‘‘തൊരു അനുഭവമാണ്. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ കൈവിട്ടതിന്റെ കാരണവും അവരുടെ ആശങ്കകളും ജനങ്ങൾ തുറന്നുപറയുന്നുണ്ട്. അത് ഞങ്ങൾ കേൾക്കും. അവരുടെ തെറ്റിദ്ധാരണ മാറ്റും. ഞങ്ങൾ വരുത്തേണ്ട തിരുത്തൽ വരുത്തും’’ 

-കോടിയേരി ബാലകൃഷ്ണൻ

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണമറിയാൻ സി.പി.എം. നേതാക്കളുടെ ഗൃഹസന്ദർശനം തുടങ്ങി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രണ്ടുദിവസമായി തിരുവനന്തപുരം നഗരത്തിലെ പലവീടുകളിലും ജനങ്ങളെ കേൾക്കാനെത്തി. 3000 പാർട്ടി ബ്രാഞ്ചുകളും 5.25 ലക്ഷം അംഗങ്ങളുമാണ് സി.പി.എമ്മിനുള്ളത്. ഇവർക്കു പറയാൻ പാർട്ടി വേദികളുണ്ട്. പാർട്ടി അനുഭാവികളാണ് ഇടതുപക്ഷത്തിന് ഭരണമുറപ്പാക്കുന്ന വോട്ടുബാങ്ക്. അവർക്കിടയിലുണ്ടായ അതൃപ്തിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനിടയാക്കിയത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം കേന്ദ്ര-സംസ്ഥാന കമ്മിറ്റികൾ വിലയിരുത്തിയിട്ടുണ്ട്. അതിനപ്പുറമുള്ള കാര്യങ്ങൾ ജനങ്ങൾക്ക് പറയാനുണ്ടോയെന്നറിയാനാണ് ഒരാഴ്ചനീളുന്ന ഗൃഹസന്ദർശനം. ഇതിൽ വീട്ടുകാർ പറഞ്ഞ കാര്യങ്ങൾ കോടിയേരി ബാലകൃഷ്ണൻ തുറന്നുപറയുന്നു. 

‘ശബരിമലയിൽ സംഭവിച്ചത് ’

ശബരിമല വിഷയത്തിൽ കടുത്ത അതൃപ്തിയുള്ളതായി ചിലവീട്ടുകാർ തുറന്നുപറഞ്ഞിട്ടുണ്ട്.  മുമ്പ് ഇടതുപക്ഷത്തിനായിരുന്നു വോട്ടുചെയ്തത്. എന്നാൽ, ഇത്തവണ ചെയ്തില്ലെന്നാണ് ചിലർ പറഞ്ഞത്. അതൃപ്തിയുണ്ടെങ്കിലും വോട്ട് മാറ്റിച്ചെയ്തില്ലെന്നാണ് മറ്റുചിലർ പറഞ്ഞത്. വോട്ടുമാറ്റിച്ചെയ്യാത്തത് ശബരിമലയിൽ സ്വീകരിച്ച നടപടി അംഗീകരിക്കുന്നതുകൊണ്ടല്ലെന്നും ഇവർ പറഞ്ഞിട്ടുണ്ട്. ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതി വിധിവന്നപ്പോൾ എല്ലാ രാഷ്ട്രീയപ്പാർട്ടികളും സ്വാഗതംചെയ്തതാണ്. എന്നാൽ, വിശ്വാസികളിൽനിന്നുള്ള എതിർപ്പ് തിരിച്ചറിഞ്ഞ് കോൺഗ്രസും ബി.ജെ.പി.യും പിന്നീട് നിലപാടുമാറ്റി. മാറിയ സാഹചര്യം സർക്കാർകൂടി ഉൾക്കൊള്ളേണ്ടതായിരുന്നെന്നതാണ് മറ്റൊരഭിപ്രായം. ഇതെല്ലാം ഞങ്ങൾ കേട്ടു. ഭരണഘടനാബെഞ്ചിന്റെ വിധി അംഗീകരിക്കുകയല്ലാതെ മറ്റൊരുമാർഗമില്ലെന്ന് വിശദീകരിച്ചു. പാർട്ടിയോ സർക്കാരോ വിശ്വാസികൾക്ക് എതിരല്ലെന്ന് ബോധ്യപ്പെടുത്തി. നിയമം കൊണ്ടുവരാനാകില്ലെന്ന് ബി.ജെ.പി. പാർലമെന്റിൽ വ്യക്തമാക്കിയതോടെ കോൺഗ്രസും ബി.ജെ.പി.യും വഞ്ചിക്കുകയാണെന്ന് ഇപ്പോൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. റിവിഷൻ ഹർജിയിൽ വിധിയിൽ മാറ്റമുണ്ടായാൽ അത് സർക്കാർ അംഗീകരിക്കുമെന്നാണ് ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുള്ളത്. 

‘ആ സ്ത്രീകൾ ശബരിമല കയറിയത് ശരിയായില്ല’

വനിതാമതിലിന് തൊട്ടുപിന്നാലെ രണ്ടുസ്ത്രീകൾ ശബരിമല കയറിയത് ഒഴിവാക്കേണ്ടതായിരുന്നെന്നാണ് ജനങ്ങൾ പറഞ്ഞത്. അത് സംഭവിച്ചില്ലായിരുന്നെങ്കിൽ വനിതാമതിലുണ്ടാക്കിയ മുന്നേറ്റം തുടർന്നുകൊണ്ടുപോകാനാകുമായിരുന്നെന്നും അവർ പറഞ്ഞു. സുപ്രീംകോടതി വിധി നിലനിൽക്കുന്നതിനാൽ ശബരിമല കയറാനെത്തിയ സ്ത്രീകളെ പോലീസിന് തടയാൻ കഴിയുമായിരുന്നില്ലെന്ന് അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലെ ഇപ്പോഴത്തെ സ്ഥിതിയിൽ ജനങ്ങൾ സംതൃപ്തരാണ്. അവിടെ സ്ത്രീകൾ പോകുന്നില്ല. ഭക്തർക്ക് ശാന്തമായി ദർശനത്തിന് സൗകര്യമുണ്ട്. ഈ സ്ഥിതി തുടരണമെന്നാണ് പലരും ആവശ്യപ്പെട്ടിട്ടുള്ളത്. 

‘പോലീസ് കുഴപ്പമുണ്ടാക്കുന്നു’

സർക്കാരിന്റെ പ്രവർത്തനത്തിൽ പൊതുവേ ജനങ്ങൾ തൃപ്തിപ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ, പോലീസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചാണ് ചില വിമർശനങ്ങളുന്നയിച്ചത്. പ്രത്യേകിച്ച് കസ്റ്റഡിമരണംപോലുള്ള കാര്യങ്ങളിൽ. ഇടതുപക്ഷം ഭരിക്കുമ്പോൾ കസ്റ്റഡിമരണങ്ങളുണ്ടാകുന്നത് അംഗീകരിക്കാനാകാത്തതാണെന്നാണ് ജനങ്ങൾ പറഞ്ഞത്. ഇക്കാര്യത്തിൽ ജാഗ്രതവേണമെന്നും അവർ പറഞ്ഞു. ഇത്തരം പോലീസുകാരെ സംരക്ഷിക്കരുതെന്ന് മാത്രമല്ല, കർശനനടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ സംഭവങ്ങളിൽ സർക്കാർ സ്വീകരിച്ച നടപടികളിൽ ജനങ്ങൾ സംതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. 

‘മാധ്യമങ്ങൾ ഇടതുപക്ഷത്തിന് എതിരാകുന്നു’

മുഖ്യധാരാമാധ്യമങ്ങളെല്ലാം ഇടതുപക്ഷത്തിനെതിരാകുന്നുവെന്നകാര്യം ജനങ്ങൾ ഇങ്ങോട്ടുപറയുന്നുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വീടുകളുമായി ഏറെ ബന്ധംപുലർത്തിയത് സി.പി.എം. പ്രവർത്തകരാണ്. രണ്ടാംസ്ഥാനം ബി.ജെ.പി.ക്കാണ്. മിക്കയിടത്തും കോൺഗ്രസുകാർ വന്നിട്ടേയില്ല. എന്നിട്ടും വോട്ട് കൂടുതൽ കിട്ടിയത് യു.ഡി.എഫിനാണ്. കോൺഗ്രസിന്റെ പ്രചാരണം മാധ്യമങ്ങളേറ്റെടുത്തതാണ് കാരണമെന്ന് ജനങ്ങളും സമ്മതിക്കുന്നുണ്ട്. മാധ്യമങ്ങളുടെ പ്രചാരണം ബോധ്യപ്പെടുത്താൻ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇടതുപക്ഷത്തിന് കഴിഞ്ഞില്ലെന്നതാണ് ജനങ്ങളുടെ പ്രതികരണത്തിൽനിന്ന് ബോധ്യപ്പെട്ടത്.