കോൺഗ്രസ് ഗ്രൂപ്പ് സമ്മർദങ്ങൾക്കതീതമായാണ് കെ. സുധാകരനെ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റായി ഹൈക്കമാൻഡ്‌ നിയോഗിച്ചിരിക്കുന്നത്. വെല്ലുവിളി സന്തോഷപൂർവം ഏറ്റെടുക്കുകയാണ്‌ അദ്ദേഹം പറയുന്നു. കോൺഗ്രസിനെ ഒരു കേഡർ സ്വഭാവമുള്ള പാർട്ടിയാക്കുകയാണ് തന്റെ ലക്ഷ്യമെന്ന്‌ അദ്ദേഹം പറയുന്നു. ഗ്രൂപ്പിനതീതമായി പ്രവർത്തിച്ച് അടിത്തട്ടിൽ നിന്നു പാർട്ടിയെയും നേതാക്കളെയും ഉണർത്തുകയും ഉയർത്തുകയും ചെയ്യും. പാർട്ടിയിൽ അച്ചടക്കമുണ്ടാക്കും. മാതൃഭൂമി പ്രതിനിധി ദിനകരൻ കൊമ്പിലാത്തിന്‌ അനുവദിച്ച അഭിമുഖത്തിൽനിന്ന്
 
കോൺഗ്രസ് കടുത്ത പ്രതിസന്ധി നേരിടുന്ന പ്രത്യേകസാഹചര്യത്തിൽ കെ.പി.സി.സി. പ്രസിഡന്റ്‌ പദവി ഏറ്റെടുക്കുമ്പോൾ എന്തുതോന്നുന്നു.
 
ഈ പ്രത്യേക സാഹചര്യത്തിൽ  വലിയ ഉത്തരവാദിത്വം തന്നെയാണ.്  സന്തോഷത്തോടെ വെല്ലുവിളി ഏറ്റെടുക്കുന്നു. എന്റെ ലക്ഷ്യം ഐക്യത്തോടുകൂടി പാർട്ടിക്ക്  കരുത്തുനൽകുക എന്നതാണ്. അതിനായി പാർട്ടി മെക്കാനിസം ശക്തിപ്പെടണം. പാർട്ടിയെ ഒരു സെമി കേഡർ സിസ്റ്റത്തിലേക്ക് കൊണ്ടുവരാൻ കഴിയണം. പോഷക സംഘടനകൾക്കും തുല്യപ്രാധാന്യം നൽകണം. ഇതിന് വ്യക്തമായ മാർഗങ്ങളുണ്ട്. പാർട്ടിക്ക് കർശനമായ അച്ചടക്കം അനിവാര്യമാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അച്ചടക്കം കുറവാണ് എന്നത് സത്യമാണ്. തോന്നിയപോലെ പ്രവർത്തിക്കുകയും പറയുകയും ചെയ്യുന്ന ശൈലിയുണ്ട്. ഏതായാലും ഇനി  അച്ചടക്കം കൊണ്ടുവരും. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ കോൺഗ്രസ് നശിക്കരുതെന്നാഗ്രഹിക്കുന്നവരാണ് ഏറെയും. കഴിഞ്ഞദിവസം എഴുത്തുകാരനായ സക്കറിയ പറഞ്ഞല്ലോ കോൺഗ്രസ് തകരരുത് എന്ന്‌. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള ശ്രമമാണ് വേണ്ടത്. അതിന് കഴിയും. അതിന് വേണ്ടിയാണ് എന്റെ സ്ഥാനം ഞാൻ ഉപയോഗിക്കുക.
 
നിലവിൽ പാർട്ടി നേരിടുന്ന പ്രശ്നങ്ങളെ അത്ര പെട്ടെന്ന് പരിഹരിക്കാനാവുമോ.
അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും ഗ്രൂപ്പുസമരങ്ങളെക്കുറിച്ചും പൂർണബോധ്യം ഉണ്ട്. നിലവിൽ പാർട്ടി നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ബോധ്യമുണ്ട്. എല്ലാവരെയും തുല്യമായി കണ്ടുകൊണ്ട് എല്ലാവരെയും കേട്ടുകൊണ്ട് അഭിപ്രായങ്ങൾ മാനിച്ചുകൊണ്ട് വലുപ്പച്ചെറുപ്പമില്ലാതെ സമീപിക്കുകയാണ് വേണ്ടത്. അങ്ങനെയാണ് ചെയ്യുക. ഉള്ളുതുറന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങളാണ് കോൺഗ്രസിൽ കൂടുതലും. സി.പി.എമ്മിനെപ്പോലെ പാറപിളർക്കുന്ന കാഠിന്യമൊന്നും അതിനില്ല.
 
സംഘടനാതിരഞ്ഞെടുപ്പിനെക്കുറിച്ച് താങ്കൾ പലപ്പോഴും സംസാരിക്കാറുണ്ട്. 
സംഘടനാ തിരഞ്ഞെടുപ്പ് പാർട്ടിക്ക് അനിവാര്യമാണ്. ഇക്കാര്യം ഹൈക്കമാൻഡിനോടും പറഞ്ഞിട്ടുണ്ട്. ഇനി ദേശീയതലത്തിൽ പെട്ടെന്ന് നടത്താൻ പറ്റിയിട്ടില്ലെങ്കിലും സംസ്ഥാനതലത്തിൽ നടത്താൻ പറ്റുമോ എന്നു പരിശോധിക്കും. സംഘടനാ തിരഞ്ഞെടുപ്പുവരുന്നതോടെ പാർട്ടിക്ക് പ്രത്യേകശക്തിയും പ്രഭാവവും ഉണ്ടാവും. 
 
കോൺഗ്രസിന്റെ ശാപമാണ് ഗ്രൂപ്പുകൾ. താങ്കളും പലപ്പോഴും ഗ്രൂപ്പിന്റെ ശക്തനായ വക്താവായിട്ടുണ്ട്. ഇതിനെ മറികടക്കാൻ പറ്റുമോ.
തീർച്ചയായും. ഗ്രൂപ്പിനതീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യും. ഒരുകാര്യം  ഉറപ്പാണ്, ഒരു ഗ്രൂപ്പുമില്ലാത്ത കെ.പി.സി.സി.യുടെ അധ്യക്ഷനായിരിക്കും ഞാൻ. അത് എന്റെ പ്രവർത്തനംകൊണ്ട് തെളിയിക്കും. എന്റെ നിയമനവും ഗ്രൂപ്പടിസ്ഥാനത്തിലല്ല എന്നു ഞാൻ പറയും. ഗ്രൂപ്പ് താത്പര്യങ്ങൾ നമ്മളെ എവിടെ കൊണ്ടുചെന്നെത്തിച്ചു എന്നു പറയേണ്ടതില്ലല്ലോ.
 
ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ആരാണ് കോൺഗ്രസിന്റെ മുഖ്യശത്രു. ആരുമായാണ് പാർട്ടി അതിശക്തമായി പോരാടേണ്ടത്. ബി.ജെ.പി.യോ സി.പി.എമ്മോ.
ദേശീയതലത്തിൽ ബി.ജെ.പി.യാണ് കോൺഗ്രസിന്റെ മുഖ്യശത്രു. നമ്മൾ അവരുടെ രാഷ്ട്രീയത്തിനെതിരേയാണ് പോരാടിക്കൊണ്ടിരിക്കുന്നതും. കേരളത്തിൽ കോൺഗ്രസിന്റെ പോരാട്ടം സി.പി.എമ്മിനും ബി.ജെ.പി.ക്കുമെതിരേയുമാണ്. അതേസമയം, കേരളത്തിൽ ബി.ജെ.പി ദുർബലമാണ്. എതിരിടാൻ മാത്രം ഒരു ശക്തിയല്ല. ഇവിടെ സി.പി.എമ്മിന്റെ അക്രമത്തിനും ഫാസിസ്റ്റ് ശൈലിക്കും ജനാധിപത്യവിരുദ്ധ സമീപനത്തിനും എതിരേയാണ് പോരാടേണ്ടത്. 
 
ഭരണം തിരിച്ചുപിടിക്കാൻ താങ്കളുടെ െെകയിൽ എന്ത് ആയുധമാണ് ഇപ്പോഴുള്ളത്.
മാന്ത്രികവടിയില്ല. പ്രവർത്തകരുടെ കരുത്തും ആത്മവിശ്വാസവുമാണ് ഞാൻ അതിനായി പ്രതീക്ഷിക്കുന്നത്. യു.ഡി.എഫ്. ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് മുന്നണിയുടെ വീഴ്ച കൊണ്ടോ ജനം അവരെ തഴഞ്ഞത് കൊണ്ടോ ആണെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. ഈ തിരഞ്ഞെടുപ്പിന്റെ സാമൂഹികസാഹചര്യങ്ങൾ ഭിന്നമായിരുന്നു. പ്രളയവും കോവിഡ് തുടങ്ങിയ മഹാമാരികളും ഇവിടെയുണ്ടായി. ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടായി. ഭരിക്കുന്ന സർക്കാർ അതിനെ നന്നായി മുതലെടുത്തു. കിറ്റു നൽകിയും മറ്റു സഹായങ്ങൾ നൽകിയും ജനങ്ങളെ കൂടെനിർത്തി. വൊളന്റിയർമാരായി സി.പി.എമ്മുകാരെ നിയമിച്ചു. പൊതുഫണ്ടുപയോഗിച്ചുകൊണ്ടുള്ള കിറ്റ്‌ ഈ വൊളന്റിയർമാരാണ് വീടുകളിൽ എത്തിക്കുന്നത്. ജനം തെറ്റിദ്ധരിച്ചു. പ്രതിസന്ധിക്കാലത്ത് മരുന്നും ഭക്ഷണവും എത്തിക്കുന്നവരെ ദൈവമായി കാണില്ലേ. ജനം വോട്ടുചെയ്തു. യഥാർഥ തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്തല്ല നടന്നത്. സഹായം കൊടുത്ത പ്രതി സഹായം വാങ്ങിയ ഒരു വോട്ടെടുപ്പല്ലേ ഇത്. അല്ലെങ്കിൽ പിണറായിയെപ്പോലുള്ള ഒരാൾ വീണ്ടും മുഖ്യമന്ത്രിയാവുമോ; നമുക്ക് സാവകാശമുണ്ട്. ജനങ്ങളെ സംഘടിപ്പിച്ച് മുന്നോട്ടുപോവും അതിന്റെ ആത്മവിശ്വാസം എനിക്കുണ്ട്.
 
ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾക്കിടയിൽ  അസംതൃപ്തി ഉണ്ട് എന്നുള്ളത്  ശരിയല്ലേ.
ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ബുധനാഴ്ച തന്നെ കാണുന്നുണ്ട്. എല്ലാവരുടെയും സഹകരണം കൊണ്ടുമാത്രമേ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനാവൂ. ആരെയും ശത്രുക്കളായി കാണില്ല. ഒരാളോടുപോലും അകൽച്ച കാണിക്കില്ല. എല്ലാതരത്തിലുമുള്ള സഹകരണ രീതിയായിരിക്കും എന്റെ ഭാഗത്തു നിന്നാണ്ടാവുക. പ്രവർത്തനത്തിൽ അത് ഞാൻ തെളിയിക്കും. ഒരിക്കൽക്കൂടി പറയട്ടെ, എനിക്ക്‌ ഗ്രൂപ്പില്ല. ആരും അന്യരല്ല.
 
മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റിയത് അദ്ദേഹത്തിന്റെ പരാജയം കൊണ്ടാണെന്ന് കരുതുന്നുണ്ടോ.
ഒരിക്കലുമില്ല. മികച്ച നേതാവാണ് അദ്ദേഹം. അദ്ദേഹത്തിന് പ്രവർത്തിക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. പ്രതിപക്ഷനേതാവ് നിയമസഭയിൽ ഒരുപാട് പ്രശ്നങ്ങൾ കൊണ്ടുവന്നു. അത് ജനങ്ങൾക്കിടയിൽ പ്രക്ഷോഭമായി മാറ്റാനുള്ള സാഹചര്യം ഈ കോവിഡ് കാലത്ത് ഉണ്ടായിരുന്നില്ല. സമരമുഖത്ത് ആളുകളെ അണിനിരത്താൻ പറ്റാത്തതാണ് പ്രശ്നം. അതിന് മുല്ലപ്പള്ളിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലല്ലോ.