉപജീവന മാർഗമാണ്. വികസിത രാജ്യങ്ങളിൽ ഇവർ 5-10 ശതമാനമാണ്. ഏതു കാർഷിക പരിഷ്കാരത്തിനു മുതിരുമ്പോഴും നമ്മൾ ഈ വസ്തുത ഓർത്തേ തീരൂ. ഇതു വിസ്മരിച്ച് കാർഷികമേഖലയെ പാശ്ചാത്യരാജ്യങ്ങളിലെന്നപോലെ ആധുനികീകരിക്കുന്നതിന് കോർപ്പറേറ്റുകളെ കൂട്ടുപിടിച്ച് ഇറങ്ങിപ്പുറപ്പെട്ടതിന്റെ പരാജയമാണ് കേന്ദ്രസർക്കാർ ഏറ്റുവാങ്ങിയത്. ഒരുവർഷത്തിലേറെ നീണ്ട ഐതിഹാസിക കർഷകസമരത്തിന്റെ വിജയം രണ്ടുതരം പ്രതികരണങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ‘മാതൃഭൂമി’ യടക്കമുള്ള മാധ്യമങ്ങൾ കർഷക വിജയത്തെ അഭിവാദ്യം ചെയ്തപ്പോൾ കോർപ്പറേറ്റ് ബിസിനസ് മാധ്യമങ്ങൾ ഖിന്നരാണ്.

ഹരിതവിപ്ലവം

ഭൂപരിഷ്കരണവും വികസന ബ്ലോക്കുകളുമായിരുന്നു ആദ്യ പഞ്ചവത്സര പദ്ധതികളിൽ കാർഷിക വികസനത്തിനു സ്വീകരിച്ച സമീപനങ്ങൾ. എന്നാൽ, കേരളമൊഴികെ മറ്റെങ്ങും ഭൂപരിഷ്കരണം ഫലപ്രദമായി നടന്നില്ല. കാർഷിക മുരടിപ്പുമൂലം ക്ഷാമ സാഹചര്യങ്ങൾ സ്വതന്ത്ര ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടു.ഈ സ്ഥിതിവിശേഷത്തെ മറികടക്കുന്നതിന് കണ്ടെത്തിയ മാർഗമാണ് ഹരിതവിപ്ലവം. ഭൂപരിഷ്കരണത്തെ ഉപേക്ഷിച്ചു. അതിനുപകരം കർഷക പ്രമാണിമാരെക്കൊണ്ട് ആധുനിക കൃഷിസമ്പ്രദായം സ്വീകരിപ്പിക്കുന്നതിനുള്ള തന്ത്രത്തിലേക്കു നീങ്ങി. ഇതിനായി അത്യുത്പാദനശേഷിയുള്ള വിത്തുകളും ജലസേചനവും രാസവളവും തറവിലയും ഒരു പാക്കേജായി നൽകി. ഈ പുതിയ സമീപനത്തിന്റെ ഫലമായി കാർഷികോത്പാദനം വർധിച്ചു. ക്ഷാമസാഹചര്യങ്ങൾ മറികടന്നു. 

ഇന്നു ധാന്യം മിച്ചമാണ്. ആവശ്യത്തിലധികം ധാന്യം ഉള്ളതുകൊണ്ടല്ല. ആവശ്യക്കാർക്ക് ഭക്ഷണസാധനങ്ങൾ വാങ്ങാനുള്ള പണമില്ലാത്തതും പ്രധാനകാരണമാണ്. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം നാണക്കേടിന്റെ 101 ആണ്. പ്രതിശീർഷ ധാന്യ ലഭ്യത 1991-ൽ 186.2 ആയിരുന്നത് 2016-ൽ 177.9-ലേക്ക് താഴ്ന്നു. എന്നാൽ, ധാന്യത്തിൽ കേന്ദ്രീകരിക്കുന്നതിനുപകരം കയറ്റുമതി സാധ്യമായ മറ്റു വാണിജ്യ വിളകളിലേക്ക് കൃഷി മാറേണ്ട സമയമായി എന്ന നിഗമനത്തിലാണ് നിതി ആയോഗ് എത്തിയിട്ടുള്ളത്. 

കോർപ്പറേറ്റ് കൃഷി

ആര് ഈ പരിവർത്തനത്തിന് നേതൃത്വം നൽകും? സർക്കാർ സംവിധാനങ്ങളെക്കുറിച്ച് നിതി ആയോഗിന് വേണ്ടത്ര മതിപ്പില്ല. അതുകൊണ്ട് രാജ്യത്തെ കൃഷിയുടെ പുതിയ പരിവർത്തനത്തിന് നേതൃത്വം നൽകാൻ കോർപ്പറേറ്റുകളെയാണ് കണ്ടിട്ടുള്ളത്. ഇവർ കൃഷിക്കാരുമായി കരാറിലേർപ്പെടുകയും ഉത്പാദനക്ഷമത ഉയർത്തുന്നതിനുള്ള യന്ത്രങ്ങൾക്കും മറ്റുമുള്ള വായ്പകൾ ലഭ്യമാക്കുകയും ചെയ്യും. കാർഷികോത്പന്നങ്ങൾ സംഭരിക്കുകയും അവ കയറ്റുമതി ചെയ്യുകയോ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുകയോ ചെയ്യും. പാശ്ചാത്യ രാജ്യങ്ങളിലെന്നപോലെ വൻ അഗ്രിബിസിനസ് കമ്പനികൾ കാർഷികമേഖലയുടെ നേതൃത്വം ഏറ്റെടുക്കും. 

മൂന്നു കാർഷിക നിയമങ്ങൾ

ആദ്യനിയമം പൊതു നിയന്ത്രണത്തിലുള്ള മാർക്കറ്റിങ് യാർഡുകൾ ഇല്ലാതാക്കുന്ന നിയമമാണ്. ഇടനിലക്കാരെ ഒഴിവാക്കി കൃഷിക്കാർക്ക് വിപണന സ്വാതന്ത്ര്യം നൽകുന്ന ഏർപ്പാടായിട്ടാണ് ചിലർ ഇതിനെ വാഴ്ത്താറ്. സത്യാവസ്ഥ അറിയണമെങ്കിൽ മാർക്കറ്റിങ് യാർഡുകളുടെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കണം. കാർഷികോത്പന്നങ്ങളുടെ വിപണി കച്ചവടക്കാരുടെ നിയന്ത്രണത്തിലായിരുന്നു. ഇവർ കൊടുക്കുന്ന അഡ്വാൻസ് കൊണ്ടാണ് കൃഷിതന്നെ ചെയ്തിരുന്നത്. ഇതു കൊടിയ ചൂഷണങ്ങളിലേക്ക് നയിച്ചു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ നിയന്ത്രണത്തിലുള്ള മാർക്കറ്റിങ് യാർഡുകൾ രൂപംകൊണ്ടത്. കച്ചവടക്കാർക്ക് കടിഞ്ഞാൺവീണു. ഈ യാർഡുകൾ വഴിയാണ് സർക്കാർ സംഭരണവും നടത്തിയത്. കൃഷിക്കാരുടെ പ്രാതിനിധ്യത്തോടെയുള്ള കമ്മിറ്റിയാണ് ഇതിനെല്ലാം മേൽനോട്ടം വഹിച്ചത്. ഈ സംവിധാനത്തെ പൊളിച്ചാലേ കോർപ്പറേറ്റുകൾക്കു സ്വതന്ത്രമായി കാർഷിക ഉത്പന്നങ്ങൾ സംഭരിക്കാനാകൂ. പുതിയ നിയമപ്രകാരം മാർക്കറ്റിങ് യാർഡുകൾ തുടരാം. പക്ഷേ, ഉത്പന്നങ്ങൾ അവിടെക്കൊണ്ടുവന്നു വിൽക്കണമെന്നു നിർബന്ധമില്ല. എന്നു മാത്രമല്ല, കുത്തകകൾ അവ വാങ്ങി എത്രവേണമെങ്കിലും സംഭരിക്കുന്നത് നിയമവിധേയമാക്കി. അവശ്യസാധന നിയന്ത്രണനിയമവും ഭേദഗതി ചെയ്യപ്പെട്ടു. 

ഇല്ലാതാകുന്ന തറവില

മേൽപ്പറഞ്ഞ നിയമഭേദഗതികളുടെ ഉന്നം തറവിലയാണ്. മാർക്കറ്റിങ് യാർഡുകൾ ദുർബലമാകുന്നതോടെ കൃഷിക്കാരുടെ വിപണനം കോർപ്പറേറ്റുകളുടെ വരുതിയിലാകും. സംഭരണത്തിൽനിന്ന് പതുക്കെ സർക്കാരിനു പിൻവാങ്ങാം. സർക്കാർ സംഭരണവും തറവിലയും ഇന്ത്യയിലെ കാർഷിക വളർച്ചയെ വികലമാക്കിയെന്നാണ് നിതി ആയോഗിന്റെ കണ്ടെത്തൽ. തറവില കൃത്രിമമായി വില ഉയർത്തിനിർത്തുന്നു. തന്മൂലം ധാന്യകൃഷിയിൽനിന്ന് കയറ്റുമതിയോന്മുഖമായ മറ്റു വിളകളിലേക്കു നീങ്ങാൻ കൃഷിക്കാർ മടിക്കുന്നു. ഉത്പാദനച്ചെലവും 50 ശതമാനം മാർജിനും വിലയായി ലഭ്യമാക്കണം എന്നായിരുന്നല്ലോ ­എം.എസ്. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട്. ഇങ്ങനെയുള്ള ഉറപ്പുകളെല്ലാം ഒഴിവാക്കണം, വില കമ്പോളത്തിൽ തീരുമാനിക്കാൻ സൗകര്യം സൃഷ്ടിക്കണം എന്നാണ് നിതി ആയോഗ് കാഴ്ചപ്പാട്. 
കൃഷിക്കാർക്ക് സൗജന്യ വൈദ്യുതി നൽകുന്നതിനും ഇവർ എതിരാണ്. സൗജന്യ വൈദ്യുതിയുള്ളതുകൊണ്ടാണ് ഭൂഗർഭജലം കൂടുതൽ ആഴത്തിൽനിന്ന് വലിച്ചെടുത്ത് കൃഷി ചെയ്യുന്നത്. ഇതു പരിസ്ഥിതിക്കും ദോഷകരമാണ്. അതുകൊണ്ട് കൃത്രിമ തറവില മാത്രമല്ല, വൈദ്യുതി സൗജന്യവും നിർത്തലാക്കണം. ഇതാണ് പുതിയ വൈദ്യുതിബില്ലിൽ ചെയ്യാൻ ശ്രമിക്കുന്ന ഒരു കാര്യം.

കോൺട്രാക്ട് ഫാമിങ്

അങ്ങനെ സൗജന്യങ്ങളിൽനിന്നും തറവിലയിൽനിന്നും സ്വതന്ത്രമാക്കപ്പെട്ട കൃഷിക്കാരെ രക്ഷിക്കാനുള്ള ചുമതല കോർപ്പറേറ്റുകൾ ഏറ്റെടുക്കുകയാണ്. ഇതിനാണ് കോൺട്രാക്ട് ഫാമിങ് സംബന്ധിച്ച പ്രത്യേക നിയമം. ചെറുകിട കൃഷിക്കാരും ഭീമൻ അഗ്രിബിസിനസ് കമ്പനികളും തമ്മിൽ കരാറിലേർപ്പെടുമ്പോൾ ആർക്കായിരിക്കും മുൻകൈയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കോൺട്രാക്ടറുടെ ഇഷ്ടത്തിനൊത്ത് കൃഷിക്കാരൻ തുള്ളേണ്ടിവരും. മൂല്യവർധനയുടെ നേട്ടം അഗ്രിബിസിനസിന്റെ പോക്കറ്റിലേക്കും പോകും.

പ്രശ്നങ്ങൾ തീരുന്നില്ല ഇനിയെന്ത്?

ഈ മൂന്നു നിയമങ്ങളും പിൻവലിച്ചതുകൊണ്ട് പ്രശ്നങ്ങൾ തീരുന്നില്ല. തറവില ഉയർത്തി നിശ്ചയിക്കണം. കാർഷിക മേഖലയിലെ പൊതു നിക്ഷേപം കുത്തനെ കുറഞ്ഞതാണ് കാർഷിക ഉത്പാദന ക്ഷമതയുടെ മുരടിപ്പിനു കാരണം. കർഷകരുടെ പ്രൊഡ്യൂസർ കമ്പനികളിലൂടെ മൂല്യവർധനയുടെ നേട്ടം കൃഷിക്കാർക്ക് ലഭ്യമാക്കണം. ഭൂഗർഭ ജലവിതാനം ഉയർത്തുന്നതിന് നീർത്തട വികസന പരിപാടികൾ വ്യാപകമാക്കണം. കേരളത്തിൽ വാണിജ്യവിളകളാണ് മുഖ്യമായും കൃഷി ചെയ്യുന്നത് എന്നതുകൊണ്ട് മറ്റു സംസ്ഥാനങ്ങളിലെപ്പോലെ മാർക്കറ്റിങ് യാർഡുകളല്ല, അതത് കമോഡിറ്റി ബോർഡുകളുടെ കീഴിൽ പ്രത്യേക വിപണനസംവിധാനങ്ങളാണ് ഉണ്ടായിരുന്നത്. അവയെല്ലാം ദുർബലപ്പെടുന്നുവെന്നത് നാം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി ശക്തമായ അധികാരവികേന്ദ്രീകരണമുണ്ട്. ഇത് നീർത്തട വികസനപരിപാടിയുടെ അടിസ്ഥാനത്തിൽ മൂല്യവർധിത കൃഷിരീതികൾ അവലംബിക്കാൻ നമുക്ക് അവസരം നൽകുന്നുണ്ട്.

അദാനിയും കാർഷിക വായ്പകളും

യന്ത്രവത്കരണം, ഗോഡൗൺ ഈടിനു വായ്പ, ഫാർമർ പ്രൊഡ്യൂസർ സംഘങ്ങൾക്ക് ഉത്പാദനക്ഷമത വർധിപ്പിക്കാൻ വായ്പ എന്നിവയ്ക്കായി സംയുക്ത വായ്പ നൽകാനാണു പരിപാടി. കൃഷിക്കാരെ തിരഞ്ഞെടുക്കുന്നതും അവരോടു കരാർ ഉണ്ടാക്കുന്നതും അദാനി. പക്ഷേ, 70 ശതമാനം പണം എസ്.ബി.ഐ. നൽകും. തിരിച്ചടവ് ഉറപ്പാക്കേണ്ടത് അദാനി. കൃഷിക്കാർ നൽകേണ്ട പലിശ അദാനിക്കു തീരുമാനിക്കാം.എസ്.ബി.ഐ. 22,200 ബ്രാഞ്ചുകളും 46 കോടി ഇടപാടുകാരും 2.5 ലക്ഷം ജീവനക്കാരും 48 ലക്ഷം കോടിയുടെ ആസ്തികളുമുള്ള ബാങ്കാണ്. എന്നാൽ, അദാനിയുടെ ബാങ്കിതര ധനകാര്യ സ്ഥാപനമോ? ആറ് സംസ്ഥാനങ്ങളിലായി 63 ബ്രാഞ്ചുകൾ, 760 ജീവനക്കാർ, 28,000 ഇടപാടുകാർ, 1300 കോടി രൂപയുടെ ആസ്തികൾ. രണ്ടും തമ്മിൽ അജഗജാന്തരം.അദാനിയുടെ ലക്ഷ്യം വ്യക്തം. സ്റ്റേറ്റ് ബാങ്കിന്റെ ചുമലിൽക്കയറി കാർഷിക വായ്പമേഖലയിലെ പിടി അതിവേഗം വ്യാപിപ്പിക്കുക. കാർഷികനിയമങ്ങൾ പിൻവലിച്ചത് അദാനിക്ക് ഒരു തിരിച്ചടിയായി. വലിയതോതിൽ കാർഷിക വിപണിയിൽ ഇടപെടുന്നതിന് അദാനി തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഇനിയിപ്പോൾ കാർഷിക നിയമം ഇല്ലെങ്കിലും വായ്പച്ചരടുകൾ ഉപയോഗിച്ച് അദാനിക്ക് കൃഷിക്കാരെ നിയന്ത്രിക്കാം. അത്യന്തം ഗുരുതരമായ ഒരു സംഭവവികാസമാണിത്. അദാനി കമ്പനിപോലുള്ളവരുമായി കൂട്ടുചേർന്നതുകൊണ്ട് ബാങ്കിന് എന്തുനേട്ടമെന്ന് എസ്.ബി.ഐ. അധികൃതർ വിശദീകരിച്ചേ തീരൂ.