കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപവത്‌കരണത്തിന്റെ ആലോചനാഘട്ടത്തിൽ സഹകരിച്ച കെ. കേളപ്പൻ പക്ഷേ, തുടക്കത്തിലേതന്നെ അതിൽനിന്ന് വിട്ടുനിന്നു. അല്പകാലത്തിനകം സി.കെ.ജി.യും എതിർപക്ഷത്തായി. സി. എസ്.പി.യുടെ ആറു സമ്മേളനങ്ങളിൽ മൂന്നും നടന്നത് കണ്ണൂരിലും തലശ്ശേരിയിലുമായാണ്. കമ്യൂണിസത്തിലേക്ക് നീങ്ങാനാണ് തീവ്രവാദപരമായ ആശയപ്രചാരണം എന്ന ആക്ഷേപമാണ് കേളപ്പജിക്കും കൂട്ടർക്കും ഉണ്ടായിരുന്നത്.
സി.എസ്.പി. കർഷക-തൊഴിലാളി-അധ്യാപക പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുകയും 1936-ൽ മദിരാശിയിലേക്ക് എ.കെ.ജി.യുടെ നേതൃത്വത്തിൽ പട്ടിണിജാഥ നടത്തുകയും ചെയ്തു. കല്യാശ്ശേരിയിൽനിന്ന് കെ.പി.ആർ. ഗോപാലന്റെ നേതൃത്വത്തിൽ കൂത്തുപറമ്പ് വഴി തലശ്ശേരിയിലേക്ക് നടത്തിയ ജാഥയുടെ വിജയമാണ് മദിരാശി ജാഥയ്ക്ക് പ്രചോദനമായത്. സി.എസ്.പി.ക്കകത്ത് അഭിപ്രായവ്യത്യാസങ്ങൾ തലപൊക്കാൻ തുടങ്ങിയ കാലമാണത്.
സി.എസ്.പി.യിൽ എ.കെ.ജി.യും സർദാർ ചന്ദ്രോത്തും കൃഷ്ണപിള്ളയുടെയും കൂട്ടരുടെയും ചില നിലപാടുകൾക്കെതിരായിരുന്നു. ഗുരുവായൂർ സത്യാഗ്രഹമടക്കമുള്ള സഹനസമരങ്ങളിലൂടെ അന്നേക്കുതന്നെ ജനപ്രിയനായകനായിക്കഴിഞ്ഞ എ.കെ.ജി.യുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിച്ച്, അദ്ദേഹത്തെ രൂപവത്‌കരിക്കാൻപോകുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തെത്തിക്കാൻ കൃഷ്ണപിള്ള ആസൂത്രണംചെയ്തു. പട്ടിണിജാഥയുടെ മാനേജരായി കെ.പി.ആർ. ഗോപാലനെ നിയോഗിച്ചയച്ചതിനുപിന്നിൽ ആ ലക്ഷ്യമായിരുന്നെന്ന് കേരളത്തിലെ ബോൾഷെവിക്ക് വീരൻ എന്ന ലേഖനത്തിൽ കൃഷ്ണപിള്ള സൂചിപ്പിക്കുന്നുണ്ട്.
സി.എസ്.പി.യിലെ നേതാക്കളും പ്രവർത്തകരും പരസ്പരം സഖാവേ എന്ന് വിളിക്കാൻതുടങ്ങി. സോഷ്യലിസ്റ്റ് പ്രസ്ഥാനം കമ്യൂണിസ്റ്റും സോഷ്യലിസ്റ്റുമായി പലതായെങ്കിലും മുപ്പതുകളിലെ ആ വിളിപ്പേര് എല്ലാവരും തുടരുന്നു. ഫ്രഞ്ച് വിപ്ലവകാലത്താണ് സോഷ്യലിസ്റ്റുകളും തൊഴിലാളിപ്രസ്ഥാന പ്രവർത്തകരും പരസ്പരം കോമ്രേഡ് എന്ന് വിളിക്കാൻ തുടങ്ങിയത്. റഷ്യൻ വിപ്ളവകാലത്ത് കമ്യൂണിസ്റ്റുകാർ അതേറ്റുവിളിച്ചു. കോമ്രേഡിന് സഖാവ് എന്ന മലയാളപദം പകരംവെക്കുകയായിരുന്നു ഇവിടെ. കൃഷ്ണപിള്ളയെ എല്ലാവരും സഖാവേ എന്നുവിളിച്ചു. നിസ്വാർഥമായ സുഹൃദ്ബന്ധം, പ്രായം ഉൾപ്പെടെ ഒന്നിലും ഉച്ചനീചത്വമില്ലാത്ത പാരസ്പര്യം എന്ന അർഥത്തിലാണ് ആ വാക്ക് കോൺഗ്രസ് സോഷ്യലിസ്റ്റുകൾ ഉപയോഗിച്ചത്.
വരുന്നു, കെ. ദാമോദരൻ
കോൺഗ്രസിലെ രണ്ടു ചിന്താധാരകളും അന്ന് പുറത്തുവന്നുകൊണ്ടിരുന്നത് ‘മാതൃഭൂമി’യിലൂടെയാണ്. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി കെ. ദാമോദരൻ കാശിയിൽനിന്ന് എത്തുന്നത് 1936-ലാണ്. സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനുമായ ദാമോദരന് കാശി വിദ്യാപീഠത്തിൽ പഠിക്കാൻപോകാൻ സഹായം നൽകിയത് മാതൃഭൂമിയാണ്. അദ്ദേഹത്തിന്റെ ലേഖനങ്ങൾ പുസ്തകമാക്കി വിൽക്കാനായി സൗജന്യമായി അച്ചടിച്ചുകൊടുത്തു. കാശിയിലുള്ള രണ്ടുവർഷവും മാതൃഭൂമി പത്രത്തിലെയും ആഴ്ചപ്പതിപ്പിലെയും സ്ഥിരം എഴുത്തുകാരനെന്നനിലയിൽ ചെറിയ സാമ്പത്തികസഹായം ലഭിച്ചുപോന്നു. കാശിയിൽവെച്ച് ഓംകാർ നാഥ ശാസ്ത്രി എന്ന സഹപാഠിയും സി.പി.ഐ.യുടെ ആയിടെ പുനഃസംഘടിപ്പിച്ച പൊളിറ്റ് ബ്യൂറോയിലെ അംഗവുമായ ആർ.ഡി. ഭരദ്വാജുമാണ് ദാമോദരനെ കമ്യൂണിസ്റ്റ് അംഗമാക്കിയത്.
തുടക്കം കോഴിക്കോട്ട്
ദാമോദരൻ 1936-ൽ തിരിച്ചെത്തുമ്പോഴേക്കും സി.എസ്.പി. ഇവിടെ ശക്തമായ പ്രവർത്തനം നടത്തുകയായിരുന്നു. സി.പി.ഐ. കേന്ദ്രനേതൃത്വത്തിന്റെ നിർദേശാനുസരണം കോഴിക്കോട്ട് കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയ ദാമോദരൻ, കൃഷ്ണപിള്ളയുടെയും ഇ.എം.എസിന്റെയും എൻ.സി. ശേഖറിന്റെയും അടുത്ത സഹപ്രവർത്തകനായി. സി.പി.ഐ. കേരളഘടകം രൂപവത്‌കരിക്കാൻ കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തിയ പി. സുന്ദരയ്യയും എസ്.വി. ഘാട്ടെയും കോഴിക്കോട്ടെത്തി ഈ നാൽവർസംഘവുമായാണ് കൂടിയാലോചനകൾ നടത്തിയത്. ഒടുവിൽ 1937-ൽ കോഴിക്കോട്ട് പാളയത്ത് ചേർന്ന യോഗത്തിൽ ഇവർ നാലുപേരും ചേർന്ന് കേരളഘടകം രൂപവത്‌കരിച്ചു. സി.എസ്.പി. സംസ്ഥാന സെക്രട്ടറിയായ കൃഷ്ണപിള്ള സി.പി.ഐ. യുടെയും സംസ്ഥാന സെക്രട്ടറി. രഹസ്യമായി സി.പി.ഐ.യും പരസ്യമായി സി.എസ്.പി.യും.
പാട്ടബാക്കി സൃഷ്ടിച്ച നാമ്പുകൾ
ജീവൽസാഹിത്യപ്രസ്ഥാനം, കർഷകപ്രസ്ഥാനം എന്നിവ വഴി കമ്യൂണിസ്റ്റ് ആശയപ്രചാരണം നടന്നു. വള്ളത്തോളിന്റെ കവിതകൾ (പാവങ്ങൾ തൻ പ്രാണ മരുത്തുവേണം പാപപ്രഭുക്കൾക്കിഹ പങ്കവീശാൻ), ജി. ശങ്കരക്കുറുപ്പിന്റെ കവിതകൾ (ജന്മസിദ്ധമാം പദം പുണ്യലബ്ധമെന്നോർത്ത് വൻമദം ഭാവിക്കുന്നോരുന്നത നക്ഷത്രമേ -വെമ്പുക, വിളറുക, വിറകൊള്ളുക നോക്കൂ നിൻ പുരോഭാഗത്തതാ ധീരതേജസ്സാം നാളെ) എന്നിവയെല്ലാം പുരോഗമനചിന്തകൾക്ക് ആവേശം നൽകി.
ജന്മിത്തത്തിനെതിരേ കേരളത്തിൽ സമരം തുടങ്ങുകയോ ജീവൽസാഹിത്യപ്രസ്ഥാനം തുടങ്ങുകയോ ചെയ്യുന്നതിനുമുമ്പാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ’’ എന്ന ആഹ്വാനവുമായി വാഴക്കുല എന്ന കവിത ഉൾപ്പെടെയുള്ള രക്തപുഷ്പങ്ങൾ എന്ന സമാഹാരവുമായെത്തുന്നത്.
മാതൃഭൂമി ആഴ്ചപ്പതിപ്പ് ജീവൽസാഹിത്യപ്രസ്ഥാനത്തിന്റെ ആശയങ്ങളുടെ വേദിയായി. പൊന്നാനി കർഷകസമ്മേളനത്തിനായി കെ. ദാമോദരൻ എഴുതിയ പാട്ടബാക്കി നാടകം മൂന്നുലക്കത്തിലായി ആഴ്ചപ്പതിപ്പ് പ്രസിദ്ധപ്പെടുത്തി. ഇതെല്ലാം സൃഷ്ടിച്ച ഉണർവിലേക്ക് കമ്യൂണിസ്റ്റ് ആശയങ്ങളുടെ വേര് ആഴ്ന്നിറങ്ങി.
പാറപ്രത്ത് മുളച്ച തീപ്പൊരി
സി.എസ്.പി.ക്കാർക്കാണ് കെ.പി.സി.സി.യിൽ ഭൂരിപക്ഷമെന്നതിനാൽ എതിർവിഭാഗം നേതൃത്വത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയായിരുന്നു. 1939-ൽ ബക്കളത്തുചേർന്ന പത്താം കേരള രാഷ്ട്രീയ സമ്മേളനത്തിൽ കേളപ്പൻ-സി.കെ.ജി. വിഭാഗം പങ്കെടുക്കാതിരുന്നത് ഇടതുവിഭാഗത്തിന് കമ്യൂണിസ്റ്റ് പാർട്ടിയായി പരിവർത്തിക്കാനുള്ള തയ്യാറെടുപ്പിന് സഹായകമായി. അതേവർഷം ജൂണിൽ മൂന്നുദിവസമായി തലശ്ശേരിയിൽനടന്ന സി.എസ്.പി. ആറാം സമ്മേളനം കമ്യൂണിസ്റ്റ് പാർട്ടി രൂപവത്‌കരണത്തിൽ നിർണായകമായി. മാതൃഭൂമിയുടെ മുൻ പത്രാധിപർ പി. നാരായണൻ നായരുടെ അധ്യക്ഷതയിലായിരുന്നു സമ്മേളനം. കൃഷ്ണപിള്ളയും ഇ.എം.എസും ദാമോദരനും അവതരിപ്പിച്ച രേഖകൾ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രകടനമായിരുന്നു. തുടർന്ന് അതേ വർഷം ഡിസംബറിൽ പിണറായി പാറപ്രത്തുനടന്ന സി.എസ്.പി. നേതൃയോഗമാണ് കമ്യൂണിസ്റ്റ് പാർട്ടിയായിമാറാൻ തീരുമാനിച്ചത്. കെ.പി. ഗോപാലൻ അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ 90 നേതാക്കളാണ് പങ്കെടുത്തത്.
ആദ്യരക്തസാക്ഷികൾ
പാറപ്രം സമ്മേളനത്തിനുശേഷം രണ്ടാഴ്ചകഴിഞ്ഞ് പറശ്ശനിക്കടവിൽച്ചേർന്ന യോഗം കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറിയായി കൃഷ്ണപിള്ളയെ തിരഞ്ഞെടുത്തു. 1940 ജനുവരി 26-ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ചുമരെഴുത്തിലൂടെയാണ് പാർട്ടി രൂപവത്‌കരിച്ചതായി വിജ്ഞാപനം ചെയ്തത്. എന്നിട്ടും പുറമേയ്ക്ക് കെ.പി.സി.സി.യായിത്തന്നെയാണ് നേതാക്കൾ പ്രവർത്തിച്ചത്, കെ.ടി. കുഞ്ഞിരാമൻ നമ്പ്യാർ പ്രസിഡന്റും കെ. ദാമോദരൻ സെക്രട്ടറിയുമായ കെ.പി.സി.സി. ഇവരാണ് 1940 സെപ്റ്റംബർ 15-ന് മർദനപ്രതിഷേധദിനമായും വിലക്കയറ്റവിരുദ്ധദിനമായും ആചരിക്കാൻ ആഹ്വാനം ചെയ്തത്. വാസ്തവത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ പരസ്യപ്രകടനമായിരുന്നു അത്.
പ്രതിഷേധദിനത്തിൽ തലശ്ശേരിയിൽ നടത്തിയ റാലിക്കുനേരെ പോലീസ് നടത്തിയ വെടിവെപ്പിൽ അബു, ചാത്തുക്കുട്ടി എന്നിവർ രക്തസാക്ഷികളായി. കീച്ചേരിയിൽ റാലി നിരോധിച്ചതിനെത്തുടർന്ന് പ്രവർത്തകർ കെ.പി.ആർ. ഗോപാലന്റെ നേതൃത്വത്തിൽ മൊറാഴയിൽ പൊതുയോഗം ചേർന്നു. വിഷ്ണുഭാരതീയനായിരുന്നു അധ്യക്ഷൻ. അവിടെയുമെത്തിയ പോലീസ്, റാലിയിൽ പങ്കെടുത്തവരെ ലാത്തിച്ചാർജ് ചെയ്തു. ജനക്കൂട്ടം പോലീസുമായി ഏറ്റുമുട്ടി. സബ് ഇൻസ്പെക്ടർ കുട്ടികൃഷ്ണമേനോൻ, കോൺസ്റ്റബിൾ ഗോപാലൻ എന്നിവർ കൊല്ലപ്പെട്ടു. സംഭവത്തെത്തുടർന്ന് മലബാറിലാകെ പോലീസ് നടപടികളുണ്ടായി. കടുത്ത മർദനത്തിന്റെ നാളുകൾ. കെ.പി.ആർ. ഗോപാലനെ തൂക്കിക്കൊല്ലാൻ വിധിച്ചു. അറാക്കൽ കുഞ്ഞിരാമൻ അടക്കമുള്ളവരെ ജീവപര്യന്തം ശിക്ഷിച്ചു. കെ.പി.ആറിനെ തൂക്കുമരത്തിൽനിന്ന് രക്ഷിക്കാൻ നടത്തിയ പ്രചാരണവും സമരങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയുടെ വ്യാപനത്തിന് സഹായകമായി.
1940 സെപ്റ്റംബർ സംഭവങ്ങൾക്ക് ആധാരമായ പ്രസ്താവന ഇറക്കിയതിന്റെപേരിൽ കെ. ദാമോദരനെ അറസ്റ്റുചെയ്ത് അഞ്ചുവർഷം ജയിലിലടച്ചു. ഈ സംഭവങ്ങളുടെപേരിൽ ഇടതുപക്ഷ നേതൃത്വത്തിലുള്ള കെ.പി.സി.സി. കേന്ദ്രനേതൃത്വം പിരിച്ചുവിട്ടു. അതോടെ കമ്യൂണിസ്റ്റ് പാർട്ടി എന്ന സ്വത്വത്തോടെയുള്ള പ്രവർത്തനമായി.
കയ്യൂർ പടർത്തിയ വികാരം
1941 മാർച്ച് 28-ന്റെ കയ്യൂർ സംഭവത്തെ തുടർന്ന് കർഷകസംഘം പ്രവർത്തകരായ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ഠൻ, പൊടോര കുഞ്ഞമ്പുനായർ, അബൂബക്കർ എന്നിവരെ തൂക്കിക്കൊല്ലാൻ വിധിച്ച സംഭവം കെ.പി.ആർ ഗോപാലനെ തൂക്കാൻ വിധിച്ച സംഭവം പോലെത്തന്നെ ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റ് പാർട്ടികളുടെ ശ്രദ്ധ കേരളത്തിലേക്കാകർഷിച്ചു. ഒരാഴ്ച മുമ്പ് കയ്യൂരിൽ നടന്ന പോലീസ് മർദനത്തിലും അറസ്റ്റിലും പ്രതിഷേധിച്ച് കർഷകർ നടത്തിയ ജാഥക്കിടയിലേക്ക് മർദനത്തിൽ പങ്കാളിയായ പോലീസുകാരൻ സുബ്ബരായൻ എത്തിയതാണ് കയ്യൂരിലെ സംഭവത്തിനിടയാക്കിയത്. പോലീസുകാരനെ ജാഥയുടെ മുന്നിൽ കൊടി പിടിപ്പിച്ച് നടത്തുകയും ആ സമയത്ത് എതിരെ കർഷകരുടെതന്നെ മറ്റൊരു ജാഥ വരികയും ഭീതി കാരണം പോലീസുകാരൻ രക്ഷപ്പെടാൻ പുഴയിലേക്ക് ചാടുകയുമായിരുന്നു. സുബ്ബരായന്റെ മരണത്തെ തുടർന്ന് ചാർജ് ചെയ്യപ്പെട്ട കയ്യൂർ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ 1943 മാർച്ച് 29-ന് പുലർച്ചെ കണ്ണൂർ ജയിലിൽ വെച്ച് തൂക്കിലേറ്റി. ഈ സംഭവങ്ങൾ ഉണ്ടാക്കിയ വൈകാരികാന്തരീക്ഷവും പ്രതിഷേധവും കേരളത്തിലാകെ കമ്മ്യൂണിസ്റ്റ് പ്രവർത്തനം വ്യാപിക്കുന്നതിൽ സ്വാധീനശക്തിയായി.
മിച്ചിലോട്ട് മാധവൻ: പാരീസിലെ രക്തസാക്ഷി
ഫ്രഞ്ച് അധീന മയ്യഴിയിലെ കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന മിച്ചിലോട്ട് മാധവൻ ഉപരിപഠനത്തിനായി പാരീസിലെത്തിയതായിരുന്നു. രണ്ടാം ലോകയുദ്ധം കൊടുമ്പിരിക്കൊള്ളുന്ന കാലം. പാരീസ് നാസികൾ കൈയടക്കിയ ഘട്ടത്തിൽ അതിനെതിരേ സർവകലാശാലയിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ ഒളിപ്പോര് നടന്നു. ഴാങ് പോൾ സാർത്രിന്റെയും മറ്റും നേതൃത്വത്തിൽനടന്ന ചെറുത്തുനിൽപ്പ് പ്രസ്ഥാനത്തിൽ പങ്കാളിയായ മാധവൻ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നു. നാസിപ്പട്ടാളം പിടികൂടിയ മാധവനെ കുറേനാൾ കാരാഗൃഹത്തിലടച്ചശേഷം വെടിവെച്ചുകൊല്ലുകയായിരുന്നു.