രാഹുലിന്റെ രാജി കോൺഗ്രസിൽ ഒരു ചരിത്ര മുഹൂർത്തമാണ്. ആദ്യമായാണ് ഒരു നെഹ്രു കുടുംബാംഗം കോൺഗ്രസ്  പാർട്ടിയിലെ അനിഷേധ്യനേതൃത്വം ഒഴിയുന്നത്. വിദേശത്തു ജനിച്ച സോണിയാ ഗാന്ധി പാർലമെന്ററിനേതൃത്വം ഏറ്റെടുക്കുന്നതിെനതിരേ നേരത്തേ ശരദ്‌ പവാറും താരിഖ് അൻവറും വിമർശിച്ചപ്പോൾ രാജിവെച്ചിരുന്നു പക്ഷേ, ആ രാജിക്ക്‌ ഏതാനും ദിവസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. സോണിയ രാജി പിൻവലിച്ചപ്പോൾ നാടകം എന്നൊക്കെ വിമർശിക്കപ്പെടുകയുണ്ടായി.

തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് രാജി സമർപ്പിച്ച രാഹുൽഗാന്ധി എല്ലാ ബഹുമാനവും അർഹിക്കുന്നു. തോൽവിയുടെ ബാധ്യതയേറ്റെടുക്കേണ്ട ആവശ്യം അവസാനമായി അദ്ദേഹത്തിനെങ്കിലും ബോധ്യപ്പെട്ടല്ലോ. മുമ്പിങ്ങനെ ഉണ്ടായിട്ടില്ല. കോൺഗ്രസ്‌ പാർട്ടിയുടെ നേതൃത്വത്തിൽ രാഹുൽഗാന്ധി കഠിനാധ്വാനം നടത്തിയിട്ടുണ്ട് എന്നത് സത്യമാണ്‌. ആദിവാസികളുടെയും ദളിതരുടെയും കർഷകരുടെയും പ്രശ്നങ്ങളിൽ  നേരിട്ടിടപെട്ടു. അധികൃതർക്കു കത്തെഴുതുകയും പ്രസ്താവന നടത്തുകയുമല്ല അദ്ദേഹം ചെയ്തത്‌. പദയാത്രകൾ നടത്തുകയും അവർക്കിടയിലേക്കു ചെല്ലുകയും അവരുടെ ഭവനങ്ങളിൽ താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. പക്ഷേ, അതിനു ഫലമില്ലാതെ പോയത്  സംഘടനയുടെ ബലഹീനത കൊണ്ടാണ്.   

 പ്രശ്നം നെഹ്രുകുടുംബം    
രാഹുൽഗാന്ധിയുടെ ഒഴിവിലേക്കു പുതിയ കോൺഗ്രസ്‌ പ്രസിഡന്റിനെ കണ്ടെത്താനുള്ള ചർച്ചകളിൽ മുഴുകിയിരിക്കുകയാണ് കോൺഗ്രസിലെ ഉന്നതനേതാക്കൾ. കൂട്ടായും അല്ലാതെയും അവർ സജീവ ചർച്ചയിലാണ്. അതിനിടയിലാണ് വീണ്ടുമൊരു 'കർണാടക ദുരന്തം' സംഭവിച്ചിരിക്കുന്നത്‌. പുതിയ കോൺഗ്രസ് പ്രസിഡന്റിനെ കണ്ടെത്തുന്നതിൽ വലിയ പങ്കേറ്റെടുക്കാൻ ബാധ്യസ്ഥരായ പല പ്രമുഖ നേതാക്കളും ഇപ്പോൾ ബെംഗളൂരുവിലാണ് ഉള്ളത്. അക്കൂട്ടത്തിൽ കോൺഗ്രസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ആലോചിക്കപ്പെടുന്ന മല്ലികാർജുൻ ഖാർഗെയും ഉണ്ട്. എങ്ങനെയും കർണാടകത്തിലെ കൂട്ടുകക്ഷി ഗവണ്മെന്റിനെ നിലനിർത്തും എന്നാണദ്ദേഹം അവകാശപ്പെട്ടത്.      
നേതാക്കൾ പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും പുതിയ പ്രസിഡന്റ്‌ എങ്ങനെയുള്ള ഒരാളായിരിക്കണം എന്നതു സംബന്ധിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാടിലേക്കെത്താൻ അവർക്കു കഴിഞ്ഞിട്ടില്ല. അതിനുകാരണം മറ്റൊന്നല്ല. അവരുടെ ആശങ്ക നെഹ്രുകുടുംബനേതൃത്വമെന്ന രാഷ്ട്രീയതന്ത്രം സംബന്ധിച്ചാണ്. പാർട്ടിയെ ഒന്നിപ്പിച്ചു നിർത്തുന്നത് നെഹ്രു കുടുംബനേതൃത്വമെന്ന മാസ്മരികശക്തിയാണെന്ന് അവർ കരുതുന്നു.

 താത്‌കാലിക പ്രസിഡന്റ്‌    
നെഹ്രുകുടുംബവാഴ്ചയുമായുള്ള പൊക്കിൾക്കൊടിബന്ധം ഉപേക്ഷിക്കുക ഇവർക്ക്‌ ബുദ്ധിമുട്ടാണ്‌. ആ ബന്ധത്തിനകത്തു കൂടിയാണ് അവർ ഇപ്പോഴത്തെ സ്ഥാനത്തെത്തിച്ചേർന്നത്‌. അവർ ആലോചിക്കുന്നത് ഒരു താത്‌കാലിക പ്രസിഡന്റിനെ തീരുമാനിക്കുക, പിന്നീട് യുക്തമായ സമയത്ത് നെഹ്രു  കുടുംബത്തിലെത്തന്നെ ഒരംഗത്തെ തിരിച്ചുകൊണ്ടുവരുക എന്നാണ്. നെഹ്രു കുടുംബത്തിന്റെ നിയന്ത്രണത്തിൽ നിൽക്കുമെന്നുറപ്പുള്ളവരെ മാത്രമേ അവർ  തീരുമാനിക്കുകയുള്ളൂ. അതുകൊണ്ടാണ് ദളിത്‌, പിന്നാക്ക, സ്ത്രീ നേതാക്കൾ എന്നൊക്കെ പറയുന്നത്. പാർട്ടിയുടെ ഏറ്റവും തലപ്പത്തുള്ള ആ ചുമതല നൽകേണ്ടത്  സംവരണാടിസ്ഥാനത്തിലാണോ? മെറിറ്റടിസ്ഥാനത്തിലല്ലേ വേണ്ടത്?   10 ജനപഥിന്റെ നിയന്ത്രണത്തിൽനിന്നു ഒരിഞ്ചു മാറില്ല എന്ന്‌ അവർ കരുതുന്ന ചില നേതാക്കൾ ഈ ‘സംവരണ’ വിഭാഗത്തിലുണ്ട്. സുശീൽകുമാർ ഷിന്ദേ, മല്ലികാർജുൻ ഖാർഗെ, അശോക് ഗഹ്‌ലോത്‌, വീരപ്പമൊയ്‌ലി, മീരാകുമാർ എന്നീ പേരുകൾ ആണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്.   

കോൺഗ്രസുപോലെ അഖിലേന്ത്യാ സാന്നിധ്യമുള്ള പാർട്ടിയെ നയിക്കാൻ പലകാരണങ്ങൾ കൊണ്ടും ശേഷിയില്ലാത്തവരാണിവർ. പ്രായം, ആരോഗ്യം എന്നിവ അവരെ മുഴുവൻസമയ ജോലിക്ക്‌ അയോഗ്യരാക്കുന്നുണ്ട്.  താരതമ്യേന പ്രായം കുറഞ്ഞ(68) ഗഹ്‌ലോതിനുപോലും ആരോഗ്യപ്രശ്നങ്ങളുണ്ട്. 1991-ൽ കോൺഗ്രസ് പ്രസിഡന്റായി വാഴിക്കപ്പെടുമ്പോൾ പി.വി. നരസിംഹറാവു നെഹ്രുകുടുംബത്തിന്റെ വിശ്വസ്തനായിരുന്നു . പ്രായംകൊണ്ടും അനാരോഗ്യംകൊണ്ടും അവശനായ റാവുവിനെ കോൺഗ്രസ് പ്രസിഡന്റിന്റെ കസേരയിലേക്കു സഹപ്രവർത്തകർ അക്ഷരാർഥത്തിൽ താങ്ങിയിരുത്തുകയായിരുന്നു. പിന്നീടെന്താണ് സംഭവിച്ചത് എന്നതു ചരിത്രം.  
ഇന്ത്യ ഇന്നു ചെറുപ്പമാണ് എന്നു കോൺഗ്രസ്‌ നേതാക്കൾ മനസ്സിലാക്കണം. ഇന്ത്യയിലെ  ശരാശരി പ്രായം 29 ആണ്. പഴയ സ്വാതന്ത്ര്യസമരം അവരെ ആവേശം കൊള്ളിക്കുന്നില്ല. ജീവിത സൗകര്യങ്ങളാണ്‌ അവരുടെ സ്വപ്നം. 

 സംഘടനാ തിരഞ്ഞെടുപ്പ്  
പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുവരെ താത്‌കാലിക ചുമതലയ്ക്കായി മേൽപ്പറഞ്ഞ ആരെയും നിയോഗിക്കാവുന്നതാണ്. ആ താത്‌കാലിക പ്രസിഡന്റ്‌ സംഘടനയിൽ തിരഞ്ഞെടുപ്പ് നടത്തണം; മണ്ഡലംതൊട്ട് എ.ഐ. സി.സി.വരെ. ആ തിരഞ്ഞെടുപ്പിലൂടെയാവണം പുതിയ പ്രസിഡന്റ്‌ ഉണ്ടാവേണ്ടത്. 
സംഘടനാ തിരഞ്ഞെടുപ്പ് നടക്കാത്തതു കൊണ്ടാണ് കോൺഗ്രസ് ജനങ്ങളിൽനിന്നു അകന്നുപോയത്. പതിവായി സംഘടന തിരഞ്ഞെടുപ്പ് നടക്കുകയാണങ്കിൽ താഴെക്കിടയിൽ സജീവമായ രാഷ്ട്രീയ പ്രവർത്തനമുണ്ടാകും. രാജ്യത്ത് എന്താണ് നടക്കുന്നത്‌ എന്ന് കോൺഗ്രസ് അറിയാതെപോയത്‌ താഴെത്തട്ടിൽ സജീവമായ രാഷ്ട്രീയപ്രവർത്തനമില്ലാത്തതു കൊണ്ടാണ്. അമേഠി മണ്ഡലത്തിൽ മുൻ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ചവർ ഒന്നടങ്കം ബി.ജെ.പി.യിലേക്കു പോയതെന്തുകൊണ്ട് എന്നാലോചിക്കേണ്ടതാണ്. അവർക്കു കോൺഗ്രസ് പാർട്ടിയുമായി ഒരു വൈകാരിക  ബന്ധവുമുണ്ടായിരുന്നില്ല എന്നുറപ്പ്. 

 ആഭ്യന്തര ജനാധിപത്യം  
ആഭ്യന്തര ജനാധിപത്യത്തിൽ പ്രവർത്തിക്കുന്ന പാർട്ടിക്കുമാത്രമേ കാര്യക്ഷമമായ ഭരണത്തെയും പ്രതിപക്ഷത്തെയും നൽകാനാവൂ. കോൺഗ്രസ്‌ സംഘടനയിൽ തിരഞ്ഞെടുപ്പ്‌ നടത്തണമെന്ന് ആഗ്രഹിച്ച നേതാവാണ് രാഹുൽഗാന്ധി. യൂത്ത് കോൺഗ്രസിലും എൻ.എസ്.യു.ഐ.യിലും(വിദ്യാർഥി സംഘടന) ആ സംഘടനകളുടെ ചുമതലയുള്ള ജനറൽസെക്രട്ടറി എന്ന അധികാരം ഉപയോഗിച്ച് അദ്ദേഹം തിരഞ്ഞെടുപ്പ് നടത്തി. എന്നാൽ, പിന്നീട് കോൺഗ്രസ്‌ പ്രസിഡന്റായിട്ടും അദ്ദേഹത്തിന് അതുചെയ്യാൻ കഴിഞ്ഞില്ല. മേയ് 25-ന് പ്രവർത്തകസമിതിയിൽ തന്റെ രാജി തീരുമാനം അറിയിച്ചിട്ടും അത് സ്വീകരിക്കാനും പുതിയ നേതാവിനെ കണ്ടെത്താനും ഹൈക്കമാൻഡ്‌ നേതാക്കൾക്ക്‌ മനസ്സുണ്ടായിരുന്നില്ല. അവസാനം 40 ദിവസം കഴിഞ്ഞു അദ്ദേഹം തന്റെ രാജി ട്വിറ്ററിൽ ഒരു പ്രസ്താവനയോടെ പരസ്യമാക്കുകയാണുണ്ടായത്. 

 പുതിയ സമ്മർദഗ്രൂപ്പുകൾ                            
തിരഞ്ഞെടുപ്പുഫലം വന്നിട്ട് ആറാഴ്ച കഴിഞ്ഞാണെങ്കിലും കോൺഗ്രസിലെ പുതിയ തലമുറയിലെ വൻതോക്കുകളായ ജ്യോതിരാതിദ്യസിന്ധ്യയും മിലിന്ദ്‌ ദേവ്‌റയും ലോക്‌സഭാ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് രാജിവെച്ചിരിക്കുകയാണ്. അവരുടെ വൈകിയുദിച്ച ഈ വിവേകം പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതിൽ മുതിർന്ന നേതാക്കൾക്കുണ്ടായേക്കാവുന്ന അവിവേകത്തിനു തടയിടാനാണ് എന്നു സൂചനയുണ്ട്. ചെറുപ്പക്കാർക്ക്‌ നേതൃത്വം കൈമാറണമെന്ന് പരസ്യമായി ആവശ്യപ്പെട്ട പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദ്ര സിങ്ങിന്റെ വൈകാരിക നേതൃത്വത്തിൽ കോൺഗ്രസിനകത്ത് ഒരു എതിർ ഗ്രൂപ്പ് രൂപപ്പെടുന്നു എന്നുകരുതണം. തീരുമാനം വൈകുന്നതോടെ കൂടുതൽ സമ്മർദ ഗ്രൂപ്പുകൾ ഉയർന്നുവരാൻ സാധ്യതയുണ്ട്.