ശാസ്ത്ര-സാങ്കേതികവിദ്യയുടെ പുരോഗതി കേട്ടുകേൾവിപോലുമില്ലാത്ത പ്രശ്നങ്ങളും അഭൂതപൂർവമായ അവസരങ്ങളും ഒരുക്കുമെന്ന് പറയാറുണ്ട്.  ഇത് ഏറക്കുറെ വാസ്തവവുമാണ്.  എന്നാൽ, എപ്പോഴും പ്രശ്നങ്ങൾ  അഭിമുഖീകരിക്കുന്നത് സാധാരണക്കാരും അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നത് വരേണ്യവർഗവുമാണെന്നു മാത്രം. മറുവശത്ത്, ശാസ്ത്രം വളരുന്നതനുസരിച്ച് വരേണ്യവർഗത്തിന്റെ വലിപ്പം കുറയുകയും ചെയ്യുന്നു. ഇതിന്റെയെല്ലാം ഏറ്റവും നല്ല ഉദാഹരണമാണ് വിവരസാങ്കേതികവിദ്യയുടെ വളർച്ചയിലൂടെ ഉടലെടുത്തിരിക്കുന്ന ഓൺലൈൻ പണമിടപാടും പണരഹിത സമ്പദ്‌വ്യവസ്ഥയും.
 ചരിത്രം
 പണരഹിത സമ്പദ്‌വ്യവസ്ഥകൊണ്ട്് ഉദ്ദേശിക്കുന്നത് സാമ്പത്തിക ഇടപാടുകൾക്ക് പണത്തിന്റെ സ്ഥാനത്ത് (ബാങ്ക് നോട്ടുകൾ, നാണയങ്ങൾ തുടങ്ങിയവ) ഡിജിറ്റൽ വിവരങ്ങൾ ഉപയോഗിക്കുന്നതിനെയാണല്ലോ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, കൈവശമുള്ള പണം ഇലക്‌ട്രോണിക് ഡിജിറ്റൽ രൂപത്തിൽ കൈമാറ്റം ചെയ്യുന്ന രീതിയാണിത്.
തൊണ്ണൂറുകളിൽ ആരംഭിച്ച ഇലക്‌ട്രോണിക് ബാങ്കിങ് സമ്പ്രദായമാണ് ഇതിന്റെ ആദ്യ പ്രചോദനം.  2001-ൽ മാക്സ് ലെവ്ച്ചിനും പീറ്റർ തിയലും (പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേശകരിൽ ഒരാൾ) എലൺ മസ്കും ജാക്ക് സെൽബിയും ചേർന്ന് ആരംഭിച്ച പെപാൾ (PayPal) ഇതിലേക്കുള്ള മറ്റൊരു വഴിത്തിരിവായി. ‘പണമിടപാട് കേവലം ഒരു ക്ലിക്ക് അകലെ’ എന്നതാണ് ഇവർ ഉപഭോക്താക്കൾക്ക് നൽകിയ വാഗ്ദാനം. ഒരു വർഷത്തിനുള്ളിൽ ഇബെയുമായി ചേർന്ന് 1.5 ബില്യൺ ഡോളർ കരാറിൽ ഇവർ ഏർപ്പെടുകയും ചെയ്തു.
ഇതിനെ കടത്തിവെട്ടുന്നതായിരുന്നു കെനിയയിലെ എം-പെസയുടെ (2007) വിജയം. ബാങ്ക് അക്കൗണ്ടോ ഐഫോണോ ഒന്നുമില്ലാതെ നോക്കിയ ഫോണിലൂടെ (ബെയ്‌സ് മോഡൽ) സന്ദേശം കൈമാറി ഇടപാടുകൾ നടത്തുന്നതാണ് അതിന്റെ രീതി. മാത്രമല്ല പണം കടമായി നൽകി അത് ബാങ്കുകളെ അപ്രസക്തമാക്കുകയും ചെയ്തു.  2010 ഓടെ ഭൂരിപക്ഷം കെനിയക്കാരും എല്ലാവിധ പണമിടപാടുകൾക്കും ബാങ്കുകളെക്കാൾ എം-പെസയെയാണ് ആശ്രയിച്ചതെന്നത് അതിന്റെ വളർച്ചയെ സൂചിപ്പിക്കുന്നു. ഡിജിറ്റൽ കൺസ്യൂമറിസത്തിന്റെ അനന്തസാധ്യതകൾക്കാണ് പേപാളും എം-പെസയും തുടക്കംകുറിച്ചത്. ഇതോടെ സിലിക്കൺവാലിയിലെ വമ്പൻ ഐ.ടി. കമ്പനികൾ ഈ മേഖലയിലേക്ക് ഇരച്ചുകയറി.
മറുവശത്ത്, പണരഹിത ഇടപാടിലേക്ക് മാറാൻ ഭരണകൂടങ്ങൾ ജനങ്ങളെ നിർബന്ധിക്കാൻകൂടി തുടങ്ങിയതോടെ വിവരസാങ്കേതികവിദ്യ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ മറ്റൊരധ്യായം എഴുതിച്ചേർത്തു. 2025-ഓടെ ലഹരിമരുന്ന് വ്യാപാരികൾപോലും അവരുടെ ഇടപാടുകൾക്ക് പണം ഉപയോഗിക്കുക ഇല്ലത്രെ. ആപ്പിൾ സി. ഇ.ഒ. ടിം കുക്കിന്റെ ഭാഷയിൽ പറഞ്ഞാൽ ‘പണം എന്താണെന്ന് അടുത്ത തലമുറ അറിയുകപോലും ഉണ്ടാവില്ല.’ ഇതിൽ അതിശയോക്തി ഒന്നുമില്ല. ഇപ്പോൾത്തന്നെ ലോകത്തെ വലിയ ബാങ്കുകളിൽ മഹാഭൂരിപക്ഷവും ഇടപാടുകൾ നടത്തുന്നത് പണമായിട്ടല്ലെന്നത് ഓർക്കുക. അവർ പണം ബാങ്കുകളിൽ സൂക്ഷിക്കാറുമില്ല!
 പണമിടപാടും തലച്ചോറിലെ വേദനയും
പണവും തലച്ചോറും തമ്മിൽ എന്തുബന്ധമാണുള്ളത് എന്നതാവും പ്രാഥമികമായി നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന ചോദ്യം. എന്നാൽ, ഇവ രണ്ടും തമ്മിൽ വളരെയേറെ ബന്ധമുണ്ടെന്നാണ് അമേരിക്കയിലെ എം.ഐ.ടി.-യിൽ പഠിപ്പിക്കുന്ന ന്യൂറോ സൈക്കോളജിസ്റ്റായ ഡ്രെയ്‌സൺ പ്രെലെക്കിന്റെ പഠനങ്ങൾ വെളിപ്പെടുത്തുന്നത് (വിശദാംശങ്ങൾക്ക് വായിക്കുക, Jacques Peretti, Done). പണത്തിന്റെ കാര്യത്തിൽ മനുഷ്യർ എടുക്കുന്ന യുക്തിരഹിതമായ ചില തീരുമാനങ്ങളാണ് ഇത്തരം പരീക്ഷണങ്ങൾക്ക് അദ്ദേഹത്തെ പ്രചോദിപ്പിച്ചത്. ഉദാഹരണമായി, നാം ഒരേസമയം ഭാഗ്യക്കുറി ടിക്കറ്റും ഇൻഷുറൻസ് പോളിസിയും എടുക്കുന്നു, തെരുവോരത്തുനിന്ന് വിലകുറഞ്ഞ വസ്ത്രങ്ങൾക്കായി വിലപേശുകയും ഒടുവിൽ ടാക്സിയിൽ വീട്ടിൽ പോവുകയും ചെയ്യുന്നു. മനുഷ്യ സ്വഭാവത്തിലെ ഈ വൈരുധ്യമാണ് പ്രെലെക്ക് പഠനത്തിന് വിധേയമാക്കിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ പണം ഉപയോഗിക്കുമ്പോഴും അതിനു പകരം കാർഡ് ഉപയോഗിക്കുമ്പോഴും നമ്മുടെ തലച്ചോറിൽ സംഭവിക്കുന്ന മാറ്റങ്ങൾ അദ്ദേഹം വിശകലനം ചെയ്തു. അദ്‌ഭുതകരമായിരുന്നു അതിന്റെ കണ്ടെത്തലുകൾ. പണം നൽകി സാധനങ്ങൾ വാങ്ങുമ്പോൾ തലച്ചോറിൽ ഒരുതരം വേദന (neural pain) അനുഭവപ്പെടുന്നുവത്രെ. പണം കൈമാറ്റം ചെയ്യാൻ തുടങ്ങുമ്പോൾത്തന്നെ തലച്ചോറ്്‌ അത് രേഖപ്പെടുത്തുകയും നമ്മളിൽ വല്ലാത്ത നഷ്ടബോധം ജനിപ്പിക്കുകയും ചെയ്യുന്നു എന്ന് പ്രെലെക്ക് പറയുന്നു. 
ഇതിന്റെ നേരേ വിപരീതമാണ് ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ ഉണ്ടാവുന്നത്. നമുക്ക് തലച്ചോറിൽ ഇത്തരമൊരു വേദന ഉണ്ടാവുന്നില്ലെന്നു മാത്രമല്ല അത് ഷോപ്പിങ്ങിന്റെ ആനന്ദം അനുഭവവേദ്യമാക്കുകയും ചെയ്യുന്നു. സാധനങ്ങളുടെ വിലയെക്കുറിച്ചോ ബാങ്ക് ബാലൻസിനെക്കുറിച്ചോ നാം ചിന്തിക്കുന്നുമില്ല. ഫലമോ, ആളുകൾ യാതൊരു നിയന്ത്രണവുമില്ലാതെ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നു. ഇത് സാമൂഹ്യജീവിയായ (social animal) മനുഷ്യനെ മാർക്കറ്റ് ജീവിയായി (market animal)മാറ്റുന്നു.
 േഡറ്റ എന്ന പുതിയ സമ്പത്ത്
പണം നേരിട്ട് കൈമാറുന്നതും ഡിജിറ്റൽ രൂപത്തിൽ കൈമാറുന്നതും തമ്മിൽ മറ്റൊരു സുപ്രധാന വ്യത്യാസംകൂടി ഉണ്ട്. വ്യക്തികൾ പരസ്പരം പണം കൈമാറുമ്പോൾ അവിടെ ഒരിടനിലക്കാരന്റെ ആവശ്യം ഇല്ലെന്നതാണ് ഇത്. അതുകൊണ്ടുതന്നെ മറ്റൊരാൾ ഇടപാടിൽനിന്ന് ലാഭം ഉണ്ടാക്കുന്നില്ല.
പക്ഷേ, ഇലക്‌ട്രോണിക് ഇടപാടിന്റെ കാര്യത്തിൽ മൂന്നാമതൊരാളിന്റെ സഹായം ആവശ്യമാണ്. ഈ സ്പെയ്‌സിലാണ് ഹൈടെക് ഭീമന്മാർ കടന്നുവരുന്നതും ലാഭംകൊയ്യുന്നതും. എന്നാൽ, ഇവിടെ ലാഭം ഉപഭോക്താവിൽനിന്ന് ഈടാക്കുന്ന പണമായിട്ടല്ലെന്നു മാത്രം. ഇപ്പോൾ ഈ സേവനം സൗജന്യമാണെന്നതാണ് ഇതിന്റെ കാരണം. ഇവിടെ ലാഭം ഡേറ്റയാണ്. ഉപഭോക്താക്കളെക്കുറിച്ചുള്ള വിവരശേഖരത്തിന്റെ ഒരു വൻഖനി അവിടെയുണ്ട്. ഓൺലൈൻ ഇടപാടിലൂടെ ഓരോ ഉപഭോക്താവും കൈമാറുന്നത് സ്വന്തം ജീവിതത്തെയും സ്വഭാവത്തെയും സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളാണ്.
ഒറ്റനോട്ടത്തിൽ ഇത് വളരെ നിർദോഷമാണെന്ന് തോന്നിയേക്കാം. എന്നാൽ, അതിന്റെ സാധ്യതയും അപകടവും അപാരമാണ്. ഫെയ്‌സ്ബുക്കിന്റെ സി.ഇ.ഒ. മാർക്ക് സക്കർബർഗ് പറയുന്നതുപോലെ ‘ഈ നൂറ്റാണ്ടിൽ ബിസിനസിന്റെ ഭാവി കുടികൊള്ളുന്നത് േഡറ്റയിലാണ്’. 2016-ലെ ബ്രക്സിറ്റ് ഹിതപരിശോധനയിലും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇത്തരത്തിൽ ലഭ്യമായ വിവരങ്ങൾ സമ്മതിദായകരുടെ രാഷ്ട്രീയചായ്‌വ് മനസ്സിലാക്കാനും അതുവഴി തിരഞ്ഞെടുപ്പിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാനും ഉപയോഗിച്ച കാര്യം ഇനിയും മറക്കാറായിട്ടില്ല. രാഷ്ട്രീയ ഉപയോഗത്തിനപ്പുറം നമ്മുടെ അഭിരുചിയെയും ഉപഭോഗതാത്‌പര്യങ്ങളെയും രൂപപ്പെടുത്താൻ ഇത്തരം വിവരശേഖരം കമ്പനികളെ/ഭരണകൂടങ്ങളെ സഹായിക്കുമെന്ന കാര്യത്തിലും സംശയം വേണ്ട. മാത്രമല്ല നാം സദാ ആരുടെയൊെക്കയോ നിരീക്ഷണത്തിലുമാണ്. ഇതിലൂടെ നമുക്ക് നഷ്ടമാവുന്നത് നമ്മുടെ സ്വകാര്യതയാണ്, പ്രൈവറ്റും പബ്ലിക്കും തമ്മിലുള്ള വ്യത്യാസമാണ്.
 
സാധാരണക്കാരുടെ നഷ്ടം, ജനാധിപത്യത്തിന്റെയും
 
പണരഹിത സമ്പദ്ഘടനയുടെ വക്താക്കൾക്ക് അതിനെക്കുറിച്ച് പലതും പറയാനുണ്ട്. പണം െെകയിൽകൊണ്ടുനടക്കുന്നതിന്റെ ബുദ്ധിമുട്ടിനെക്കുറിച്ചും  അതിലെ സുരക്ഷിതത്വം ഇല്ലായ്മയെക്കുറിച്ചുമൊക്കെ അവർ വാചാലരാവുന്നു. മറുവശത്ത് പണരഹിത സമ്പദ്ഘടന ഇതെല്ലാം ഇല്ലാതാക്കുകയും കള്ളപ്പണത്തെയും നികുതിവെട്ടിപ്പിനെയും അവസാനിപ്പിക്കുകയും ജനങ്ങളെ സാമ്പത്തിക അച്ചടക്കം പഠിപ്പിക്കുകയും ചെയ്യുമെന്നും അവർ കൂട്ടിച്ചേർക്കുന്നു. 
എന്നാൽ, യാഥാർഥ്യം ഇതിൽനിന്ന് തുലോം വിഭിന്നമാണ്. ഇവർ ചൂണ്ടിക്കാണിക്കുന്ന ബുദ്ധിമുട്ടുകൾ സമ്പന്നരെമാത്രം ബാധിക്കുന്നവയാണെന്നകാര്യം നാം തിരിച്ചറിയണം. െെകയിൽ ചില്ലിക്കാശുപോലും ഇല്ലാത്ത ബഹുശതം മനുഷ്യർക്ക് എന്താണ് നഷ്ടപ്പെടാനുള്ളത്? കള്ളപ്പണം തടയാനാവും എന്ന വാദം പൊള്ളയാണെന്ന് നമ്മുടെതന്നെ അനുഭവം തെളിയിക്കുന്നു. ഇതുതന്നെയാണ് നികുതിവെട്ടിപ്പിന്റെ കാര്യവും. നിയമം മൂലവും അല്ലാതെയും നികുതിവെട്ടിക്കുന്ന കോർപ്പറേറ്റുകൾക്കുനേരേ കണ്ണടയ്ക്കുകയും തുച്ഛവരുമാനക്കാരെ നികുതിയുടെ വലയിൽ കുടുക്കാനുമാണ് ലോകത്തെമ്പാടുമുള്ള ഭരണകൂടങ്ങൾ ഇതിലൂടെ ശ്രമിക്കുന്നതെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്?
സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യം പറയാതിരിക്കുയാണ് ഭേദം. ഡ്രെയ്‌സൺ പ്രെലെക്കിന്റെ പരീക്ഷണം ചൂണ്ടിക്കാണിക്കുംപോലെ, സാധാരണക്കാരന്റെ കൈവശമുള്ള അവസാനത്തെ തുട്ടും െചലവഴിപ്പിച്ച് കടക്കെണിയിൽ വീഴ്ത്തുകയാണ് പണരഹിത സമ്പദ്ഘടന ചെയ്യുന്നത്. വരേണ്യവർഗത്തെ അനുകരിക്കാനുള്ള പ്രവണത കലശലായി ഉള്ളതുകൊണ്ട് ഇവർ വളരെവേഗം ഇതിന്റെ ഇരകളാവും എന്നകാര്യത്തിൽ സംശയമില്ല. പ്രമേഹരോഗികളെ പഞ്ചസാര കഴിക്കാൻ പ്രേരിപ്പിക്കുന്നതുപോലെയാണ് സാധാരണക്കാരെ ഡിജിറ്റൽ ഇടപാട് നടത്താൻ നിർബന്ധിക്കുന്നത്. ജനങ്ങളെ പാപ്പരാക്കാനും സാമ്പത്തികാധികാരം കോർപ്പറേറ്റുകളുടെ െെകയിൽ കേന്ദ്രീകരിക്കാനുമാണ് ഇത്തരം നീക്കങ്ങൾ യഥാർഥത്തിൽ സഹായിക്കുക. ഭരണകൂടങ്ങൾക്കും ബാങ്കുകൾക്കും പണത്തിന്റെമേൽ ഇപ്പോഴുള്ള നിയന്ത്രണംപോലും ഇല്ലാതാവുന്ന കാലവും അകലെയല്ല.
ജനാധിപത്യത്തിൽനിന്ന് ജനങ്ങൾ അപ്രത്യക്ഷരാകുകയും കോർപ്പറേറ്റുകൾ അതിന്റെ ഡി.എൻ.എ. ആയി മാറുകയും ചെയ്തിരിക്കുന്നു. 1945-1980 കാലഘട്ടത്തിൽ കോർപ്പറേറ്റുകൾ ജനാധിപത്യഭരണകൂടങ്ങളെ സ്വാധീനിക്കാനാണ് ശ്രമിച്ചതെങ്കിൽ, ഇപ്പോൾ ഭരണകൂടങ്ങൾ കോർപ്പറേറ്റുകളെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്. ഒരു വേള കോർപ്പറേറ്റുകൾ തന്നെയാണ് ഭരണകൂടം എന്നു പറഞ്ഞാലും അതിൽ തെറ്റൊന്നുമല്ല.
 
 
(രാഷ്ട്രീയനിരീക്ഷകനും സാമൂഹ്യവിമർശകനുമാണ് ലേഖകൻ)