രാജ്യം തീക്ഷ്ണമായ വേർതിരിവിലൂടെയാണ് കടന്നുപോകുന്നത്. മതപരമായി ജനതയെ ഭിന്നിപ്പിക്കാനും അതുവഴി ഭൂരിപക്ഷ ജനവിഭാഗത്തിന്റെ പിന്തുണ നേടാനും ഭൂരിപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയെ ചൂണ്ടി ന്യൂനപക്ഷങ്ങളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ മറുഭാഗവും കച്ചകെട്ടിയിറങ്ങുമ്പോൾ രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുക എന്നത് പരമപ്രധാനമാണ്. ഇവിടെയാണ് കോൺഗ്രസിന്റെ പ്രാധാന്യം വർധിക്കുന്നത്.കോൺഗ്രസ് ദുർബലമാകുമ്പോഴാണ് വർഗീയവാദം ശക്തിപ്പെടുന്നത്. കോൺഗ്രസ് ശക്തിപ്പെടുമ്പോൾ ദുർബലപ്പെടുന്നത് വർഗീയരാഷ്ട്രീയം തന്നെയാണ്. ഈ തിരിച്ചറിവിലേക്ക് രാജ്യത്തെ നയിക്കാൻ കോൺഗ്രസിനാവണം. അതിനു കരുത്തുള്ള സംഘടനയായി കോൺഗ്രസിനെ പുതുക്കിപ്പണിയണം.  കോൺഗ്രസ്‌മുക്ത ഭാരതമെന്ന മുദ്രാവാക്യം വർഗീയ ഫാസിസ്റ്റുകൾ ഉയർത്തുമ്പോൾ മതനിരപേക്ഷ ഇന്ത്യയെന്ന് ഉച്ചത്തിൽ പറയാൻ നമുക്കാവണം. ഇതാവണം, ഓരോ കോൺഗ്രസ് പ്രവർത്തകനെയും നയിക്കുന്ന വികാരം.

ശക്തിയാർജിക്കുക
കേരളത്തിൽ കോൺഗ്രസ് ലക്ഷ്യമിടുന്നത് ഇതു തന്നെയാണ്. ഇന്നലെവരെ അധികാരസ്ഥാനങ്ങൾക്കു മാത്രമായി നേതൃസ്ഥാനങ്ങളിലിരിക്കുന്ന ശീലം ഇനി തുടരാനാവില്ല. നേതൃത്വത്തിനു മുന്നിൽ ഒരു ലക്ഷ്യം മാത്രമേ ഉള്ളൂ- പ്രവർത്തിക്കുക, കോൺഗ്രസിനെ ശക്തിപ്പെടുത്തുക, രാജ്യത്തെ രക്ഷിക്കുക.   തുടർഭരണം നേടിയ സി.പി.എം. നേതൃത്വം കണക്കുകൂട്ടിയത് കോൺഗ്രസിന് അധികാരമില്ലാതെ മുന്നോട്ടുപോകാനാവില്ലെന്നായിരുന്നു. ഇടതുപക്ഷ ഭരണത്തുടർച്ചയിൽ തകർന്നടിയുന്ന കോൺഗ്രസിനെ ഇവർ സ്വപ്നംകണ്ടു. ഒപ്പം ആർ.എസ്.എസ്.-ബി.ജെ.പി. നേതൃത്വവും. 
എന്നാൽ, ഇവരുടെ സ്വപ്നം തകർന്നുവീഴുന്ന രംഗങ്ങൾക്കാണ് പിന്നീട് കേരളം സാക്ഷ്യംവഹിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം എ.ഐ.സി.സി.,  കെ.പി.സി.സി. പുനഃസംഘടിപ്പിച്ചു. പുതിയ നേതൃത്വം കേരളത്തിലെ അനുഭവ സമ്പത്തുള്ള തലമുറയുമായി ആശയവിനിമയം നടത്തി കോൺഗ്രസിന് പുതിയ മുഖംനൽകാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. 14 ജില്ലകളിൽ പുതിയ ജില്ലാ അധ്യക്ഷന്മാർ ചുമതലയേറ്റു. ജില്ലാപ്രസിഡന്റുമാർക്കുള്ള പ്രവർത്തന മാർഗരേഖയുമായി ദ്വിദിന ശില്പശാല സമാപിച്ചത് വർധിത ആവേശത്തോടുകൂടിയായിരുന്നു.
ക്യാമ്പിന്റെ തീരുമാനങ്ങൾ വിശദീകരിക്കാൻ മുഴുവൻ ജില്ലകളിലും നേതൃയോഗങ്ങൾ നടക്കുന്നു. സംഘടനയിൽ കാലോചിതമായ പരിഷ്കാരം കൈവരുന്നു എന്ന തിരിച്ചറിവ് പ്രവർത്തകരിൽ ആത്മവിശ്വാസം വർധിപ്പിച്ചു. കോൺഗ്രസ് അച്ചടക്കവും ഭാവനാശേഷിയുമുള്ള രാജ്യതാത്‌പര്യം മുൻനിർത്തി പ്രവർത്തിക്കുന്ന ചടുലമായ സംഘടനയായി മാറ്റിയെഴുതപ്പെടുകയാണ്. ആരെയും അനർഹമായി തള്ളാനോ കൊള്ളാനോ അല്ല ഈ മാറ്റം. കഴിവും പ്രവർത്തനശേഷിയും അംഗീകാരവുമുള്ള ഒരു നേതൃനിരയെ സൃഷ്ടിച്ചെടുക്കുക എന്നു തന്നെയാണ് ലക്ഷ്യം. നിലവിലുള്ള രീതികളിൽ  ഘടനാപരവും ഗുണപരവുമായ മാറ്റത്തിലേക്ക് കോൺഗ്രസ് പുനഃസംഘടിപ്പിക്കപ്പെടുമ്പോൾ ചില അസംതൃപ്തികളും കൊഴിഞ്ഞുപോക്കും സ്വാഭാവികം മാത്രം.

ധീരമായ നിലപാടുകൾ
ദൗർബല്യങ്ങളിൽ വീർപ്പുമുട്ടുന്ന കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ധീരമായ നിലപാടുകൾ കൈക്കൊണ്ടേ പറ്റൂ. കേരളത്തിലെ കോൺഗ്രസ് നേതൃത്വം സംഘടനയെ സ്നേഹിക്കുന്ന ആരുമായും ചർച്ചയ്ക്കും സംസാരത്തിനും തയ്യാറാണ്. കോൺഗ്രസിന്റെ മതനിരപേക്ഷ വീക്ഷണവും പരിപാടിയും അംഗീകരിക്കുന്ന ആരെയും കോൺഗ്രസ് ഇരുകൈയുംനീട്ടി സ്വീകരിക്കും. കേരളത്തിലെ കോൺഗ്രസിന് പ്രഗല്‌ഭരായ നേതൃനിരയുണ്ട്. ആവശ്യാനുസരണം ഞങ്ങൾ ഒന്നിച്ചിരിക്കും. ആശയക്കൈമാറ്റം നടക്കും. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ സഹിഷ്ണുതയോടെ കേൾക്കും ഒന്നായി നിന്ന് അവ പരിഹരിക്കും. ഭിന്നിച്ചുനിൽക്കലല്ല കോൺഗ്രസിന്റെ ശീലം. ഒന്നായി നിൽക്കുക എന്നതാണ്. അഭിപ്രായവ്യത്യാസമുള്ളവരെ ഇല്ലാതാക്കുന്നവരല്ല കോൺഗ്രസ്. കോൺഗ്രസിൽനിന്ന് വ്യത്യസ്ത കാലങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളിലൂടെ പലരും പുറത്തുപോയിട്ടുണ്ട്. എന്നാൽ, അവർക്കാർക്കും ജീവഹാനി നേരിട്ടിട്ടില്ല. അതാണ് കോൺഗ്രസിന്റെ രാഷ്ട്രീയം.

പുതിയ തളിരുകൾ
കാത്തിരിക്കാൻ നമുക്കിനി സമയമേറെയില്ല. പ്രവർത്തനപഥത്തിലിറങ്ങുക. ജനമനസ്സുകളിൽ ഇടം നേടുക. സാമൂഹികസേവന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാവുക. സാധാരണ മനുഷ്യന്റെ വിയർപ്പിന്റെ ഗന്ധമറിയുക. ജനങ്ങൾക്കിടയിൽനിന്നു പുതിയ തളിരുകൾ കോൺഗ്രസിൽ ഉയർന്നുവരും. ഫ്ലെക്‌സുകളിൽ ജീവിക്കുന്ന തലമുറ മാറും. പുകഴ്ത്തലുകൾക്കും ഇകഴ്ത്തലുകൾക്കും വിട. സ്വാർഥതാത്‌പര്യങ്ങൾക്കും വിട. സ്ഥാനമാനത്തിനായുള്ള നെട്ടോട്ടങ്ങൾക്കും വിട.ഓരോ കോൺഗ്രസ് പ്രവർത്തകനും എന്റെ പ്രസ്ഥാനം എന്ന് അഭിമാനിക്കാവുന്ന മാറ്റത്തിലേക്ക് കോൺഗ്രസ് യാത്ര തുടങ്ങിയിരിക്കുന്നു. ശുഭോദർക്കമായ മാറ്റത്തിലേക്ക്.