കൈലാസത്തിലേക്കുള്ള തന്റെ ഏകാന്തയാത്രയ്ക്കിടയിലെ ഒരനുഭവ​െത്തക്കുറിച്ച് വിശ്രുതസഞ്ചാരിയായ കോളിൻ തുബ്രോൺ എഴുതിയിട്ടുണ്ട്. ഇന്ത്യ-ടിബറ്റ് അതിർത്തിയായ ഹുംലയിലെ ഹിൽസ പാലത്തിനരികിലെ ഒരു ഇടത്താവളത്തിൽവെച്ചായിരുന്നു അത്‌. ഒരു വൈകുന്നേരം, അവിടേക്ക്‌ വൃദ്ധനായ ഒരു മനുഷ്യൻ പാലം കടന്നുവന്നു. ചെമ്മരിയാടിന്റെ രോമംകൊണ്ടുണ്ടാക്കി, ചൈനീസ് സിൽക്കുകൊണ്ട് കരവെച്ച ജാക്കറ്റ് ധരിച്ചുവന്ന ആ വൃദ്ധനെക്കാത്ത് ഇപ്പുറത്ത്‌ മറൂൺ അംഗവസ്ത്രം ധരിച്ച ഒരു യുവ ബുദ്ധസന്ന്യാസിയുണ്ടായിരുന്നു. കമ്യൂണിസ്റ്റ് ചൈനയുടെ അധിനിവേശ ടിബറ്റിൽനിന്ന്‌ രക്ഷപ്പെട്ട യുവാവ് ദെഹ്‌റാദൂണിൽ പഠിക്കുകയാണ്. അയാൾക്ക് ഒരിക്കലും മാതൃരാജ്യത്തേക്ക് മടങ്ങാൻ സാധിക്കില്ല. മടങ്ങിയാൽ കാത്തിരിക്കുന്നത് ചൈനീസ് ജയിലാണ്. അതുകൊണ്ട്, ടിബറ്റിൽ പാർക്കുന്ന പിതാവ് എല്ലാവർഷവും അതിർത്തികടന്ന് നാലുദിവസത്തേക്ക്‌ ഹുംലയിലെത്തും. അന്നേദിവസം മകനുമെത്തും. ആരുടേതുമല്ലാത്ത ഭൂമിയിൽ(No Man's Land) അത്രയും ദിവസം അവർ ഒന്നിച്ചിരുന്ന് വിശേഷങ്ങൾ പങ്കുവെക്കും. നാലാംദിനം പാലംകടന്ന് അച്ഛൻ പോവും. ഓരോ വർഷവും മകൻ അദ്‌ഭുതപ്പെടും: അച്ഛന്റെയീ പാലം കടന്നുപോക്ക് അവസാനത്തേതാവുമോ?

ലോകമെങ്ങും ചിതറിക്കിടക്കുന്ന ടിബറ്റൻ അഭയാർഥികളുടെ അഗാധവേദനയാർന്ന ജീവിതാവസ്ഥകളുടെ ഒരനുഭവമായിരുന്നു അത്‌. ടെൻസിങ്‌ ഗ്യാസ്റ്റോ എന്ന പതിന്നാലാം ദലൈലാമ 1959 മാർച്ചിൽ, തന്റെ 23-ാം വയസ്സിൽ ലാസയിലെ ചൈനീസ് അധിനിവേശ ടിബറ്റിലെ നോർബുലിങ്‌ കൊട്ടാരത്തിൽനിന്ന്‌  രക്ഷപ്പെടാൻ തന്റെ സംഘവുമൊത്ത് ഒളിച്ചോടി ഇന്ത്യയിൽ എത്തിയതുമുതൽ തുടങ്ങുന്നു ടിബറ്റൻ പ്രവാസികളുടെ അരക്ഷിതാവസ്ഥ.

അനിശ്ചിതത്ത്വത്തിൽ അഭയാർഥികൾ
ചൗ എൻലായിയുമായുള്ള പഞ്ചശീലം പാളുമോ എന്ന് ഭയന്ന് ആദ്യമൊന്ന്‌ അമ്പരന്നെങ്കിലും തന്റെ വിശാലമാനവികവും വൈകാരികവുമായ ഹൃദയത്തിന്റെ സ്വരം ശ്രവിച്ച നെഹ്രു, പതിനെട്ടുദിവസം നടന്നുവന്ന സംഘത്തിന് ഇന്ത്യയിൽ, ബുദ്ധന്റെ മണ്ണിൽ അഭയം നൽകി. ഹിമാചൽപ്രദേശിലെ ധർമശാലയിലും കർണാടകത്തിലെ കുടകിലും അവർക്ക് ഭൂമി അനുവദിച്ചു. ധർമശാലയിലെ മക്ലിയോൻ ഗഞ്ജിൽ പ്രവാസ സർക്കാരുണ്ടാക്കി (Central Tibetan Administration). (ആദ്യത്തെ പ്രവാസ സർക്കാർ സ്ഥാപിച്ചത് 1959 ഏപ്രിൽ 29-ന് മസൂറിയിലായിരുന്നു. പിന്നീട് ധർമശാലയിലേക്ക്‌ മാറിയതാണ്). അതിന് പ്രധാനമന്ത്രിയും(കലോൺട്രിപ) ജനായത്ത ഭരണപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും (സിക്യോങ്) ഉണ്ടായി. ലെജിസ്ളേറ്റീവും എക്സിക്യുട്ടീവും ജുഡീഷ്യറിയുമുണ്ടായി. ഭാവിയിൽ ടിബറ്റ് സ്വതന്ത്രമാവുമ്പോൾ ഭരിക്കേണ്ട രീതികൾ അവർ മറ്റൊരു ദേശത്തിന്റെ മണ്ണിലിരുന്ന് പരിശീലിച്ചു. ഇപ്പോഴും പരിശീലിക്കുന്നു. ദലൈലാമ എല്ലാറ്റിന്റെയും പരമാധികാരിയായി. ചൈനയുടെ ടിബറ്റൻ അധിനിവേശത്തിന്റെ ക്രൂരതകളും ഒരു ജനതയുടെ നിസ്സഹായതയും ദലൈലാമയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ലോകമെങ്ങുമെത്തിച്ചു. കേരളത്തിലടക്കം ലോകത്താകമാനം ഒട്ടേറെ ‘ഫ്രീ ടിബറ്റ്’ സംഘങ്ങളുണ്ടായി. മഗ്ലിയോൺ ഗഞ്ച് മറ്റൊരു രാജ്യംപോലെയായി, മറ്റൊരു ലോകമായി.

എല്ലാറ്റിന്റെയും മധ്യബിന്ദു ദലൈലാമയായിരുന്നു. ടിബറ്റൻ ബുദ്ധമതസംസ്കാരത്തിലെ സവിശേഷ തിരഞ്ഞെടുപ്പുരീതിയിലൂടെ നാലാംവയസ്സിൽ ദലൈലാമയായി അവരോധിതനായ അദ്ദേഹത്തിന് ഇപ്പോൾ 86 വയസ്സായി. അസുഖങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ട്. ഈ വടവൃക്ഷം വീണാൽ അതിന്റെ തണലിൽ പാർക്കുന്ന ഇന്ത്യയിലെയും ലോകത്തിലെയും അഭയാർഥികളുടെ അവസ്ഥയെന്താവും? ആരവരെ ലക്ഷ്യത്തിലേക്ക് നയിക്കും? അവരുടെ തുടർപോരാട്ടം എങ്ങനെയായിരിക്കും? ടിബറ്റൻ വംശജരുടെ അവസ്ഥയോട് അനുകമ്പയുള്ള എല്ലാവരും അതേക്കുറിച്ച് ആകുലരാണ്.

ഒരു ലക്ഷത്തിലധികം ടിബറ്റൻ വംശജരാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. 1950-നും 1986-നും ഇടയിൽ ഇന്ത്യയിൽ ജനിച്ച ടിബറ്റൻ വംശജർക്ക് ജനനസർട്ടിഫിക്കറ്റ് നൽകാൻ ഇന്ത്യാ സർക്കാർ വിസമ്മതിച്ചു. അതുകൊണ്ടുതന്നെ വളരെക്കുറച്ച് ടിബറ്റൻ വംശജർക്കുമാത്രമേ ഇന്ത്യൻ പൗരത്വം ലഭിച്ചുള്ളൂ. ഇന്ന് ഇന്ത്യയിലുള്ള മിക്ക ടിബറ്റൻ വംശജർക്കും സ്വന്തമായി ഭൂമി വാങ്ങാൻ സാധിക്കില്ല; സർക്കാർ ജോലിക്ക്‌ അപേക്ഷിക്കാൻ സാധിക്കില്ല. ഇന്ത്യൻ പൗരത്വം ഇല്ലാത്തതിനാൽ വിദ്യാർഥികളുടെ സർവകലാശാലാപഠനഫീസ് താങ്ങാവുന്നതിനപ്പുറമാണ്.

ഇന്ത്യയും ദലൈലാമയും
അനന്തമായ കാത്തിരിപ്പും ദലൈലാമയുടെ പ്രായാധിക്യവും ഉണ്ടാക്കിയ അസ്വസ്ഥതകൾ ടിബറ്റൻ പ്രവാസികൾക്കിടയിലും പല ചേരികളെ ഉണ്ടാക്കിക്കഴിഞ്ഞു. സമാധാനപ്രിയനായ ദലൈലാമയുടെ ‘ഉമയാലം’ എന്ന മധ്യമമാർഗത്തോടും അതിന്റെ ഭാഗമായ ചൈനീസ് അധീശത്വത്തിൻകീഴിലെ സ്വയംഭരണം എന്ന ആശയത്തോടും വിയോജിക്കുന്നവർ ഏറെയുണ്ട്. ടിബറ്റൻ പ്രവാസസർക്കാരിനോടുള്ള ഇന്ത്യയുടെ സമീപനത്തിലെ സൂക്ഷ്മമായ ചാഞ്ചാട്ടങ്ങളിലും പലരും അതൃപ്തരും അസന്തുഷ്ടരുമാണ്. 2014-ൽ നരേന്ദ്രമോദി അധികാരത്തിലേറിയപ്പോൾ ടിബറ്റൻ പ്രവാസസർക്കാരിന്റെ പ്രസിഡന്റായ ലോബ്‌സാങ് സാങ്‌ഗേ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. ചൈനയുടെ എതിർപ്പ് വകവെക്കാതെ രണ്ടുതവണ ദലൈലാമയെ അരുണാചൽപ്രദേശിലെ തവാങ് ബുദ്ധവിഹാരം സന്ദർശിക്കാൻ ഇന്ത്യ അനുവദിച്ചു. ഇന്ത്യ-ടിബറ്റ് അതിർത്തിയിലെ പാങ്കോങ് സോ തടാകതീരത്ത് പതാക ഉയർത്താനും സാങ്‌ഗേയെ സർക്കാർ അനുവദിച്ചു. എന്നാൽ, അദ്‌ഭുതമെന്നുപറയട്ടെ, 2018-ൽ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്ന വി.കെ.ഗോഖലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഒരു നിർദേശം നൽകാൻ കാബിനറ്റ് സെക്രട്ടറിയെ ഏൽപ്പിച്ചു. നിർദേശം ഇതായിരുന്നു: ‘ദലൈലാമയുടെ പലായനത്തിന്റെ അറുപതാം വാർഷികാഘോഷങ്ങളിൽനിന്ന് വിട്ടുനിൽക്കണം.’ ഇതേക്കുറിച്ച് അദ്ദേഹം പിന്നീട് എഴുതി: ‘ഇന്ത്യ-ചൈന ബന്ധത്തിലെ ഏറ്റവും പ്രശ്നം പിടിച്ച സമയമായിരുന്നു അത്. കേന്ദ്രസർക്കാരിലെയോ സംസ്ഥനസർക്കാരിലെയോ ഏതെങ്കിലും പ്രതിനിധി ടിബറ്റൻ പ്രവാസസർക്കാരിന്റെ പരിപാടികളിൽ പങ്കെടുത്താൽ അത് പ്രയാസമുണ്ടാക്കും.’

നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രിയായപ്പോൾ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ മുൻതവണത്തേതുപോലെ പ്രവാസസർക്കാർ പ്രസിഡന്റ്‌ ലോബാസാങ് സാങ്‌ഗേയെ ക്ഷണിച്ചില്ല. ദലൈലാമയുടെ പലായനത്തിന്റെ 60-ാം വർഷികപരിപാടികളും വേണ്ടെന്നുെവച്ചു. മോദി അതിന് ചെവിയും കണ്ണും കൊടുത്തതുമില്ല. ദലൈലാമ ജീവിച്ചിരിക്കുമ്പോൾത്തന്നെയുള്ള ചാഞ്ചാട്ടങ്ങളും അസ്ഥിരതയും ഇങ്ങനെയെങ്കിൽ അദ്ദേഹത്തിനുശേഷം എന്തായിരിക്കും ഇന്ത്യയുടെ നിലപാട്? തണുപ്പുറഞ്ഞ ധർമശാലയുടെ ഉള്ളം പൊള്ളിക്കുന്ന ചോദ്യമാണിത്.

ദലൈലാമ-ടിബറ്റിന്റേതും ചൈനയുടേതും
ടിബറ്റിന്റെ ആത്മീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കർമമാണ് ദലൈലാമയുടെ തിരഞ്ഞെടുപ്പ്‌. പുനർജന്മസങ്കല്പവും ലക്ഷണനിരീക്ഷണങ്ങളും നിഗമനങ്ങളും എല്ലാംചേർന്ന സങ്കീർണമായ പ്രക്രിയയാണത്. എന്നാൽ, ഈ പ്രക്രിയ ഇനി തങ്ങൾ നടത്തിക്കൊള്ളാമെന്നാണ് കമ്യൂണിസ്റ്റ്‌ ചൈന പറയുന്നത്. പൊളിറ്റ്ബ്യൂറോ അംഗത്തെ തിരഞ്ഞെടുക്കുന്നതുപോലെ അവർക്കതൊരു രാഷ്ട്രീയപ്രക്രിയമാത്രം. എന്നാൽ, വിശ്വാസരൂഢമനസ്കരായ ടിബറ്റൻജനത അതൊരിക്കലും അംഗീകരിക്കില്ല. തനിക്കുശേഷം ഒരു ദലൈലാമ ഉണ്ടാവില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും പാകംവന്ന  ജനാധിപത്യവ്യവസ്ഥയിൽ ഒരു കുഞ്ഞിനെ പഴയതുപോലെ കണ്ടെത്തി ദലൈലാമയായി വളർത്തിയെടുക്കുക അസാധ്യമാണെന്നും അടുത്ത ദലൈലാമ ഒരുപക്ഷേ വനിതയായിരിക്കുമെന്നുമെല്ലാം ദലൈലാമ പലതരത്തിൽ പറഞ്ഞിട്ടുണ്ട്. ഇതദ്ദേഹത്തിന്റെ യഥാർഥ അഭിപ്രായമാണോ അതോ ചൈനയെ കുഴപ്പിക്കാൻ പറഞ്ഞതാണോ എന്ന കാര്യത്തിൽ അനുയായികൾക്കുപോലും വ്യക്തതയില്ല.

മറ്റുരണ്ട് വിഭാഗങ്ങളുടെ അധിപന്മാരായ പഞ്ചൻ ലാമയുടെയും കർമാപാ ലാമയുടെയും അവസ്ഥയും ഇതുതന്നെ. ദലൈലാമയെ തിരഞ്ഞെടുക്കുന്നതിൽ പഞ്ചൻലാമയ്ക്ക് വലിയ പങ്കുണ്ട്; തിരിച്ചും. 1995-ൽ നാടോടിവിഭാഗത്തിൽപ്പെട്ട ഗെഡുൽ ചോക്യാൽ നെയ്മയെ പതിനൊന്നാം പഞ്ചൻലാമയായി ദലൈലാമ അംഗീകരിച്ചതാണ്. മൂന്നു ദിവസത്തിനുശേഷം, ആറുവയസ്സുകാരനായ ആ ലാമയെയും കുടുംബത്തെയും കാണാതായി. ഇന്നുവരെ അവർ തിരിച്ചുവന്നിട്ടില്ല. ആ വർഷംതന്നെ ഗ്യാൻ മെയ്ൻ നോർബു എന്നയാളെ ചൈന പഞ്ചൻലാമയായി വാഴിച്ചു. ഒഗ്യാൻ ടിൻലി ദോർജെയായിരുന്നു ഏഴാമത്തെ കർമാപാ ലാമ. അദ്ദേഹത്തെ ചൈന പിന്തുണച്ചത് സംശയങ്ങൾക്കിടയാക്കി. ചൈന കർമാപയെ ദുരുദ്ദേശ്യപൂർവം ഉപയോഗിക്കുകയാണോ എന്ന് ദലൈലാമയെ സംശയിച്ചു. എന്നാൽ, 2000-ത്തിൽ, തന്റെ 14-ാം വയസ്സിൽ ഒഗ്യാൻ ഇന്ത്യയിലേക്ക് പലായനം ചെയ്തെത്തി. എന്നാൽ, ഇന്നുവരെ ഇന്ത്യാസർക്കാർ ഈ കർമാപയെ പൂർണമായും വിശ്വസിച്ചിട്ടില്ല. ഇദ്ദേഹം ചൈനയുടെ ചാരനാണോ എന്ന സംശയം പ്രബലമാണ്.

ഇത്രമാത്രം സങ്കീർണമായ പ്രശ്നങ്ങൾക്കിടയിലാണ് ദലൈലാമയ്ക്കുശേഷം ആര്, എന്ത് എന്ന ചോദ്യങ്ങൾ ടിബറ്റൻ അഭയാർഥി(ഇന്ത്യ ഒരിക്കലും ടിബറ്റുകാരെ അഭയാർഥികൾ എന്നു വിളിക്കാറില്ലെങ്കിലും)കളെയും സമാനഹൃദയരെയും ആശങ്കാകുലരാക്കുന്നത്. ലോകത്തെ എല്ലാ അധിനിവേശങ്ങളെയും പലായനങ്ങളെയും വംശഹത്യകളെയുംകുറിച്ച് തൊണ്ടപൊട്ടുമാറുച്ചത്തിൽ പ്രസംഗിക്കുകയും മഷിവറ്റുംവരെ എഴുതുകയും ചെയ്യുന്ന ബൗദ്ധിക കേന്ദ്രങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ടിബറ്റിലെ ചൈനീസ് അധിനിവേശത്തെക്കുറിച്ചോ സ്വദേശം ഒരിക്കലും കാണാൻ സാധിക്കാതെയുള്ള ഈ പ്രവാസികളുടെ കരുണാർഹമായ തുടർജീവിതത്തെക്കുറിച്ചോ ഒരക്ഷരം പറയുകയോ എഴുതുകയോ ചെയ്യാറില്ല-അവർക്ക് വോട്ടില്ലല്ലോ,അവർക്കുവേണ്ടി പറഞ്ഞാൽ വോട്ട് കിട്ടുകയുമില്ലല്ലോ.