image"പോസിറ്റീവാകാനാണ് സർക്കാർ ആഹ്വാനം ചെയ്യുന്നത്. ചുറ്റും ഇരുട്ടുപരക്കുമ്പോൾ അർഥശൂന്യമായ ഹർഷാരവങ്ങൾ മുഴക്കാൻ അവർ നിർദേശിക്കുന്നു. ‘പോസിറ്റീവ്’ ആകൂ എന്നതുകൊണ്ട് അർഥമാക്കുന്നത് നിങ്ങളുടെ വീഴ്ചകളെ  നിരാകരിക്കാനാണെങ്കിൽ, തെറ്റുകൾക്ക് കൂട്ടുനിൽക്കാനാണെങ്കിൽ, പിഴവുകൾ ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷത്തിന്റെ ‘നെഗറ്റീവ് ചിന്താഗതി’യെ ആക്രമിക്കാനാണെങ്കിൽ, മാധ്യമങ്ങളെയും ജനങ്ങളെയും  തെറ്റിദ്ധരിപ്പിക്കാനാണെങ്കിൽ അതുകൊണ്ട് എന്തുകാര്യം?  അത്തരം ‘പോസിറ്റിവിറ്റി’യുടെ മൂല്യം എന്താണ്?" 

1921-ൽ, പിന്നീട് എഡ്വേർഡ് എട്ടാമൻ എന്നറിയപ്പെട്ട വെയിൽസ് രാജകുമാരൻ ഇന്ത്യ സന്ദർശിച്ചു. അക്കാലത്ത് പ്രചാരത്തിൽവന്ന ദേശീയവാദകഥകളിൽ ഒന്ന് ഇങ്ങനെയാണ് -പ്രൗഢഗംഭീരമായ ഏതാനും കെട്ടിടങ്ങളും മുന്തിയ വാഹനങ്ങളും വൈദ്യുതനിലയങ്ങളും ചൂണ്ടിക്കാട്ടി, തന്നെ അനുഗമിച്ച ഇന്ത്യക്കാരനോട് രാജകുമാരൻ ചോദിച്ചു: ‘‘നോക്കൂ, ഞങ്ങൾ എല്ലാം തരുന്നുണ്ട്, എന്നിട്ടും എന്തിന്റെ കുറവിനെക്കുറിച്ചാണ് നിങ്ങൾ പരാതിപ്പെടുന്നത്?’’ ഇന്ത്യക്കാരൻ വിനയത്തോടെ മറുപടിപറഞ്ഞു: ‘‘സർ, ആത്മാഭിമാനത്തെക്കുറിച്ച്’’.
ഒരുപക്ഷേ, ഭാവനാസൃഷ്ടിയാണെങ്കിൽപ്പോലും ഇന്ത്യൻ ദേശീയബോധത്തിന്റെ സത്തയും കഴിഞ്ഞ ഏഴരപ്പതിറ്റാണ്ടുകൊണ്ട് സ്വായത്തമാക്കിയ ആത്മാഭിമാനത്തിന്റെ മൂല്യവും ഈ കഥയിൽ പ്രകാശിക്കുന്നുണ്ട്. 

പ്രശ്നങ്ങൾ പിഴവുകളുടെ സന്തതി

നമ്മളുടെ വിധിയുടെ കർതൃത്വം നമുക്കുതന്നെയാണ്. നമ്മളുടെ പ്രശ്നങ്ങൾ സ്വന്തം പിഴവുകളുടെതന്നെ ഫലമാണ്. അത് പരിഹരിക്കാൻ വിദൂരത്തുനിന്നും രക്ഷകനെ കാത്തിരിക്കാതെ സ്വയം പ്രവർത്തിക്കണമെന്ന തിരിച്ചറിവിൽനിന്നാണ് ആത്മാഭിമാനം നാമ്പിടുന്നത്. എന്നാൽ, കൊളോണിയലിസം മറ്റു പലതിനുമൊപ്പം ഈ ബോധ്യങ്ങളെയും ഇന്ത്യക്കാരിൽനിന്ന് തട്ടിപ്പറിച്ചു. 
അതുകൊണ്ടുതന്നെ, സ്വതന്ത്ര ഇന്ത്യ നയതന്ത്ര സ്വയംനിർണയത്തോടും ചേരിചേരാ വിദേശനയത്തോടും (കഴിഞ്ഞ രണ്ടുനൂറ്റാണ്ടായി ലോകത്ത് നമ്മുടെ സ്ഥാനം എന്താണെന്ന് തീരുമാനിച്ചത് വിദേശശക്തികളാണ്. എന്നാൽ, ഇനി അതുവേണ്ടാ) സാമ്പത്തിക സ്വാശ്രയത്വത്തോടും (നിങ്ങൾ പറയുന്നു, ഞങ്ങളുമായി വ്യാപാരത്തിന് താത്പര്യമുണ്ടെന്ന്. ഈസ്റ്റ് ഇന്ത്യാ കമ്പനിയും പറഞ്ഞത് ഇതുതന്നെയാണ്. ഒടുവിൽ അവർ ഞങ്ങളെ ഭരിക്കുന്നതുവരെ കാര്യങ്ങൾ എത്തി. അതുകൊണ്ട് വിദേശകുത്തകകൾ മാറിനിൽക്കുക) പ്രകടിപ്പിച്ച താത്പര്യത്തിന്റെ കാരണം വ്യക്തമാണ്. ബ്രിട്ടീഷുകാർ ഇന്ത്യക്കാർക്ക് നിഷേധിച്ച ആത്മാഭിമാനം ഏതുവിധേനയും വീണ്ടെടുക്കേണ്ടത് അത്യാവശ്യമായിരുന്നു. 

ഒട്ടുംതന്നെ എളുപ്പമായിരുന്നില്ല ആ ലക്ഷ്യം. കടുത്ത ദാരിദ്ര്യംമൂലം ലക്ഷക്കണക്കിന് ആളുകൾ മരിക്കുകയും ഭക്ഷ്യക്ഷാമം അതിരൂക്ഷമാവുകയും ചെയ്ത അന്നത്തെ സാഹചര്യത്തിൽ വിദേശസഹായങ്ങളെ ആശ്രയിക്കുകയല്ലാതെ ഇന്ത്യക്ക് വഴിയുണ്ടായിരുന്നില്ല. എന്നാൽ, 1960-കളിലെ ഹരിതവിപ്ലവത്തിലൂടെ സ്ഥിതി മാറി. ഇന്ത്യയുടെ കാർഷികോത്പാദനം നാലിരട്ടിയായെങ്കിലും വർധിച്ചു. അതോടെ ‘കപ്പലിൽനിന്ന് വായിലേക്ക്’ എന്ന നാണംകെട്ട അവസ്ഥയിൽനിന്ന് ഇന്ത്യക്കാർക്ക് മോചനം കിട്ടി. 

ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കുപിന്നാലെ '90-കളിൽ സാമ്പത്തിക ഉദാരവത്കരണവും പ്രാവർത്തികമായതോടെ വ്യവസായമേഖലയിലും സേവനരംഗത്തും കുതിച്ചുചാട്ടമുണ്ടായി. 

നഷ്ടപ്പെടുത്തിയ ആത്മബോധം

ഈ പുരോഗതികളത്രയും ഇന്ത്യയുടെ ആത്മബോധത്തിലുണ്ടാക്കിയ ഉണർവ് 2004-ലെ ഏഷ്യൻ സുനാമി രാജ്യം കൈകാര്യംചെയ്ത രീതിയിൽ പ്രകടമാണ്. ദുരന്തത്തെ അതിജീവിക്കാൻ വിദേശസഹായം ആവശ്യമില്ലെന്ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ആത്മവിശ്വാസമുണ്ടായി. സ്വന്തം വിഭവങ്ങൾകൊണ്ട് ആഘാതത്തെ നേരിടുകമാത്രമല്ല, ശ്രീലങ്ക, ഇൻഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് വികസിത രാജ്യങ്ങൾക്കൊപ്പംനിന്ന് സഹായമെത്തിക്കാനും ഇന്ത്യക്ക് സാധിച്ചു. 21-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ജി.ഡി.പി.ക്കൊപ്പം ദരിദ്രരാജ്യങ്ങൾക്കുള്ള ഇന്ത്യയുടെ സഹായ പദ്ധതികളിലും (വികസനോത്മുഖ സഹകരണം എന്നാണ് ഇന്ത്യൻ സർക്കാർ അതിനെ വിശേഷിപ്പിച്ചത്) വർധനയുണ്ടായി. 

ഇനി 2018-ലും 2019-ലും കേരളത്തിലുണ്ടായ പ്രളയത്തിന്റെ കാര്യമെടുക്കാം. മലയാളികൾ അധികമായി ജോലിചെയ്യുന്ന വിദേശരാജ്യങ്ങൾ കേരളത്തിന് സഹായം വാഗ്ദാനംചെയ്ത് രംഗത്തെത്തി. എന്നാൽ, അതിന്റെ ആവശ്യമില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട്. വിദേശസഹായം സ്വീകരിക്കേണ്ട അവസ്ഥ ഇന്ത്യക്ക് ഇല്ലെന്ന് ധന, വിദേശകാര്യ മന്ത്രിമാരും ആവർത്തിച്ചു. 

വികസനവും ദാരിദ്ര്യനിർമാർജനവും സ്വന്തം ഉത്തരവാദിത്വമാണെന്നും അതുനടപ്പാക്കാനുള്ള വിഭവങ്ങൾ സ്വന്തംനിലയ്ക്ക് കണ്ടെത്താൻ ശേഷിയുണ്ടെന്നും അവർ വ്യക്തമാക്കി.
രാഷ്ട്രീയഭേദമില്ലാതെ, സ്വാശ്രയത്വബോധം ഇന്ത്യൻ സർക്കാരുകളുടെ നിലപാടായി തുടർന്നുപോന്നു. അടുത്തിടെ, 2020 ജൂണിൽ ആത്മനിർഭരതയെ (സ്വയംപര്യാപ്തത) ഇന്ത്യ ഭരണതത്ത്വമായി പുണരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുകയും ചെയ്തു. വിദേശവിതരണ ശൃംഖലകളിലുൾപ്പെടെയുള്ള പരാശ്രിതത്വം അപകടമാണെന്ന് കോവിഡ് പഠിപ്പിച്ചതായി അദ്ദേഹം വിശദീകരിച്ചു. നമ്മൾ നമ്മളെത്തന്നെ എങ്ങനെ നോക്കിക്കാണുന്നെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും രാജ്യത്തിന്റെ ഭാവിയും സമൃദ്ധിയും. നമുക്കുവേണ്ടത് ഉത്പാദിപ്പിക്കാൻ മാത്രമല്ല, കയറ്റിയയക്കാനും മാത്രം പ്രാപ്തമാകണമെന്നും പ്രധാനമന്ത്രി ആഹ്വാനംചെയ്തു. 

2021 ജനുവരിയിൽ പ്രധാനമന്ത്രി ദാവോസിൽ പ്രഖ്യാപിച്ചു, സ്വയംപര്യാപ്തത നേടുകയെന്ന പ്രതിജ്ഞയെടുത്താണ് ഇന്ത്യ മുന്നോട്ടുപോകുന്നതെന്ന്. ഇന്ത്യയുടെ സ്വാശ്രയത്വം ആഗോളക്രമത്തെ തിരുത്തിയെഴുതുമെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. അതിലെ സന്ദേശം വ്യക്തമായിരുന്നു, കോവിഡ് മഹാമാരിയിൽനിന്ന് ലോകത്തെ രക്ഷിക്കാൻപോകുന്നത് ഇന്ത്യയാണെന്ന്. 
എന്നാൽ, പ്രധാനമന്ത്രി പറഞ്ഞതിനെല്ലാം വിപരീതമാണ് ഇന്നത്തെ അവസ്ഥ. വാട്‌സാപ്പിൽ ലഭിച്ച ഒരു തമാശ ആ പൊങ്ങച്ചത്തിന്റെ കാറ്റഴിച്ചുവിടുന്നുണ്ട്. അതിങ്ങനെയാണ്: ‘കുറച്ചു മാസങ്ങൾക്കുമുമ്പ് മോദിഭക്തർ വീരവാദം മുഴക്കിയത് ഇന്ത്യ 150 രാജ്യങ്ങളെ സഹായിക്കുന്നുണ്ടെന്നാണ്. ഇപ്പോൾ അതേ ആളുകൾതന്നെ 150 രാജ്യങ്ങൾ ഇന്ത്യയെ സഹായിക്കാനുണ്ടെന്ന് പറഞ്ഞുനടക്കുന്നു.’

കുറ്റകരമായ അനാസ്ഥ

ആസൂത്രണം, നേതൃത്വം, സംഘടിതമായ പ്രതികരണം എന്നിവയിൽ കുറ്റകരമായ അനാസ്ഥയുണ്ടായി. ആരോഗ്യസംവിധാനം അപ്പാടേ തകർന്നു. ആംബുലൻസ്, ആശുപത്രിസേവനം, ഓക്‌സിജൻ തുടങ്ങി അത്യാവശ്യങ്ങൾക്കുപോലും ആളുകൾ പ്രതീക്ഷയറ്റ് പരക്കംപായുന്നു. മരുന്നുകളുടെയും വൈദ്യന്മാരുടെയും ടെസ്റ്റ് കിറ്റുകളുടെയും ഐ.സി.യു. കിടക്കകളുടെയുമൊക്കെ അപര്യാപ്തത ഭീതിജനകമാണ്. എല്ലാത്തിന്റെയും ഫലമായി നഷ്ടപ്പെട്ടത് മൂന്നുതലമുറയുടെ ദേശീയ, ആത്മാഭിമാനമാണ്. കേന്ദ്രസർക്കാർ കോവിഡിനെ കൈകാര്യംചെയ്ത രീതി ആത്മനിർഭരതയ്ക്ക് അപവാദം മാത്രമല്ല, നമ്മളുടെ ആത്മാഭിമാനത്തെ അപമാനിക്കൽകൂടിയാണ്.  

പ്രധാനമന്ത്രിയുടെ പൊള്ളയായ അവകാശവാദങ്ങളൊന്നും മഹാമാരിയുടെ രണ്ടാം തരംഗത്തിൽ നിലനിന്നില്ല.  ഭിക്ഷാപാത്രവുമായി ലോകത്തിനുമുന്നിൽ മുട്ടുകുത്തേണ്ട അവസ്ഥയിലേക്കാണ് നമ്മൾ പോകുന്നത്. ഇന്ത്യയുടെ ഉദാരതയെ ആശ്രയിച്ചിരുന്ന കൊച്ചുരാജ്യമായ ഭൂട്ടാൻപോലും ഡൽഹിക്ക് രണ്ട് ഓക്‌സിജൻ ജനറേറ്ററുകൾ ദാനംചെയ്യുന്നനിലയിൽ കാര്യങ്ങൾ മാറി. 

മോദി പറഞ്ഞതുപോലെ ലോകത്തെ രക്ഷിക്കുന്നതിനെക്കുറിച്ച് ഇനി മറന്നേക്കൂ. ആഭ്യന്തര പ്രതിസന്ധി അത്രമേൽ രൂക്ഷമായതിനാൽ വിദേശരാജ്യങ്ങളോടുള്ള പ്രതിബദ്ധതയിൽനിന്ന് പിന്മാറാൻ സർക്കാർ നിർബന്ധിതമായിരിക്കുകയാണ്. 

കയറ്റുമതിക്ക് നിർമിച്ച വാക്‌സിൻ ഡോസുകൾപോലും ആഭ്യന്തര ഉപയോഗത്തിന് മതിയാവാത്ത സാഹചര്യമാണ്. അത് ഒഴിവാക്കാനാവില്ല എന്നത് ശരിതന്നെ. പക്ഷേ, ഈ ഒറ്റക്കാരണത്താൽ വാക്‌സിൻ ദാതാക്കൾ എന്നനിലയ്ക്ക് ലോകത്തിനുമുന്നിൽ ഇന്ത്യയുടെ വിശ്വാസ്യത നഷ്ടമായി എന്നുകൂടി ഓർക്കണം.

ആത്മപ്രശംസയിൽ നഷ്ടമായത്

ഇതിനെല്ലാത്തിനുമിടയിൽ പോസിറ്റീവാകാനാണ് സർക്കാർ ആഹ്വാനം ചെയ്യുന്നത്. ചുറ്റും ഇരുട്ടുപരക്കുമ്പോൾ അർഥശൂന്യമായ ഹർഷാരവങ്ങൾ മുഴക്കാൻ അവർ നിർദേശിക്കുന്നു. പോസിറ്റിവിറ്റിയെക്കുറിച്ച് സാരഹീനമായ വിവരണങ്ങളുമായി ചില ആത്മീയനേതാക്കളും വിലയ്ക്കുവാങ്ങാൻപറ്റുന്ന കോർപ്പറേറ്റ് പ്രമുഖരും ഇറങ്ങിയിട്ടുണ്ട്. ആത്മാഭിമാനം നഷ്ടപ്പെടുമ്പോൾ, ഇല്ലാത്ത ‘പോസിറ്റിവിറ്റി’യിൽ വിശ്വസിക്കുന്നത് ആത്മവഞ്ചനയല്ലാതെ പിന്നെ എന്താണ്?  

‘പോസിറ്റീവ്’ ആകൂ എന്നതുകൊണ്ട് അർഥമാക്കുന്നത് നിങ്ങളുടെ വീഴ്ചകളെ നിരാകരിക്കാനാണെങ്കിൽ, തെറ്റുകൾക്ക് കൂട്ടുനിൽക്കാനാണെങ്കിൽ, പിഴവുകൾ ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷത്തിന്റെ ‘നെഗറ്റീവ് ചിന്താഗതി’യെ ആക്രമിക്കാനാണെങ്കിൽ, മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാണെങ്കിൽ അതുകൊണ്ട് എന്തുകാര്യം? അത്തരം ‘പോസിറ്റിവിറ്റി’യുടെ മൂല്യം എന്താണ്? 
വിചിത്രമായ സംഗതിയെന്തെന്നാൽ യഥാർഥ അർഥത്തിൽതന്നെ പോസിറ്റീവ് ആകാനുള്ള സാധ്യത നമുക്കുമുന്നിൽ ഉണ്ടായിരുന്നു എന്നതാണ്. ലോകത്തുതന്നെ ഏറ്റവും പരിശീലനം സിദ്ധിച്ചവരും വൈദഗ്ധ്യമുള്ളവരുമായ ഡോക്ടർമാർ നമുക്കുണ്ട്. പോളിയോയും വസൂരിയും നിർമാർജനം ചെയ്യാൻ സാധിച്ച, ശക്തമായ വാക്‌സിനേഷൻ പദ്ധതിയുണ്ട്. ലോകത്തിന്റെതന്നെ ഫാർമസിയെന്ന ഖ്യാതി ഇന്ത്യക്ക് സ്വന്തമാണ്. ഉയർന്ന നിലവാരമുള്ള ജനറിക് മരുന്നുകൾ ഉത്പാദിപ്പിക്കാൻ രാജ്യത്തിന് ശേഷിയുണ്ട്. ലോകത്തെ വാക്‌സിൻ വിതരണത്തിന്റെ 60 ശതമാനത്തിലും പങ്കാളിയാവാൻ നമുക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ, ഈ സമ്പത്തും നൈപുണിയും കാലോചിതമായി ഏകോപിപ്പിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിന് പകരം സർക്കാർ ആത്മപ്രശംസയിൽ മുഴുകുകയാണ് ചെയ്തത്. 

ശക്തമായ നേതൃത്വവും കൃത്യമായ ആസൂത്രണവും ഉണ്ടായിരുന്നെങ്കിൽ ഇന്ന് ചുറ്റുമുള്ള ഭീകരമായ കാഴ്ചകളിൽ പലതും തടയാൻ കഴിഞ്ഞേനെ. പക്ഷേ, നരേന്ദ്രമോദി സർക്കാരോ ഭരണകക്ഷിയായ ബി.ജെ.പി.യോ അത് ചെയ്തില്ല. പകരം അവർ നമ്മുടെ ആത്മാഭിമാനം നശിപ്പിച്ചു. ഇനിയും പ്രതീക്ഷവെക്കാൻ എന്താണിവിടെ ബാക്കിയുള്ളത്?

content highlights: destructive positivity shashi tharoor