1969 ജൂലായ്‌ -19 ഇന്ത്യാചരിത്രത്തിൽ സുവർണലിപികളാൽ എഴുതപ്പെടേണ്ട അവിസ്മരണീയദിനമാണ്. അന്നാണ് 50 കോടിയിലേറെ നിക്ഷേപമുള്ള 14 വൻകിട സ്വകാര്യ ബാങ്കുകളെ ദേശസാത്‌കരിച്ചുകൊണ്ടുള്ള വിപ്ലവകരമായ നടപടി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വീകരിച്ചത്.ഇതേത്തുടർന്ന് ഗുണപരമായ വലിയ മാറ്റങ്ങൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടായി. ബാങ്കിങ്‌ മേഖലയുടെ സേവനങ്ങൾ സാധാരണക്കാർക്ക് പ്രാപ്യമാകുന്ന സാഹചര്യം പതിന്മടങ്ങ് ശക്തിപ്പെട്ടു. ഗ്രാമീണമേഖലയിൽ, പ്രത്യേകിച്ച് കാർഷികരംഗത്ത് വൻ മാറ്റങ്ങളുണ്ടായി. 

നഗരകേന്ദ്രിതമായിരുന്ന ബാങ്ക് ശാഖകൾ ഗ്രാമങ്ങളിൽ വ്യാപകമായി തുറക്കപ്പെട്ടു. തന്മൂലം ഗ്രാമീണജനതയുടെയും സ്ത്രീസമൂഹത്തിന്റെയും ശാക്തീകരണം ഫലപ്രദമായി മുന്നോട്ടുപോയി.
ആഗോള സാമ്പത്തികത്തകർച്ചയുടെ ഫലമായി അമേരിക്കയിൽപ്പോലും ബാങ്കുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സംവിധാനം തകർന്നടിഞ്ഞപ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ  തകരാതെ നിലനിന്നു. ഇതിന് നന്ദിപറയേണ്ടത് ഇന്ത്യയിൽ പൊതുമേഖലാ ബാങ്കുകളെയും ഇൻഷുറൻസ് സംവിധാനത്തെയും ശക്തിപ്പെടുത്തിയ ജവാഹർലാൽ നെഹ്രുവിന്റെയും ഇന്ദിരാഗാന്ധിയുടെയും സാമ്പത്തികനയങ്ങളോടാണ്.പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിെന്റ നേതൃത്വത്തിൽ 1956 ജനുവരി 19-ന് ലൈഫ് ഇൻഷുറൻസിനെ ദേശസാത്‌കരിച്ചിരുന്നു. അക്കൊല്ലംതന്നെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ നിലവിൽവരുകയും ചെയ്തു. 1972-ൽ ഇന്ദിരാഗാന്ധി ജനറൽ ഇൻഷുറൻസും ദേശസാത്‌കരിച്ചു.നിർഭാഗ്യവശാൽ പിൽക്കാലത്ത് നെഹ്രു- ഇന്ദിര സാമ്പത്തികനയങ്ങളിൽനിന്ന്‌ വ്യതിചലിച്ചുകൊണ്ട് നവലിബറൽ സാമ്പത്തികനയങ്ങളുമായി കോൺഗ്രസ് മുന്നോട്ടുപോയത് രാജ്യത്തിനും കോൺഗ്രസിനും ദോഷകരമായി എന്നത് അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ടു.


മോദിയുടെ  സ്വകാര്യവത്കരണ ഭ്രമം
മോദി ഭരണകൂടമാകട്ടെ നവലിബറൽ സാമ്പത്തികനയങ്ങളുടെ തുടർച്ചയെന്നവകാശപ്പെട്ടുകൊണ്ട് അന്ധമായ സ്വകാര്യവത്‌കരണഭ്രമവുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കയാണ്. രാഷ്ട്രത്തിന്റെ പൊതുസമ്പത്തെല്ലാം സ്വദേശ-വിദേശ സ്വകാര്യഗ്രൂപ്പുകൾക്ക് അടിയറവെക്കാനുള്ള വ്യഗ്രതയിലാണ് മോദി ഭരണകൂടം. പാർലമെന്റിനെ നോക്കുകുത്തിയാക്കി അനിവാര്യമായ ചർച്ചകൾപോലുമില്ലാതെ നിയമങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ടു. അതേ മാതൃകയിൽത്തന്നെ ഇപ്പോൾ വൈദ്യുതിമേഖല സ്വകാര്യവത്‌കരിക്കുന്നതിനുള്ള ബില്ലുകൾ പാസാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ.
മോദിയുടെ തെറ്റായ സാമ്പത്തികനയത്തിന്റെ തണലിൽ വൻകിട കോർപ്പറേറ്റുകളുടെ കിട്ടാക്കടം വളർന്നുവന്ന് പത്തുലക്ഷം കോടിയിലധികമായി. പോയ അഞ്ചുവർഷത്തിനുള്ളിൽത്തന്നെ വൻകിട കുത്തകകളുടെ വായ്പക്കുടിശ്ശിക ഏഴുലക്ഷം കോടി കവിഞ്ഞിരിക്കയാണ്.  ബാങ്ക് തട്ടിപ്പ് വീരന്മാർ നിയമത്തിന്റെ പിടിയിലെത്താതെ വിലസുമ്പോൾ സാധാരണക്കാരുടെ ബാങ്ക്‌വായ്പാ തിരിച്ചടവിൽ വരുന്ന വീഴ്ചകളുടെ പേരിൽ ജപ്തി ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിച്ചുവരുന്ന സ്ഥിതിയാണുള്ളത്.

മോദി ഭരണകൂടത്തിന്റെ സാമ്പത്തികനടപടികൾ ജനങ്ങളുടെ ജീവിതത്തെ സമ്പൂർണമായി ദുരിതത്തിലാക്കുകയും രാജ്യത്തെ അതിഗുരുതരമായ സാമ്പത്തികത്തകർച്ചയിലേക്ക്  എത്തിച്ചിരിക്കുകയുമാണെന്ന യാഥാർഥ്യം ഏവർക്കും ബോധ്യപ്പെടുന്ന സാഹചര്യമാണുള്ളത്. സമ്പദ്‌വ്യവസ്ഥയുടെ ഈ ദുരവസ്ഥയിൽനിന്ന്‌ രാജ്യത്തിന് മോചനമുണ്ടായേ മതിയാകൂ.ജവാഹർലാൽ നെഹ്രുവും ഇന്ദിരാഗാന്ധിയും അനുവർത്തിച്ചുവന്ന സാമ്പത്തികനയങ്ങളാണ് ഇന്ത്യക്ക്‌ അനുയോജ്യമായിട്ടുള്ളതെന്ന് സംശയാതീതമായി തെളിയിക്കുന്ന അനുഭവങ്ങളാണുള്ളത്. അതുകൊണ്ട് നെഹ്രു-ഇന്ദിര സാമ്പത്തികനയങ്ങളിലേക്ക് മടങ്ങിപ്പോകേണ്ടത് അനിവാര്യമാണ്; അതുമാത്രമാണ് പോംവഴിയും. അതിനുവേണ്ട സാമ്പത്തികനയമാറ്റങ്ങൾക്ക് നേതൃത്വംനൽകാനുള്ള ബാധ്യത കോൺഗ്രസിനുണ്ട്.