ഒരാഴ്ചമുമ്പ് ക്യൂബയിലെ ഹവാനയിലെയും സാന്റിയാഗോയിലെയും തെരുവുകളിൽ അസാധാരണമായി തടിച്ചുകൂടിയ ജനം ‘സ്വാതന്ത്ര്യ’ത്തിനുവേണ്ടി അലറിയത് ‘പാത്രിയ വൈ വിദ’ എന്നാണ്. എന്നുെവച്ചാൽ ‘പിതൃരാജ്യവും ജീവിതവും’. ജന്മദേശത്തുനിന്ന് പുറത്തായ ഒരുകൂട്ടം ബ്ലാക്ക് ക്യൂബൻ റാപ്പർമാരുടെ ഈ വരികളാണ് ക്യൂബയിൽ ഇപ്പോൾ നടക്കുന്ന സർക്കാർവിരുദ്ധ പ്രതിഷേധങ്ങൾക്ക് ഉണർത്തുപാട്ട്. അവർക്ക് ‘സ്വാതന്ത്ര്യം’ വേണ്ടത് 60 വർഷം പിന്നിട്ട വിപ്ലവസർക്കാരിന്റെ തുടർച്ചയിൽനിന്നാണ്.

പ്രതിഷേധം കടന്നുപോയ വഴിയോരങ്ങളിൽ ‘പാത്രിയ ഒ മോർതേ’ എന്നെഴുതിയ ഫിദൽ കാസ്‌ട്രോ ഗ്രാഫിറ്റികൾക്ക് ഇപ്പോഴും നിറം മങ്ങിയിട്ടില്ല. 1959-ൽ ഏകാധിപതിയായ ബാട്ടിസ്റ്റയെ തുരത്തി കമ്യൂണിസ്റ്റ് ഭരണം സ്ഥാപിക്കാൻ കാസ്‌ട്രോ സഹോദരന്മാരും ചെ ഗുവേരയും ഗറില്ലകൾക്ക് ആവേശംപകർന്നത് ഇങ്ങനെയാണ്: ‘പിതൃരാജ്യം അല്ലെങ്കിൽ മരണം’. മരണംകൊണ്ട് രാജ്യത്തെ സേവിക്കാൻ പറയുന്നവർക്കും അവരോട് രാജ്യവും ജീവിതവും തിരിച്ചുചോദിക്കുന്നവർക്കും ഇടയിലാണ് ക്യൂബയുടെ വർത്തമാനം.

 പ്രതിഷേധം
തലസ്ഥാനനഗരമായ ഹവാനയ്ക്കടുത്ത് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം പല മേഖലകളിലേക്ക് വ്യാപിച്ചത് വളരെപ്പെട്ടെന്നാണ്. സമരക്കാർക്ക് സാമൂഹികമാധ്യമങ്ങളോട് നന്ദിപറയാം. ഏകാധിപത്യം അവസാനിപ്പിക്കണമെന്നും പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനൽ രാജിവെക്കണമെന്നുമായിരുന്നു മുദ്രാവാക്യങ്ങൾ. പൗരാവകാശങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങൾ, രൂക്ഷമായ സാമ്പത്തികപ്രതിസന്ധി, ഭക്ഷ്യക്ഷാമം, കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകൾ തുടങ്ങി പല പ്രകോപനങ്ങളുടെ ആകത്തുകയാണ് ക്യൂബയിൽ കാണുന്നതെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനുമുൻപ് ഇത്രവലിയൊരു പ്രതിഷേധം ക്യൂബൻ കമ്യൂണിസ്റ്റ് സർക്കാരിന് നേരിടേണ്ടിവന്നത് 1994-ലാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം തുണയില്ലാതായ രാജ്യം സാമ്പത്തികപ്രതിസന്ധിയിൽ അമർന്നപ്പോൾ. അന്ന്, എണ്ണകൊണ്ടുസമ്പന്നമായ, നിക്കോളാസ് മഡുറോയുടെ വെനസ്വേലയും പിന്നീട് വ്ലാദിമിർ പുതിന്റെ റഷ്യയുമൊക്കെ ക്യൂബയുടെയും ഫിഡൽ കാസ്‌ട്രോയുടെയും സഹായത്തിനെത്തി.

എന്നാൽ, മിഗ്വേൽ ഡയസ് കാനലിനുമുന്നിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. സോവിയറ്റ് കാലത്തിനുശേഷം ഏറ്റവും മോശമായ സാമ്പത്തികസ്ഥിതിയിലൂടെയാണ് ക്യൂബ കടന്നുപോകുന്നത്. അതിന് പ്രധാനകാരണം ടൂറിസം മേഖലയിൽ കോവിഡ് വരുത്തിെവച്ച വിനാശമാണ്. യു. എസ്. ഉപരോധത്താൽ പൊറുതിമുട്ടുന്ന ദ്വീപ് രാഷ്ട്രത്തിന് പ്രധാന വരുമാനം ലഭിച്ചിരുന്നത് വിനോദസഞ്ചാരികളിൽനിന്നാണ്.

ഈ വർഷം ജനുവരിമുതൽ നടപ്പാക്കിയ ചില ധനകാര്യനയങ്ങൾ തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്. സി.യു.സി. എന്ന് ചുരുക്കിവിളിക്കുന്ന പെസോ ആണ് ക്യൂബയുടെ ഔദ്യോഗിക കറൻസി. പെസോയ്ക്ക് മൂല്യത്തിൽ സ്ഥിരതകൈവരിക്കാൻ കഴിയാതെ വന്നപ്പോൾ യു.എസ്. ഡോളറുമായി വിനിമയംചെയ്യാവുന്ന, സി.യു.പി. എന്ന മറ്റൊരു കറൻസികൂടി അംഗീകരിക്കാൻ വർഷങ്ങൾക്കുമുൻപ് സർക്കാർ നിർബന്ധിതമായി. ടൂറിസംമേഖലയിൽനിന്നുള്ള വരുമാനം സി.യു.പി. രൂപത്തിലായിരുന്നു. സ്വകാര്യമേഖലയിൽ ജോലിചെയ്യുന്നവർക്ക് ശമ്പളം ലഭിച്ചിരുന്നതും സി.യു.പി.യിലാണ്. എന്നിട്ടും 2021 പകുതിയാകുമ്പോഴേക്കും സി.യു.പി. സമ്പദ്‌വ്യവസ്ഥയിൽനിന്ന് നീക്കംചെയ്യാനാണ് സർക്കാർ തീരുമാനിച്ചത്. വളരെപ്പെട്ടെന്ന് ഏകനാണയ വ്യവസ്ഥയിലേക്ക് പോയപ്പോഴുണ്ടായ ആശയക്കുഴപ്പങ്ങൾ വിലക്കയറ്റത്തിനും അനധികൃതവ്യാപാരത്തിനും വഴിതുറന്നു. സർക്കാർജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ചിട്ടും വിലക്കയറ്റം തടയാനായില്ല.

ആദ്യഘട്ടത്തിൽ പ്രശംസനീയമായി കോവിഡിനെ ചെറുക്കാൻ സാധിച്ചെങ്കിലും രണ്ടാംഘട്ടത്തിൽ പ്രതിരോധപ്പിഴവുകളുടെ പേരിലും ക്യൂബൻ സർക്കാർ പഴികേൾക്കുകയാണ്. ആരോഗ്യരംഗത്ത് നിത്യശത്രുക്കളും പ്രബലരുമായ
യു.എസിനെ മറികടക്കുന്ന നേട്ടങ്ങളുണ്ട് ക്യൂബയ്ക്ക്. കോവിഡ് നേരിടാൻ പാശ്ചാത്യ സാമ്രാജ്യത്വശക്തികളെ ആശ്രയിക്കേണ്ടതില്ലെന്ന് അവർ നിലപാടെടുത്തു. അമേരിക്കൻ ഉപരോധങ്ങളാൽ കഷ്ടപ്പെടുന്ന ഇറാനുമായി കൈകോർത്ത് വാക്സിൻ ഗവേഷണം ആരംഭിച്ചു. ആദ്യമായി വികസിപ്പിച്ച വാക്സിന് സൊബേറാന എന്ന് പേരുനൽകി. ആ സ്പാനിഷ് വാക്കിന്റെ അർഥം സ്വാതന്ത്ര്യം എന്നാണ്. ഇതിനുപിന്നാലെ തദ്ദേശീയമായി വികസിപ്പിച്ച നാല് വാക്സിനുകൾകൂടി ക്യൂബ പ്രഖ്യാപിച്ചു. പക്ഷേ, ഇപ്പോൾ വ്യാപനശേഷികൂടിയ ഡെൽറ്റ വകഭേദത്തിനുമുന്നിൽ പേരുകേട്ട ക്യൂബൻ ആരോഗ്യസംവിധാനവും പകച്ചുനിൽക്കുകയാണ്.

 പ്രതികരണം
വിദേശപിന്തുണയുള്ള കമ്യൂണിസ്റ്റ് വിരുദ്ധർ പ്രകോപനം സൃഷ്ടിക്കുന്നുവെന്നാണ് പ്രതിഷേധത്തെക്കുറിച്ച് പ്രസിഡന്റ് പ്രതികരിച്ചത്. കുലംകുത്തികളെ നേരിടാൻ വിപ്ലവകാരികൾ തെരുവിലിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു. പോർവിളിയായാണ് മിഗ്വേൽ ഡയസിന്റെ വാക്കുകളെ ജനാധിപത്യവാദികൾ കേട്ടത്. പ്രക്ഷോഭത്തെത്തുടർന്ന് ഒ​ട്ടേ​റെയാളുകളെ സുരക്ഷാസേന അറസ്റ്റുചെയ്തു. ഇന്റർനെറ്റ് വ്യാപകമായി വിച്ഛേദിച്ചു. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുണ്ടായ അടിച്ചമർത്തൽ നടപടികൾക്കെതിരേ അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനകളായ ഹ്യൂമൻ റൈറ്റ്‌സ് വാച്ചും ആംനെസ്റ്റി ഇൻറർനാഷണലും ആശങ്കയറിയിച്ചിട്ടുണ്ട്.

സർക്കാരിനുനേരെ ഏതൊരു വെല്ലുവിളിയുണ്ടായാലും ക്യൂബയ്ക്ക് വിരൽചൂണ്ടാനുള്ളത് അയൽക്കാരായ യു.എസിനുനേരെയാണ്. കോവിഡ് പശ്ചാത്തലത്തിൽ വാഷിങ്ടൺ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നാണ് ഇത്തവണയും ഹവാനയ്ക്ക് പറയാനുള്ളത്. ഫിദൽ കാസ്‌ട്രോയെ ചുരുട്ടിൽ വിഷംെവച്ച് കൊല്ലാൻ ശ്രമിച്ചതുമുതൽ ഒ​ട്ടേ​റെ കാര്യങ്ങളുണ്ട്, ഗൂഢാലോചനാ സിദ്ധാന്തത്തിന് ഉപോദ്‌ബലകമായി ചരിത്രത്തിൽനിന്നെടുത്ത് നിരത്താൻ.

 വൈരവും പകപോക്കലും
കാസ്‌ട്രോ അധികാരത്തിലേറിയതുമുതൽ തുടങ്ങിയതാണ് ക്യൂബയും യു.എസും തമ്മിലുള്ള വൈരം. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനോടടുത്ത ക്യൂബ 1960-ൽ വ്യവസായങ്ങൾ മുഴുവനും ദേശസാത്കരിച്ചു. അതിനുള്ള മറുപടിയിൽ യു.എസ്. പ്രസിഡന്റ് എയ്‌സൻഹോവർ ക്യൂബയിലേക്ക് മരുന്നും ഭക്ഷണവുമൊഴിച്ച് മറ്റെല്ലാ കയറ്റുമതികൾക്കും ഉപരോധം ഏർപ്പെടുത്തി. തൊട്ടടുത്തവർഷം ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്രബന്ധങ്ങളും യു.എസ്. വിച്ഛേദിച്ചു. അട്ടിമറിശ്രമം മുന്നിൽക്കണ്ട കാസ്‌ട്രോ 1962-ൽ സോവിയറ്റ് യൂണിയന്റെ ആണവായുധങ്ങൾക്ക് ദ്വീപിൽ ഇടമൊരുക്കി. യു.എസിനെ ഇത് കൂടുതൽ പ്രകോപിപ്പിച്ചു. തുടർന്നുണ്ടായ ക്യൂബൻ മിസൈൽ പ്രതിസന്ധി മൂന്നാംലോകയുദ്ധത്തിന് തിരികൊളുത്തുകയാണെന്ന് എല്ലാവരും ഭയന്നു. അങ്ങനെ സംഭവിച്ചില്ലെങ്കിലും ക്യൂബയും യു.എസും തമ്മിലുള്ള വിടവ് അതോടെ പരിഹരിക്കാനാവാത്ത വിധം വലുതായി.

ഇന്നും തുടരുന്ന, യു.എസിന്റെ മനുഷ്യത്വരഹിതമായ ഉപരോധമാണ് ക്യൂബയുടെ സാമ്പത്തികവളർച്ചയ്ക്ക് വിലങ്ങിടുന്നതെന്ന് കമ്യൂണിസ്റ്റ് അനുകൂലികൾ വാദിക്കുന്നു. ക്യൂബയിൽ മുതൽമുടക്കുന്ന വിദേശകമ്പനികളെ യു.എസിൽ വിലക്കുന്നതുൾപ്പെടെ പല നിയമങ്ങൾ ഉപരോധം ശക്തിപ്പെടുത്തുന്നതിനായി അമേരിക്ക പാസാക്കിയിട്ടുണ്ട്. ഇത്തരം പകപോക്കൽ നയങ്ങൾക്കെതിരേ മുപ്പതോളം പ്രമേയങ്ങളാണ് ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ, ഒന്നുകൊണ്ടും ഫലമുണ്ടായില്ല. ഒബാമയുടെ കാലത്ത് ബന്ധം തെല്ലൊന്ന് മെച്ചപ്പെട്ടിരുന്നു. ഉപരോധങ്ങളിൽ ഇളവുകൾ കൊണ്ടുവരാൻ ശ്രമവുമുണ്ടായി. പക്ഷേ, പിന്നീടുവന്ന ട്രംപ് ഭരണകൂടം എല്ലാം പഴയപടിയാക്കി. സൗഹൃദത്തിനുള്ള സകല സാധ്യതകളും അടച്ചു.

ഉപരോധങ്ങൾ മറ്റുരാജ്യങ്ങളുമായി വ്യാപാരം നടത്തുന്നതിൽനിന്ന് ക്യൂബയെ വിലക്കുന്നില്ലെന്ന് യു.എസ്. അനുകൂല മാധ്യമങ്ങൾ പറയുന്നു. അങ്ങനെയെങ്കിൽത്തന്നെ അമേരിക്കയെപ്പോലൊരു വൻശക്തിയെ വെറുപ്പിച്ചുകൊണ്ട് ക്യൂബയുമായി ബന്ധം പുലർത്താൻ എത്ര രാജ്യങ്ങൾ തയ്യാറാകും?

അമേരിക്കയുടെ അന്യായങ്ങളും സാമ്രാജ്യത്വവിരുദ്ധ വികാരവുമൊക്കെ പറഞ്ഞ് ഇനിയും എത്രകാലം ക്യൂബൻ ഭരണകൂടത്തിന് പിടിച്ചുനിൽക്കാനാവുമെന്ന് ഉറപ്പില്ല. ഇപ്പോഴത്തെ സമരത്തിലെ യുവപ്രാതിനിധ്യമാണ് ഈ സംശയത്തിന് അടിസ്ഥാനം. കാസ്‌ട്രോ സഹോദരന്മാരിൽ പഴയ തലമുറയ്ക്കുള്ള വിശ്വാസം വിപ്ലവാനന്തര തലമുറയിലെ ആദ്യ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനലിൽ യുവജനങ്ങൾക്ക് ഉണ്ടോയെന്ന് തെളിയിക്കപ്പെടേണ്ടതുണ്ട്. റൗൾ കാസ്‌ട്രോയുടെ പിൻഗാമിയായി മിഗ്വേൽ ഡയസ് കാനൽ അധികാരത്തിലേറിയിട്ട് മൂന്നുവർഷമേ ആയിട്ടുള്ളു.

 അന്താരാഷ്ട്രമാനം
ക്യൂബയിൽനിന്ന് അസ്വസ്ഥതകളുടെ വാർത്ത പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽത്തന്നെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിഷയം ഏറ്റെടുത്തു. അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്ന ക്യൂബൻ ജനതയ്ക്കൊപ്പമാണ്  യു.എസ്. എന്നും പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽനിന്ന് സർക്കാർ പിന്മാറണമെന്നും ബൈഡൻ പറഞ്ഞു. ഇതോടെ ക്യൂബൻ പ്രതിഷേധം അന്താരാഷ്ട്രതലത്തിൽ ചർച്ചയായി. ആഭ്യന്തരകാര്യത്തിൽ യു.എസ്. ഇടപെടരുതെന്ന് ക്യൂബതന്നെയാണ് ആദ്യം പ്രതികരിച്ചത്. അമേരിക്ക ഇപ്പോൾ ചെയ്യേണ്ടത് ഉപരോധങ്ങൾ പിൻവലിക്കുക എന്നതാണെന്ന് മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രെസ് മാനുവൽ ലോപസ് ഒബ്രഡോർ അഭിപ്രായപ്പെട്ടു. ക്യൂബയിൽ ബാഹ്യശക്തികളുടെ ഇടപെടൽ അനുവദിക്കില്ലെന്ന് റഷ്യയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.