മാറ്റങ്ങളെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള പോരാട്ടങ്ങളാൽ നിറഞ്ഞതാണ് ചരിത്രം. 2021-ലെ ചെറിയരീതിയിലുള്ള പോരാട്ടങ്ങൾക്കുശേഷം 2022-ൽ സാക്ഷ്യം വഹിക്കാനിരിക്കുന്നത് മറ്റൊരു ഐതിഹാസിക പോരാട്ടമാണെന്നുറപ്പ്.കാലാവസ്ഥാ വ്യതിയാനമാണ് ഇന്നത്തെ ചൂടുള്ള ചർച്ചാവിഷയം. നിങ്ങളിത് വായിക്കുമ്പോഴേക്കും ഗ്ലാസ്‌ഗോയിലെ കോൺഫറൻസ് ഓഫ് പാർട്ടീസിന്റെ (കോപ്) 26-ാം സമ്മേളനം അവസാനഘട്ടത്തിലായിരിക്കും. പങ്കെടുത്ത രാജ്യങ്ങൾ തങ്ങളുടെ വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ചിട്ടുമുണ്ടാകും പലതും പാലിക്കപ്പെടില്ലെങ്കിലും (ഉദാഹരണത്തിന് ഫണ്ടിങ്). എന്നാലും ചെറിയ വിജയങ്ങളെങ്കിലും നേടിയല്ലോയെന്നും വരാനിരിക്കുന്ന പോരാട്ടത്തിന് തയ്യാറെടുക്കുന്നുണ്ടല്ലോയെന്നുമുള്ള സംതൃപ്തിയോടെ മാറ്റത്തെ അനുകൂലിക്കുന്നവർ മടങ്ങിപ്പോകും. രാഷ്ട്രീയമായ പോരാട്ടങ്ങളും ഇതിൽനിന്ന് വ്യത്യസ്തമല്ല.

എന്താണ് മാറ്റം
എല്ലാവരും മാറ്റമാഗ്രഹിക്കുന്നു. പക്ഷേ, ചില കാര്യങ്ങളിൽ ഒരു വിഭാഗമാളുകൾ ആഗ്രഹിക്കുന്ന മാറ്റം രാജ്യത്തെ പലയാണ്ട് പിന്നോട്ടടിപ്പിക്കുന്നതാണ്. അമേരിക്കൻ സംസ്ഥാനമായ ടെക്സസ് ഗർഭച്ഛിദ്രം നിരോധിച്ചുകൊണ്ട് നിയമം പാസാക്കിയിരുന്നു. ഒരു സ്ത്രീക്ക് അവളുടെ ശരീരത്തിന്മേലുള്ള അവകാശം നിഷേധിക്കുന്നതരത്തിലുള്ള നിയമനിർമാണമായിരുന്നു അത്. ഇങ്ങ് ഇന്ത്യയിലാണെങ്കിൽ, രാജ്യത്തിന്റെ ചരിത്രത്തെ തിരുത്തിയെഴുതാമെന്ന തെറ്റിദ്ധാരണയിൽ ചിലർ ചിലതിന്റെ പേരുകൾ മാറ്റിക്കൊണ്ടിരിക്കുന്നു. ശരിയായ മാറ്റമെന്നാൽ മതിലുകളെ തകർക്കുന്നതാകണം, യുദ്ധങ്ങൾ തടയുന്നതും ഒരു രാജ്യത്തെ മാത്രമല്ല, ലോകജനതയെയാകെ ഒന്നിപ്പിക്കുന്നതും അസമത്വമില്ലാതാക്കുന്നതും പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കുന്നതുമായിരിക്കണം യഥാർഥമാറ്റം. അപ്പോഴും മതം, വംശം, ഭാഷ, ജാതി തുടങ്ങിയ വ്യത്യാസങ്ങളുണ്ടാകും. എന്നാൽ, വ്യത്യാസങ്ങളംഗീകരിച്ച് പൊതുവായതിനെ ആഘോഷിക്കുകയാണ് മനുഷ്യരാശി ചെയ്യേണ്ടത്. അങ്ങനെയൊരുദിവസം പക്ഷേ, വളരെ അകലെയാണെന്നുമാത്രം.അതേസമയം, വ്യക്തിസ്വാതന്ത്ര്യങ്ങൾക്ക് തടയിടൽ, നിയമങ്ങൾ ദുരുപയോഗം ചെയ്യൽ, ദേശീയ സ്ഥാപനങ്ങളുടെ അധഃപതനം, ഭയപ്പെടുത്തൽ, ഭൂരിപക്ഷവാദം, സ്വേച്ഛാധിപത്യം, വ്യക്തികളെ ആരാധിക്കൽ (വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ എന്തിനാണ് പ്രധാനമന്ത്രി മോദിയുടെ ചിത്രം) തുടങ്ങിയ പ്രത്യക്ഷമായ തെറ്റുകളില്ലാതാക്കാൻ നമുക്ക് പോരാടാനാകും.

ആയുധങ്ങളില്ലാത്ത  പോരാട്ടം
ആയുധങ്ങളോ ഹിംസയോയില്ലാതെ പോരാടേണ്ട രാഷ്ട്രീയയുദ്ധമാണിത്. സാധാരണ പൗരന്മാരുടെ പോരാട്ടം. ജനാധിപത്യത്തിന്റെ പ്രവർത്തനത്തെപ്പറ്റി വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞതോർക്കാം: ‘‘ഒരു ചെറിയ മനുഷ്യൻ ഒരു ചെറിയ ബൂത്തിലേക്ക് നടന്നുകയറുന്നു, ചെറിയൊരു പെൻസിൽകൊണ്ട് ചെറുകഷണം കടലാസിൽ ചെറിയൊരു അടയാളമിടുന്നു.’’ അത്രയേറെ ലളിതമാണത്. ആ ചെറിയ പെൻസിൽ ഇന്നൊരു ചെറിയ ബട്ടണിലേക്ക് വഴിമാറിയെന്നു മാത്രം.കഴിഞ്ഞയാഴ്ച കുറെ സാധാരണ പുരുഷന്മാരും സ്ത്രീകളും ചെറിയ ബൂത്തുകളിലെത്തി വോട്ടുചെയ്തിരുന്നു. 14 സംസ്ഥാനങ്ങളിൽ മാറ്റത്തിനും മാറ്റമുണ്ടാകാതിരിക്കാനുമായി അവർ വോട്ടുചെയ്തു. സംസ്ഥാന നിയമസഭകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളാണ് പ്രധാനമായും നടന്നത്. മുപ്പതെണ്ണം. മൂന്ന് ലോക്‌സഭ സീറ്റുകളിലേക്കുള്ള പുതിയ പ്രതിനിധികളെയും തിരഞ്ഞെടുത്തു. മൊത്തത്തിൽ വിജയം, അതത് സംസ്ഥാനങ്ങളിലെ ഭരണകക്ഷിക്കൊപ്പമായിരുന്നു. എന്നാൽ, ഒരൊറ്റക്കാര്യം വലിയ ശ്രദ്ധയർഹിക്കുന്നു. ബി.ജെ.പി. ഭരിക്കുന്നതും ബി.ജെ.പി. ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡയുടെ ജന്മദേശവും കൂടിയായ ഹിമാചൽപ്രദേശിൽ മത്സരം നടന്ന ഏക ലോക്‌സഭാ സീറ്റും മുഴുവൻ നിയമസഭാ സീറ്റുകളും കോൺഗ്രസ് നേടി. വോട്ടുവിഹിതത്തിന്റെ കാര്യമാണ് കൂടുതൽ പ്രധാനം, കോൺഗ്രസിന്റേത് 48.9 ശതമാനവും ബി.ജെ.പി.ക്ക് 28.05 ശതമാനവും. സമാനമായി, മഹാരാഷ്ട്രയിലും ഏക സീറ്റ് കോൺഗ്രസ് നേടി. 57.03 ശതമാനമാണ് കോൺഗ്രസിന്റെ വോട്ടുവിഹിതം. ബി.ജെ.പി.ക്ക് 35.06 ശതമാനവും. രാജസ്ഥാനിൽ രണ്ട് സീറ്റുകളിലും കോൺഗ്രസ്. വോട്ടുവിഹിതം 37.51 ശതമാനം 18.80 ശതമാനം വോട്ടുമാത്രം ബി.ജെ.പി.ക്ക്. അസാധാരണമാംവിധം വലിയ വ്യത്യാസം.

കോൺഗ്രസ് ബി.ജെ.പി.യോടു പരാജയപ്പെട്ട സംസ്ഥാനങ്ങളിലാകട്ടെ വോട്ടുവിഹിതത്തിലെ വ്യത്യാസം നാമമാത്രമാണ്. കർണാടകത്തിൽ രണ്ട് പാർട്ടികളും ഓരോ സീറ്റിൽ ജയിച്ചു. ഇവിടെ ബി.ജെ.പി. 51.86 ശതമാനം വോട്ടുനേടിയപ്പോൾ കോൺഗ്രസിന് 44.76 ശതമാനം വോട്ടുകിട്ടി. മധ്യപ്രദേശിൽ ബി.ജെ.പി. രണ്ടു സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും ജയിച്ചു. ബി.ജെ.പി.യുടെ വോട്ടുവിഹിതം 47.58 ശതമാനവും കോൺഗ്രസിന് 45.45 ശതമാനവും. അസമിൽ മാത്രമാണ് വോട്ടുവിഹിതത്തിൽ കാര്യമായ വ്യത്യാസമുള്ളത്.

വീശുന്നത് പുതിയ കാറ്റ്
കോൺഗ്രസും ബി.ജെ.പി.യും തമ്മിൽ നേർക്കുനേർ പോരാട്ടം നടക്കുന്ന ആറ് സംസ്ഥാനങ്ങളിലെ വോട്ടുവിഹിതമെടുത്താൽ കോൺഗ്രസാണ് വിജയിയെന്ന് സംശയമെന്യേ പറയാം. ബി.ജെ.പി. ഏഴുസീറ്റ് നേടിയപ്പോൾ കോൺഗ്രസ് എട്ടിടത്ത് ജയിച്ചു. കോൺഗ്രസെന്ന കപ്പലിന്‌ കാറ്റുപിടിച്ചുതുടങ്ങിയിരിക്കുന്നു.
എന്നാൽ, ഇക്കാര്യങ്ങൾ മാത്രം വെച്ചുകൊണ്ട് അന്തിമ നിഗമനത്തിലേക്കെത്തുന്നത് തെറ്റായിരിക്കും. അതിന് മൂന്നു കാരണങ്ങളുണ്ട്. ഒന്ന്, ആന്ധ്രാപ്രദേശ്, ബിഹാർ, തെലങ്കാന, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പി. സഖ്യവും പ്രാദേശിക പാർട്ടികളും തമ്മിലാണ് പ്രധാനമത്സരം. ഇവിടങ്ങളിൽ മത്സരരംഗത്ത് കോൺഗ്രസ് അപ്രസക്തമാണ്. രണ്ടാമത്തെ കാരണം, 2022-ൽ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും ബി.ജെ.പി.യാണ് ഭരണത്തിൽ. അവരുടെ രാഷ്ട്രീയത്തോടും പണത്തോടും കോൺഗ്രസിന് പോരാടേണ്ടതുണ്ട്. കേവലഭൂരിപക്ഷത്തിനുവേണ്ട 272 സീറ്റിൽനിന്ന് നിലവിലെ 52-ലേക്കു ചുരുങ്ങിയ വലിയ നഷ്ടത്തെ കോൺഗ്രസിന് മറികടക്കേണ്ടിയിരിക്കുന്നു എന്നതാണ് മൂന്നാമത്തെ കാരണം. അതുകൊണ്ടുതന്നെ കോൺഗ്രസിന് സഖ്യകക്ഷികളെ വേണ്ടിവരും.‘മാറ്റത്തിനുവേണ്ടിയുള്ള ഉറച്ച വോട്ട്’ എന്നതൊന്നു കൊണ്ടുമാത്രം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ പുറത്താക്കാനാകും. താഴേക്കുപോകുന്ന വളർച്ചനിരക്ക്, വിലക്കയറ്റം, ഉയരുന്ന തൊഴിലില്ലായ്മ, വിവേചനപരമായ നിയമങ്ങൾ, നിയമം നടപ്പാക്കേണ്ട ഏജൻസികളെ ദുരുപയോഗം ചെയ്യൽ, രാജ്യമാകെ പരന്നിട്ടുള്ള ഭീതിയുടെ അന്തരീക്ഷം എന്നിവയെക്കുറിച്ചെല്ലാം ജനങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ ഈ സർക്കാർ മാറേണ്ടത് അനിവാര്യമാണ്. നിലവിൽ നിരന്തരമുള്ള വിലക്കയറ്റം വോട്ടർമാരുടെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. മറ്റ് പ്രശ്നങ്ങളും വോട്ടർമാരുടെ മനസ്സിൽ അദൃശ്യമായ സ്വാധീനം ചെലുത്തിയേക്കാം. മറുഭാഗത്ത്, ഹിന്ദുത്വം, അയോധ്യ, പാകിസ്താനാണ് നിതാന്ത ശത്രു, കുടിയേറ്റക്കാർ ചിതലുകൾ തുടങ്ങിയ മന്ത്രങ്ങൾ വോട്ടർമാരുടെ മനസ്സിൽ ചെലുത്തിയിട്ടുള്ള സ്വാധീനം വിഭിന്നമാണ്, പ്രത്യേകിച്ച്‌ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ.
പ്രാദേശികപാർട്ടികൾ മാറ്റങ്ങളോടു മുഖംതിരിക്കുന്നവർക്കൊപ്പം ചേർന്ന് മത്സരിക്കുമോ അതോ മാറ്റങ്ങളെ അനുകൂലിക്കുന്നവരെന്ന തങ്ങളുടെ സത്‌പ്പേരിനോട് നീതിപുലർത്തുമോ? ഓരോ രാഷ്ട്രീയപ്പാർട്ടികളും ഓരോ വോട്ടർമാരും ഉത്തരം പറയേണ്ട ചോദ്യങ്ങളാണിത്.

മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ കേന്ദ്രമന്ത്രിയുമാണ്‌ ലേഖകൻ