2014-ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയതിനുശേഷമാണ് രാഷ്ട്രീയവ്യവഹാരത്തിൽ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ എന്ന പേര് വീണ്ടും ഉയർന്നുകേട്ടുതുടങ്ങിയത്. മഹാത്മാഗാന്ധിയെ കോൺഗ്രസ് എങ്ങനെ രാഷ്ട്രീയബ്രാൻഡായി ഉപയോഗിക്കുന്നുവോ അതേ പാതയിലാണ് ദീൻദയാൽ എന്നപേരും ഇപ്പോൾ. ഗാന്ധി, നെഹ്രു, അംബേദ്കർ ഇവർ ഉയർത്തിപ്പിടിച്ച ആശയങ്ങൾ ഇന്ത്യൻ ജനതയ്ക്ക് സുപരിചിതമാണ്. എന്നാൽ, അത്രത്തോളം സുപരിചിതനായിരുന്നില്ല ദീൻദയാൽ ഉപാധ്യായ.

1916 സെപ്റ്റംബർ 25-ന് ഉത്തർപ്രദേശിലെ മഥുരയിൽ തികച്ചുമൊരു സാധാരണ കുടുംബത്തിൽ ജനിച്ച ദീൻദയാൽ അതേരീതിയിൽത്തന്നെയാണ് ജീവിതം നയിച്ചതും. ജനസംഘത്തിന്റെ രൂപവത്കരണവേളയിൽ സഹായമഭ്യർഥിച്ച ഡോ. ശ്യാമപ്രസാദ്‌ മുഖർജിക്ക് കൂട്ടിനായി ദീൻദയാലിനെ നൽകാൻ ആർ.എസ്‌.എസ്‌. സർസംഘചാലക്‌ ആയിരുന്ന ഗോൾവൾക്കറിനെ പ്രേരിപ്പിച്ചതും ഈ ആത്മസമർപ്പണം കൊണ്ടാവാം.

ആർ.എസ്‌.എസ്. പ്രചാരകൻ, ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനേതാവ്, അതിന്റെ ആദ്യ ദേശീയ ജനറൽ സെക്രട്ടറി, രാജ്യത്തുടനീളം പ്രസ്ഥാനത്തിന്‌ വിത്തുപാകിയ വ്യക്തിത്വം തുടങ്ങിയ പല വിശേഷണങ്ങളും അദ്ദേഹത്തെ തേടിയെത്തിയെങ്കിലും ആ ജീവിതശൈലിക്കുമാത്രം ഒരു കോട്ടവും സംഭവിച്ചില്ല.

ദാർശനികനെന്നോ, സാമൂഹിക-സാമ്പത്തിക ശാസ്ത്രജ്ഞനെന്നോ ചരിത്രകാരനെന്നോ ഇദ്ദേഹത്തെ വിളിക്കാം. എന്നാൽ, ഇന്ത്യക്കാർ ഇന്ന് അദ്ദേഹത്തെ അറിയുന്നത് ‘ഏകാത്മ മാനവദർശനം’ എന്ന സാമ്പത്തിക സാമൂഹിക തത്ത്വസംഹിതയുടെ ഉപജ്ഞാതാവ് എന്ന രീതിയിലാണ്. മറ്റേത് സിദ്ധാന്തങ്ങളിൽനിന്നും ഇത് ഭിന്നമായി നിലനിൽക്കുന്നുവെന്നുവേണം പറയാൻ.

അധികാരം, സമ്പത്ത് എന്നിവയുടെ വികേന്ദ്രീകരണത്തിലാണ് ഈ ദർശനം വിശ്വസിക്കുന്നത്. ഭാരതീയ ചിന്താധാരകളുടെ അന്തസ്സത്ത ഉൾക്കൊണ്ടുകൊണ്ടാണ് അദ്ദേഹം ഇത് അവതരിപ്പിച്ചത്.
 
എ.ബി. വാജ്‌പേയ്, എൽ.കെ. അദ്വാനി, നരേന്ദ്രമോദി തുടങ്ങിയ കരുത്തർ ഏറെ വന്നെങ്കിലും ദീൻദയാലിന്റെ വിടവുനികത്താൻ ഇനിയും സംഘപരിവാറിനായിട്ടില്ല. അദ്ദേഹത്തിന്റെ ജീവിതത്തിൽ കേരളത്തിനും വലിയ സ്ഥാനമുണ്ട്‌. ‘ഏകാത്മ മാനവദർശന’ത്തിന്റെ അന്തിമരൂപം തയ്യാറാക്കാനായി നേതാക്കൾ ഒന്നിച്ചുകൂടിയത്‌ കേരളത്തിലാണ്. ‘പട്ടിണിയിൽനിന്ന് രാജ്യത്തിന്റെ മോചനം’ എന്നതായിരുന്നു അതിന്റെ അടിസ്ഥാനം. അതിനെ അദ്ദേഹം വിളിച്ചത്‌ ‘അന്ത്യോദയ’ സങ്കല്പം എന്നാണ്‌.

പല രാഷ്ട്രീയപരീക്ഷണങ്ങളുടെയും പ്രയോക്താവും ഉപജ്ഞാതാവുമായിരുന്നു അദ്ദേഹം. പഞ്ചാബ്മുതൽ ബംഗാൾവരെ കോൺഗ്രസ് അവരുടെ വേരാഴ്‍ത്തിയപ്പോൾ, എല്ലാ കോൺഗ്രസ് വിരുദ്ധ പ്രസ്ഥാനങ്ങളെയും ഒന്നിച്ചുചേർത്ത് എല്ലാ സംസ്ഥാനങ്ങളിലും കൂട്ടുകെട്ടുകൾ സൃഷ്ടിച്ചത് ദീൻദയാലും റാം മനോഹർ ലോഹ്യയും ചേർന്നാണ്. ബിഹാറിൽ ജനസംഘത്തോടൊപ്പം ചേരാൻ കമ്യൂണിസ്റ്റുകാരെവരെ നിർബന്ധിതരാക്കിയത് ഈ തന്ത്രമാണ്.

1967 ഡിസംബറിൽ കോഴിക്കോട്ടെ ദേശീയ സമ്മേളനത്തിൽ പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട് നാൽപ്പത്തിയൊന്നാം ദിവസമാണ് ദുരൂഹസാഹചര്യത്തിൽ അദ്ദേഹം മരിക്കുന്നത്. ലഖ്നൗവിൽനിന്ന്‌ പട്നയിലേക്ക് യാത്രചെയ്ത അദ്ദേഹത്തിന്റെ മൃതദേഹമാണ് 1968 ഫെബ്രുവരി 11-ന് കണ്ടുകിട്ടുന്നത്. “ഇതുപോലെ അഞ്ച്‌ ദീൻദയാൽമാരുണ്ടെങ്കിൽ രാജ്യത്തിന്റെ ചരിത്രംതന്നെ മാറ്റിയെഴുതാനാകും” എന്ന് ശ്യാമപ്രസാദ്‌ മുഖർജി പറഞ്ഞതുമാത്രംമതി എന്താണ് ദീൻദയാൽ എന്നതിനുത്തരം.