പതിനേഴാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 134 വർഷം പ്രായമായ, ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഏറ്റ തിരിച്ചടി ദയനീയമായി. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലുമായി ഓരോ സംസ്ഥാനത്തു മാത്രമാണ് കോൺഗ്രസിന് ശക്തിതെളിയിക്കാനായത്, യഥാക്രമം പഞ്ചാബിലും കേരളത്തിലും. തമിഴ്നാട്ടിൽ ഡി.എം.കെ.യുടെ ചിറകിലേറി 12 ശതമാനത്തോളം വോട്ടും എട്ട് സീറ്റും നേടാനായതാണ് മറ്റൊരാശ്വാസം. ആകെയുള്ള 29 സംസ്ഥാനങ്ങളിൽ പതിമ്മൂന്നിലും കോൺഗ്രസ് തുടച്ചുനീക്കപ്പെട്ടു. ഏഴ്‌ കേന്ദ്രഭരണപ്രദേശങ്ങളിൽ പുതുച്ചേരിയിലും അന്തമാനിലും മാത്രമായി സാന്നിധ്യം.  മൂന്നിടത്തൊഴികെ എല്ലായിടത്തും ഒന്നുമുതൽ  മൂന്നുവരെ സീറ്റാണ് കിട്ടിയത്. 

ലോക്‌സഭയിലേക്ക് 80 മാന്ത്രികസീറ്റുകൾ സംഭാവന ചെയ്യുന്ന, ഒരു കാലത്ത് നെഹ്രുകുടുംബത്തിന്റെ ശക്തികേന്ദ്രമായിരുന്ന ഉത്തർപ്രദേശിൽ ലഭിച്ചത് സോണിയാഗാന്ധിയുടെ റായ്ബറേലി മാത്രം. ബ്രഹ്മാസ്ത്രമെന്ന് കോൺഗ്രസ് നേതാക്കൾതന്നെ വിശേഷിപ്പിച്ച പ്രിയങ്കാഗാന്ധിയടക്കം പ്രചാരണം നടത്തിയിട്ടും യു.പി.യിൽ പാർട്ടിയുടെ വോട്ടുവിഹിതം 7.53 ശതമാനത്തിൽനിന്ന് 6.31 ശതമാനമായിക്കുറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി അമേഠി മണ്ഡലത്തിൽ തോറ്റത് കനത്ത ആഘാതമായി. 2009-ൽ യു.പി.യിൽനിന്ന് ലഭിച്ച 22 സീറ്റിലാണ് പാർട്ടി പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. ഇവിടെ 14 സീറ്റിലും വോട്ടുവിഹിതം 2014-നെക്കാൾ പിന്നിലായി.

രാജസ്ഥാനിൽ കോൺഗ്രസിന് ഒറ്റ സീറ്റും കിട്ടിയില്ല. മധ്യപ്രദേശിൽ കിട്ടിയത് ഒരു സീറ്റ്. ഇവിടെയും വോട്ടുവിഹിതം 2014-നെക്കാൾ താഴെയായി. ഛത്തീസ്ഗഢിൽ മൂന്നുസീറ്റാണ് ലഭിച്ചത്. ഛത്തീസ്ഗഢിൽ മൂന്നിൽ രണ്ടും മറ്റു രണ്ടിടങ്ങളിൽ പകുതിയോളവും സീറ്റുകൾ നേടി അഞ്ചുമാസംമുമ്പാണ് കോൺഗ്രസ് അധികാരത്തിലേറിയത്. ഭരണവിരുദ്ധതരംഗം പോലും ഉണ്ടാവാൻ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് ഈ ദയനീയതോൽവി. രാജസ്ഥാനിലും മധ്യപ്രദേശിലും ബി.ജെ.പി. നേടിയത് 60 ശതമാനത്തോളം വോട്ടാണ്. മഹാരാഷ്ട്ര, ബംഗാൾ, ഹിമാചൽപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിലെല്ലാം കോൺഗ്രസിന് വോട്ട് വൻതോതിൽ കുറഞ്ഞു. വെറും മോദിതരംഗം മാത്രമാണോ ഇതിനുകാരണം? കോൺഗ്രസ് പരിശോധിക്കുകയാണിപ്പോൾ.

പ്രവർത്തകസമിതി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രാജിക്കൊരുങ്ങിയെങ്കിലും എല്ലാവരും പ്രതീക്ഷിച്ചതുപോലെ, അദ്ദേഹത്തെത്തന്നെ സംഘടനയെ ശക്തിപ്പെടുത്താനുള്ള ചുമതലയേൽപ്പിച്ച് യോഗം അവസാനിച്ചു. ബൂത്തുതലം മുതൽ പ്രവർത്തകസമിതി വരെ പുനഃസംഘടിപ്പിക്കാനും യുവാക്കളെയും സ്ത്രീകളെയും കൂടുതലായി നേതൃനിരയിലെത്തിക്കാനുമടക്കമാണ് പാർട്ടിയുടെ തീരുമാനം. 2014-ലെ തോൽവിക്കുശേഷം നടന്നപോലുള്ള പ്രവർത്തകസമിതിയുടെ തനിയാവർത്തനം. അല്പം വ്യത്യാസപ്പെട്ടത് രാഹുലിന്റെ സത്യസന്ധമായ വൈകാരികപ്രകടനവും നേതാക്കൾക്കെതിരേയുള്ള വിമർശനവും മാത്രം. തോൽവി വിശകലനം ചെയ്യാൻ 2014-ൽ മുതിർന്നനേതാവ് എ.കെ. ആന്റണിയെയാണ് ഏൽപ്പിച്ചതെങ്കിൽ ഇത്തവണ അതിന്റെ ഭാരവും നേതാക്കൾ രാഹുലിനുതന്നെ നൽകി. 

മാറുന്ന ഗ്രാമങ്ങൾ 

‘കോൺഗ്രസ് തോറ്റാലും തിരിച്ചുവരും അതാണീ പാർട്ടിയുടെ രീതി’ എന്ന പതിവു പല്ലവി ആവർത്തിക്കുന്ന നേതാക്കളും നിരീക്ഷകരും പ്രവർത്തകരുമുണ്ടിപ്പോഴും. അടിയന്തരാവസ്ഥയ്ക്കുശേഷം തകർന്നടിഞ്ഞ ഇന്ദിരാഗാന്ധി വൻഭൂരിപക്ഷത്തോടെ തിരിച്ചുവന്ന പഴങ്കഥയും ഇതിനുദാഹരണമായി നൽകും. അന്ന് ഇന്ദിരാ കോൺഗ്രസിനുമാത്രം 154 സീറ്റുകളുണ്ടായിരുന്നു എന്നതും താഴെത്തട്ടിൽ ആഴ്ന്നിറങ്ങിറങ്ങിയ കോൺഗ്രസ് വേരുകൾക്ക് വലിയ ഇളക്കമൊന്നും സംഭവിച്ചിരുന്നില്ല എന്നതും ആരും ഓർക്കുന്നില്ല. കോൺഗ്രസിന്റെ മാനുഷിക മുഖമാണ് രാഹുൽഗാന്ധിയെങ്കിലും രാഷ്ട്രീയത്തിന്റെ തന്ത്രങ്ങളും കുതന്ത്രങ്ങളും അദ്ദേഹത്തിനിപ്പോഴും വശമില്ലെന്ന് രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 

ഉത്തരേന്ത്യയിലെ മിക്കസംസ്ഥാനങ്ങളിലും നിലവിലെ സ്ഥിതി ഇന്ദിരാഗാന്ധിയുടെ കാലത്തുള്ളതല്ല. നഗരപ്രദേശങ്ങളെല്ലാം ബി.ജെ.പി. കീഴടക്കിക്കഴിഞ്ഞു. ഗ്രാമങ്ങളിൽ അവർ വലിയതോതിൽ ശക്തിയാർജിക്കുന്നു. കോൺഗ്രസിന്റെയും മറ്റു പ്രാദേശിക പാർട്ടികളുടെയും പിന്നിൽ അണിനിരന്ന ഗ്രാമീണർ ദിവസംകഴിയുന്തോറും ബി.ജെ.പി.യുടെ ഭാഗമാവുകയാണ്. കോൺഗ്രസിന്റെ വോട്ടുബാങ്കായിരുന്ന ബ്രാഹ്മണർ, ആദിവാസികൾ, മുസ്‌ലിങ്ങൾ (ബ്രാം) എന്നിവരിൽ മുസ്‌ലിങ്ങളിൽ ഒരു വിഭാഗം മാത്രമാണിപ്പോൾ പ്രധാനമായും കൂടെയുള്ളത്. 

തീവ്രഹിന്ദുത്വം, ബി.ജെ.പി. വിരുദ്ധ ന്യൂനപക്ഷ സംഘടനകളുടെ പ്രചാരണങ്ങൾ ഹിന്ദുവിരുദ്ധമായിത്തീരുന്ന അവസ്ഥയെ വർഗീയധ്രുവീകരണത്തിനുള്ള ചാലകമായി ഉപയോഗിക്കൽ, ദേശീയവാദം എന്നിവയെല്ലാം മറ്റുള്ളവരെ ബി.ജെ.പി.യിലേക്ക് ആകർഷിക്കുന്നു. അതോടൊപ്പം,  അടിസ്ഥാന സൗകര്യവികസനത്തിൽ കൂടി ബി.ജെ.പി. ശ്രദ്ധചെലുത്തുന്നു.

പുതിയകാലത്തും താമസിക്കാൻ നല്ല വീടോ ഉള്ള കുടിലിൽ കക്കൂസോ പാചകത്തിനായി അടുപ്പുകളോ ഇല്ലാത്ത ഗ്രാമീണരേറെയാണ്. ഇവിടേക്കാണ് ശൗചാലയം, ഉജ്ജ്വല പാചക വാതകം, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള വീടുനിർമാണം എന്നിവയുമായി ബി.ജെ.പി. രംഗപ്രവേശം ചെയ്യുന്നത്. കാലങ്ങളായി ഭരിച്ചിട്ടും കോൺഗ്രസ് ശ്രദ്ധിക്കാതിരുന്ന മേഖലയാണിത്. 

അമേഠിയിൽ രാഹുൽഗാന്ധിയുടെ തോൽവിക്കിടയാക്കിയതും ഈ അവഗണന തന്നെയാണ്. അമേഠി നയാകോട്ടിലെ 33-കാരനായ സന്തോഷ് കുമാറിനെപ്പോലുള്ളവരുടെ അഭിപ്രായത്തിൽ നിന്ന് ഇതു വ്യക്തമാവും. ‘‘വോട്ടിതുവരെ കോൺഗ്രസിനാണ് ചെയ്തത്. ഇത്തവണ ബി.ജെ.പി.ക്കാണ്. അവർ കക്കൂസ് പണിതു തരാമെന്നേറ്റിട്ടുണ്ട്’’ -ആർക്ക്‌ വോട്ടു ചെയ്യുമെന്നു ചോദിച്ചപ്പോൾ സന്തോഷ് കുമാർ പ്രതികരിച്ചതിങ്ങനെ. കോൺഗ്രസ് ശ്രദ്ധിക്കാതിരുന്ന ഈ മേഖലയ്ക്കാണ് ബി.ജെ.പി.യുടെ പരിഗണന. ഒപ്പം ഓരോ കുടുംബത്തിലും തങ്ങളുടെ അജൻഡ എത്തിക്കാനുള്ള പ്രവർത്തകസംവിധാനവും അവർക്കുണ്ട്. 

വേരില്ലാതെ പാർട്ടി

കോൺഗ്രസ് ഇത്തവണ പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച പദ്ധതികളെല്ലാം രാജ്യത്തെ സമസ്തമേഖലകളെയും മാറ്റാനുതകുന്ന ഒട്ടേറെ ആശയങ്ങളടങ്ങിയതാണ്. എന്നാൽ, പ്രചാരണം പ്രധാനമായും റഫാലിലും പ്രതിരോധ ഇടപാടിലെ പ്രധാനമന്ത്രിയുടെ ഇടപെടലിലും ഒതുങ്ങി. രാഹുൽഗാന്ധിയും പ്രിയങ്കയും ഗ്രാമങ്ങളിൽ പ്രചാരണത്തിനെത്തിയപ്പോഴെല്ലാം ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് അനിൽ അംബാനിയുമൊത്തുചേർന്ന്  നരേന്ദ്രമോദി റഫാലിൽ അഴിമതി നടത്തിയെന്ന് സ്ഥാപിക്കാനാണ്. റഫാലിൽ നിർണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയ മുതിർന്ന പത്രപ്രവർത്തകൻ എൻ. റാം ഉൾപ്പെടെയുള്ളവർ പ്രതിരോധ ഇടപാട് വലിയ തോതിൽ തിരഞ്ഞെടുപ്പിൽ ചലനമുണ്ടാക്കില്ലെന്ന് ആവർത്തിച്ചിരുന്ന സന്ദർഭത്തിലാണിത്.

കോൺഗ്രസ് റഫാലിൽ തുരങ്കംവെച്ചില്ലായിരുന്നുവെങ്കിൽ  അഭിനന്ദൻ വർത്തമൻ പാകിസ്താൻ പിടിയിലാവില്ലെന്നായിരുന്നു ഇതിന് നരേന്ദ്രമോദിയും ബി.ജെ.പി.യും നൽകിയ മറുപടി. ജനങ്ങൾക്ക് എളുപ്പം മനസ്സിലായത് ആ ഭാഷയാണ്. ബാലാകോട്ട് വിഷയത്തിൽ കോൺഗ്രസിന്റെ പ്രചാരണങ്ങൾ പാകിസ്താനുവേണ്ടിയാണെന്ന ബി.ജെ.പി.യുടെ മറുതന്ത്രമാണ് സാധാരണ ജനങ്ങളിൽ സ്വാധീനംചെലുത്തിയത്. കോൺഗ്രസ് അവതരിപ്പിച്ച തിളക്കമേറിയ പദ്ധതി ‘ന്യായ്’ വരെ പ്രചാരണത്തിൽ രണ്ടാം സ്ഥാനത്തായി. ആ പദ്ധതിയെപ്പറ്റി ഗ്രാമീണർക്ക് വലിയ തോതിൽ  അറിവുമുണ്ടായിരുന്നില്ല. വീട്ടിൽ ടെലിവിഷനോ ഫോണോ പോലുമില്ലാത്ത കോടിക്കണക്കിന്  ദരിദ്രരുടെ  അടുത്ത് അവർക്കായുള്ള ന്യായ് പദ്ധതിയെപ്പോലുള്ളവ എത്തിക്കാൻ കോൺഗ്രസിന് സംഘടനാസംവിധാനമില്ലെന്നത്  വിനയായി.

ബൂത്തുതലത്തിൽ പാർട്ടി പുനഃസംഘടിപ്പിക്കുമെന്നു പറയുന്നുണ്ടെങ്കിലും ഇതത്ര എളുപ്പമല്ല. കേരളത്തിൽ മാത്രമാണിപ്പോൾ 60 ശതമാനം ബൂത്തുകമ്മിറ്റിയെങ്കിലുമുള്ളതെന്ന് ഒരുന്നത കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശ് പോലുള്ള ഹിന്ദി ഹൃദയഭൂവിൽ ബൂത്തുതലത്തിൽ പ്രവർത്തിക്കാൻ പാർട്ടിയിൽ യുവാക്കളില്ല. ഉള്ളവർ പഴയ മഹിമയിൽ ഊറ്റംകൊള്ളുന്ന വയോധികരാണ്. ചെറുപ്പക്കാരെ കിട്ടിയാലും പ്രവർത്തിക്കുക എളുപ്പമല്ലെന്ന് ബനാറസ് ഹിന്ദു സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രൊഫ. എ.കെ. ഉപാധ്യായ ചൂണ്ടിക്കാട്ടുന്നു.  മാനുഷികമുഖത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നതെന്ന് രാഹുൽ ആവർത്തിക്കുമ്പോഴും പ്രചാരണ കാലത്തുടനീളം ‘ചൗക്കിദാർ ചോർ ഹെ’ എന്ന വ്യക്തിപരമായ നേരിട്ടുള്ള ആരോപണമാണ്  ഉയർത്തിയത്. ഇതും കോൺഗ്രസിന് ഒടുവിൽ തിരിച്ചടിച്ചതായാണ് കരുതുന്നതെന്ന് ഒരു നേതാവ് പറഞ്ഞു. 

സ്ഥാപിതതാത്‌പര്യം

നേതാക്കൾക്കിടയിലെ സ്ഥാപിത താത്‌പര്യവും പുതുതലമുറയെ വളരാനനുവദിക്കാത്തതുമാണ് കോൺഗ്രസിന്റെ വളർച്ചയെ തടയുന്ന മറ്റൊരു ഘടകം. ഈയിടെ അധികാരമേറ്റ രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസിലെ തമ്മിലടി വലിയ തോതിൽ പാർട്ടിയുടെ തകർച്ചയ്ക്കു കാരണമായി. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിൽ അധികാരവടംവലിയിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ  ഗെഹ്‌ലോതിന്റെ മകൻ വൈഭവ് ജോധ്പുരിൽ തോറ്റത് 2.74 ലക്ഷം വോട്ടിനാണ്.  മധ്യപ്രദേശിൽ കോൺഗ്രസിനു ലഭിച്ച ഏക സീറ്റ് മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽനാഥിന്റേതാണ് -ചിന്ത്‌വാഡ.  കമൽനാഥുമായി നീരസത്തിലുള്ള ദേശീയ ജനറൽ സെക്രട്ടറി ജ്യോതിരാദിത്യസിന്ധ്യ സ്വന്തം തട്ടകമായ ഗുണയിൽ തോറ്റു.

വേണം, ശക്തമായ പദ്ധതി

അടിത്തട്ടിൽ വേഗത്തിൽ വേരുറപ്പിക്കാനാവില്ലെങ്കിലും ഓരോ വീട്ടിലും കോൺഗ്രസ് പദ്ധതികളും പ്രവർത്തനങ്ങളും എത്തിക്കാനുള്ള ശക്തമായ വിനിമയ സംവിധാനം ആദ്യം കോൺഗ്രസ് വളർത്തിയെടുക്കേണ്ടതുണ്ട്. അരവിന്ദ് കെജ്‍രിവാൾ ഉയർന്നുവന്നതുപോലെ സാമൂഹികവിഷയങ്ങളിൽ ശക്തമായി ഇടപെട്ട് ജനമനസ്സുകളിൽ വീണ്ടും ശക്തമായ സാന്നിധ്യമാവാനും കഴിയണം. തിരഞ്ഞെടുപ്പിനുമുമ്പ് തമിഴ്‌നാട്ടിൽ ചെന്നൈയിലെ വനിതാകോളേജിൽ രാഹുൽ ഗാന്ധി വിദ്യാർഥിനികളുമായി നടത്തിയ സംവാദം വലിയ തോതിൽ അവിടെ ചലനമുണ്ടാക്കി. കേരളത്തിൽ രാഹുലിനെ മത്സരിപ്പിക്കാനുള്ള തീരുമാനവും പാർട്ടിക്ക് രക്ഷയായി. ഇല്ലെങ്കിൽ 2014-നെക്കാൾ തകർച്ചയിലേക്ക് കൂപ്പുകുത്തുമായിരുന്നു കോൺഗ്രസ്.

തിരഞ്ഞെടുപ്പിനുമുമ്പുതന്നെ വിട്ടുവീഴ്ചകളിലൂടെ സഖ്യമുണ്ടാക്കാൻ കോൺഗ്രസിനു കഴിഞ്ഞിരുന്നുവെങ്കിൽ കുറച്ചുകൂടി മുന്നേറാമായിരുന്നു. ഡൽഹിയിലും യു.പി.യിലും പ്രതിപക്ഷ ഐക്യ സാധ്യത കളഞ്ഞുകുളിച്ചു. ചർച്ചകൾ  നാമനിർദേശപത്രിക പിൻവലിക്കേണ്ട അവസാനദിവസം വരെ വലിച്ചുനീട്ടി. മഹാരാഷ്ട്രയിൽ പ്രകാശ് അംബേദ്കറെപ്പോലെയുള്ളവരെ കൂടെക്കൂട്ടുന്നതിൽ പരാജയപ്പെട്ടു. ഇത്തരം കാര്യങ്ങളിൽ കോൺഗ്രസ് അമിത് ഷായിൽനിന്നും ബി.ജെ.പി.യിൽനിന്നും പാഠങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു. ജനകീയമുഖങ്ങളെയും യുവാക്കളെയും സ്ത്രീകളെയും പാർട്ടിയിലേക്കാകർഷിക്കാനും സാമൂഹികപ്രശ്നങ്ങളിൽ ഇടപെടുമ്പോൾ അവരെ മുൻനിരയിൽ നിർത്താനുമായാലേ കോൺഗ്രസിന് രക്ഷപ്പെടാനാവൂ. 

Content Highlights: Indian Politics, Congress future, Modi, BJP