2007-ൽ പാകിസ്താനിൽ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പർവേസ് മുഷറഫിന് ചൊവ്വാഴ്ച പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരിക്കുന്നു. അന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസുൾപ്പെടെ അറുപതോളം ന്യായാധിപരെ പുറത്താക്കുകയും തടവിലിടുകയുംചെയ്ത അതേ ഏകാധിപതിയോട് രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ  പ്രതികാരം...

ചുവടുറപ്പിക്കുന്നു

1943-ൽ ഡൽഹിയിൽ ജനിച്ച പർവേസ് മുഷറഫ് വിഭജനത്തിനുശേഷം പാകിസ്താനിലേക്കുപോയി. നയതന്ത്രജ്ഞനായിരുന്നു മുഷറഫിന്റെ പിതാവ്. ചെറുപ്പം ചെലവഴിച്ചതുമുഴുവൻ തുർക്കിയിലെ അങ്കാറയിൽ. അച്ഛനിൽനിന്ന് വ്യത്യസ്തനായി സൈനികനാവാനാണ് മുഷറഫ്‌ ആഗ്രഹിച്ചത്. 1961-ൽ പാകിസ്താൻ സൈനിക അക്കാദമിയിൽ ചേർന്നു. 1964-ൽ സെക്കൻഡ്‌ ലഫ്റ്റനന്റായി പാക് സൈന്യത്തിൽ അരങ്ങേറ്റം. 1991-ൽ മേജർ ജനറൽ.1998-ൽ സൈനികമേധാവി.  

കാർഗിൽ വഴി അധികാരത്തിൽ

1999-ലെ കാർഗിൽയുദ്ധത്തിൽ ഇന്ത്യയോടേറ്റ കനത്ത പരാജയത്തിനുപിന്നാലെ മുഷറഫിനെ സൈനികമേധാവിസ്ഥാനത്തുനിന്ന്‌ നീക്കാൻ പ്രധാനമന്ത്രി നവാസ് ഷരീഫ് തീരുമാനിച്ചു. ഒക്ടോബറിൽ മുഷറഫ് ശ്രീലങ്കൻ സന്ദർശനത്തിലായിരിക്കുമ്പോഴായിരുന്നു  ഷരീഫിന്റെ ഉത്തരവെത്തിയത്. മുഷറഫ്‌ എത്തിയ വിമാനത്തിന് പാകിസ്താനിലിറങ്ങാൻ ഷരീഫ് അനുമതി നിഷേധിച്ചു.
എന്നാൽ, കാര്യങ്ങൾ മാറിമറിഞ്ഞു. പ്രധാനമന്ത്രിയുടെ വസതി പട്ടാളം വളഞ്ഞു. പിന്നാലെ മുഷറഫിന്റെ പ്രഖ്യാപനമെത്തി
-പ്രധാനമന്ത്രിയെ പുറത്താക്കിയിരിക്കുന്നു. ഇനി പാകിസ്താൻ പട്ടാളഭരണത്തിൽ, താൻ ചീഫ് എക്സിക്യുട്ടീവും. രണ്ടുവർഷത്തോളം അദ്ദേഹം പട്ടാളമേധാവിയെന്ന സ്ഥാനത്തുതന്നെ തുടർന്നു.

ജനാധിപത്യത്തിന്റെ മുഖമണിയുന്നു

2001 ജൂണിൽ പാകിസ്താന്റെ പ്രസിഡന്റായ മുഹമ്മദ് റാഫിഖ് തരാറിനെ രാജിവെപ്പിച്ച് ആ സ്ഥാനത്തേക്ക്‌ സ്വയം അവരോധിച്ചു.
2002 ഏപ്രിലിൽനടന്ന ഹിതപരിശോധന അഞ്ചുവർഷംകൂടി അധികാരത്തിൽ തുടരാൻ മുഷറഫിന് അനുമതിനൽകി. പാർലമെന്റ് പിരിച്ചുവിടാനും പ്രധാനമന്ത്രിയെ പുറത്താക്കാനും തനിക്ക് അധികാരം നൽകിക്കൊണ്ടുള്ള ഭരണഘടനാഭേദഗതികൾ പാസാക്കി. ഒക്ടോബറിൽനടന്ന പൊതുതിരഞ്ഞെടുപ്പിൽ മുഷറഫിനെ അനുകൂലിക്കുന്ന മുസ്‌ലിംലീഗ്-ക്യു വിജയിച്ചു. നവംബറിൽ വീണ്ടും മുഷറഫ് അധികാരത്തിൽ.

അടിതെറ്റുന്നു

2007-ൽ അന്നത്തെ സുപ്രീംകോടതി ജഡ്ജിയായിരുന്ന ഇഫ്തിക്കർ ചൗധരിയെ, അധികാരം ദുർവിനിയോഗിച്ചുവെന്നാരോപിച്ച് സസ്പെൻഡുചെയ്തു. ഇതേത്തുടർന്ന് അഭിഭാഷകർ സംഘടിതമായി മുഷറഫിനെതിരേ തിരിഞ്ഞു. അത്‌ പ്രക്ഷോഭമായി രൂപംമാറി. ചൗധരിയെ പുറത്താക്കിയ നടപടി സുപ്രീംകോടതി റദ്ദുചെയ്തു.‌
ഒക്ടോബറിൽ മുഷറഫ് വീണ്ടും പ്രസിഡന്റായെങ്കിലും സുപ്രീംകോടതി ഫലം തടഞ്ഞുവെച്ചു. മുഷറഫ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭരണഘടന റദ്ദാക്കുകയും വീണ്ടും ചീഫ് ജസ്റ്റിസിനെ മാറ്റുകയുംചെയ്തു. ലോകരാജ്യങ്ങളുടെ സമ്മർദത്തെത്തുടർന്ന് അടിയന്തരാവസ്ഥ പിൻവലിക്കാനും 2008-ൽ തിരഞ്ഞെടുപ്പ് നടത്താനും നിർബന്ധിതനായി.

വീഴ്ചയിങ്ങനെ

സൗദിയിലേക്ക് നാടുകടത്തിയ നവാസ് ഷരീഫിനും മറ്റൊരു രാഷ്ട്രീയ എതിരാളിയും പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവുമായ ബേനസീർ ഭൂട്ടോയ്ക്കും തിരികെ പാകിസ്താനിലെത്താൻ മുഷറഫ് അനുമതി നൽകി. എന്നാൽ, 2007-ൽ ബേനസീർ കൊല്ലപ്പെട്ടതോടെ പാകിസ്താൻ വീണ്ടും യുദ്ധക്കളമായി. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പി.പി.പി.യും പി.എം.എൽ.എന്നും വിജയിച്ചു. അവർ സഖ്യസർക്കാർ രൂപവത്കരിച്ചു. പി.പി.പി.യുടെ യൂസഫ് റാസ ഗിലാനി പ്രധാനമന്ത്രിയായി. മുഷറഫ് ഇംപീച്ച്മെന്റ് നേരിടണമെന്ന് സർക്കാർ പ്രഖ്യാപിച്ചു. അദ്ദേഹത്തിനുമേൽ കുറ്റംചുമത്തി.
2008 ഓഗസ്റ്റിൽ മുഷറഫ് പ്രസിഡന്റ്സ്ഥാനം രാജിവെച്ചു. അദ്ദേഹം രാജ്യംവിട്ടു. പിന്നെ ലണ്ടനിലും ദുബായിലുമായി ജീവിതം.
2013-ൽ നാടകീയമായി പാകിസ്താനിലേക്ക് തിരിച്ചെത്തി. അറസ്റ്റുചെയ്യപ്പെട്ടു.  
2007-ൽ ഭരണഘടന റദ്ദാക്കിയ മുഷറഫിന്റെ നടപടി രാജ്യദ്രോഹമാണെന്നുകാട്ടി മുതിർന്ന അഭിഭാഷകൻ എ.കെ. ഡോഗർ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് മുഷറഫിന്റെ പതനമാരംഭിച്ചത്.
2014-ൽ അദ്ദേഹത്തിന്റെ പേരിൽ കുറ്റംചുമത്തി. 1999-ൽ മുഷറഫ് പുറത്താക്കിയ അതേ നവാസ് ഷരീഫായിരുന്നു അന്ന് അധികാരത്തിൽ.

ഇനിയെന്ത്

പ്രത്യേക കോടതിയുടെ വിധിക്കെതിരേ മുഷറഫിന് സുപ്രീംകോടതിയെ സമീപിക്കാം. വിധി സുപ്രീംകോടതി ശരിവെച്ചാൽപ്പിന്നെ അദ്ദേഹത്തിന്റെ ഭാവി പാക് പ്രസിഡന്റിന്റെ കൈയിലാണ്. വധശിക്ഷ നടപ്പാക്കണോ മാപ്പുനൽകണോയെന്ന് പ്രസിഡന്റ് തീരുമാനിക്കും. എന്തായാലും അതിന്‌ ഇനിയുമേറെ സമയമെടുക്കും.