രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്ന് ഉത്കണ്ഠപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്നവരെയാകെ നിരാശപ്പെടുത്തുന്നതാണ് സി.പി.എം. കേന്ദ്രകമ്മിറ്റി വോട്ടെടുപ്പിലൂടെ പാസാക്കിയെടുത്ത കരട് രാഷ്ട്രീയപ്രമേയം. മോദി ഗവണ്മെന്റിന്റെ ഹിന്ദുത്വവർഗീയ- നവ ഉദാരീകരണ അജൻഡകൾക്കെതിരേ പരമാവധി മതനിരപേക്ഷ ശക്തികളെ അണിനിരത്താൻ ചുമതലയുള്ള സി.പി.എം. കേന്ദ്രകമ്മിറ്റി ഇതിനായി  ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിൽ ഏറ്റവും കൂടുതൽ ആഹ്ലാദിക്കുന്നത്  ആർ.എസ്.എസും ആയിരിക്കുമെന്ന് തീർച്ച. മോദി സർക്കാരിനെതിരേ മതനിരപേക്ഷ ജനകീയ പ്രസ്ഥാനം രൂപപ്പെടുത്തുന്നതു പോകട്ടെ ഒരു വർഷത്തിനകം നടക്കാൻപോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭയപ്പെടേണ്ട പ്രതിപക്ഷ യോജിപ്പുപോലും രൂപപ്പെടില്ലെന്ന സി.പി.എം. തീരുമാനം അവർക്ക് ഉറപ്പുകൊടുക്കുന്നു. 

എന്തിനീ സംശയം
മൂന്നുവർഷംമുമ്പ് വിശാഖപട്ടണത്തുനടന്ന സി.പി.എം. 21-ാംപാർട്ടി കോൺഗ്രസ് കേന്ദ്രകമ്മിറ്റിയോട് നിർദേശിച്ചത് മോദി സർക്കാരിന്റെ നയങ്ങൾക്കെതിരേ പോരാടുകയാണ് മുഖ്യകടമ എന്നാണ്.  ഈ പോരാട്ടങ്ങളിൽനിന്നു പാർട്ടിയുടെയും ഇടത് ജനാധിപത്യശക്തികളുടെയും  കരുത്ത് വർധിപ്പിക്കണമെന്നും. അതിന് കോൺഗ്രസിനും ബി.ജെ.പി.ക്കും മറ്റു ബൂർഷ്വാപാർട്ടികൾക്കും പിന്നിൽ അണിനിരന്നിട്ടുള്ള ജനവിഭാഗങ്ങളെ കൂടെക്കൊണ്ടുവരണമെന്നും. അത് ചെയ്തില്ലെന്നു മാത്രമല്ല നേതൃത്വത്തിലെ ഭിന്നിപ്പുമൂലം പാർട്ടിയെയും   ഇടതുപക്ഷപാർട്ടികളെയും കൂടുതൽ ദുർബലപ്പെടുത്തുന്നതിലേക്കാണ് ഈ തീരുമാനം  നയിക്കുക.

മോദിസർക്കാറിന്റെ നയങ്ങൾക്കെതിരേ പൊരുതുന്നതോടൊപ്പം കോൺഗ്രസുമായി തിരഞ്ഞെടുപ്പുധാരണയോ സഹകരണമോ പാടില്ലെന്ന വ്യവസ്ഥ രാഷ്ട്രീയ അടവുനയത്തിൽനിന്ന് എടുത്തുകളയണമെന്ന ജനറൽ സെക്രട്ടറിയുടെ നിർദേശമാണ് മൂന്നു ഘട്ടങ്ങളിൽ നടന്ന പി.ബി. യോഗങ്ങളിലും രണ്ട് കേന്ദ്രകമ്മിറ്റി യോഗത്തിലും പി.ബി.യിലെ ഭൂരിപക്ഷം  എതിർത്തുപോന്നത്. മതനിരപേക്ഷ ശക്തികളെ പരമാവധി ഏകോപിപ്പിക്കണമെന്ന പാർട്ടി കോൺഗ്രസിന്റെ നിർദേശത്തെ പരാജയപ്പെടുത്തുന്നതാണ് കോൺഗ്രസ് പാർട്ടിയെ സഹകരിപ്പിച്ചുകൂടെന്ന മുൻവിധി. 
രണ്ട് തെറ്റിദ്ധാരണകൾ രാഷ്ട്രീയ അടവുനയം സംബന്ധിച്ച് സി.പി.എമ്മിൽനിന്ന്‌ പ്രസരിക്കുന്നുണ്ട്.  പാർട്ടിയുടെ നയവും സംഘടനാക്രമവും സംബന്ധിച്ച് കൃത്യമായ അറിവോ ധാരണയോ ഇല്ലാത്ത ജനങ്ങൾ അതുമൂലം അബദ്ധധാരണയിലാണ്.  നേരത്തേ ചൂണ്ടിക്കാട്ടിയതുപോലെ വർഗീയതയ്ക്കെതിരായ അടവുനയത്തിന്റെ ഭാഗമായ പ്രസ്ഥാനമാണ് നേതൃത്വത്തിലെ ഭിന്നിപ്പിനെത്തുടർന്ന് കഴിഞ്ഞ മൂന്നുവർഷങ്ങളിൽ  പ്രാവർത്തികമാക്കാൻ കഴിയാതെപോയത്. 

2018 അവസാനത്തിലോ 2019 ആദ്യത്തിലോ നടക്കാൻപോകുന്ന പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട അടവുനയം യഥാർഥത്തിൽ മറ്റൊന്നാണ്. ആദ്യത്തേത് നടപ്പാക്കിയിരുന്നെങ്കിൽ സി.പി.എമ്മിന്റെ സ്വന്തം വളർച്ചയും ഇടതുപക്ഷത്തിന്റെ വളർച്ചയും ഉറപ്പുവരുത്തുന്ന വർഗീയവിരുദ്ധ പോരാട്ടങ്ങൾ രാജ്യത്താകെ അലയടിക്കുമായിരുന്നു. അത് ഉയർത്തുന്ന ജനശക്തിയുടെ സ്വാധീനത്തിൽ ഇടതുപക്ഷ - മതനിരപേക്ഷശക്തികൾ  ഏറെ മുന്നേറുമായിരുന്നു.   

കോൺഗ്രസിലും മറ്റ് ബൂർഷ്വാ പാർട്ടികളിലും ബി.ജെ.പി.യിൽപ്പോലും അണിനിരന്നിട്ടുള്ള വലിയൊരു വിഭാഗം ജനങ്ങളെ  വർഗീയവിരുദ്ധ-ജനാധിപത്യ പ്രസ്ഥാനത്തിൽ  അണിനിരത്താനാണ് പാർട്ടി കോൺഗ്രസ് ആഹ്വാനംചെയ്തിരുന്നത്. ആ ദൗത്യം നിർവഹിച്ചിരുന്നെങ്കിൽ കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പിലും ഇപ്പോൾ നടക്കുന്ന ത്രിപുര തെരഞ്ഞെടുപ്പിലും വൈകാതെ നടക്കാൻപോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും സി.പി.എം. അടക്കമുള്ള ഇടതുപക്ഷശക്തികളുടെയും മതനിരപേക്ഷ ശക്തികളുടെയും അടിത്തറ ഏറെ വികസിക്കുമായിരുന്നു. ആ പ്രവർത്തനത്തിന്റെ ആകെത്തുക വിലയിരുത്തി 22-ാം പാർട്ടി കോൺഗ്രസിൽ മോദി സർക്കാരിനെ പരാജയപ്പെടുത്താനുള്ള രാഷ്ട്രീയ അടവുനയത്തിന് കൂടുതൽ ആത്മവിശ്വാസത്തോടെയും ഫലപ്രദമായും രൂപംകൊടുക്കാൻ കഴിയുമായിരുന്നു.  

പകരം പാർലമെന്ററി അധികാരത്തിനുള്ള രാഷ്ട്രീയമുന്നണി സംബന്ധിച്ച അടവുനയം എന്ന നിലയ്ക്കാണ് ഇപ്പോൾ വിഷയം ചർച്ചചെയ്യപ്പെടുന്നത്. അതിന്റെ സ്വാധീനത്തിലാണ് പാർട്ടി അണികൾ ഉൾപ്പെടെ ഇനി നിലപാടെടുക്കാൻ പോകുന്നതും. കോൺഗ്രസിന്റെ ഭരണക്കുത്തക തകർക്കുക എന്ന രാഷ്ട്രീയ മുദ്രാവാക്യം മുൻനിർത്തി പ്രവർത്തിച്ച, കേരളത്തിലും ബംഗാളിലും ത്രിപുരയിലും നീണ്ടകാലം കോൺഗ്രസിതര സർക്കാരുകളെ നയിച്ച,  ദേശീയതലത്തിൽ കോൺഗ്രസിതര  സർക്കാരുകളെ അധികാരത്തിലെത്തിക്കുന്നതിന് നേതൃത്വം നൽകിയ സി.പി.എമ്മിന്റെ നേതൃത്വം ചെയ്യുന്നത് തെറ്റാകില്ലെന്ന  അന്ധവിശ്വാസം  വലിയൊരളവിൽ ഇടതുപക്ഷ അണികളെ നയിക്കുന്നുണ്ട്.  ചിത്രം അതല്ലെന്ന സത്യം ഇപ്പോൾ തിരിച്ചറിയേണ്ടി വരുന്നു. അതുകൊണ്ടാണ് ചേരിതിരിഞ്ഞുള്ള   വോട്ടെടുപ്പും ഭൂരിപക്ഷ പിന്തുണയില്ലാത്ത ജനറൽ സെക്രട്ടറിയുടെ രാജിനീക്കവും മറ്റും അരങ്ങേറിയത്. 

അഖിലേന്ത്യാതലത്തിൽ സി.പി.എം. ഏറെക്കാലം പരീക്ഷിച്ച മൂന്നാംമുന്നണിപോലുള്ള രാഷ്ട്രീയ സംവിധാനങ്ങൾ ദേശീയതലത്തിൽ  ഇനി രൂപപ്പെടുത്താൻ സാധ്യമല്ലെന്ന് കണ്ടെത്തിയത് സി.പി.എം. കോൺഗ്രസാണ്.   പ്രാദേശികപാർട്ടികൾ  ബി.ജെ.പി.ക്കൊപ്പംപോകുന്ന അവസരവാദ രാഷ്ട്രീയത്തിന്റെ ഈ കാലത്ത്. സ്വന്തം ശക്തിയും ഇടതുപക്ഷപാർട്ടികളുടെ സ്വാധീനവും മൂന്നുസംസ്ഥാനങ്ങൾക്ക് പുറത്തേക്ക് വ്യാപിപ്പിക്കുക മാത്രമാണ്  സി.പി.എമ്മിന് ആകെ ചെയ്യാനാവുന്നത്.  

ഇടതുപക്ഷം ശക്തമായ മൂന്നു സംസ്ഥാനങ്ങൾക്കപ്പുറം ഒറ്റയ്ക്കു ജയിക്കാവുന്ന  ഒരു പാർലമെന്റ് മണ്ഡലമോ നിയമസഭാ മണ്ഡലമോ ഉണ്ടെന്ന് അവകാശപ്പെടാൻ സി.പി.എമ്മിനു കഴിയില്ലെന്ന് വെളിപ്പെടുത്തിയത് 2002-ൽ ഹൈദരാബാദ് പാർട്ടി കോൺഗ്രസാണ്.  ഓരോ സംസ്ഥാനത്തിലെയും രാഷ്ട്രീയ പരിതഃസ്ഥിതിക്കൊത്ത് അടവുനയം രൂപപ്പെടുത്തി മതനിരപേക്ഷ സർക്കാരിനെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിൽ വരുത്താൻ മാത്രമേ ഇനി സാധ്യതയുള്ളൂ.  

അടവുനയങ്ങളിലെ വൈരുധ്യങ്ങൾ
അടിയന്തരാവസ്ഥയിലെ കോൺഗ്രസിന്റെ സർവാധിപത്യഭരണത്തെ തോൽപ്പിക്കാൻ ജനസംഘവുമായി ചേർന്നതൊഴിച്ചുനിർത്തിയാലും സി.പി.എമ്മിന്റെ അടവുനയങ്ങളിൽ തുടർച്ചയായി വൈരുധ്യങ്ങളുണ്ട്. വി.പി. സിങ്ങിന്റേതടക്കമുള്ള കോൺഗ്രസിതര സർക്കാരിന് ബി.ജെ.പി.ക്കൊപ്പം സി.പി.എം. പിന്തുണനൽകി.  ബി.ജെ.പി. അധികാരത്തിൽ വരുന്നത് തടയാൻ  രണ്ട് ഐക്യമുന്നണി സർക്കാരുകൾക്ക് (ദേവഗൗഡ, ഐ.കെ. ഗുജ്‌റാൾ) കോൺഗ്രസ് പിന്തുണ സി.പി.എം. ഉറപ്പാക്കി. ഇതൊക്കെ ഓർക്കാതെ കോൺഗ്രസുമായി തിരഞ്ഞെടുപ്പ് ധാരണയ്ക്കോ സഖ്യത്തിനോ ഇല്ലെന്ന് ഇപ്പോൾ ആദർശം വോട്ടിനിട്ടുറപ്പിക്കുന്നത്  ചരിത്രം നിഷേധിക്കലാണ്. 

2002-ൽ ഹൈദരാബാദ് കോൺഗ്രസിലാണ്  കോൺഗ്രസുമായി സഖ്യമോ സഹകരണമോ പാടില്ലെന്ന അടവുനയത്തിൽ തൊട്ട് ആദ്യമായി പ്രതിജ്ഞയെടുത്തത്.  രണ്ടുവർഷം കഴിഞ്ഞതേയുള്ളൂ അത് പാടേ ലംഘിച്ചു. ത്രിപുരയിലും ബംഗാളിലും കേരളത്തിലുമൊഴികെ  തൊടാൻ പാടില്ലാത്തവരെ തൊട്ടു. തീണ്ടാൻ പോലും പാടില്ലെന്നു നിശ്ചയിച്ച് കരിംപട്ടികയിൽ ചേർത്ത കോൺഗ്രസിന്റെ ദേശീയ -സംസ്ഥാനനേതൃത്വങ്ങളുമായി സീറ്റുവിഭജനവും സീറ്റുധാരണയും യോജിച്ച തിരഞ്ഞെടുപ്പുപ്രചാരണവും നടത്തി.  

2004-ൽ ഇടതുമുന്നണിക്ക്  61 സീറ്റുകൾ ലഭിച്ചതുകൊണ്ടായിരുന്നു ബി.ജെ.പി.യെ അധികാരത്തിൽനിന്ന് പുറത്തുനിർത്താനും യു.പി.എ. സർക്കാരിനെ അധികാരത്തിൽ അവരോധിക്കാനും കഴിഞ്ഞത്. കേരളത്തിൽനിന്ന് 15-ഉം ബംഗാളിൽനിന്ന് 36-ഉം ത്രിപുരയിൽനിന്ന് രണ്ടും സീറ്റുകൾ കിട്ടിയതൊഴിച്ചാൽ ലോക്‌സഭയിലെ ബാക്കി എട്ടുസീറ്റുകളും കോൺഗ്രസിന്റെയും അവരുടെ സഖ്യകക്ഷികളുടെയും പിന്തുണയിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നു നേടിയതായിരുന്നു. ഒന്നാം യു.പി.എ. സർക്കാരിന് പൊതുമിനിമം പരിപാടി ഉണ്ടാക്കിക്കൊടുത്തതും പാർട്ടി എം.പി.യെ സ്പീക്കറാക്കി മൻമോഹൻസിങ്ങിന് ഉറങ്ങാൻ ആശ്വാസം പകർന്നതും മാത്രമല്ല സി.പി.എം. അന്നുചെയ്തത്. ഭരണത്തിന് പുറത്തുനിന്ന് പിന്തുണ നൽകാനാണ്  കേന്ദ്രകമ്മിറ്റി തീരുമാനിച്ചതെങ്കിലും കോൺഗ്രസുമായി ഏകോപനസമിതി രൂപവത്‌കരിച്ചു. അതിനുംപുറമേ യു.പി.എ. യോഗങ്ങളിൽ സൗകര്യത്തിനൊത്ത് സി.പി.എം. പ്രതിനിധികൾ നേരിൽ പങ്കെടുക്കുകയും ചെയ്തു. 

കോൺഗ്രസിന്റെ നവ-ഉദാരീകരണ സാമ്പത്തികനയങ്ങൾ നരസിംഹറാവു സർക്കാരിലൂടെ തുടങ്ങിവെച്ചത് ധനമന്ത്രി മൻമോഹൻസിങ് ആയിരുന്നു.  അതിന്റെ തുടർച്ച യു.പി.എ. സർക്കാരിലൂടെ മുന്നോട്ടുകൊണ്ടുപോയത് സി.പി.എമ്മിന്റെ സാന്നിധ്യത്തിലാണ്. അമേരിക്കയുമായുള്ള ആണവ-സൈനിക ബന്ധംപോലും ഒന്നാം യു.പി.എ. സർക്കാരിൽനിന്നുള്ള തുടർച്ചയാണ്. അത് കൂടുതൽ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ പാരമ്പര്യത്തിനും ചരിത്രത്തിനും നിരക്കാത്ത ഇന്നത്തെ അപകടാവസ്ഥയിലേക്ക് തുടർന്നുകൊണ്ടുപോകുകയും കൂടുതൽ രാജ്യവിരുദ്ധമാക്കുകയും ചെയ്യുന്നു എന്നതാണ് മോദിസർക്കാർ നിർവഹിക്കുന്നത്. അതുകൊണ്ട് കോൺഗ്രസും മോദി സർക്കാരും ഒരുപോലെയാണെന്നും കോൺഗ്രസിനെ തൊട്ടാൽ കണ്ണുപൊട്ടുമെന്നും സി.പി.എം. ഇപ്പോൾ ഭയപ്പെടുത്തുന്നതിൽ അർഥമില്ല. മോദിയുടെയും ആർ.എസ്.എസിന്റെയും രാഷ്ട്രീയതാത്‌പര്യങ്ങളെ മാത്രമേ അത് സഹായിക്കൂ. അന്ന് യു.പി.എ. സർക്കാരിനെ ബംഗാൾ സർക്കാർ ഉപയോഗപ്പെടുത്തിയതുപോലെ കേരളത്തിലെ എൽ.ഡി.എഫ്. സർക്കാർ ഇപ്പോൾ മോദിസർക്കാരിനെ രാഷ്ട്രീയമായി ആശ്രയിക്കുന്നുണ്ടോ എന്നതും ന്യായമായ സംശയമാണ്. കേരളഘടകത്തിന്റെ അടവു പിടിവാശിയിൽ അതാണ് നിഴലിക്കുന്നത്‌.