റെ നാളുകൾക്കുശേഷം ഗ്രൂപ്പുകളുടെ ഇടപെടലുകളില്ലാതെ കോൺഗ്രസ് ഹൈക്കമാൻഡ് കേരളത്തിൽ പുതിയ കെ.പി.സി.സി. പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനെയും പേരുകൾ പ്രഖ്യാപിച്ചിരിക്കുന്നു. അതിൽ അദ്‌ഭുതപ്പെടാനില്ല. ചിലർ ധരിച്ചതുപോലെ അതിൽ ജനാധിപത്യപ്രക്രിയയുടെ ധ്വംസനമൊന്നും ഇല്ല. കോൺഗ്രസ് മറ്റുപല സംസ്ഥാനങ്ങളിലും അനുവർത്തിക്കുന്ന പതിവും ഇതുതന്നെയാണ്. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിതനായ കെ. സുധാകരൻ കേരളത്തിലെ കോൺഗ്രസിലെ സമുന്നതനേതാവാണ്. പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തലയ്ക്കുപകരം വന്ന വി.ഡി. സതീശനാകട്ടെ ഏറെനാളായി സഭയിലുള്ള തന്റെ പ്രവർത്തനംകൊണ്ട് ഈ സ്ഥാനത്തേക്ക്  സർവഥാ യോഗ്യനാണെന്ന് തെളിയിച്ചുകഴിഞ്ഞ യുവനേതാവാണ്.

അല്പം ചരിത്രം

സ്വാതന്ത്ര്യലബ്ധിക്കുശേഷം കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ മദിരാശി സംസ്ഥാനത്തിൽ മലയാളിമന്ത്രി ആരാവണം എന്ന പ്രശ്നത്തിലും പി.സി.സി. ഭാരവാഹികളെക്കുറിച്ചും അഭിപ്രായഭിന്നതകൾ വളർന്നുവന്നിരുന്നു. പക്ഷേ, അതും നിയന്ത്രിതമായ തോതിലായിരുന്നു.  1952-ലെ ഒന്നാമത്തെ തിരഞ്ഞെടുപ്പോടെ ഈ അഭിപ്രായവ്യത്യാസം പൊടുന്നനെ പാർട്ടിയെ ഗ്രസിക്കാൻ തുടങ്ങി. കേളപ്പന്റെ നേതൃത്വത്തിലുള്ള ഒരുഗ്രൂപ്പും കോഴിപ്പുറത്ത് മാധവമേനോൻ, സി.കെ. ഗോവിന്ദൻനായർ, കുട്ടിമാളുഅമ്മ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മറ്റൊരുഗ്രൂപ്പും തമ്മിൽ താഴെത്ത ട്ടുവരെ പാർട്ടിയെ രണ്ടാക്കി പിളർത്തി. ഇതിനുതൊട്ടുമുമ്പാണ്  എ.ഐ.സി.സി. ഇവിടത്തെ ഗ്രൂപ്പ് വടംവലികണ്ട് പി.സി.സി. പിരിച്ചുവിട്ട് മഹാരാഷ്ട്രയിൽനിന്ന് നന്ദകോലിയർ എന്ന നേതാവിനെ പി.സി.സി. പ്രസിഡന്റാക്കി നിയമിച്ച്  അഡ്ഹോക്ക് കമ്മിറ്റി വെച്ചത്.  1952-ലെ തിരഞ്ഞെടുപ്പിൽ കേളപ്പനും കെ.എ. ദാമോദരമേനോനും പാർലമെന്റിലേക്ക് കോൺഗ്രസിനെതിരേ മത്സരിച്ച് ജയിച്ചു. അവർ  കൃപലാനിയുടെ നേതൃത്വത്തിലുള്ള കിസാൻ മസ്ദൂർ പ്രജാ പാർട്ടിയുടെ ഭാഗമായി കമ്യൂണിസ്റ്റ്, മുസ്‌ലിംലീഗ് സഹായത്തോടെ മത്സരിച്ചു. മദിരാശി അസംബ്ലിയിൽ മലബാറിലുണ്ടായിരുന്ന 28 സീറ്റിൽ നാലെണ്ണത്തിൽ മാത്രമാണ് അന്ന് കോൺഗ്രസ് ജയിച്ചത്. 

1956 നവംബറിൽ കേരളസംസ്ഥാനം ഉടലെടുത്തു.  കെ.പി.സി.സി.യുടെ രൂപവും ഭാവവും മാറി. തിരുകൊച്ചിയും മലബാറും ഒന്നായി.  പക്ഷേ, അതിനുശേഷം നടന്ന 1957-ലെ  തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തി. ഇ.എം.എസ്. മുഖ്യമന്ത്രിയായി. തിരുവിതാംകൂറിലെ പട്ടംതാണുപിള്ള ഗ്രൂപ്പും മറ്റും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലേക്ക് ചേക്കേറി. അങ്ങനെ കേരളത്തിന്റെ മിക്ക ജില്ലകളിലും കോൺഗ്രസ് ബലഹീനമായി. അതിനെത്തുടർന്ന് നടന്ന വിമോചനസമരം കോൺഗ്രസിന് രാഷ്ട്രീയമായ ഉണർവ് നൽകിയെങ്കിലും വ്യക്തമായ പരിപാടികളില്ലാത്ത, ഒരു കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയാക്കി അതിനെ മാറ്റി. വിമോചനസമരത്തോടെ ഉണർന്നുവന്ന ഒരു പുതിയ തലമുറയാണ് കെ.എസ്.യു.വിന് രൂപംകൊടുത്തത്. കെ.എസ്.യു.വോടൊപ്പം യൂത്ത് കോൺഗ്രസും പുതിയ വേഷമണിഞ്ഞു. വയലാർ രവിയും എ.കെ. ആന്റണിയും ഉമ്മൻചാണ്ടിയും സഹപ്രവർത്തകരും രംഗത്തെത്തി. കോൺഗ്രസിന്റെ മുഖച്ഛായ വീണ്ടും മാറി. അതാണ് കോൺഗ്രസിനെ വീണ്ടും സംഘടനാപരമായി പുനർജീവൻ നൽകിയത്.

കെ.എസ്.യു. എന്ന കൊടുങ്കാറ്റ്

ഈ കൊടുങ്കാറ്റ് കേരളരാഷ്ട്രീയത്തിൽ വമ്പിച്ച മാറ്റം ഉണ്ടാക്കി. തൊട്ടുപിന്നാലെയാണ് ദേശീയതലത്തിൽ കോൺഗ്രസിൽ പിളർപ്പുണ്ടായത്. അതിൽ പുതിയ തലമുറ ആവേശത്തോടെ  ഇന്ദിരാഗാന്ധിക്ക് പിന്തുണനൽകി. പി.സി.സി. തലത്തിൽ കെ.സി. എബ്രഹാം പ്രസിഡന്റായിരുന്ന അക്കാലത്ത് പിളർപ്പുണ്ടായെങ്കിലും ഭൂരിപക്ഷം ഇന്ദിരയെ തുണച്ചു. പക്ഷേ, മുതിർന്ന നേതാക്കളിൽ പേരെടുത്തു പറയാവുന്ന പലരും ടി.ഒ. ബാവ, എം. കമലം, കെ. ശങ്കരനാരായണൻ തുടങ്ങിവരെ അനുഗമിച്ചു. രാഷ്ട്രീയപശ്ചാത്തലവും പരിചയവും ഉള്ളവരായിരുന്നു അതിൽ നല്ലൊരു പങ്കും. അവരെയപേക്ഷിച്ച് കെ.എസ്.യു. തലമുക്ക്‌ രാഷ്ട്രീയ പരിചയം കുറവായിരുന്നു. കോൺഗ്രസിൽ പുതിയ പ്രസിഡന്റായി വന്ന കെ.കെ. വിശ്വനാഥനും ട്രേഡ് യൂണിയൻ രംഗത്തുനിന്ന് എത്തിയ കെ. കരുണാകരൻ, സി.എം. സ്റ്റീഫൻ, ആർ. ശങ്കർ തുടങ്ങിയ ചില നേതാക്കളും ഈ മാറ്റത്തിന് പിന്തുണനൽകി. കമ്യൂണിസ്റ്റ്പാർട്ടിയിലെ പിളർപ്പോടെ കേരളത്തിന്റെ രാഷ്ട്രീയ മുഖച്ഛായ വീണ്ടും മാറി.  ബഹുഭൂരിപക്ഷം താഴേക്കിടയിലുള്ള പ്രവർത്തകർ എ.കെ.ജി.യുടെയും ഇ.എം.എസിന്റെയും കൂടെ നിലയുറപ്പിച്ചപ്പോൾ സി. അച്യുതമേനോൻ, ടി.വി. തോമസ്, എം.എൻ. ഗോവിന്ദൻനായർ തുടങ്ങിയവർക്ക്  ഇടനിലയിലുള്ള കുറെ നേതാക്കളും പ്രവർത്തകരും പിന്തുണ നൽകി. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ മാറ്റത്തിന് പുതിയൊരു മാനം സൃഷ്ടിച്ചു.  ആ വിഭാഗമാണ്  കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ട് അച്യുതമേനോനെ മുഖ്യമന്ത്രിയായി അവരോധിച്ചത്.  

ഗ്രൂപ്പിന്റെ പിടിയിൽ

കോൺഗ്രസിലെ എം.എൽ.എ.മാർ കരുണാകരന്റെ നേതൃത്വത്തിൽ ആദ്ദേഹത്തെ ‘ലീഡറാക്കി.  അതിനു പിന്നാലെയാണ് ലീഡർ കരുണാകരന്റെ നേതൃത്വത്തിൽ ഒരു ഗ്രൂപ്പും എ.കെ. ആന്റണി, വയലാർ രവി, ഉമ്മൻചാണ്ടി  എന്നിവർ പുതിയതലമുറയിൽപ്പെട്ടവരുടെ സെല്ലും തുടങ്ങിയത്.  അവരിൽ പലരും എം.എൽ.എ.മാരായതോടെ  എഴുപതുകൾക്കുശേഷം രണ്ട് വിഭാഗങ്ങൾ ഇരുഗ്രൂപ്പുകളായി പാർട്ടിക്കുള്ളിൽ മത്സരം തുടങ്ങി.  പല പ്രശ്നങ്ങളിലും യോജിപ്പുണ്ടായിരുന്നെങ്കിലും കോൺഗ്രസിന് ഗ്രൂപ്പുമത്സരത്തിൽനിന്ന്, ഇന്നുവരെ അതിന്റെ  ദൗർഭാഗ്യകരമായ പ്രവർത്തനങ്ങളിൽനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. 

ഇനിയങ്ങോട്ട്‌, എങ്ങിനെ

കോൺഗ്രസ് ഒരു കേഡർ പാർട്ടിയാവണമെന്ന് ചിലനേതാക്കൾ പറയുന്നുണ്ട്. നാലണ മെമ്പർഷിപ്പുമായി തുടങ്ങി എല്ലാവർഷവും തിരഞ്ഞെടുപ്പുകളിലൂടെ ഭാരവാഹികളെ നിശ്ചയിച്ച ലോകത്തിലെ മഹത്തായ പാരമ്പര്യമുള്ള രാഷ്ട്രീയശക്തിയായിയിരുന്നു കോൺഗ്രസ്‌. ഇന്ന് കേരളത്തിലും അഖിലേന്ത്യാതലത്തിലും പാർട്ടിയിൽ എങ്ങനെ അംഗത്വം ലഭിക്കുമെന്ന് ചോദിച്ചാൽ വ്യക്തമായ മറുപടിയില്ല. പാർട്ടിയിലെ തിരഞ്ഞെടുപ്പ് വ്യവസ്ഥകൾ എവിടെയോ പോയിമറഞ്ഞു. സ്വാഭാവികമായി പാർട്ടിയിൽ സ്ഥാനങ്ങളും അധികാരവും പിടിച്ചുപറ്റാൻ ചില ശക്തികേന്ദ്രങ്ങൾ ഉണ്ടായി. അതിനെ ഗ്രൂപ്പ് എന്ന് വിശേഷിപ്പിച്ചു. നേർവഴിക്കുള്ള അംഗത്വവ്യവസ്ഥകളും തിരഞ്ഞെടുപ്പ് സമ്പ്രദായവും നിലനിന്നിരുന്നെങ്കിൽ കേഡർ സമ്പ്രദായമെന്ന ഇറക്കുമതിയില്ലാതെ തന്നെ കോൺഗ്രസ് ശക്തിപ്രാപിക്കുമായിരുന്നു. കേരളത്തിൽ പുതുതായി വന്ന മാറ്റങ്ങൾക്കുശേഷം നേതൃനിരയിലെത്തിയവർക്ക് ഇത് പരീക്ഷിച്ചുകൂടേ. മാറ്റങ്ങൾ വരുത്തണമെന്നാഗ്രഹിക്കുന്നവർക്ക് ഈ മാർഗം പിന്തുടർന്നുകൂടേ.

തിരഞ്ഞെടുപ്പിൽ പറ്റിയ പരാജയത്തോടെ കോൺഗ്രസിന്റെ മുന്നിൽ ഇനിയെങ്ങോട്ട് എന്ന പ്രശ്നം ഉയർന്നിരിക്കുന്നു. ഇതിനാണ് പുതുതായി അവരോധിക്കപ്പെട്ട സുധാകരനും സതീശനും ഉത്തരം കാണേണ്ടത്. ഇതിനർഥം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ  രംഗത്തുനിന്ന് മാറിയെന്നല്ല. ഉമ്മൻചാണ്ടി ഇന്നും  കേരളരാഷ്ട്രീയത്തിലെ വലിയ സ്വാധീനശക്തിയായി തുടരുന്നുണ്ട്. പക്ഷേ, ഒരുഗ്രൂപ്പ്  നേതാവെന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ മുഖച്ഛായ മാറേണ്ടിയിരിക്കുന്നു. രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ പിൽക്കാല പ്രവർത്തനപാരമ്പര്യത്തിലൂടെ നേടിയെടുത്ത അംഗീകാരം സംഘടനാതലത്തിൽ മുതൽക്കൂട്ടാക്കി കാണേണ്ടിയിരിക്കുന്നു. 

 ഇന്നത്തെ ഗ്രൂപ്പുകൾ കോൺഗ്രസിന്റെ രൂപത്തിലും പ്രവർത്തനശൈലിയിലും മാറ്റങ്ങൾ ഉണ്ടാക്കി. മണ്ഡലം, ബൂത്ത് തലംവരെ വിഭിന്നമായ സ്വരങ്ങളാണ് ഉയരുന്നത്‌.. ഇതെങ്ങനെ അവസാനിപ്പിക്കാം എന്നതാണ് പുതിയ നേതൃത്വത്തിന്റെ മുന്നിൽ ഉയർന്നുവന്നിട്ടുള്ള വലിയ ചോദ്യം. ഇന്ന് രണ്ട് ഗ്രൂപ്പുകളിലും അണിനിരന്നിരിക്കുന്ന നേതാക്കളെയും പ്രവർത്തകരെയും എങ്ങനെ ഈ സത്യം അംഗീകരിപ്പിക്കാൻ പുതിയ നേതൃത്വത്തിന് കഴിയും എന്നതാണ്‌. വെല്ലുവിളി. ഇത് കോൺഗ്രസിന്റെ സംസ്ഥാനതലത്തിലെ അസ്തിത്വത്തിന്റെ പ്രശ്നം തന്നെയാണ്.  

ബി.ജെ.പി.യെ കരുതിയിരിക്കുക

സമീപകാലത്ത് കേന്ദ്രത്തിൽ ബി.ജെ.പി. അധികാരത്തിലെത്തിയപ്പോഴും കേരളത്തിലെ കോൺഗ്രസുകാർ മുഖ്യശത്രുവായി കണ്ടത് കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഇടതുമുന്നണിയെയാണ്. പക്ഷേ, ദേശീയതലത്തിൽ ഇന്നും ഭാവിയിലും നേരിടേണ്ട ഏറ്റവും വലിയ വെല്ലുവിളി ആർ.എസ്.എസിന്റെ കുടക്കീഴിൽ പ്രവർത്തിക്കുന്ന ബി.ജെ.പി.യെയാണ്. എന്നിട്ടും കേരളത്തിൽ താത്കാലികനേട്ടം ഉണ്ടാക്കാമെന്ന് ചിലർ വിശ്വസിച്ച  അവസരവാദ സമീപനം കോലീബി സഖ്യംവരെ ചെന്നെത്തി. കോൺഗ്രസിന് ഒരിക്കലും ബി.ജെ.പി.യുമായി ഒരുതരത്തിലുള്ള ബന്ധവും പുലർത്തിക്കൂടാ. 

(മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ്‌​ നേതാവുമാണ്‌ ലേഖകൻ)