കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഇടതുപക്ഷ ഭരണത്തിന് തുടർച്ചയായി ഒരു രണ്ടാമൂഴം ഉണ്ടാവുകയാണ്. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിച്ച വിജയം അതിനുള്ള ജനസമ്മതിയാണ്.വാക്കിനു വിലയുള്ള ഇടതുപക്ഷ ജനകീയ ബദൽ യാഥാർഥ്യമാവണമെന്ന് കേരളത്തിലെ ജനങ്ങൾ കരുതുന്നു. അതുകൊണ്ടുതന്നെ ഈ വിജയം കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. 

1957-ൽ ആരംഭിച്ച പ്രക്രിയയുടെ തുടർച്ചയും കാലാനുസൃതമായ വികാസവുമാണ് 2021-ൽ നാം കാണുന്നത്. നാടിന്റെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതും അതിനായി ജനതയെ ഒന്നായി ചേർത്തുനിർത്തുന്നതുമായ പുതിയ ഒരു രാഷ്ട്രീയസമീപനം കേരളത്തിൽ പൊതുവായി ഉയർന്നുവരേണ്ടതുണ്ട്. ഈ വിധത്തിലുള്ള ഒരു മുന്നേറ്റമാണ് അടുത്ത അഞ്ചുവർഷംകൊണ്ട് നടത്താൻ നാം തയ്യാറെടുക്കുന്നത്. അതിനായി ജനങ്ങളുടെയാകെ ഒത്തൊരുമയോടെയുള്ള സഹകരണവും പ്രവർത്തനവും ഒഴിച്ചുകൂടാനാവാത്തതാണ്.

ക്ഷേമപ്രവർത്തനങ്ങൾ നിറവേറ്റും

മഹാമാരി ഉയർത്തുന്ന സമാനതകളില്ലാത്ത പ്രതിസന്ധികളുടെ ഇടയിലും നാടിന്റെ മുന്നോട്ടുപോക്കിന് വികസന, ക്ഷേമ പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്. അവയൊക്കെത്തന്നെ പൂർണമായി നിറവേറ്റുമെന്ന ഉറപ്പ് കേരളജനതയ്ക്കു നൽകുകയാണ്. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായ റെസിലിയന്റ് കേരള ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ രണ്ടാംഘട്ടം ലോകബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെയും കൺസഷണൽ ഫണ്ടിങ്ങായ 250 ദശലക്ഷം യു. എസ്. ഡോളർ പ്രയോജനപ്പെടുത്തി നടപ്പാക്കാൻ ഒരുങ്ങുകയാണ്. ഇതിനുപുറമേ 210 ദശലക്ഷം യു. എസ്. ഡോളറിന്റെ ഖരമാലിന്യ സംസ്കരണ പദ്ധതിയും ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുകയാണ്.

പാവപ്പെട്ടവർക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതോടൊപ്പം നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കുകയും വേണം. അതിനായി കേരളത്തെ വിജ്ഞാനസമൂഹമായി രൂപാന്തരപ്പെടുത്തണം. അതിനുതകുന്ന തരത്തിലുള്ള വികസന മാതൃകകൾ സഫലമാകുന്ന നാടായി കേരളത്തെ പരിവർത്തിപ്പിക്കും.

ജീവിതനിലവാരം അന്താരാഷ്ട്രതലത്തിലേക്ക്

അടുത്ത അഞ്ചുവർഷംകൊണ്ട് ആധുനികവും ഉയർന്ന തൊഴിൽ ശേഷിയുള്ളതുമായ ഉത്‌പാദനപരമായ ഒരു സമ്പദ്ഘടന ഇവിടെ സൃഷ്ടിക്കും. ഇന്ത്യയിലെ സ്‌കിൽഡ് ലേബറിന്റെ ഹബ് ആയി മാറാനുള്ള സാധ്യത കേരളത്തിനുണ്ട്. അടുത്ത 25 വർഷംകൊണ്ട് കേരളത്തിന്റെ ജീവിതനിലവാരം അന്താരാഷ്ട്രതലത്തിലെ തന്നെ വികസിത, മധ്യ വരുമാന രാഷ്ട്രങ്ങൾക്ക് സമാനമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതോടൊപ്പംതന്നെ നമ്മുടെ വികസനപ്രക്രിയ എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്ന് ഉറപ്പുവരുത്തും.

പശ്ചാത്തലസൗകര്യ മേഖലയിൽ അടുത്ത അഞ്ചുവർഷംകൊണ്ട് 60,000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. പശ്ചാത്തല സൗകര്യങ്ങൾ നിക്ഷേപകരെ കേരളത്തിലേക്ക്‌ കൂടുതൽ ആകർഷിക്കും.

കേരളത്തിന് കൂടുതൽ അനുയോജ്യമായ വ്യവസായങ്ങളായി നാം കരുതുന്നത് ഐ.ടി. പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളും ടൂറിസംപോലുള്ള സേവന പ്രദാന വ്യവസായങ്ങളുമാണ്. ഇതിനുപുറമേ പ്രധാനപ്പെട്ടത് സോഫ്റ്റ്‌വേർ നിർമാണം പോലുള്ള നൈപുണീസാന്ദ്ര വ്യവസായങ്ങളും നമ്മുടെ വിഭവങ്ങളുടെ മൂല്യവർധിത വ്യവസായങ്ങളുമാണ്. ഉത്പാദനവും ഉത്പാദനക്ഷമതയും വർധിപ്പിക്കാൻ ഉതകുന്ന ബയോടെക്നോളജി പോലുള്ള സാങ്കേതികവിദ്യകളുടെ വികാസവും പ്രധാനമാണ്. ഉത്‌പാദന മേഖലകളായ കാർഷിക-കാർഷികാനുബന്ധ, വ്യവസായ, സാങ്കേതികവിദ്യാ മേഖലകളിൽ നമ്മുടെ ശേഷികളെ മെച്ചപ്പെടുത്തും.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ ബദൽ തീർക്കും

കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ വിജ്ഞാനസമ്പദ്ഘടനയായി പുതുക്കിപ്പണിയുന്നതിന് കൃത്യമായൊരു പരിപാടിയാണ് ഇക്കുറി നടപ്പാക്കാൻ പോകുന്നത്. വിജ്ഞാനസമൂഹത്തിലേക്കുള്ള പരിവർത്തനത്തിന് ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകൾ നടത്തുക ഉന്നതവിദ്യാഭ്യാസ മേഖലയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേന്ദ്രസർക്കാരിന്റെ ഉദാരവത്‌കരണ നയങ്ങൾക്കും വർഗീയ-അമിതാധികാര പ്രവണതകൾക്കും എതിരേ കേരളം ഒരു ബദൽ അവതരിപ്പിക്കും.  

കേരളത്തിലെ സർവകലാശാലകൾക്കും അക്കാദമിക് സ്ഥാപനങ്ങൾക്കും നൂതന സാങ്കേതികവിദ്യാ മേഖലകളോടു സഹകരിച്ചുപ്രവർത്തിക്കുന്നതിനുള്ള വഴിയൊരുക്കും. അവിടങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനും ഹൈടെക്നോളജി സംരംഭങ്ങളിലേർപ്പെടുന്നതിനും പ്രോത്സാഹനം നൽകും. അങ്ങനെ അടുത്ത മൂന്നുമുതൽ അഞ്ചുവർഷംകൊണ്ട് കേരളത്തിലെ ഐ.ടി. കയറ്റുമതിയുടെ മൂല്യം ഇരട്ടിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.

വർഗീയതയ്ക്കെതിരേ ജനകീയ ബദൽ

ഇത്തരത്തിലുള്ള ഒരു പുതിയ വികസനപാതയിലേക്കു പുരോഗമിക്കുന്നതിന് കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യസ്വഭാവത്തെ ശക്തിപ്പെടുത്തേണ്ടത് അതിപ്രധാനമാണ്. ആഗോളവത്‌കരണ പ്രക്രിയ്ക്കു സഹായകരമാകുന്ന വർഗീയ-വിദ്വേഷ സമീപനങ്ങളെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. കേരളം മുന്നോട്ടുവെക്കുന്ന ജനകീയ ബദൽ പ്രാവർത്തികമാക്കുന്നതിന് അത് അനിവാര്യമാണ്. നമ്മുടെ ജനകീയ ബദലിൽ പ്രത്യാശവെക്കുന്ന ആളുകളുടെ എണ്ണം രാജ്യത്തുതന്നെ വർധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ, ഈ ബദലിനെ കൂടുതൽ ജനകീയമായി വിപുലീകരിച്ച് ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള കാര്യപരിപാടികളായിരിക്കും എൽ.ഡി.എഫ്. സർക്കാർ നടപ്പാക്കുക.

ജനങ്ങൾ ഞങ്ങളിൽ അർപ്പിച്ചിരിക്കുന്ന അഭൂതപൂർവമായ പിന്തുണ ഞങ്ങളെ കൂടുതൽ ഉത്തരവാദിത്വബോധമുള്ളവരാക്കുകയാണ്. ഞങ്ങളിൽനിന്ന് ജനം എന്താണ് പ്രതീക്ഷിക്കുന്നത് എന്നു വ്യക്തമാണ്. കഴിഞ്ഞ സർക്കാരിനെപ്പോലെത്തന്നെ കൂടുതൽ വിനയത്തോടെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയർന്ന്‌ പ്രവർത്തിക്കാനാണ് ഈ സർക്കാരും ശ്രമിക്കുക.