ചൈനീസ് കടന്നുകയറ്റങ്ങൾ, പ്രത്യേകിച്ചും പട്രോളിങ് സമയത്ത്‌ ഇതിനുമുമ്പും ഒട്ടേറെത്തവണ ഉണ്ടായിട്ടുണ്ട്. കൈയാങ്കളിയും കല്ലേറും ഇടയ്ക്കെല്ലാം നടന്നിട്ടുമുണ്ട്. പക്ഷേ, അതെല്ലാം ഇപ്പോഴത്തെപ്പോലെ ഒരേസമയത്തു  ഒന്നിലധികംസ്ഥലങ്ങളിലായിരുന്നില്ല എന്നതാണ് ശ്രദ്ധേയം.
മുൻനിരക്കാർക്ക് ആവശ്യമെങ്കിൽ പിന്തുണയുമായി ആയിരക്കണക്കിന് പട്ടാളക്കാർ ഇരുഭാഗത്തും സജ്ജമായിട്ടുമുണ്ട്. എന്നാൽ, ഇരുഭാഗത്തും ഒട്ടേറെ സൈനികർക്ക് പരിക്കേറ്റെങ്കിലും മുൻകാലങ്ങളിലെപ്പോലെ ഉന്തിലും തള്ളിലുമായി കാര്യങ്ങൾ ഒതുക്കുകയും ഒരുവെടിയുണ്ടപോലും ഉതിർക്കാതിരുന്നതും കാര്യങ്ങൾ കൈവിട്ടുപോകാതെ നോക്കണമെന്ന് ഇരുഭാഗത്തിനും ശക്തമായ നിർദേശങ്ങൾ ഉള്ളതുകൊണ്ടാണ്.

അതിർത്തിത്തർക്കം നിലനിൽക്കുമ്പോഴും ഇരുഭാഗത്തിനും യഥാർഥനിയന്ത്രണരേഖയെക്കുറിച്ച്‌ പലയിടങ്ങളിലും ധാരണയിലെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല എന്നതുതന്നെയാണ് ഇത്തരം കടന്നുകയറ്റങ്ങൾക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്.
അതിർത്തിപ്രദേശങ്ങളിൽ മഞ്ഞുരുകുന്നതോടെ ഇരുഭാഗവും പട്രോളിങ് തുടങ്ങുമ്പോൾ, പരസ്പരം മുന്നിൽപ്പെടാതിരിക്കാൻ പണ്ടെല്ലാം ശ്രദ്ധിക്കുമായിരുന്നു. ഇന്ന് ആ സ്ഥിതിമാറി. പട്രോളിങ്ങുകൾ തമ്മിലുള്ള അന്തരംകുറയ്ക്കുകയും അതിന്റെ തീവ്രതകൂട്ടുകയും ചെയ്തപ്പോൾ മറുഭാഗം മുന്നിൽപ്പെടുന്നതിനുള്ള സാധ്യത സ്വാഭാവികമായും വർധിച്ചു. വഴിമാറിപ്പോയിരുന്നവർ   വഴിതടയാനും വേണ്ടിവരുമ്പോൾ അല്പസ്വല്പം കൈയൂക്കുകാട്ടാൻ  മടികാട്ടാതിരിക്കുകയുംചെയ്യുന്നു.

മാറിയ നയം
ഏകദേശം ഒരുദശകം മുമ്പുവരെ ചൈനീസ് അതിർത്തിയിൽ നല്ലൊരുപരിധിവരെ പ്രതിരോധത്തിലൂന്നിയ നിലപാടാണ് ഇന്ത്യ അവലംബിച്ചിരുന്നത്. അതിർത്തിയിലേക്കും  അതിർത്തിയിൽത്തന്നെയും ഉള്ള റോഡുകളും  സൈനികവിമാനത്താവളങ്ങളും തുടങ്ങിയ പ്രതിരോധ അടിസ്ഥാനസൗകര്യങ്ങളും മറ്റും വികസിപ്പിക്കുന്നതിൽ പല കാരണങ്ങളാലും ഒരുതരം വൈമനസ്യമാണ് നാം കാട്ടിയിരുന്നത്.

രണ്ടാം യു.പി.എ.സർക്കാരിന്റെ അവസാനത്തോടെയാണ് ഇതിൽ പ്രകടമായ മാറ്റമുണ്ടായത്. അതിപ്രധാനമെന്ന് ചൈന വിശ്വസിക്കുന്ന താത്പര്യങ്ങൾ സംരക്ഷിക്കേണ്ടിവരുമ്പോൾ ഇന്ത്യയെപ്പോലുള്ള അയൽരാജ്യങ്ങളുമായി വിട്ടുവീഴ്ചകൾക്ക് അവർ തയ്യാറാവുകയില്ലെന്നുമാത്രമല്ല,  തങ്ങൾക്കു വിലങ്ങുതടിയായേക്കാവുന്ന അത്തരം രാജ്യങ്ങളെ ദുർബലപ്പെടുത്താൻ അവർ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. ഈ വസ്തുത അംഗീകരിക്കപ്പെട്ടതോടെ ഇന്ത്യയും അതിർത്തികളിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ സജീവമാകാൻ തുടങ്ങി.

തങ്ങളുടെ ഭാഗത്ത് വർഷങ്ങൾക്കുമുമ്പ്‌ നിർമിച്ച ഉന്നത നിലവാരമുള്ള ഇത്തരം പ്രതിരോധ അടിസ്ഥാനസൗകര്യങ്ങൾക്ക് വളരെ പിന്നിലാണ് ഇന്ത്യ എന്ന അറിവുണ്ടായിട്ടും തങ്ങളുടെ സൗകര്യങ്ങൾ തുടർച്ചയായി വർധിപ്പിച്ചുകൊണ്ടിരുന്ന ചൈന, ഈ മേഖലയിൽ ഇന്ത്യ നടത്തിയ ശ്രമങ്ങളെ അവയെല്ലാം ചൈനയുടെ ഭൂപ്രദേങ്ങളിലാണെന്ന കാരണംപറഞ്ഞ്‌  തടഞ്ഞുകൊണ്ടേയിരുന്നു.

പുതിയ കാരണം
ലഡാക്കിൽ പാൻഗോങ് തടാകത്തിൽ ഇതിനുമുമ്പും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്.  എന്നാൽ, ഇപ്പോൾ ചൈനീസ് സൈനികർ പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഗാൽവൻ താഴ്‌വര, ഡർബുക്കിൽനിന്ന്‌ ഷയാക് വഴി ദൗലത് ബേഗ് ഗോൾഡിയിലേക്ക് നാം നിർമിച്ചുകൊണ്ടിരിക്കുന്ന റോഡ് കടന്നുപോകുന്ന, വർഷങ്ങളായി ചൈനയുടെ എതിർപ്പുകളൊന്നുമില്ലാതെ ഇന്ത്യൻ സൈനികർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭൂപ്രദേശമാണ്. ഇപ്പോൾ അവിടെ ഇന്ത്യൻസൈനികരെ തടയുന്നത്, ഇന്ത്യ ഏകപക്ഷീയമായി നിലവിലുള്ള യാഥാർഥ്യങ്ങളെ മാറ്റാൻ   ശ്രമിക്കുന്നുവെന്നാരോപിച്ചുകൊണ്ടാണ്. അതായത്, മറ്റുപല അവസരങ്ങളിലും ചെയ്യാറുള്ളതുപോലെ ഒരു പുതിയ അവകാശവാദവുമായാണ് ചൈന ഇറങ്ങിയിരിക്കുന്നത്. ഈ റോഡ് പൂർത്തിയായാൽ ചൈന തങ്ങളുടെ ഹൃദയവാൽവുകളിൽ ഒന്നായിക്കരുതുന്ന കാരക്കോറം മലയിടുക്കിലേക്ക് ഇന്ത്യൻസൈന്യത്തിന് എളുപ്പം എത്താൻകഴിയും. അതുതന്നെയാണ് അവരുടെ എതിർപ്പിനുപിന്നിലെ യഥാർഥകാരണവും.

2017-ലെ ഡോക് ലാം പ്രശ്നസമയത്ത് 1962-ലെ സമാനമായ രീതിയിൽ ചൈനീസ് വിദേശകാര്യമന്ത്രാലയവും മാധ്യമങ്ങളും പോർവിളിയും യുദ്ധഭീഷണിയും മുഴക്കിയിരുന്നു. വിദേശികളായ ഏറെ വായനക്കാരുള്ള, ചൈനീസ്  കമ്യൂണിസ്റ്റ് പാർട്ടിയുമായി അടുത്തബന്ധമുള്ള ഗ്ലോബൽ ടൈംസ് ഒഴികെ മറ്റു ചൈനീസ് മാധ്യമങ്ങളെല്ലാം പൊതുവേ  സമചിത്തതയോടെയാണ് ഈവിഷയം കൈകാര്യംചെയ്തത് എന്നത്‌ ശ്രദ്ധിക്കുക.

പ്രശ്നം അസ്ഥിരമല്ലെന്നും നിയന്ത്രണവിധേയമാണെന്നും മേയ് 27-ാം തീയതി ചൈനീസ്‌ സർക്കാർ പറഞ്ഞതും ശ്രദ്ധേയമാണ്. ഇന്ത്യാസർക്കാർ ഇക്കാര്യത്തിൽ ഒരു ഔദ്യോഗികപ്രസ്താവന നടത്തുന്നതിനുമുമ്പ് ചൈനീസ് ഭാഗം നടത്തിയ ഈ പരസ്യപ്രസ്താവന കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ അവർ ശ്രദ്ധിക്കുമെന്നതിന്റെ സൂചനയാണ്. എന്നാൽ, തങ്ങൾ മുന്നോട്ടുവെച്ച  ആവശ്യങ്ങൾക്ക് ഒരുതീരുമാനമാകുന്നതിനുമുന്പ് അവർ ഉടനെ തിരിച്ചുപോകുമെന്ന് ഇതിനർഥവുമില്ല.

ജനശ്രദ്ധ തിരിച്ചുവിടാൻ
കൊറോണവൈറസ് പടർന്നത് ആദ്യം മൂടിവെച്ചതിനാലാണ് അത് ലോകമെമ്പാടും പടർന്നതെന്ന ആരോപണം ശക്തമായതോടെ ചൈന പ്രതിരോധത്തിലാണ്. വിദേശരാജ്യങ്ങളെ മാത്രമല്ല, അനുദിനം തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് സ്വന്തം ജനതയെയും അവർക്ക്‌ ശാന്തരാക്കേണ്ടതുണ്ട് .

കഴിഞ്ഞ ചില ദശകങ്ങളായി അന്നാട്ടിലെ ശ്രേഷ്ഠജീവിതം മോഹിക്കുന്ന യുവാക്കളെ കമ്യൂണിസ്റ്റ്പാർട്ടിക്കൊപ്പം  നിർത്താൻകഴിഞ്ഞത് അവരുടെ മോഹങ്ങൾ നിറവേറ്റാൻ അവസരങ്ങളുണ്ടാക്കിയെന്നതുകൊണ്ടാണ്. എന്നാൽ,  കോവിഡ് ബാധയ്ക്കുശേഷം ആഗോളതലത്തിൽ  സാമ്പത്തികമാന്ദ്യം സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ ആ അവസ്ഥയ്ക്ക് താത്കാലികമായെങ്കിലും മാറ്റമുണ്ടാകുമെന്നു ചൈനീസ് നേതൃത്വം ഭയക്കുന്നു. ഇത്തരം ആന്തരികപ്രശ്നങ്ങളിൽനിന്ന്‌ ജനശ്രദ്ധ താത്കാലികമായെങ്കിലും തിരിച്ചുവിടാൻ പറ്റിയ എളുപ്പമാർഗം ദേശീയത ഊട്ടിവളർത്തുകയാണല്ലോ.

രക്ഷപ്പെടാൻ മാർഗങ്ങൾ കുറയുമ്പോൾ ആക്രമണമാണ് പ്രതിരോധത്തിനുപറ്റിയ എളുപ്പവഴിയെന്ന് എന്നും വിശ്വസിച്ചിരുന്ന ചൈനീസ് നേതൃത്വം ഇന്ത്യൻ അതിർത്തിയിൽ മാത്രമല്ല, ഉപരിപ്ലവങ്ങളായ ഇത്തരം പ്രയോഗങ്ങൾ ഒരേസമയം പയറ്റുന്നത്. അമേരിക്ക, ഓസ്‌ട്രേലിയ, ദക്ഷിണചൈനാസമുദ്രത്തിൽ വിയറ്റ്‌നാം പോലുള്ള രാജ്യങ്ങൾ, സ്വതന്ത്രവാദികൾ നയിക്കുന്ന തയ്‌വാനിലെ ഭരണകൂടം, ഹോങ്‌ കോങ്ങിലെ  ജനാധിപത്യവാദികൾ, കിഴക്കൻ ചൈനക്കടലിൽ ജപ്പാൻ എന്നിങ്ങനെ ചൈനീസ് താത്പര്യങ്ങൾക്കു വഴങ്ങാത്തവരുടെയെല്ലാംമേൽ ഓരോ തരത്തിലുള്ള സമ്മർദങ്ങൾ ചെലുത്തിക്കൊണ്ടിരിക്കുകയുമാണ് ചൈന. ഇതിനെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയും സർക്കാരും  നിയന്ത്രിക്കുന്ന രാജ്യത്തെ മാധ്യമങ്ങളുടെയെല്ലാം ശക്തമായ പിന്തുണയുണ്ടെന്നുമാത്രമല്ല, സാമൂഹികമാധ്യമങ്ങളിൽ ഈ വിഷയങ്ങളെക്കുറിച്ചുള്ള ചൈനാഅനുകൂല ചർച്ചകൾ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്.

ചൈനയുടെ സന്ദേശങ്ങൾ
പ്രശ്നങ്ങൾ വലുതാകുമ്പോൾ ചൈനക്കാർ പൊതുവിലും  നയതന്ത്രതലത്തിൽ പ്രത്യേകിച്ചും കാര്യങ്ങൾ നേരിട്ടുപറയാതെ ‘വ്യംഗ്യസന്ദേശങ്ങൾ’ നൽകുക പതിവാണ്. അത്തരമൊരു സന്ദേശമാണ് അതിർത്തിയിൽ പലയിടങ്ങളിൽ ഒരേസമയം കടന്നുകയറിക്കൊണ്ട് ഇന്ത്യക്കുനൽകാൻ ശ്രമിക്കുന്നതെന്നും പറയാം. ഈയിടെ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ഇന്ത്യൻ വിപണിയിൽ നടത്തിയ ചില ഇടപെടലുകൾക്കുശേഷം ചൈനീസ് നിക്ഷേപങ്ങൾ ഇനിമുതൽ സർക്കാർനിരീക്ഷണത്തിന് വിധേയമാക്കും എന്ന ഇന്ത്യൻതീരുമാനം ചൈനയെ ചൊടിപ്പിച്ചിരുന്നു.

അതേപോലെ അമേരിക്കയുമായി ഇന്ത്യ അടുക്കുന്നത് ചൈനയ്ക്ക് ഒരിക്കലും സഹിക്കാൻകഴിയാത്ത കാര്യമാണ്. ഇന്ത്യ അമേരിക്കയോടും ഓസ്‌ട്രേലിയയോടും ചൈനയുടെ പരമ്പരാഗതവൈരികളായ ജപ്പാനോടും ചേർന്ന് ചതുർഭുജ സുരക്ഷാകാര്യ സംവാദപ്രക്രിയയ്ക്ക് (ക്വാഡ്) രൂപംനൽകിയത് ചൈനയെ ഒതുക്കാനാണെന്നും നാളെ അതിനൊരു  സൈനികതലംകൂടി ഉണ്ടാകുമെന്നും അവർ ദൃഢമായി വിശ്വസിക്കുന്നു. ഈ നാലുരാജ്യങ്ങളിൽ ഇന്ത്യക്കു മാത്രമാണ് ചൈനയുമായി സുദീർഘവും അതും ദശകങ്ങളായി തർക്കത്തിൽ തുടരുന്നതുമായ ഒരു ഭൂതല അതിർത്തിയുള്ളതെന്നും ചൈന ഓർമിപ്പിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ആഗോള അടിസ്ഥാനത്തിൽ നടന്നുകൊണ്ടിരിക്കുന്ന ചൈനാവിരുദ്ധ നടപടികളിൽ ഐക്യരാഷ്ട്രസഭയിലും ലോകാരോഗ്യ സംഘടനയുടെ നിർവാഹകസമിതി തുടങ്ങിയ മറ്റു സുപ്രധാനവേദികളിലും ഇന്ത്യ അമേരിക്കയ്ക്കൊപ്പം മുന്നിട്ടിറങ്ങിയാൽ അതിന് വലിയവില കൊടുക്കേണ്ടിവരും എന്നരീതിയിലുള്ള ഒരുഭീഷണിയുടെ സ്വരവും വ്യക്തമാണ്.

(ചൈനയിലെ വിവിധ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ലേഖകൻ കൊച്ചി സി.പി.പി.ആറിൽ സീനിയർ ഫെലോ ആണ്)

Content Highlights: Diplomatic Relations between China and India