ലോകമെങ്ങും വിദ്യാഭ്യാസ അവകാശങ്ങൾക്കും ജനാധിപത്യാശയങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കുമായി നിലകൊണ്ട ചരിത്രമാണ് വിദ്യാർഥിസംഘടനകൾക്കുള്ളത്. ഫാസിസ്റ്റ്‌ ഭരണകൂടങ്ങൾക്കെതിരായ പ്രതിരോധ നിരയിൽ എക്കാലത്തും കാമ്പസുകളുണ്ടായിരുന്നു. ഇറ്റലിയിലെയും ജർമനിയിലെയും സമഗ്രാധിപത്യ ഭരണകൂടങ്ങൾക്കെതിരേ മാത്രമല്ല, അമേരിക്കയിലെ വർണവിവേചനത്തിനെതിരായ പ്രസ്ഥാനത്തിലും വിയറ്റ്നാം യുദ്ധത്തിനെതിരായ മുന്നേറ്റങ്ങളിലും കലാലയങ്ങൾ സജീവമായിരുന്നു. ചൈനയിലെ കമ്യൂണിസ്റ്റ് ഗവൺമെന്റിനെതിരായ ടിയാനെൻമെൻ സ്ക്വയർ പ്രക്ഷോഭങ്ങളിലും വിദ്യാർഥിസമൂഹത്തിന്റെ ഇടപെടലുകളുണ്ടായിരുന്നു. ടിയാനെൻമെൻ സ്ക്വയറിൽ ടാങ്കുകൾക്കുമുന്നിൽ അക്ഷോഭ്യനായി നിൽക്കുന്ന വിദ്യാർഥിയുടെ ചിത്രം ചൈനയിലെ കമ്യൂണിസ്റ്റ് ഗവൺമെന്റിനെതിരായ വിദ്യാർഥിപ്രക്ഷോഭത്തിന്റെ ഉജ്ജ്വല പ്രതീകമാണ്. അടുത്തകാലത്ത് യു.എസിൽ നടന്ന ‘ബ്ലാക്ക് ലൈവ്സ് മാറ്റർ-ഐ കാൺഡ് ബ്രീത്ത്’ പ്രക്ഷോഭങ്ങളിലും കലാലയങ്ങൾ നേതൃപരമായ പങ്കുവഹിച്ചിരുന്നു. ഇന്ത്യയിലെ പൗരത്വനിയമ ഭേദഗതി വിരുദ്ധ, ഫാസിസ്റ്റുവിരുദ്ധ പ്രസ്ഥാനങ്ങളുടെയും നായകത്വവും കലാലയങ്ങൾക്കായിരുന്നു.

കലാലയങ്ങൾ സംസാരിക്കേണ്ടത് സർഗാത്മകതയുടെ രാഷ്ട്രീയം
വിദ്യാഭ്യാസമെന്ന പ്രക്രിയയിൽ സൂക്ഷ്മമായ രാഷ്ട്രീയബോധ്യങ്ങളും നിലപാടുകളുമുണ്ടെന്നിരിക്കേ കലാലയങ്ങളിലെ രാഷ്ട്രീയനിരോധനം യുക്തിസഹമല്ല. ജനാധിപത്യ സംവാദങ്ങളെയും സർഗാത്മക ആവിഷ്കാരങ്ങളെയുമാണ് നിരോധനം ഇല്ലാതാക്കുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ തുടർച്ചയായ സമര പോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയ ഇന്ത്യയിൽ വിദ്യാർഥിരാഷ്ട്രീയം നിരോധിക്കുകയെന്നത് സ്വാതന്ത്ര്യസമരചരിത്രത്തെ നിരാകരിക്കുന്നതിനു തുല്യമാണ്. ഗാന്ധിജി ഉൾപ്പെടെയുള്ള ദേശീയനേതാക്കളുടെ സമരാഹ്വാനം ഉൾക്കൊണ്ട് വിദ്യാഭ്യാസമുപേക്ഷിച്ചുപോലും സമരമുഖത്തെത്തിയവർ ഒട്ടേറെയാണ്. 

നിരോധനത്തിന്റെ കാൽനൂറ്റാണ്ടിനെ വിലയിരുത്തുമ്പോൾ പ്രധാനമായും നാലു വസ്തുതകളാണ് സൂചിപ്പിക്കേണ്ടത്. ഒന്നാമതായി കാമ്പസുകൾ അരാജകത്വത്തിന്റെയും അരാഷ്ട്രീയതയുടെയും വിളനിലമായി മാറുന്നുവെന്നതാണ്. ജനാധിപത്യ-മതേതര വിദ്യാർഥിസംഘടനകളുടെ സ്ഥാനം ജാതി-മത തീവ്രവാദ സംഘടനകൾ ഏറ്റെടുക്കുന്നു.
രണ്ടാമതായി സർക്കാരിനും മാനേജ്മെന്റുകൾക്കും തോന്നിയതു പോലെ ഫീസ് വർധിപ്പിക്കാനും വിദ്യാർഥി അവകാശങ്ങളെ കവർന്നെടുക്കാനുമുള്ള സാഹചര്യമുണ്ടാവുന്നു. അറ്റൻഡൻസിന്റെയും ഇന്റേണൽ അസസ്‌മെന്റിന്റെയും പേരിൽ വിദ്യാർഥികൾ പീഡിപ്പിക്കപ്പെടുന്നു. പ്രതികരിക്കുന്നവരെ നടപടികളിലൂടെയും പുറത്താക്കലിലൂടെയും നിശ്ശബ്ദരാക്കുന്നു. കാമ്പസുകൾ സർവയലൻസിന്റെ ഇടിമുറികളായി മാറുന്നു. മൂന്നാമതായി കാമ്പസുകളിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പേരിൽ 
ഗ്യാങ്ങുകൾ രൂപപ്പെടുകയും അരാജകത്വ അന്തരീക്ഷമുണ്ടാവുകയും ചെയ്യുന്നു. നാലാമതായി ചില വിദ്യാർഥിസംഘടനകളുടെ കോട്ടകളായി ചില കലാലയങ്ങൾ മാറുകയും ജനാധിപത്യം ഇല്ലാതാവുകയും വിമതശബ്ദങ്ങളെ അടിച്ചൊതുക്കുകയും ചെയ്യുന്നു. 

പുതിയകാലം ആവശ്യപ്പെടുന്ന രാഷ്ട്രീയം
കലാലയ രാഷ്ട്രീയം ചേർത്തുപിടിക്കേണ്ടത് ജനാധിപത്യമൂല്യങ്ങളാണ്. കലാലയ രാഷ്ട്രീയത്തെ വൈവിധ്യത്തിന്റെയും ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും ചിന്തകൾ സംരക്ഷിക്കുന്ന ഇടമാക്കി പരിവർത്തിപ്പിക്കുകയെന്നതാണ് ഈ കാലഘട്ടം വിദ്യാർഥിസംഘടനകളിൽ നിന്നാവശ്യപ്പെടുന്നത്. സമരങ്ങൾ മാത്രമല്ല, സർഗാത്മകമായ ഇടപെടലുകളും അതിനാവശ്യമാണ്. കരിക്കുലം രൂപവത്‌കരണത്തിലും പാഠപുസ്തക നിർമിതിയിലും വിദ്യാഭ്യാസ നിലവാരമുയർത്തുന്ന പ്രക്രിയയിലുമെല്ലാം വിദ്യാർഥിസംഘടനകളുടെ ഇടപെടൽ ചെന്നെത്തേണ്ടതുണ്ട്. നമ്മുടെ കലാലയങ്ങളെ തിരികെപ്പിടിക്കാൻ, പാഠപുസ്തകങ്ങളിലെയും ക്ലാസ് റൂമിലെയും വായനയ്ക്കപ്പുറത്ത് ലോകത്തോടും കാലത്തോടും സംവദിക്കാൻ കഴിയുന്ന ഒരു തലമുറയെ സൃഷ്ടിക്കാൻ കവിതാത്മകവും കഥാത്മകവും സർഗാത്മകവുമായ സൗഹൃദത്തിന്റെ വിശാലലോകത്തേക്ക് മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും പതാകവാഹകരായി ഇന്നിന്റെ തലമുറയെ വാർത്തെടുക്കുന്നതിൽ കലാലയരാഷ്ട്രീയത്തിന്റെ സ്വാധീനം ചെറുതല്ല. കലാലയരാഷ്ട്രീയ നിരോധനത്തിന്റെ രണ്ടരപ്പതിറ്റാണ്ട് പിന്നിടുമ്പോൾ, അത് വലിയൊരു തെറ്റായിരുന്നുവെന്ന് സമൂഹം തിരിച്ചറിയുന്ന ഘട്ടത്തിൽ കാലം ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളത്തിന്റെ നിയമനിർമാണസഭയോട് ആവശ്യപ്പെടുന്നത് കലാലയങ്ങളിലെ സംഘടനാസംവിധാനം സംരക്ഷിക്കാൻ നിയമനിർമാണം നടത്തുക എന്നതുതന്നെയാണ്.(കെ.എസ്.യു. സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)

 

കാമ്പസുകളെ ജാതി-മത-വർഗീയ കേന്ദ്രങ്ങൾആക്കിക്കൂടാ

വിദ്യാർഥിരാഷ്ട്രീയത്തെ കേവലം സമരവും ക്രമസമാധാന പ്രശ്നവുമായി മാത്രം വിശകലനംചെയ്യുന്ന ചില വാർത്തകളാണ് കഴിഞ്ഞ കാലങ്ങളിലെല്ലാം ഉണ്ടായിട്ടുള്ളത്. വിദ്യാർഥിരാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള കോടതിവിധികൾ കാമ്പസുകളിലെ ജനാധിപത്യാവകാശങ്ങളെ പ്രത്യക്ഷമായി കൂച്ചുവിലങ്ങിടുക എന്ന ലക്ഷ്യത്തോടെ ഉള്ളവയാണ്. കാമ്പസുകളെ അരാഷ്ട്രീയ വത്‌കരിച്ചതിലൂടെ ജാതി-മത-വർഗീയ ശക്തികൾക്ക് തഴച്ചുവളരാനുള്ള ഇടമാക്കി അവയെ മാറ്റിത്തീർക്കുക എന്നതാണ് ഈ വിധിന്യായങ്ങളുടെ മറപിടിച്ചുകൊണ്ട് സംഭവിച്ചത്. ജനാധിപത്യ അവബോധം സൃഷ്ടിക്കാനുള്ള വർത്തമാനകാല സമൂഹത്തിന്റെ ഏറ്റവും വലിയ ഇടമാണ് കാമ്പസുകൾ. പിറന്നുവീഴുന്ന കുഞ്ഞിനുപോലും ജനാധിപത്യസമൂഹത്തിൽ അധികാരവും അവകാശവും കല്പിച്ചുനൽകുന്ന ഇന്നത്തെ കാലത്ത്, വോട്ടവകാശം ലഭിച്ച വിദ്യാർഥിസമൂഹത്തിന് മൂക്കുകയറിടുന്ന ഇത്തരം വിധികൾ വർത്തമാനകാല സമൂഹത്തിന് ഭൂഷണമല്ല എന്നുപറയാതെ വയ്യ.
സർഗാത്മകതയുടെയും പ്രതിരോധത്തിന്റെയും ഇടങ്ങളായ നമ്മുടെ കാമ്പസുകൾ മയക്കുമരുന്നിന്റെയും അരാഷ്ട്രീയവാദത്തിന്റെയും വിളനിലമാക്കാൻ അനുവദിച്ചുകൂടാ. വിദ്യാർഥിസംഘടനാ പ്രവർത്തനം അനുവദിക്കുന്നതിനുള്ള നിയമനിർമാണം അടിയന്തര പരിഗണന നൽകേണ്ട വിഷയമാണ്. വിദ്യാഭ്യാസം കമ്പോളവത്‌കരിക്കപ്പെടുന്ന കാലത്ത് ഒട്ടേറെ നീതിനിഷേധങ്ങളാണ് കലാലയങ്ങളിൽ വിദ്യാർഥിസമൂഹം അനുഭവിക്കേണ്ടിവരുന്നത്. സംഘടിതവും രാഷ്ട്രീയ അവബോധവുമുള്ള ഒരു വിദ്യാർഥിസമൂഹത്തിനു മാത്രമേ ഇത്തരം അനീതികൾക്കെതിരേ പോരാടാനാകൂ. 
(എസ്.എഫ്.ഐ. സംസ്ഥാനസെക്രട്ടറിയാണ്‌ ലേഖകൻ) സച്ചിൻ ദേവ് എം.എൽ.എ.